രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്; 2,38,018 പേര്‍ക്ക് രോഗം, 310 മരണം



രാജ്യത്ത് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകളില്‍ കുറവ്. 2,38,018 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റീവിറ്റി നിരക്ക് 19.65 ശതമാനത്തില്‍ നിന്ന് 14.43 ശതമാനമായി കുറഞ്ഞു. 310 പേര്‍ കോവിഡ് രോഗബാധമൂലം മരിച്ചു. 24 മണിക്കൂറിനിടെ 1,57,421 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 17,36,628 പേരാണ് ചികിത്സയില്‍ കഴിയുന്നത്. മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ രോഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. കോവിഡ് കേസുകളില്‍ 30 ശതമാനത്തിന്റെ കുറവാണ് ഡല്‍ഹിയില്‍ ഉണ്ടായത്. 12528 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയില്‍ കേസുകള്‍ പതിനായിരത്തിന് താഴെയെത്തി. 5956 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചത്. എന്നാല്‍ കര്‍ണാടകയിലും തമിഴ്‌നാട്ടിലും കേരളത്തിലും 24 മണിക്കൂറിനിടെ കോവിഡ് വ്യാപനത്തില്‍ കുറവില്ല. ഇന്നലെ തമിഴ്‌നാട്ടില്‍ 23,443 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 20 പേര്‍ മരിച്ചു. ചെന്നൈയില്‍ മാത്രം 8591 പുതിയ രോഗികളുണ്ട്. കേരളത്തില്‍ 22946 പേര്‍ക്കും കര്‍ണാടകയില്‍ 27,156 പേര്‍ക്കുമാണ്  രോഗം സ്ഥിരീകരിച്ചത്. അതേസമയം ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം രാജ്യത്ത് ഉയരുകയാണ്. നിലവില്‍ 8891 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.   Read on deshabhimani.com

Related News