വില കുറഞ്ഞ പ്രസിദ്ധിക്കുവേണ്ടി എന്തിനാണ് ഇങ്ങനെ എഴുതുന്നത‌്..? മനോരമയിലെ ലേഖനത്തിൽ മനംനൊന്ത‌് എസ് പി വെങ്കടേഷ‌്



കൊച്ചി>  മലയാള സിനിമയിൽ മോഹൻലാൽ- ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ‌് 1995ൽ പുറത്തിറങ്ങിയ സ്ഫടികം. മോഹൻലാലിന‌് സൂപ്പർതാര പരിവേഷം നേടികൊടുത്ത ചിത്രം ഗാനങ്ങൾകൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ "ഏഴിമല പൂഞ്ചോല' എന്ന ഗാനം ഏറെ പ്രേക്ഷക പ്രീതി നേടി. വർഷങ്ങൾക്കിപ്പുറം സ്ഫടികം വീണ്ടും ചർച്ചയാകുകയാണ‌്. ചിത്രത്തെ സംബദ്ധിച്ച‌് മലയാള മനോരമയിലെ ലേഖനത്തിലെ പരാമർശത്തിനെതിരെ പ്രതികരണവുമായി സംഗീത സംവിധായകൻ എസ് പി വെങ്കടേഷ് തന്നെ രംഗത്ത‌് വന്നിരിക്കുകയാണ‌്. സ്ഫടികം സിനിമയിൽ ചാൻസിനു വേണ്ടി താൻ അലഞ്ഞുവെന്നതടക്കമുള്ള മനോരമയിലെ പരാമർശങ്ങൾ തന്നെ ഏറെ വേദനിപ്പിച്ചുവെന്നായിരുന്നു എസ് പി വെങ്കടേഷ് ഫേസ‌്ബുക്കിൽ കുറിച്ചത‌്. സ്ഫടികം ചാക്കോ മാഷിന്റെ സിനിമ' എന്ന തലക്കെട്ടിൽ മലയാള മനോരമയിൽ മാർച്ച് ഒന്നിന്  പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെയാണ് വെങ്കടേഷിന്റെ ഫേസ‌്ബുക്ക‌് കുറിപ്പ്... സംവിധായകനായ ഭദ്രൻ സംവിധായകൻ ഹരിഹരന്റെ വീട്ടിൽ നിന്നും മടങ്ങും വഴി ചിത്രത്തിലെ സം​ഗീതം ചെയ്യുന്നതിന് അവസരം ചോദിച്ച് കൂപ്പുകൈകളുമായി എസ് പി വെങ്കിടേഷ് വഴിയിൽ കാത്തു നിന്നെന്നും പശ്ചാത്തല സം​ഗീതം നന്നായി ചെയ്യുന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു എന്നുമാണ് മനോരമ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. പശ്ചാത്തല സം​ഗീതം നന്നായി ചെയ്യുന്ന ആളാണെന്ന് വെങ്കിടേഷ് പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ചെയ്തത് മാറ്റി ചെയ്യിപ്പിക്കുമെന്ന് സംവിധായകൻ ഭദ്രൻ പറഞ്ഞതായാണ് ലേഖനത്തിൽ പറയുന്നത്. ഭദ്രന്റെ വീട്ടിൽ താമസിച്ചുകൊള്ളാമെന്നും ഒരു നേരത്തെ ഭക്ഷണം മാത്രം തന്നാൽ മതിയെന്നും ഒരൊറ്റ പൈസ പോലും വാങ്ങാതെയാണ് വെങ്കിടേഷ് ചിത്രത്തിന്റെ സം​ഗീതം ചെയ്‌തതെന്നും സൂചിപ്പിച്ച് ലേഖനത്തിന്റെ ഈ ഭാ​ഗം അവസാനിക്കുകയാണ്. മനോരമയിൽ വന്ന വാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചെന്നും വാർത്ത ആരും വിശ്വസിക്കരുതെന്നും താനിന്നു വരെ അവസരത്തിനായി ആരെയും സമീപിച്ചിട്ടെല്ലെന്നും എസ് പി വെങ്കടേഷ് പ്രതികരിച്ചു. പശ്ചാത്തല സംഗീതം മാത്രം ചെയ്‌തതിരുന്ന എന്നോട‌് സിനിമ ചെയ്യാൻ ആത്മവിശ്വാസം തന്നവരോട്  പോലും മലയാളത്തിൽ മികച്ച സംഗീത സംവിധായകരുണ്ട് എന്നാണ് താൻ പറഞ്ഞത‌്. വില കുറഞ്ഞ പ്രസിദ്ധിക്കുവേണ്ടി എന്തിനാണ് ഇങ്ങനെ എഴുതുന്നതെന്ന് തനിക്കറിയില്ലെന്നും തന്നെ സ്‌നേഹിക്കുന്നവരാരും ഇത് വിശ്വസിക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ  പറഞ്ഞു.  ഫേസ‌്ബുക്ക‌് കുറിപ്പിന്റെ പൂർണരൂപം Read on deshabhimani.com

Related News