അധ്യാപകനോടുള്ള അതിക്രമം: കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന അരാഷ്‌ട്രീയത്തിന്റെ പ്രത്യക്ഷ ഉദാഹരണമെന്ന് അശോകൻ ചരുവിൽ



കൊച്ചി> കാഴ്‌‌ചപരിമിതിയുള്ള അധ്യാപകനോട് മഹാരാജാസ് കോളേജിലെ കെഎസ്‌യു നേതാവ് ഉൾപ്പടെയുള്ള ചില വിദ്യാർത്ഥികൾ നടത്തിയ അതിക്രമം കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന അരാഷ്‌ട്രീയത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണെന്ന് എഴുത്തുകാരൻ അശോകൻ ചരുവിൽ. കേരളീയ മനസ്സാക്ഷിയെ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ അരാഷ്‌ട്രീയ വലതുബാധയായിരിക്കും മതരാഷ്ട്രവാദത്തേയും അതിൻ്റെ രാഷ്‌‌ട്രീയപാർടികളേയും ഇവിടേക്കു ക്ഷണിച്ചു വരുത്തുകയെന്നും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.   ഫെയ്‌സ്‌ബുക്ക് കുറിപ്പ് കാഴ്‌ച‌‌പരിമിതിയുള്ള അധ്യാപകനോട് മഹാരാജാസ് കോളേജിലെ കെ എസ് യു നേതാവ് ഉൾപ്പടെയുള്ള ചില വിദ്യാർത്ഥികൾ നടത്തിയ അതിക്രമം കേരളസമൂഹം ഗൗരവത്തിൽ ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന അരാഷ്ട്രീയത്തിന്റെയും വലതുപക്ഷവൽക്കരണത്തിന്റെയു പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം. കുറേകാലമായി ദളിതരോടും ന്യൂനപക്ഷവിഭാഗത്തിൽ പെട്ടവരോടുമുള്ള അസഹിഷ്‌ണത കേരളത്തിൽ വളർന്നു വരുന്നുണ്ട്. ആ മനോഭാവം ഇന്ന് ശാരീരിക പരിമിതിയുള്ളവരോടും രോഗികളോടും വൃദ്ധരോടുമുള്ള എതിർപ്പും പരിഹാസവുമായി വളർന്നിരിക്കുന്നു. കാഴ്‌ച‌‌‌‌പരിമിതിയുള്ളവർ അടക്കമുള്ള ഭിന്നശേഷിക്കാർക്ക് നേരെ നമ്മുടെ സമൂഹനേതൃത്വം പുലർത്തുന്ന ഭീകരമനോഭാവത്തെ ഞാൻ തിരിച്ചറിഞ്ഞത് പബ്ലിക് സർവ്വീസ് കമ്മീഷനിൽ മെമ്പറായി പ്രവർത്തിക്കുന്ന കാലത്താണ്. ഭരണഘടനയും നിലവിലുള്ള നിയമങ്ങളും സഹായത്തിനുണ്ടായിട്ടും കാഴ്‌ചപരിമിതിയുള്ളവരെ റിക്രൂട്ട്മെൻ്റിൻ്റെ അവസാനഘട്ടത്തിൽ തട്ടിക്കളയുന്ന ചതിക്കുഴികൾ അവിടെ ഉണ്ടായിരുന്നു. അത് തിരുത്താനുള്ള ശ്രമത്തിൽ എളിയ പങ്കുവഹിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി ഈയുള്ളവൻ കരുതുന്നു. കഴിഞ്ഞവർഷത്തെ ജർമ്മൻ സന്ദർശനക്കാലത്ത് ഡോർട്ടുമുണ്ട് നഗരത്തിലെ Aplerbeck Hospital സന്ദർശിച്ചിരുന്നു. ഹിറ്റ്‌ലറുടെ നാസി ഭരണകാലത്ത് ആയിരക്കണക്കിന് ഭിന്നശേഷിക്കാരെയും രോഗികളേയും അനാരോഗ്യമുള്ളതായി കരുതുന്ന കുഞ്ഞുങ്ങളേയും കശാപ്പു ചെയ്‌തിന്റെ ചരിത്രമുള്ള ആതുരാലയ(?)മാണത്. സമൂഹത്തിൽ ആരോഗ്യവാന്മാരുടെ തോത് നിലനിർത്താൻ വേണ്ടി, യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ അത്രക്കും എണ്ണം അനാരോഗ്യവാന്മാരെ കൊല്ലേണ്ടതുണ്ടെന്നാണ് നാസി ബ്രാഹ്മണിസ്‌റ്റ് പണ്ഡിതന്മാർ കണക്കാക്കിയത്.  Aktion T4 എന്നാണ് ആ പദ്ധതിയുടെ പേര്. Involuntary Euthanasia (സമ്മതമില്ലാത്ത ദയാവധം) എന്നും പറയും. മനുഷ്യൻ എല്ലാ കാലത്തും നല്ലവനായിരുന്നു; ആയിരിക്കും എന്നൊന്നും പറയാനാവില്ല. സാമൂഹ്യവ്യവസ്ഥക്കും മേധാവിത്തം വഹിക്കുന്ന സംസ്‌കാരത്തിനും അനുസരിച്ച് അവൻ്റെ മനോനില മാറിക്കൊണ്ടിരിക്കും. രാജ്യം ഒരു മതഭീകര രാഷ്‌ട്രീയകക്ഷി ഭരിക്കുന്നു എന്നത് ഒരു രാഷ്‌ട്രീയപ്രശ്നം മാത്രമല്ല. അതുണ്ടാക്കുന്ന പ്രതിഫലനങ്ങൾ പല തലങ്ങളിൽ ആയിരിക്കും. കേരളീയ മനസ്സാക്ഷിയെ ബാധിച്ചു കൊണ്ടിരിക്കുന്ന ഈ അരാഷ്‌ട്രീയ വലതുബാധയായിരിക്കും മതരാഷ്‌ട്രവാദത്തേയും അതിന്റെ രാഷ്‌‌ട്രീയപാർടികളേയും ഇവിടേക്കു ക്ഷണിച്ചു വരുത്തുക. അശോകൻ ചരുവിൽ   Read on deshabhimani.com

Related News