ദേശാഭിമാനി ഓണം വിശേഷാൽപ്രതി നടൻ മധു പ്രകാശനം ചെയ്‌തു



തിരുവനന്തപുരം> സമകാലിക കേരളീയ ജീവിതത്തിന്റെ പരിഛേദവും വിഷയവൈവിധ്യത്താൽ സമൃദ്ധവുമായ ദേശാഭിമാനി ഓണം വിശേഷാൽ പ്രതി നടൻ മധു പ്രകാശിപ്പിച്ചു. ലബ്‌ധ‌പ്രതിഷ്‌ഠരായ എഴുത്തുകാർക്കൊപ്പം ഏറ്റവും പുതിയ തലമുറയിലെ പ്രതിഭാശാലികളെയും അണിനിരത്തിയുള്ള ഓണം വിശേഷാൽ പതിപ്പിന്റെ ആദ്യ  കോപ്പി  സാംസ്‌കാരിക ക്ഷേമനിധി ബോർഡ്‌ ചെയർമാൻ മധുപാൽ ഏറ്റുവാങ്ങി. നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ, ജനറൽ മാനേജർ കെ ജെ തോമസ്‌, തിരുവനന്തപുരം ബ്യൂറോ ചീഫ്‌  ദിനേശ്‌ വർമ, യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ എന്നിവരും പങ്കെടുത്തു. കഥയിൽ ടി പത്മനാഭൻ മുതൽ സുധ തെക്കേമഠം വരെയുള്ളവരുടെ സാന്നിധ്യവും കവിതയിൽ സച്ചിദാനന്ദൻ, കെജിഎസ്‌ , പ്രഭാവർമ, ഏഴാച്ചേരി എന്നിങ്ങനെ മലയാളികളുടെ പ്രിയകവികളും തങ്ങളുടെ ഇഷ്‌ടകഥയെപ്പറ്റി പ്രശസ്‌ത കഥാകൃത്തുക്കളായ വൈശാഖനും ബെന്യാമിനും കെ പി രാമനുണ്ണിയും അശോകൻ ചരുവിലും സി വി ബാലകൃഷ്‌ണനും തുടങ്ങി മികവുറ്റ എഴുത്തുകാരുടെ വേറിട്ട രചനാനുഭവവും ഈ വർഷത്തെ ദേശാഭിമാനി വിശേഷാൽപ്രതിയുടെ സവിശേഷതയാണ്‌. കൂടാതെ മലയാള സിനിമയിലെ രണ്ടു തലമുറയെ, രണ്ടു കാലത്തെ പ്രതിനിധാനം ചെയ്യുന്ന പ്രിയ നടന്മാരായ മധുവിന്റെയും  റോഷൻ മാത്യുവിന്റെയും അഭിമുഖങ്ങളും വായിക്കാം. രാജ്യത്തിന്റെ ഫെഡറൽ ജനാധിപത്യ വ്യവസ്ഥയുടെയും ഭരണഘടനയുടെയും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അസമത്വങ്ങൾ നിറഞ്ഞ ലോകത്തിന്‌ മുന്നിൽ ബദൽ മാതൃക സൃഷ്ടിക്കാൻ കേരളം നടത്തുന്ന പരിശ്രമങ്ങളെ  ‘കേരളം വളരുന്നു’ എന്ന ലേഖനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു. ‘വായന എന്ന യാത്ര’  ലേഖനത്തിലൂടെ അറിവ്‌ വച്ച നാൾ മുതലുള്ള വായനാനുഭവങ്ങൾ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കുവയ്‌ക്കുന്നു.   Read on deshabhimani.com

Related News