16 കോടി രൂപയുടെ തട്ടിപ്പ്: തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ



ചെന്നൈ > 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖർ അറസ്റ്റിൽ. പുതിയ കമ്പനി തുടങ്ങാനെന്ന പേരിൽ വ്യവസായിയിൽ നിന്നും 16 കോടി രൂപ തട്ടിയെന്നാണ് കേസ്. ലിബ്ര പ്രൊഡക്ഷൻസ് എന്ന പേരിൽ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള വ്യക്തിയാണ് രവീന്ദർ. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  2020-ലാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത് എന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയിൽ പറയുന്നത്. 2020 ഒക്ടോബറിലാണ് പുതിയ പ്രൊജക്ടിന്റെ പേര് പറഞ്ഞ് രവീന്ദർ വ്യവസായിയെ സമീപിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 17ന് ഇവർ തമ്മിൽ നിക്ഷേപ കരാറിൽ ഏർപ്പെട്ടു. 15 കോടി 83 ലക്ഷം രൂപ രവീന്ദറിന് നൽകുകയും ചെയ്തു. എന്നാൽ തുക കൈപ്പറ്റിയ ശേഷം രവീന്ദർ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല എന്നാണ് പരാതിയിൽ പറയുന്നത്. പോലീസ് അന്വേഷണത്തിൽ നിക്ഷേപം നേടിയെടുക്കാൻ രവിന്ദർ വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തി.  ഒളിവിലായിരുന്ന രവീന്ദറിനെ ചെന്നൈയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ജൂഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ് ഇപ്പോൾ രവീന്ദർ. ലിബ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്‌സ് തുടങ്ങിയ ചിത്രങ്ങൾ രവീന്ദർ ചന്ദ്രശേഖരൻ നിർമ്മിച്ചിട്ടുണ്ട്. ടെലിവിഷൻ താരം മഹാലക്ഷ്മിയാണ് ഭാര്യ. Read on deshabhimani.com

Related News