ഫണ്ടിംഗ് കൃത്യതയിലേക്കൊരു ഹണ്ടിങ്
എല്ലാ മാസവും ഒരു തുക മാറ്റി വച്ച് അത് ഭാവിയിലേക്കായി എവിടെയെങ്കിലും നിക്ഷേപിക്കാൻ ഉപദേശിക്കുന്ന പരസ്യങ്ങൾക്ക് ഒരു പഞ്ഞവുമില്ല. റിസ്ക് താരതമ്യേന കുറവായ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കണമെന്ന് വിചാരിച്ചാൽ ഭാവിയിൽ നന്നായി വളരാൻ സാധ്യതയുള്ള ഫണ്ട് കണ്ടുപിടിക്കുന്നത് എളുപ്പമല്ല. പലർക്കും പല അഭിപ്രായങ്ങൾ. ഫണ്ടിന്റെ അങ്ങേതലയ്ക്കൽ ഫണ്ട് മാനേജർ എത്രത്തോളം നന്നായി കാര്യങ്ങൾ ചെയ്യുന്നു എന്നത് അനുസരിച്ചായിരിക്കും നിങ്ങളുടെ നിക്ഷേപത്തിന്റെ വളർച്ച. എല്ലാ ഇടങ്ങളിലും സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം സംഭവിക്കുമ്പോൾ ഈ കാര്യങ്ങൾ എങ്ങനെ മാറിനിൽക്കും. ആപ്പിൽ ലോഗിൻ ചെയ്തു നിങ്ങളുടെ സാമ്പത്തികനിലയും പണത്തിന്റെ ഭാവിയിലെ ആവശ്യവും ഒക്കെ പറഞ്ഞാൽ നിങ്ങൾക്ക് അനുയോജ്യമായ ഫണ്ടുകൾ പറഞ്ഞുതരുന്ന ആപ്പ്. പണം നിക്ഷേപിക്കുന്നത് ആകട്ടെ, മാസാ മാസം നിങ്ങളുടെ ബാങ്കിൽ നിന്ന് അവർ എടുത്തുകൊള്ളും. സ്‌ക്രിപ്‌ബോക്‌സ് (https://scripbox.com ), , ക്ലിയർ ടാക്സ് സേവ് (cleartax.in/save ) എന്നിവ അടക്കം നിരവധി കമ്പനികൾ ഇത്തരത്തിലുള്ള സേവനങ്ങളുമായി വിപണിയിൽ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ ആഴ്ച അവതരിപ്പിക്കപ്പെട്ട പേ ടിഎം മണി (paytmmoney.com) ഈ മേഖലയെ ഒന്ന് ഉലയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനി ഇത്തരക്കാർ എങ്ങനെ പണമുണ്ടാക്കുന്ന എന്ന സ്വാഭാവിക സംശയം ഉണ്ടെങ്കിൽ അതിനുള്ള ഉത്തരം ഇതാ. ഇവർ നിക്ഷേപകരിൽനിന്നല്ല മറിച്ച് ഫണ്ടുകളിൽ നിന്നാണ് കമ്മീഷൻ വാങ്ങുന്നത്. (ഇത്തരം പ്ലാറ്റുഫോമുകൾ വഴി ഇൻവെസ്റ്റ് ചെയ്യുന്നതിന് മുന്നേ മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് നന്നായി പഠിക്കുക.) Read on deshabhimani.com