കളിക്കളത്തില്‍ ഇറങ്ങാം ആരോഗ്യത്തോടെ



ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തിനൊപ്പം വ്യായാമവും അനിവാര്യമാണ്‌. ശാരീരികക്ഷമത ഉറപ്പുവരുത്തുന്നതിനൊപ്പം മാനസിക ഉല്ലാസംകൂടി പ്രദാനം ചെയ്യുന്നതാണ് കായികവിനോദങ്ങൾ. അത്‌ യുവാക്കളിലും ശാരീരികവും മാനസികവും സാമൂഹ്യവുമായ ഊർജവും പ്രസരിപ്പും നൽകും. പ്രത്യേകിച്ച് ക്രിക്കറ്റ്, ഫുട്ബോൾ ഉൾപ്പെടെയുള്ള ടീം ഇനങ്ങളിൽ. മാനസികസംഘർഷങ്ങൾ, വിഷാദരോഗം എന്നിവ കുറയാനും ഏകാഗ്രത വർധിക്കാനും ലഹരി ഉപയോഗമടക്കമുള്ള വിവിധ ദുഃശീലങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവയിൽനിന്ന്‌ വിട്ടുനിൽക്കാനും ആരോഗ്യകരമായ ജീവിതംആസ്വദിക്കാനും കായികവിനോദങ്ങൾ സഹായിക്കുന്നു. കളിക്കുന്നവരിലും കാണുന്നവരിലും ഒരുപോലെ വിനോദവും ആവേശവും നിറയ്‌ക്കുന്നതാണ്‌  കായികമത്സരങ്ങൾ. അതേസമയം, പരിക്കേൽക്കാനുള്ള സാധ്യതയേറെയാണ്‌ എന്നുള്ളതും ശ്രദ്ധിക്കണം. ആരോഗ്യത്തോടെ കായിക ഇനങ്ങളിൽ പങ്കെടുക്കാൻ എന്തൊക്കെ ചെയ്യണമെന്ന് നോക്കാം. വീടുകളിൽനിന്ന്‌ ആരംഭിക്കാം പണ്ടൊക്കെ കായികവിനോദങ്ങളിൽ കുട്ടികൾ അമിതമായ താൽപ്പര്യം പ്രകടിപ്പിക്കുന്നത്‌ പല രക്ഷിതാക്കൾക്കും താൽപ്പര്യം ഉണ്ടായിരുന്നില്ല. കായിക ഇനങ്ങൾ പഠനത്തിന്റെ ഭാഗമാകുകയും വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും വന്നതോടെ  ആ മനോഭാവം മാറി. കഴിവുള്ളവർക്ക് ആവശ്യത്തിന് പ്രോത്സാഹനവും അവസരങ്ങളും ലഭിച്ചാൽ അവർക്ക്‌ തിളങ്ങാനാകും. ഇതിന് ഏറ്റവും ആവശ്യം വീടുകളിൽനിന്നും കുടുംബാംഗങ്ങളിൽനിന്നുമുള്ള പിന്തുണയാണ്. കായികവിനോദം കരിയറാക്കാം കായികവിനോദങ്ങളെ കരിയറാക്കാൻ ഉദ്ദേശിക്കുന്നവർ ഏറ്റവും ഉചിതമായതും അഭിരുചിയുള്ളതുമായ ഇനം വേണം തെരഞ്ഞെടുക്കാൻ. ഇതിനുവേണ്ടി നൂറുശതമാനം അർപ്പണബോധത്തോടെ പ്രവർത്തിക്കണം. കായികക്ഷമത ഉറപ്പുവരുത്തുന്നതിനായി ഭക്ഷണക്രമത്തിൽ മാറ്റം കൊണ്ടുവരികയും വ്യായാമ മുറകൾ ശീലമാക്കുകയും വേണം. നൈപുണ്യവികസനം, പരിക്ക്‌ ചെറുക്കാനുള്ള മാർഗങ്ങൾ, ആവശ്യമായ പ്രഥമ ശുശ്രൂഷ  എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ധനായ പരിശീലകന്റെ സഹായം തേടുന്നത് കായികതാരത്തിന്റെ കഴിവും നൈപുണ്യവും വളർത്താൻ സഹായിക്കും. ചിട്ടവട്ടങ്ങൾ, ന്യുട്രീഷൻ എന്നിവ തുടങ്ങി പ്രഥമശുശ്രൂഷ അടക്കമുള്ള എല്ലാ കാര്യത്തിലും ഇത്‌ ഏറെ ഗുണം ചെയ്യും. പ്രായം  പ്രശ്നമല്ല കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിന് പ്രത്യേകിച്ച്‌ പ്രായപരിധിയില്ല. ശാരീരികവും മാനസികവുമായ കായികക്ഷമതയാണ് ഏറ്റവും പ്രധാനം. 50–- 60 വയസ്സിനു മുകളിലുള്ള നിരവധി കായിക താരങ്ങൾ നമ്മുടെ നാട്ടിലുണ്ട്‌. യുവാക്കളേക്കാൾ കായികക്ഷമത ഉള്ളവരാണ് പലരും. അതേസമയം, ഫുട്ബോൾ, റെസലിങ്‌  പോലെയുള്ള ഇനങ്ങളിൽ പ്രായം കൂടുന്തോറും പരിക്കേൽക്കാനുള്ള സാധ്യത കൂടുതലാണ്. പരിക്കുകളെ അറിയാം വീഴാതിരിക്കാം കളിക്കളങ്ങളിൽ സംഭവിക്കുന്ന അപകടങ്ങളിൽ ചെറുതും വലുതുമായ പരിക്കുകൾ ഉണ്ടാകാറുണ്ട്. ഇത്തരം പരിക്ക്‌ സാധാരണയായി രണ്ട്‌ രീതിയിലുണ്ട്‌.  പെട്ടെന്നുണ്ടാകുന്ന അക്യൂട്ട് ഇൻജുറിയും സാവധാനത്തിൽ നാളുകൾകൊണ്ട് ഉണ്ടാകുന്ന ക്രോണിക് ഇൻജുറിയും. എല്ലുകൾക്ക്‌ ഉണ്ടാകുന്ന പരുക്കുകൾ, പേശികൾക്ക്‌ ഉണ്ടാകുന്ന ക്ഷതം, ലിഗ്‌മെന്റുകൾക്ക്‌ ഉണ്ടാകുന്ന പരുക്കുകൾ, സന്ധികളും കുഴയും തെറ്റുന്നതുമെല്ലാം തുടങ്ങി അപകടത്തിൽ തലയ്ക്ക്  ഉണ്ടാകുന്ന ഗുരുതരമായ പരുക്കുകൾ ഉൾപ്പെടെയുള്ളവ അക്യൂട്ട് ഇൻജുറിക്ക് ഉദാഹരണമാണ്. അതേസമയം, ദീർഘനാളുകളായി കായികവിനോദങ്ങളിൽ  ഏർപ്പെടുന്നതുമൂലം എല്ലുകൾക്കും സന്ധികൾക്കും ഉണ്ടാകുന്ന തേയ്മാനം ടെൻഡനുകളെ (Tendons) ബാധിക്കുന്ന ടെന്നീസ്എൽബോ തുടങ്ങിയവ ക്രോണിക് ഇൻജുറിയിൽപ്പെടുന്നു. അസ്ഥികൾക്കും ലിഗ്‌മെന്റുകൾക്കുമാണ് കളിക്കളങ്ങളിൽ കൂടുതൽ പരിക്കേൽക്കാറുള്ളത്‌. അസ്ഥികൾക്ക്‌ ഒടിവ്, പൊട്ടൽ ഉൾപ്പെടെയുള്ളവയും ലിഗ്‌മെന്റിന് ചെറിയ പരിക്കുമുതൽ പൊട്ടുന്നതുവരെയുള്ള സംഭവങ്ങളുമാണ്  ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ പരിക്കുപറ്റുന്ന സന്ധികൾ, കാൽക്കുഴ, കാൽമുട്ട്, തോൾ എന്നിവിടങ്ങളിലാണ്. പരിക്കുകളുടെ സ്വഭാവമനുസരിച്ച് ചിലപ്പോൾ താൽക്കാലികമായോ സ്ഥിരമായോ കായിക മത്സരങ്ങളിൽനിന്ന്‌  വിട്ടുനിൽക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകാം. പ്രഥമശുശ്രൂഷ അറിയണം ഓരോ കായികതാരത്തിനും അവരുമായി ബന്ധപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്കും നിർബന്ധമായും പ്രഥമശുശ്രൂഷയെപ്പറ്റി വ്യക്തമായ ധാരണയുണ്ടാകണം. കളിക്കളങ്ങളിൽ വീഴുന്നതുമൂലം ഉണ്ടാകുന്ന ഗുരുതരമല്ലാത്ത അപകടങ്ങളിൽ പ്രയോഗിക്കേണ്ട ഏറ്റവും പ്രചാരമുള്ള പ്രഥമശുശ്രൂഷാ രീതിയാണ് റൈസ് (RICE) R–- - റെസ്റ്റ് (വിശ്രമം), I–- - ഐസ്‌ കംപ്രഷൻ (പരിക്കേറ്റ ഭാഗത്ത് ഐസ് ഉപയോഗിക്കുന്നത്‌ രക്തസ്രാവവും നീരും കുറയ്‌ക്കാൻ സഹായിക്കും) C–- - കമ്പ്രഷൻ (പരുക്കേറ്റ ഭാഗത്ത്‌ നന്നായി സമ്മർദം കൊടുക്കുക) E –-- എലവേഷൻ (കാൽ പൊക്കിപ്പിടിക്കുക).  ഇത്‌ ചെയ്യുന്നത്‌ നീർക്കെട്ട്  കുറയ്ക്കാൻ സഹായിക്കും. ചികിത്സ നിർബന്ധം കളിക്കളങ്ങളിൽ ഉണ്ടാകുന്ന പരുക്കുകൾ ചെറുതോ വലുതോ ആകട്ടെ. യഥാവിധി ചികിത്സ തേടൽ അനിവാര്യമാണ്‌. പരുക്കുകൾ വച്ചുകൊണ്ടിരിക്കുന്നത് കായികക്ഷമത കുറയ്ക്കുമെന്ന്‌ മാത്രമല്ല, ദീർഘകാലത്തേക്ക്‌ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്‌ക്കും. എല്ലിനുണ്ടാകുന്ന തേയ്മാനം, കുഴതെറ്റൽ, സന്ധിവേദന  തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഇത്തരം അവസ്ഥകൾക്ക്‌ വിദഗ്ധ ചികിത്സ സ്വീകരിക്കണം. അപകടത്തിനും വിശ്രമത്തിനുംശേഷം സ്പോർട്സ് ഫിസിയോ തെറാപ്പിസ്റ്റിന്റെ  സഹായം തേടുന്നത്‌ എളുപ്പത്തിൽ പരുക്കുകൾ ഭേദമാകാനും കളിക്കളത്തിലേക്ക്‌ വേഗം തിരികെയെത്താനും സഹായിക്കും. മതിയായ ചികിത്സ സ്വീകരിക്കുന്നത്‌ മാനസിക പിരിമുറുക്കം കുറയ്‌ക്കാനും സഹായിക്കും. മുൻകരുതലുകൾ പരിശീലനത്തിനും മത്സരത്തിനും മുമ്പായി ആവശ്യത്തിനുള്ള വാംഅപ്പും  സ്ട്രെച്ചിങ്‌ വ്യായാമങ്ങളും ചെയ്‌തിരിക്കണം. വാംഅപ്പ് ശരീരത്തിന്റെ ഉപാപചയപ്രക്രിയയും ഓക്സിജൻ ആഗിരണവും സുഗമമാക്കുന്നതിന് സഹായിക്കും. താപനില ക്രമീകരിക്കുന്നതിനും ഇത്‌ അത്യാവശ്യമാണ്. കൃത്യമായ പരിശീലനംമാത്രം നടത്തുക. നിലവാരമുള്ള സുരക്ഷാ ആക്സസറീസുകളം സ്പോർട്സ് ഗിയറുകളും ഉപയോഗിക്കുക. ആരോഗ്യക്ഷമത ഉറപ്പുവരുത്തുന്നതിനായി പോഷകാഹാരങ്ങൾ കഴിക്കുകയും നിർജലീകരണം ഒഴിവാക്കാൻ മതിയായ വെള്ളം കുടിക്കുകയും വേണം. മൈതാനങ്ങൾക്ക്‌ നിരപ്പ് ഇല്ലെങ്കിൽ അപകടങ്ങൾക്ക്‌ സാധ്യത കൂടുതലാണ്. കായികക്ഷമത ഉറപ്പുവരുത്തുന്നതിനുള്ള പരിശോധന നടത്തണം.  (കോഴിക്കോട് ആസ്റ്റർമിംസ് ഓർത്തോപീഡിക്‌സ്‌ വിഭാഗം സീനിയർ കൺസൾട്ടന്റാണ്‌ ലേഖകൻ)   Read on deshabhimani.com

Related News