കെ ജി ജോർജ്: മലയാള സിനിമയിലെ മാസ്റ്റർ ക്രാഫ്‌റ്റ്സ്മാൻ



കൊച്ചി > കെ ജി ജോർജ് സജീവ സിനിമാ പ്രവർത്തനത്തിൽനിന്ന് മാറിനിൽക്കാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടിലേറെയായി. എന്നിട്ടും, പുതുമകളെ വാരിപ്പുണരുന്ന വേഗത്തിലും ആവേശത്തിലും പഴയതിനെ തൂത്തെറിയുന്ന സിനിമാസമ്പ്രദായത്തിന് മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്‌റ്റ്സ്‌മാനെ മറവിയിലേക്ക് തള്ളാനാകുന്നില്ല. അസുഖബാധിതനായി പിൻവാങ്ങേണ്ടി വരുംവരെയുള്ള കുറഞ്ഞകാലത്തെ സിനിമാജീവിതത്തിനിടെ അദ്ദേഹം ചെയ്തുവച്ച ചലച്ചിത്രകാവ്യങ്ങളുടെ കായബലത്തിനു മുന്നിലാണ് സിനിമയുടെ സ്വാഭാവിക നീതി അടിയറവു പറയുന്നത്. പാട്ടിനും പൈങ്കിളി പ്രണയത്തിനും പിന്നാലെ മലയാള സിനിമ മരം ചുറ്റിയോടിയ കാലത്താണ്  സ്വപ്നാടനവുമായി ജോർജ് വന്നത്. മലയാളി ഇന്നും ചർച്ച ചെയ്യാൻപോലും മടിക്കുന്ന വിവാഹപൂർവ്വ സ്ത്രീ–പുരുഷ ബന്ധത്തെ സാധൂകരിക്കുന്നതായിരുന്നു എഴുപതുകളുടെ മധ്യത്തിൽ കെ ജി ജോർജ് വെള്ളിത്തിരയിൽ എത്തിച്ച സ്വപ്നാടനത്തിന്റെ പ്രമേയം. യാഥാർഥ്യത്തിന്റെ  മുഖത്തോട് അടുത്തു നിൽക്കുന്നതായിരുന്നു പിന്നാലെ പിറന്ന സിനിമകൾ. പകരം വയ്ക്കാനില്ലാത്ത എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ യവനിക, ഗ്രാമ്യ ജീവിതത്തിന്റെ വന്യതയിലേക്ക് തുറന്നുവച്ച കാഴ്ച –കോലങ്ങൾ, നടി ശോഭയുടെ ജീവിതവും മരണവും അസാമാന്യ തികവോടെ ഒപ്പിയ ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഇന്നും പകരമൊന്നു പറയാനില്ലാത്ത, ആക്ഷേപഹാസ്യത്തിന്റെ കാമ്പറിയിച്ച പഞ്ചവടിപ്പാലം, മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളെ ഇണക്കി സ്ത്രീ വിമോചനത്തിന്റെ വലിയ ക്യാൻവാസിൽ രചിച്ച ആദാമിന്റെ വാരിയെല്ല്. സിനിമാ ചരിത്രത്തിന്റെ വഴിക്കല്ലുകളായി മാറിയ ചിത്രങ്ങളോരോന്നും പ്രമേയത്തിലും സമീപനത്തിലും ഒന്നിനൊന്ന് വ്യത്യസ്തമായത് കെ ജി ജോർജ് എന്ന പ്രതിഭാശാലിയുടെ ബോധപൂർവ്വമായ ഇടപെടലിലൂടെയായിരുന്നു. സമാന്തര സിനിമയുടെ പതിവ് ജാടകളിലേക്കോ കറതീർന്ന കച്ചവടത്തിന്റെ കുപ്പക്കുഴിയിലേക്കോ വഴുതാതെ കലാമേന്മയും ജനപ്രിയതയും ജോർജ് തന്റെ സിനിമകളോട് ഇണക്കി. പറയത്തക്ക കലാ പാരമ്പര്യമൊന്നുമില്ലാത്ത തിരുവല്ലയിലെ സാധാരണ ക്രിസ്ത്യൻ കുടുംബത്തിലാണ് കെ ജി ജോർജിന്റെ ജനനം. കുട്ടിക്കാലം മുതൽ വാഹനങ്ങളുടെയും കടകളുടെയും പെയ്ന്റിങ്ങ് നടത്തി. അതിലൂടെ സമ്പാദിക്കുന്ന പണം മുടങ്ങാതെ സിനിമ കാണാനാണ് ചെലവഴിച്ചത്. തുടർന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാന പഠനം. പിന്നീട് സംവിധായകൻ രാമു കാര്യട്ടിന്റെ കൂടെ കുറച്ചു കാലം. മുപ്പതാം വയസിലാണ് ജോർജിന്റെ ആദ്യ സിനിമ സ്വപ്നാടനം(1976) പുറത്തിറങ്ങിയത്. തുടർന്നുള്ള നാലരപ്പതിറ്റാണ്ടിനിടെ 19 സിനിമകൾ. സംവിധായകനാവും മുമ്പെ സിനിമാ സ്വപ്നങ്ങൾ നെയ്യുന്ന കാലത്തു തന്നെ ഏതെല്ലാം തരം ചിത്രങ്ങളാണ് ചെയ്യേണ്ടതെന്ന് താൻ തീരുമാനിച്ചിരുന്നതായി അദ്ദേഹം ഒരിക്കൽ പറഞ്ഞിട്ടുണ്ട്.  മമ്മൂട്ടിയെയും മോഹൻലാലിനെയും ചേർത്ത് ഒരു സിനിമ ആഗ്രഹമുണ്ടായിരുന്നു. സി വി ബാലകൃഷ്ണന്റെ കാമമോഹിതം എന്ന നോവൽ അതിനായി തെരഞ്ഞെടുക്കുകയും ചെയ്തു. ആ പ്രോജക്ട് യാഥാറഥ്യമാക്കാൻ ആരോഗ്യം അനുവദിച്ചില്ല. പൂർത്തിയാക്കിയവയിലൂടെ സിനിമയിൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞുവെന്ന് ജോർജ് വിശ്വസിക്കുന്നു. സമാന്തര സിനിമക്കും കച്ചവട സിനിമക്കും ഇടയിലുള്ള സ്ഥാനത്താണ് അദ്ദേഹം തന്നെ സ്വയം പ്രതിഷ്ഠിച്ചത്. മൃണാൾസെൻ കഴിഞ്ഞാൽ ഇന്ത്യൻ പനോരമയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ചിട്ടുള്ളത് ജോർജിന്റെ ചിത്രങ്ങളാണ്. പതിമൂന്നെണ്ണം. 2010 ലെ ദേശീയ അവാർഡ് ജൂറിയിൽ അംഗമായിരിക്കെയാണ് പക്ഷാഘാതം വന്ന് അദ്ദേഹത്തിന് വിശ്രമജീവിതത്തിലേക്ക് പിൻവാങ്ങേണ്ടിവന്നത്. മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശം ആണ് ഒടുവിൽ ചെയ്ത സിനിമ.   Read on deshabhimani.com

Related News