ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം വഹീദ റഹ്‌മാന്
ന്യൂഡൽഹി രാജ്യത്തെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദാ റഹ്മാന്. ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ തിളക്കമേറിയ സംഭാവനകൾ മാനിച്ചാണ് പുരസ്‌കാരം. ‘കാഗസ് കേ ഫൂൽ’, ‘പ്യാസ’, ‘ഗൈഡ്’, ‘ഖാമോഷി’, ‘ചൗദ്‌വിൻ കാ ചാന്ദ്’ ‘സാഹേബ്, ബിവി, ഔർ ഗുലാം’ തുടങ്ങിയ ചിത്രങ്ങളിലൂടെ വഹീദാ റഹ്മാൻ പ്രേക്ഷമനസില്‍ ചിരപ്രതിഷ്‌ഠനേടി. അറുപതുകളിലും എഴുപതുകളിലും ബോളിവുഡിന്റെ സ്വപ്നനായികയായി. ദേവ്‌ആനന്ദ്, ദിലീപ്‌കുമാർ, രാജ്‌കപൂർ, രാജേഷ് ഖന്ന തുടങ്ങി അക്കാലത്തെ മുന്‍നിരനായകരുടേതിന് തുല്യമായ നായികാകഥാപാത്രങ്ങള്‍ അവര്‍ പകര്‍ന്നാടി. തൃസന്ധ്യ എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ‘രേഷ്‌മാ ഔർ ഷേറാ’(1971) എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം നേടി. 1972ൽ പത്മശ്രീ, 2011ൽ പത്മഭൂഷൺ നല്‍കി രാജ്യം ആദരിച്ചു. നീണ്ട ഇടവേളക്ക്ശേഷം 2002ല്‍ ബോളിവുഡില്‍ നടത്തിയ രണ്ടാംവരവിലും ഉജ്വലകഥാപാത്രങ്ങള്‍ തേടിയെത്തി. ദേവ്‌ആനന്ദിന്റെ 100–-ാം ജന്മവാർഷിക ദിനത്തിൽത്തന്നെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് തേടിയെത്തിയത് ഇരട്ടിമധുരമായെന്ന് വഹീദാ റഹ്മാൻ പ്രതികരിച്ചു. വഹീദാ റഹ്മാന്റെ ആദ്യഹിന്ദിചിത്രമായ സിഐഡിയിൽ ദേവ്‌ആനന്ദായിരുന്നു നായകൻ. ഫാൽക്കെ പുരസ്കാരം നേടുന്ന ആറാമത്തെ വനിതയാണ് വഹീദാ റഹ്മാൻ. എൺപത്തഞ്ചുകാരിയായ വഹീദാ റഹ്മാൻ ‘സ്‌കേറ്റർഗേൾ’(2021)എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്. Read on deshabhimani.com