തിരിച്ചുവരവിൽ ഓഹരിസൂചിക
കൊച്ചി> ഓഹരി സൂചിക വൻ തകർച്ചയിൽ നിന്നും വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുന്നു. നിക്ഷേപകരെ മുൾ മുനയിൽ നിർത്തി അഞ്ചാഴ്‌ച്ചകൾ തുടർച്ചയായി നഷ്‌ടത്തിൽ നീങ്ങിയത് ബ്ലൂചിപ്പ് ഓഹരി വിലകളിൽ വൻ വിള്ളലുളവാക്കി. പിന്നിട്ടവാരം അദാനി ഗ്രൂപ്പ് വീണ്ടും ചർച്ചാ വിഷമായതോടെ സൂചിക ഒരിക്കൽ കൂടി ആടി ഉലഞ്ഞു. വിപണിയുടെ മുഖം മിനുക്കാൻ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ ഏകദേശം 9500 കോടി രൂപയുടെ നിക്ഷേപത്തിന് കച്ചകെട്ടി ഇറങ്ങിയാണ് താൽക്കാലികമായി ഓഹരി സൂചികയെ തകർച്ചയിൽ നിന്നും കരകയറ്റിയത്. നിഫ്‌റ്റി സൂചിക 169 പോയിൻറ്റും ബോംബെ സെൻസെക്‌സ് 500 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു. സെൻസെക്‌സ് കഴിഞ്ഞവാരത്തിലെ 64,886 ൽ നിന്നും 65,474 പോയിൻറ് വരെ കയറിയ ശേഷം വാരാന്ത്യം 65,387 പോയിൻറ്റിലാണ്. ഈവാരം 64,915 ലെ സപ്പോർട്ട് നിലനിർത്തി 65,665 ലേയ്‌ക്കും തുടർന്ന് 65,944 നെയും ലക്ഷ്യമാക്കി നീങ്ങാം. ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി മുൻ വാരത്തിലെ 19,265 പോയിൻറ്റിൽ നിന്നും 19,223 ലേയ്‌ക്ക് ഒരവസരത്തിൽ താഴ്‌ന്നങ്കിലും പിന്നീടുണ്ടായ തിരിച്ചു വരവ് സൂചിക ആഘോഷമാക്കി കൊണ്ട് 19,458 പോയിൻറ് വരെ മുന്നേറി. വാരാന്ത്യ ക്ലോസിങിൽ 19,435 പോയിൻറ്റിലാണ്. അടുത്ത രണ്ട് ദിവസങ്ങളിൽ 19,521 - 19,607 റേഞ്ചിലെ പ്രതിരോധം തകർക്കാൻ വിപണിക്കായാൽ മാത്രം കൂടുതൽ മുന്നേറ്റത്തിന് അവസരം ലഭിക്കു. വിദേശ ഫണ്ടുകൾ വീണ്ടും വിൽപ്പനയ്‌ക്ക് രംഗത്ത് ഇറങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്താൽ നിഫ്‌റ്റിക്ക് 19,290 – 19,140 ലേയ്‌ക്ക് സാങ്കേതിക പരീക്ഷണങ്ങൾ നടത്താം. നിഫ്‌റ്റിയുടെ മറ്റ് സാങ്കേതിക ചലനങ്ങൾ ഡെയ്‌ലി ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്, പാരാബോളിക്ക് എസ് ഏ ആർ സെല്ലിങ് മൂഡിലാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ടവാരം നിക്ഷപകരായി നിലകൊണ്ട് മൊത്തം 9570 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. അവസാന രണ്ട് ദിവസങ്ങളിൽ അവർ നിക്ഷേപിച്ചത് 6678 കോടി രൂപയാണ്. വിദേശ ഫണ്ടുകൾ 2973 കോടി രൂപയുടെ ഓഹരികൾ വിറ്റതിനിടയിൽ 488 കോടിയുടെ ഓഹരികൾ വാങ്ങി.മുൻ നിര ഓഹരിയായ ടാറ്റാ സ്‌റ്റീൽ, ജെ എസ് ഡബ്ലയു സ്‌റ്റീൽ, വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസീസ്, വിപ്രാ, എച്ച് സി എൽ ടെക്, ഇൻഡസ് ബാങ്ക്, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, എംആൻറ് എം, എച്ച് ഡി എഫ് സി ബാങ്ക്, സൺഫാർമ്മ, എൽ ആൻറ് റ്റി തുടങ്ങിയവ മികവ് കാണിച്ചു. ആർ ഐ എൽ, എസ് ബി ഐ, ഐ റ്റിസി, റ്റി സി എസ്, ഐ സി ഐ സി ഐ ബാങ്ക്,എയർടെൽ, എച്ച് യു എൽ എന്നിവ വിൽപ്പന സമ്മർദ്ദത്തിലായിരുന്നു. മുൻ നിരയിലെ പത്ത് കമ്പനികളിൽ ഏഴിനും തളർച്ച. ഇവയുടെ വിപണി മൂല്യത്തിൽ 62,279 കോടി രൂപയുടെ ഇടിവ്. ആർ ഐ എൽ, ടി സിഎസ്, ഐ സി ഐ സി ഐ ബാങ്ക്, എച്ച് യുഎൽ, ഐ ടി സി, എസ് ബി ഐ, ഭാരതിഎയർടെൽ എന്നിവയ്‌ക്ക് തിരിച്ചടിനേരിട്ടു. എച്ച്ഡി എഫ് സി ബാങ്ക്, ഇൻഫോസിസ്, ബജാജ് ഫിനാൻസ് എന്നിവ മികവ് കാണിച്ചു. വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് മുന്നിൽ രൂപ 83.65ൽ നിന്നും 82.80 ലേയ്‌ക്ക് ദുർബലമായ ശേഷംവാരാന്ത്യം 82.71 ലാണ്. Read on deshabhimani.com