തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുന്നു: എ വിജയരാഘവൻ



കോട്ടയം> കേന്ദ്രസർക്കാർ നടത്തുന്ന തീവ്രസ്വകാര്യവൽക്കരണം രാജ്യത്തെ വൈദ്യുതിമേഖലയെ തകർക്കുകയാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. ലോകത്തെവിടെയും സ്വകാര്യവൽക്കരണത്തിലൂടെ വൈദ്യുതിമേഖല മെച്ചപ്പെട്ടിട്ടില്ല. കേന്ദ്രനയങ്ങൾ വൈദ്യുതി മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്‌. കെഎസ്‌ഇബി ഓഫീസേഴ്‌സ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‌ മുന്നോടിയായി കോട്ടയം മാമ്മൻമാപ്പിള ഹാളിൽ സംഘടിപ്പിച്ച "വൈദ്യുതി മേഖല: പ്രതിസന്ധിയും പ്രതിരോധവും' എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വിജയരാഘവൻ. ഭാവിയിലെ ആവശ്യങ്ങൾക്ക്‌ ഉതകുന്ന തരത്തിലുള്ള നവീകരണമാണ്‌ വൈദ്യുതിമേഖലയിൽ നടക്കേണ്ടത്‌. ആണവവൈദ്യുതി അമേരിക്കയിൽനിന്ന്‌ കിട്ടുമെന്ന്‌ പറഞ്ഞായിരുന്നു ആണവകരാർ ഒപ്പിട്ടത്‌. എന്നാൽ അങ്ങനെയൊരു വൈദ്യുതി ആർക്കും ഇതുവരെ കിട്ടിയില്ല. വൈദ്യുതി മേഖലയിലെ ചെലവിന്റെ 75 ശതമാനവും ഉൽപാദനരംഗത്താണ്‌. അതുകൊണ്ട്‌ ചെലവുകുറഞ്ഞ ജലവൈദ്യുതപദ്ധതികളാണ്‌ കൂടുതൽ വരേണ്ടത്‌. വിഭവങ്ങളെ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കൃത്യമായ നയങ്ങളുണ്ടാകണം. ഈ നയങ്ങളിലൂടെ വൈദ്യുതിമേഖലയെ സമീപിച്ച്‌ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ ഇടതുപക്ഷ സർക്കാരുകൾ എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും എ വിജയരാഘവൻ പറഞ്ഞു. കെഎസ്‌ഇബിഒഎ ജനറൽ സെക്രട്ടറി ബി ഹരികുമാർ മോഡറേറ്ററായി. പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ്‌കുമാർ വിഷയം അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി റെഗുലേറ്ററി കമീഷനംഗം ബി പ്രദീപ്‌, സെന്റർ ഫോർ എൻവയൺമെന്റ്‌ ആൻഡ്‌ ഡെവലപ്‌മെന്റ്‌ കേരള ചെയർമാൻ പ്രൊഫ. വി കെ ദാമോദരൻ, കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ അസിസ്‌റ്റന്റ്‌ സെക്രട്ടറി സി ഉണ്ണികൃഷ്‌ണൻ, കെഎസ്‌ഇബിഒഎ വടക്കൻ മേഖലാ സെക്രട്ടറി എ എൻ ശ്രീലാകുമാരി, സംസ്ഥാന സെക്രട്ടറി എൻ നന്ദകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News