ഭൂതകാല നേരുകളുടെ ബിനാലെ- എൻ രാജന്റെ 'ഉദയ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് ' എന്ന കഥാസമാഹാരത്തെ കുറിച്ച്...



ഗ്രാമീണത കഥയിലേക്ക് വന്നുചേരുകയല്ല, കഥ തന്നെ ഗ്രാമീണ വശ്യതയാർന്ന ഒരനുഭവമായിത്തീരുകയാണ്‌.  നഗരങ്ങളാവാൻ മത്സരിക്കുന്ന സമൂഹങ്ങളിൽ എന്നും ഈ കഥകൾക്ക് പ്രസക്തിയുണ്ട്. പിന്നിട്ട ജീവിതം എല്ലാവർക്കും ഒരു കഥയായി മാത്രമേ ഓർത്തെടുക്കാനാവൂ. അത്തരം ഹൃദ്യമായ കഥകളുടെ സമാഹാരമാണിത്. പേരുകേൾക്കുമ്പോൾ തന്നെ എന്നോ മറന്നിട്ടു പോയ സ്വന്തം ഗ്രാമത്തിലെ നാട്ടുമൈതാനത്തെക്കുറിച്ചുള്ള ഓർമകൾ ഇരമ്പിക്കയറി വരുന്നതുപോലെ സുഖമുള്ള വായന സാധ്യമാക്കുന്നുണ്ട്; എൻ രാജന്റെ ഉദയ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്. ഓർമയുടെ മ്യൂസിയത്തിൽനിന്ന്‌ പെറുക്കിയെടുത്ത് പ്രതിഷ്ഠാപിച്ചെന്ന് കവി പി എൻ ഗോപീകൃഷ്ണൻ അവതാരികയിൽ വിശേഷിപ്പിച്ച ഈ കഥകളെ ഭൂതകാലത്തിന്റെ നേരുകളുടെയും സങ്കടങ്ങളുടെയും ബിനാലെ എന്നു വിശേഷിപ്പിക്കാനാണ് ഇഷ്ടം. ഗ്രാമീണത കഥയിലേക്ക് വന്നുചേരുകയല്ല, കഥ തന്നെ ഗ്രാമീണവശ്യതയാർന്ന ഒരനുഭവമായിത്തീരുകയാണിവിടെ. കഥയും ഓർമയും രണ്ടല്ല, രണ്ടും ഒന്നാണെന്ന വിധം ഇഴുകിച്ചേർന്നിട്ടുണ്ട്‌; പിന്നിട്ട ജീവിതം എല്ലാവർക്കും ഒരു കഥയായി മാത്രമേ ഓർത്തെടുക്കാനാവൂ എന്നതുപോലെ. അത്തരം ഹൃദ്യമായ ഒമ്പതുകഥകളുടെ സമാഹാരമാണിത്. ഫുട്ബോൾ ഒരു കായിക ഇനമല്ല; മനുഷ്യരുടെ വികാരങ്ങളുടെ ആകത്തുകയാണ്, ലോകത്തിലെ ഏറ്റവും വലിയ മതമാണ് എന്നൊക്കെയുണ്ടല്ലോ. മലയാളം ലക്ഷണമൊത്ത ഫുട്ബോൾ കഥകൾക്ക് പ്രശസ്തമാണുതാനും. എൻ എസ് മാധവന്റെ ‘ഹിഗ്വിറ്റ’,  അശോകൻ ചരുവിലിന്റെ ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്‌’ പി വി ഷാജികുമാറിന്റെ ‘മറഡോണ’, യാസർ അരഫാത്തിന്റെ ചളി, വി കെ സുധീർ കുമാറിന്റെ ‘സഡൻഡെത്ത്’ എന്നിവ മുമ്പ് വായിച്ചവയാണ്. അവയിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഉദയ ആർട്സ്‌ ക്ലബ്ബിലെ ചേക്കു എവിടെയോ മൈതാനങ്ങൾ തിരഞ്ഞ് നടപ്പുണ്ടാകും. ഗ്രാമാന്തരങ്ങളിലെ മൈതാനങ്ങളിൽ തട്ടിയ പന്തിനോടുള്ള ആത്മാർഥതയുടെ ഊക്കുകൊണ്ട് ദേശകാലാതിർത്തികൾ ഭേദിച്ച് പറന്നുയർന്ന ഒട്ടേറെ മലയാളി താരങ്ങളുടെ ഓർമകൊണ്ട് സമ്പന്നമാണ് ഈ കഥ. പ്രാദേശിക ടൂർണമെന്റുകളുടെ സംഘാടനത്തെയും അതൊരു അന്താരാഷ്ട്ര പ്രശ്നത്തിലേക്ക് നീളുകയും ചെയ്തത് ചാരുതയോടെ അവതരിപ്പിച്ച ‘സുഡാനി ഫ്രം നൈജീരിയ’യിലെ സുഡാനിയാണ് വായനയുടെ ഓരോ നിമിഷത്തിലും ചേക്കുവിന്റെ രൂപം. ടറഫുകളുടെ കാലത്ത് ഒരു മൈതാനക്കളി എത്രമാത്രം പ്രസക്തമാവുന്നു എന്നത് ഒരിക്കലെങ്കിലും പന്തുതട്ടിയവർക്ക് അറിയാം. ഉദയ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ് നിന്നിടത്ത് ഒരു തെളിവുമവശേഷിപ്പിക്കാതെ കാലം എടുത്തു മാറ്റിയപോലെ എത്രയോ ചേക്കുമാർ യവനികക്ക് പിന്നിലേക്ക് മടങ്ങി. ഈ കഥ തീരുമ്പോൾ അതുവരെ വലിയ ഒരാരവം മുഴക്കി തൊട്ടരികിലായി കളിച്ചു കൊണ്ടിരുന്ന ഫുട്ബോൾ മത്സരം ഒരു നിമിഷംകൊണ്ട് തീർത്തും ശൂന്യമാകുംപോലെ നമ്മൾ ഏകാന്തരാകും. എങ്ങോട്ടോ കൈചൂണ്ടിയ ജയന്തന്റെ മാതിരി നമ്മളും സ്വയം നഷ്ടപ്പെട്ടവരാകും. അവസാനിക്കാത്ത സ്വത്വം തേടലിന്റെ സങ്കീർണതകളിൽ കുരുങ്ങിയ ശരാശരി മനുഷ്യരുടെ ജീവിതവൃത്തത്തിന്റെ ഉപമയാണ് 'വെയിലിൽ കാറ്റുവരയ്ക്കുമ്പോൾ’ എന്ന കഥ. ലോക്ഡൗണും നിയന്ത്രണങ്ങളും മനുഷ്യരിൽ ഏൽപ്പിച്ച ആഘാതങ്ങളെ പൊതിഞ്ഞുപിടിച്ചാണ് കഥയുടെ പുരോഗതി. പുരോഗമന പ്രസ്ഥാനങ്ങളുടെ നനവുറ്റ മണ്ണിൽനിന്നും വേരറുത്തുപോയ ഒരു പടുമരം വീണ്ടും കിളിർക്കണമെന്ന ആഗ്രഹം പോലെ ഒരു സുധാകരൻ, അല്ലെങ്കിൽ അയാൾ രാമുട്ടിയ്ക്ക് ഉണ്ടായ ഒരു നിദ്രാടനത്തിലെ സഹയാത്രികനായാലും മതി. പരിണാമഗുപ്തിയുടെ വിളുമ്പുകളിൽ വെച്ച് കഥ ഞെട്ടറ്റ് വായനക്കാരന്റെ നെറുകിൽ പതിയ്ക്കുന്നു. 'മരണസന്നിധി’ യും കോവിഡ് പശ്ചാത്തലത്തിലെ ജീവിത പരിസരങ്ങളെ അനാവരണം ചെയ്യുന്നു. അക്കാലത്ത് പ്രചരിക്കപ്പെട്ട അതിഭാവുകത്വം നിറഞ്ഞവ പലതും കഥയ്ക്ക് ഇന്ധനമായി വർത്തിച്ചിട്ടുണ്ടാവണം. കോവിഡ് അടച്ചിടലുകളിൽ കേരളം പോലുള്ള ഒരു സമൂഹം എത്രമാത്രം  സംഘർഷത്തിലകപ്പെട്ടു എന്നതും ഈ കഥയിൽ ചർച്ചയാവുന്നു. ഡിജിറ്റൽ ഡിവൈഡ് എന്ന പുതിയ സാമൂഹ്യ യാഥാർഥ്യത്തിന്റെ ലക്ഷണമിതിൽ കാണാം.  ഒരു ഫോൺ സ്വന്തമായുണ്ടെങ്കിൽ ആരോടെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു എന്ന്‌ മാധവൻ മാഷ് ആലോചിക്കുന്നു. കോവിഡ് മാനസികമായി തളർത്തിയ രണ്ടു വിഭാഗങ്ങൾ കുട്ടികളും വയോജനങ്ങളുമാണ്. ആ ദുർബല മാനസികാവസ്ഥകളിലേക്കാണ് ബ്ലാക്ക്മാനും പാർക്കോറും തിരുട്ടുഗ്രാമപ്പേടികളും ഇരച്ചു കയറിയത്. അന്ത്യത്തിലെ വിഭ്രാത്മകമായ ഭാഗം വായനക്കാരെയും വലിച്ചു പുറത്തേക്കെറിയും. മധ്യവർഗ മലയാളിയുടെ ജീവിതത്തെ കണ്ണാടിച്ചില്ലിൽ പ്രതിബിംബിച്ചുകാട്ടുകയാണ് 'ബലികുടീരങ്ങൾ’ എന്ന കഥ.  ലഹരിക്കുവേണ്ടി ജീവിതം തുലച്ചു കളയുന്നവർ. സംഗീതവും ലഹരിയും ഒരമ്മയുടെ മക്കളെന്നവണ്ണം ഈ കഥയിൽ ഒരുമിച്ചുണ്ട്. ബലികുടീരങ്ങളേ എന്ന വയലാർ‐ദേവരാജഗാനം ആത്മഗാനമായി മലയാളി കരുതുന്നുമുണ്ട്. ആ പാട്ടു പാടാത്ത സദിരുകളില്ല എന്നതൊരു യാഥാർഥ്യമാണ്. ആരും പാടും. എന്നാൽ അതിനു വിസമ്മതിക്കുന്ന ഒരു പശ്ചാത്തലം കേരളത്തിൽ ഉരുവം കൊള്ളുന്നു എന്ന അതിസൂക്ഷ്മ രാഷ്ട്രീയം ഈ കഥ പങ്കുവെയ്‌ക്കുന്നു. പൊതുജീവിതത്തിൽ, സൗഹൃദങ്ങളിൽ, കുടുംബ ബന്ധങ്ങളിലേക്കു പോലും ഇഴഞ്ഞെത്തുന്ന ശബരിമലകൾ കാണാതെ പോകരുത് എന്നതും ശ്രദ്ധേയം. കേരളം കടന്നുവന്ന ജാതി നിർഭരമായ ഭൂതകാലത്തിലേക്ക് ആധുനിക ലോകത്തു നിന്നും പണിത ഒരു കോണി പോലെയാണ് ‘ദൈവദശകം’ എന്ന കഥ. നാരായണ ഗുരുവിനെ സമ്പുഷ്ടമായി ഓർമിക്കുന്ന ഇക്കഥയിൽ എസ്എൻഡിപിക്കു മുന്നേ സർവരും സോദരത്വേന കൂട്ടംകൂടി നയിച്ച ഗുരുജാഥയും ശ്രദ്ധേയമാണ്. ഗുരു ആരംഭിച്ച പ്രസ്ഥാനം ജാതി വെറിയുടെ കറുപ്പിനെതിരെയുള്ള പോരാട്ടത്തിൽ ഭൂതകാലത്ത് എത്രകണ്ട് മുന്നോട്ടു പോയോ അത്രകണ്ട് ഇന്നത് മധ്യവർഗ സുഷുപ്തിയിൽ നാളം നഷ്ടപ്പെട്ട വിളക്കുപോലെയായി. ഓൺലൈൻ എന്ന ഉപ്പുഭരണിയിൽ ഇട്ടുവെച്ച നമ്മുടെ ദേശത്തിന്റെ യൗവനങ്ങളെപ്രതി രചിക്കപ്പെട്ട കഥയാണ് 'ഉപ്പുഭരണി’. ആൺ ‐ പെൺ സൗഹൃദസാധ്യതയുടെ കടലിലേക്ക് കൂപ്പുകുത്താൻ സോഷ്യൽ മീഡിയക്കുള്ള പങ്ക് വലുതാണ്. പുതിയ സൈബർ ലോകത്ത് സൂക്ഷ്മതയോടെ ഇടപെടാത്തവർക്ക്  ജീവിതം അട്ടിമറിക്കപ്പെടുന്ന വാർത്ത നിരന്തരം കാണുന്നുണ്ട്. ശീലങ്ങളുടെ ഉപ്പുഭരണികളുമായി സൈബർ ലോകം കാത്തിരിക്കുന്നു. അനിതരസാധാരണമാം വിധം ഗ്രാമീണത നിറഞ്ഞ കഥയാണ്  'ആഖ്യാനക്ഷമമല്ലാത്ത ജീവിതങ്ങൾ’. സവിശേഷമായ നാട്ടുജീവിതക്കാഴ്ചകളുടെ വെബ് സീരീസ് ആയി നമുക്കനുഭവിക്കാം. ഈ സമാഹാരത്തിലെ വലിയ കഥയും നിരവധി ഉൾപ്പിരിവുകളുള്ളതുമായ ആഖ്യാനവും ഇതാണ്.  മനുഷ്യൻ ചെന്നുപെടുന്ന സങ്കീർണ പ്രതിസന്ധികൾ അനാവരണം ചെയ്യുന്നു. മാധവി ടീച്ചർക്കുചുറ്റും കറങ്ങുന്ന ദേശം, പ്രകൃതി, മനുഷ്യർ എന്നിങ്ങനെ പ്രലോഭനങ്ങളും പ്രതിസന്ധികളും ഒന്നിച്ചാകാരം പൂണ്ട് ജീവിതത്തിന്റെ നിസ്സാരതയെ വെളിവാക്കുന്നുണ്ട്. പശുക്കളെ പരിപാലിക്കൽ, വയലിനെ കൃഷിക്കായി ഒരുക്കൽ, ഗ്രാമീണപ്രകൃതിയിലെ നാനാജാതി സസ്യജന്തുവൈവിധ്യങ്ങൾ, എന്നിവയുടെ വിവരണസമ്പന്നതകൊണ്ടും കഥ ഹൃദ്യമായിരിക്കുന്നു. ബാല്യത്തിന്റെ നഷ്ടസ്വപ്നങ്ങളും കൊതികളും പങ്കുവെച്ച 'പാരീസ് മിഠായി’ മുതിർന്നവർക്കുള്ള കുട്ടിക്കഥ സത്യത്തിൽ, പ്രായമായിട്ടും വയസ്സാവാത്തവരുടെ കണ്ണുകളെ ഈറനണിയിക്കും.   അന്യനഗര  മലയാളി ജീവിതങ്ങളുടെ അകത്തളങ്ങളിലേക്കെത്തിനോക്കുന്ന 'സ്വിച്ച്ഓഫ്’ എന്ന കഥ അണുകുടുംബാനന്തര ബന്ധങ്ങളുടെ കീഴ്‌മേൽ മറിഞ്ഞ അവസ്ഥകളെ തുറന്നുകാട്ടുന്നു. ബാല്യത്തിന്റെ നഷ്ടസ്വപ്നങ്ങളും കൊതികളും പങ്കുവെച്ച 'പാരീസ് മിഠായി’ മുതിർന്നവർക്കുള്ള കുട്ടിക്കഥ സത്യത്തിൽ, പ്രായമായിട്ടും വയസ്സാവാത്തവരുടെ കണ്ണുകളെ ഈറനണിയിക്കും.   അന്യനഗര  മലയാളി ജീവിതങ്ങളുടെ അകത്തളങ്ങളിലേക്കെത്തിനോക്കുന്ന 'സ്വിച്ച്ഓഫ്’ എന്ന കഥ അണുകുടുംബാനന്തര ബന്ധങ്ങളുടെ കീഴ്‌മേൽ മറിഞ്ഞ അവസ്ഥകളെ തുറന്നുകാട്ടുന്നു. മക്കളുടെ രക്ഷാകർതൃത്വം ഒരു വിളുമ്പിൽവെച്ച് മാഞ്ഞുപോവുകയും പകരം അച്ഛനമ്മമാർ വിശ്വസ്തരായ വീട്ടുജോലിക്കാരാവുകയും ചെയ്യുന്ന പരിണതിയുടെ കഥക്ക് മലയാളത്തിൽ ഏറെ മാതൃക ഉണ്ടെന്ന് തോന്നുന്നില്ല. സാധാരണ മനുഷ്യരുടെ ദൈനംദിന വ്യവഹാരങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറാ പതിപ്പുകളായി കഥകളെ പരിചരിക്കുന്ന സവിശേഷത ഈ സമാഹാരം കാത്തുവെയ്‌ക്കുന്നു. ഒരുകാലത്തെ മനുഷ്യരുടെ അധ്വാന രൂപങ്ങളേയും സാമൂഹ്യബന്ധങ്ങളെയും മിഴിവുറ്റ ചിത്രങ്ങളായി ഇതിലവതരിപ്പിച്ചിട്ടുണ്ട്.  ഗ്രാമ്യജീവിതത്തിന്റെ ഓർമകളിൽ നനഞ്ഞ് കുതിർന്നിട്ടുണ്ടെങ്കിലും അവ കേവല ഗൃഹാതുരത്വത്തിന്റെ മടുപ്പുളാവാക്കാതിരിക്കാനുള്ള ജാഗ്രത ഈ കഥകളിലുണ്ട്‌.  അതുകൊണ്ടുതന്നെ നഗരങ്ങളാവാൻ മത്സരിക്കുന്ന സമൂഹങ്ങളിൽ എക്കാലവും ഈ കഥകൾക്ക് മൂല്യവും പ്രസക്തിയുമുണ്ട്. (ദേശാഭിമാനി വാരികയിൽ നിന്ന്) Read on deshabhimani.com

Related News