കരുതൽക്കാലത്ത്‌ കേരളത്തിന്‌ കൂട്ട്‌ പുസ്തകങ്ങളും



തിരുവനന്തപുരം കരുതലോടെ വീട്ടിലിരിക്കുമ്പോൾ മലയാളി അരികിലിരുത്തുകയാണ്‌ പുസ്തകങ്ങളെ. ജോലിത്തിരക്കിലും സമയക്കുറവുകൊണ്ടും മാറ്റിവച്ച വായന പലരും വീണ്ടും തുടങ്ങി. പുസ്തകശേഖരം അധികമില്ലാത്തവർ ഇ ബുക്ക്‌ വായന ശീലമാക്കി. പ്രസാധകരെല്ലാം പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നുണ്ട്‌. 48 മണിക്കൂറിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പുസ്തകങ്ങളാണ്‌ ഡിസി ബുക്‌സിന്റെ സൈറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തത്‌. ഒരോ പുസ്തകങ്ങളുടെ ഓൺലൈൻ പതിപ്പ്‌ ദിവസവും സൗജന്യമായി വായിക്കാനുള്ള അവസരവും നിരവധിപേർ പ്രയോജനപ്പെടുത്തുന്നു.  ഓൺലൈൻ സൈറ്റുകളിൽ ഇ ബുക്‌സ്‌ വിലക്കുറവിൽ വാങ്ങാം. ഐസൊലേഷനിൽ കഴിയുന്നവർക്കും വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കും മാനസിക സംഘർഷവും ആശങ്കയും കുറയ്‌ക്കാനൊരു മാർഗം കൂടിയാണ്‌ വായന. മുറിയിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ഇ ബുക്‌സ്‌ വായനയാണ്‌ ഇവർക്ക്‌ സൗകര്യം. ആമസോൺ കിൻഡിൽ ആപ്പിൽ ഏത്‌ പുസ്തകത്തിന്റെയും പിഡിഎഫ്‌ വായിക്കാം. പിഡിഎഫ്‌ ഡൗൺലോഡ്‌ ചെയ്താൽ ഇന്റർനെറ്റ്‌ ഇല്ലെങ്കിലും പുസ്തകം വായിക്കാം.    കഥ കേൾക്കാൻ താൽപ്പര്യമില്ലാത്തവർ ആരുമുണ്ടാകില്ല. പുസ്തകങ്ങൾ വായിച്ച്‌ കേൾക്കാനും കഴിയും ഓൺലൈനിൽ. പുസ്തക ശബ്ദരേഖ ലഭിക്കുന്ന നിരവധി യുട്യൂബ്‌ ചാനലുകളുണ്ട്‌. പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുകളാൽ വായിക്കാൻ കഴിയാത്തവർക്കും കഥകൾ വായിച്ച്‌കേൾക്കാം. കഥയും കവിതയും കേൾക്കുന്നതും ഈ ദിവസങ്ങളിൽ പലരും ശീലമാക്കുന്നു. വായനയ്‌ക്കൊപ്പം സിനിമകാണാനും വിവിധ വെബ്‌ സീരീസുകൾ കാണാനും സമയം കണ്ടെത്തുന്നു എല്ലാവരും. യുട്യൂബിൽ വിവിധ പരിപാടികളും സിനിമകളും കാണുന്നവരും ഏറെ. ആമസോണിലും നെറ്റ്‌ ഫ്ലിക്‌സിലുമെല്ലാം സീരീസുകളും സിനിമകളും കാണുന്നവരുടെ എണ്ണം ഈ ദിവസങ്ങളിൽ 20 ശതമാനത്തോളം വർധിച്ചുവെന്നാണ്‌ കണക്ക്‌. അതുകൊണ്ടുതന്നെ പ്രത്യേകം അനൂകൂല്യങ്ങളും ഇവർ നൽകുന്നു. അടച്ചുപൂട്ടലിനുശേഷം ഇന്റർനെറ്റ്‌ ഉപയോഗം വർധിച്ചതോടെ ആമസോണും നെറ്റ്‌ ഫ്ലിക്‌സും യുട്യൂബും വീഡിയോ     കണ്ടന്റിന്റെ ക്വാളിറ്റി കുറച്ചിരുന്നു. ആമസോണിൽ കുട്ടികൾക്ക്‌ പ്രത്യേക വിഭാഗവും തുടങ്ങി. സിനിമാ താരങ്ങളുൾപ്പെടെ നിരവധിപേർ ഇൻസ്റ്റഗ്രാമിലും ഫെയ്‌സ്‌ബുക്കിലും തങ്ങളുടെ ഇഷ്ട വെബ്‌സീരിസുകളുടെ പേരുകൾ പങ്കുവച്ചിട്ടുണ്ട്‌. ആദ്യമായി കണ്ടുതുടങ്ങുന്നവർക്ക്‌ ഇത്‌ കൂടുതൽ സഹായമാവും. Read on deshabhimani.com

Related News