ചിരിയുടെ ചക്രവർത്തി അരങ്ങൊഴിഞ്ഞു
കൊച്ചി മലയാളത്തിന്റെ നിഷ്‌കളങ്ക ചിരി മാഞ്ഞു. അർബുദത്തോട് നർമത്തിലൂടെ പോരടിച്ച പ്രിയ നടൻ ഇന്നസെന്റ് (75) അന്തരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് മാർച്ച് മൂന്നിന് കൊച്ചി ലേക്‌ഷോർ ആശുപത്രിയിൽ - പ്രവേശിപ്പിച്ച അദ്ദേഹം നാല് ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസകോശ പ്രവർത്തനത്തെ സഹായിക്കുന്ന ഇസിഎംഒ (എക്‌സ്‌ട്രാകോപ്പോറിയൽ മെംബ്രേയ്‌ൻ ഓക്‌സിജനേഷൻ) സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഞായറാഴ്‌ച രാത്രി എട്ടിന് അതീവ ഗുരുതരാവസ്ഥയിലായതോടെ ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിൽ മെഡിക്കൽബോർഡ് ചേർന്നു. 10.30നാണ് അന്ത്യം സംഭവിച്ചത്. 10.40ന് മന്ത്രി പി രാജീവാണ് മരണവിവരം അറിയിച്ചത്. ഇന്നസെന്റിന്റെ ഭാര്യ ആലീസും മകൻ സോണറ്റും കൂടെയുണ്ടായിരുന്നു. മന്ത്രിമാരായ സജി ചെറിയാൻ, ആർ ബിന്ദു, കെ രാജൻ, നടന്മാരായ മമ്മൂട്ടി, ജയറാം, എം മുകേഷ് എംഎൽഎ, സംവിധായകൻ കമൽ, സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എന്നിവരും ആശുപത്രിയിലെത്തി. രാത്രി ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം തിങ്കൾ രാവിലെ എട്ടുമുതൽ 11വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിന് വയ്‌ക്കും. തുടർന്ന് ഇരിങ്ങാലക്കുട ടൗൺഹാളിലേക്ക് കൊണ്ടുപോകും. ശേഷം അദ്ദേഹത്തിന്റെ വീടായ ‘പാർപ്പിട’ത്തിലെത്തിക്കും. ചൊവ്വ രാവിലെ 10ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ സംസ്‌കരിക്കും. 2014ൽ ചാലക്കുടിയിൽനിന്ന് എൽഡിഎഫ് സ്വതന്ത്രനായി ലോക്‌സഭാംഗമായ ഇന്നസെന്റ് ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലറും 12 വർഷം‘അമ്മ’യുടെ പ്രസിഡന്റുമായിരുന്നു. 51 വർഷത്തിനിടെ എഴുനൂറ്റമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. പുറത്തിറങ്ങാനുള്ള ‘പാച്ചുവും അത്ഭുതവിളക്കും’ അവസാന ചിത്രം. ‘മഴവിൽക്കാവടി’യിലെ അഭിനയത്തിന് 1989ൽ മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഇന്നസെന്റ് നിർമിച്ച ‘വിടപറയുംമുമ്പേ’, ‘ഓർമയ്‌ക്കായി’ എന്നീ ചിത്രങ്ങൾ മികച്ച രണ്ടാമത്തെ സിനിമയ്‌ക്കുള്ള സംസ്ഥാന അവാർഡ് നേടി. ‘പത്താം നിലയിലെ തീവണ്ടി’യിലൂടെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളുംനേടി. ഇരിങ്ങാലക്കുട തെക്കേത്തല വറീതിന്റെയും മാർഗലീത്തയുടെയും മകനായി 1948 ഫെബ്രുവരി 28നാണ് ജനനം. ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവെന്റ്, നാഷണൽ ഹൈസ്കൂൾ, ഡോൺബോസ്‌കോ, എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിൽ പഠനം. 1972ൽ ‘നൃത്തശാല’യിലൂടെ സിനിമയിൽ അരങ്ങേറി. ജീസസ്, നെല്ല് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ‘ഇളക്കങ്ങൾ’, ‘ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്,’ ‘ഒരു കഥ ഒരു നുണക്കഥ’ തുടങ്ങിയ ചിത്രങ്ങൾ ഡേവിഡ് കാച്ചപ്പിള്ളിക്കൊപ്പം നിർമിച്ചു. 1989ൽ ഇറങ്ങിയ ‘റാംജി റാവ് സ്‌പീക്കിങ്ങി’ലെ മാന്നാർ മത്തായി ഇന്നസെന്റിനെ മലയാളത്തിലെ ഹാസ്യസാമ്രാട്ടാക്കി. ഭരതൻ, പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഫാസിൽ, സിദ്ധിഖ്‌ലാൽ തുടങ്ങിയവരുടെ ചിത്രങ്ങളിൽ ശ്രദ്ധേയവേഷംചെയ്‌തു. ‘മലാമാൽ വീക്ക്‌ലി’, ‘ഡോലി സജാ കെ രഖ്ന’ എന്നീ ഹിന്ദി ചിത്രങ്ങളിലും കന്നടയിൽ ‘ശിക്കാരി’, തമിഴിൽ ‘ലേസാ ലേസാ’, ‘നാൻ അവളെ സന്തിത്താ പോതും’, ഇംഗ്ലീഷിൽ ‘നതിങ് ബട്ട് ലെെഫ്’ എന്നിവയിലും അഭിനയിച്ചിട്ടുണ്ട്. ‘മഴക്കണ്ണാടി’, ‘ഞാൻ ഇന്നസെന്റ്’, ‘ക്യാൻസർ വാർഡിലെ ചിരി’, ‘കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി’, ‘ദൈവത്തെ ശല്യപ്പെടുത്തരുത് ’, ‘ഇരിങ്ങാലക്കുടയ്‌ക്കു ചുറ്റും’, ‘ഈ ലോകം അതിലൊരു ഇന്നസെന്റ്' തുടങ്ങിയവ ഓർമക്കുറിപ്പുകളും ‘ചിരിക്കു പിന്നിൽ' ആത്മകഥയുമാണ്. മരുമകൾ: രശ്മി. സഹോദരങ്ങൾ: ഡോ. കുര്യാക്കോസ്, അഡ്വ. വെൽസ്, സെലിൻ, ലിന്റ, ലീന, പരേതരായ സ്‌റ്റെൻസ്ലാവോസ്, പൗളി. Read on deshabhimani.com