അഴീക്കോടൻ സ്‌മാരക പുരസ്‌കാരം പി കരുണാകരന് സമ്മാനിച്ചു
കാഞ്ഞങ്ങാട്> അഴീക്കോടൻ രാഘവന്റെ സ്‌മരണയ്‌ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം മുതിർന്ന നേതാവും മുൻ എംപിയുമായ പി കരുണാകരന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. 1972ൽ സംസ്ഥാനത്താദ്യമായി അഴീക്കോടന്റെ സ്‌മരണയ്‌ക്കായി രൂപീകരിച്ച വെള്ളിക്കോത്ത് അഴീക്കോടൻ സ്‌മാരക ക്ലബ് സുവർണ ജൂബിലിയുടെ ഭാഗമായാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇടതുപക്ഷത്തെ എല്ലാഘട്ടത്തിലും ഇകഴ്ത്തിക്കാട്ടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിച്ചിരുന്ന അഴീക്കോടനെക്കുറിച്ച് പ്രചരിപ്പിച്ചതെല്ലാം പിന്നീട് പച്ചനുണയാണെന്ന് എതിരാളികൾക്ക് സമ്മതിക്കേണ്ടിവന്നു. ഇടതുപക്ഷത്തെ ആക്രമിക്കാൻ കോൺഗ്രസ് ചെയ്തതെല്ലാം നമ്മുടെ ഓർമയിലുണ്ട്. അതേനില ബിജെപിയും തുടരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ത്രിപുര. നിർഭയമായി തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്ക് അവിടെ ജയിക്കാനാകില്ല. ആഭ്യന്തരശത്രുക്കളെ ഇല്ലാതാക്കാൻ ഹിറ്റ്‌ലർ നടത്തിയ കൂട്ടക്കൊല മാതൃകയാക്കാമെന്ന് സംഘപരിവാർ നേരത്തെ പ്രഖ്യാപിച്ചതാണ്. ഗുജറാത്ത് വംശഹത്യക്കാലത്തും ഇപ്പോൾ മണിപ്പുരിലും അതാണ് കാണുന്നതെന്നും പിണറായി പറഞ്ഞു. സിപിഐ എം ജില്ലാസെക്രട്ടറി എം വി ബാലകൃഷ്ണൻ അധ്യക്ഷനായി. അഴീക്കോടന്റെ മക്കളായ സുധ അഴീക്കോടനും ജ്യോതി അഴീക്കോടനും സംബന്ധിച്ചു. Read on deshabhimani.com