പെരുമ്പളം കരതൊടും ഡിസംബറിൽ; പാലം നിർമാണം 70 ശതമാനത്തോളം പൂർത്തിയായി

നിർമാണം പുരോഗമിക്കുന്ന പെരുമ്പളം പാലത്തിന്റെ ആകാശദൃശ്യം


ആലപ്പുഴ> നാലുവശത്തും വേമ്പനാട്ടുകായൽ അതിരിടുന്ന പെരുമ്പളം ദ്വീപ്‌ ഈ വർഷം അവസാനത്തോടെ കരതൊടും. ഇവിടേയ്‌ക്കുള്ള പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്‌. 70 ശതമാനത്തോളം പൂർത്തിയായി. വേമ്പനാട്ടുകായലിലെ ഏറ്റവും നീളമേറിയ പാലമാകും ഇത്‌. ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌  സൊസൈറ്റിക്കാണ്‌ നിർമാണച്ചുമതല.    ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ്‌ പെരുമ്പളം ദ്വീപിലേക്ക്‌ പാലം നിർമിക്കാൻ തീരുമാനിച്ചത്‌. പൊതുമരാമത്തുമന്ത്രിയായിരുന്നു ജി സുധാകരന്റെയും ധനമന്ത്രിയായിരുന്നു ഡോ. ടി എം തോമസ്‌ ഐസക്കിന്റെയും ഇച്ഛാശക്തിയിലാണ്‌ പാലം യാഥാർഥ്യമായത്‌. ഇതിനായി 100 കോടി രൂപ കിഫ്‌ബി അനുവദിച്ചു.      വടുതല ജെട്ടിയിൽനിന്ന്‌ 1.115 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ പാലം. ഒന്നരമീറ്റർ നടപ്പാത ഉൾപ്പെടെ 11 മീറ്ററാണ്‌ വീതി.  പെരുമ്പളം ഭാഗം  വെള്ളക്കെട്ട് പ്രദേശമായതിനാൽ അവിടെ 12 മീറ്റർ നീളമുള്ള മൂന്ന്‌ ചെറിയ സ്‌പാൻ ( ലാൻഡ് സ്പാൻ) കൂടി നിർമിക്കാനും നടപടിയായിട്ടുണ്ട്. അതോടെ പാലത്തിന് നീളം 1.150 കിലോമീറ്ററാകും. 35 മീറ്റർ നീളമുള്ള 27 സ്‌പാനും കായലിന്‌ മധ്യത്തിൽ 55 മീറ്റർ നീളമുള്ള മൂന്ന്‌ സ്‌പാനുമാണ്‌ പാലത്തിനുള്ളത്‌.   ദേശീയ ജലപാതയായ വേമ്പനാട്ട്‌ കായലിലൂടെ ജലയാനങ്ങൾക്ക്‌ സുഗമമായി കടന്നുപോകാൻ കഴിയുന്ന രീതിയിലാണ്‌ രൂപരേഖ. ഇതിനായി കായലിന്റെ മധ്യഭാഗത്ത്‌ പാലത്തിന്‌ മൂന്ന്‌ ആർച്ച്‌ ബീമുകളുണ്ട്‌.  അപ്രോച്ച്‌ റോഡ്‌ നിർമാണത്തിന്റെ സ്ഥലമേറ്റെടുപ്പും നിർമാണ ഏജൻസി സംബന്ധിച്ച കേസും  പ്രവർത്തനങ്ങൾ വൈകിപ്പിച്ചു. വടുതലയിൽ 79 സെന്റ് ,   പെരുമ്പളത്ത്‌ 1.89 ഏക്കർ സ്ഥലം വീതം ഏറ്റെടുത്ത്‌ 650 മീറ്റർ അപ്രോച്ച്‌ റോഡ്‌ നിർമിക്കും. Read on deshabhimani.com

Related News