മാറ്റത്തിന്റെ അലയൊലികൾ
ഓണാഘോഷങ്ങൾ കഴിഞ്ഞ് ഒരാഴ്‌ച പിന്നിടുമ്പോൾ പുതുപ്പള്ളിയുടെ വിധിയറിയാം. ജനാധിപത്യത്തെ അർഥപൂർണമാക്കുന്ന നിലയിലേക്ക് ഈ ഉപതെരഞ്ഞെടുപ്പ് വികസിക്കുകയാണ്. അരനൂറ്റാണ്ടിലേറെയായി ഈ അസംബ്ലി മണ്ഡലത്തെക്കുറിച്ച് ഭാവനാപൂർണം ചിന്തിക്കാൻപോലും ആരുമുണ്ടായില്ല. എങ്ങും പരിദേവനങ്ങൾ. നാടിന്റെ അടിസ്ഥാന ആവശ്യങ്ങൾ ജനങ്ങളുന്നയിക്കുന്ന നിലയിലേക്ക് ജനാധിപത്യത്തെ അർഥവത്താക്കുന്ന ദിനങ്ങളാണ് ഇപ്പോൾ ഇവിടെ. കുടിവെള്ളം, ആശുപത്രികൾ, റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, വ്യവസായശാലകൾ തുടങ്ങിയ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ എല്ലാ തെരഞ്ഞെടുപ്പുവേദിയിലും നിറയുന്നു. ആ നിലയിലേക്ക് പ്രചാരണത്തെ വികസിപ്പിച്ചെടുക്കാൻ എൽഡിഎഫിനായി. ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും ചർച്ചയാകാത്ത അസാധാരണനിലയിൽ നാടിന്റെ അടിസ്ഥാനവികസന കാര്യങ്ങൾ 182 ബൂത്തിലെയും പ്രചാരണവേദികളിൽ നിറയുന്നുണ്ട്. ഈ മണ്ഡലമാകെ കുഴിനിറഞ്ഞ റോഡുകളാണെങ്കിലും വാഹനത്തിൽ ആർക്കും ചീറിപ്പായാം. കാരണം: ആധുനിക എ –- ഐ കാമറകളും ഇവിടെ ഇല്ല. എന്തിന് ട്രാഫിക് ലൈറ്റുകൾ പോലുമില്ല. അങ്ങനെ ഇല്ലായ്‌മകളുടെ മണ്ഡലമാണ് പുതുപ്പള്ളിയെന്ന് വോട്ടർമാർ തന്നെ പറയുന്നു. പാറമട ജലസംഭരണിയായി കാണേണ്ട ദുരിതം നിറയുന്ന നാടാണ് ഇത്. 68 മോട്ടോർ ഘടിപ്പിച്ച് പാറമടയിൽനിന്ന് വെള്ളമെടുത്ത് കുടിക്കുന്ന ഗ്രാമം ഇവിടെയുണ്ട്. ദേശാഭിമാനിയിൽ ഈ വാർത്ത വന്നപ്പോൾ ഇവിടേക്ക് മാധ്യമ ശ്രദ്ധയുമായി. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകളും ചാനൽ കാമറകളിൽ നിറഞ്ഞു. അങ്ങനെ പലതും. സംസ്ഥാനത്തെ 139 മണ്ഡലത്തിൽ വിവിധഘട്ടത്തിലും സവിശേഷമായി ഈ ഏഴു വർഷവും നടന്ന വികസന സംരംഭങ്ങളുമായി പുതുപ്പള്ളിയെ താരതമ്യപ്പെടുത്തുകയാണ്. 53 വർഷം ഒരു പ്രതിനിധിയെത്തന്നെ തെരഞ്ഞെടുക്കുകയെന്ന അസാധാരണത്വം പ്രകടിപ്പിച്ചവരാണ് ഇവിടത്തെ വോട്ടർമാർ. അതുപോലെ സ്വന്തം നാടിനെ 26 വയസ്സുമുതൽ മരണംവരെ പ്രതിനിധാനംചെയ്യാൻ ഉമ്മൻചാണ്ടിക്കും അവസരംകിട്ടി. അരനൂറ്റാണ്ടിലേറെ എന്ന അത്ഭുതകാലം. ഈ നാടിന് എന്തു തിരിച്ചുകിട്ടിയെന്ന ചോദ്യം ഇതുവരെ ആരുടെയും മനസ്സിൽപ്പോലും വന്നിട്ടില്ല. എന്നാൽ, ഇത്തവണ എല്ലാവരുടെയും മനസ്സിൽ ആ ചോദ്യം ഓളംതള്ളുന്നു. ‘‘പുതുപ്പള്ളിക്കും മാറേണ്ടേ’’എന്ന ചോദ്യം മുഖ്യമന്ത്രി പിണറായി വിജയൻ അയർക്കുന്നത്തെയും പുതുപ്പള്ളിയിലെയും പൊതുയോഗങ്ങളിൽ ഉന്നയിച്ചു. അതിന്റെ അലയൊലി ഉൾഗ്രാമങ്ങളിലേക്കും എത്തി. അങ്ങനെ മണ്ഡലമാകെ വികസന ചർച്ചകൾ ഉയർത്താൻ എൽഡിഎഫിനായി. ആ നിലയ്‌ക്ക് പ്രചാരണത്തിൽ ഒന്നാംഘട്ട വിജയവുമായാണ് എൽഡിഎഫ് മുന്നേറ്റം. വികസന ചർച്ച പുരോഗമിക്കുമ്പോഴാണ് അറുപതുകൾ ചർച്ചയിലേക്ക് വന്നത്. ‘സിനിമയിൽ ആയിരത്തിത്തൊള്ളായിരത്തി അറുപതുകൾ ചിത്രീകരിക്കണോ? പുതുപ്പള്ളിയിലേക്ക് പോരൂ’ എന്ന് ചാനൽ ചർച്ചയിൽ ആറുമാനൂർ സ്വദേശി അനൂപ് കൃഷ്‌ണയുടെ പരിഹാസം വൈറലായി. താൻ ആരെയും പരിഹസിക്കാൻ പറഞ്ഞതല്ലെന്നും നാടിന്റെ വികസനം ആഗ്രഹിച്ച് ആത്മാർഥമായി പറഞ്ഞതാണെന്നും പിന്നീടും അനൂപ് മാധ്യമങ്ങളോടു പറഞ്ഞു. എല്ലാ മന്ത്രിമാരുമെത്തി എല്ലാ പഞ്ചായത്തിലും വികസനസംവാദങ്ങൾ നയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം ഒന്നിനുംകൂടി മണ്ഡലത്തിൽ വരുന്നതോടെ എട്ടു പഞ്ചായത്തിലും അദ്ദേഹം പങ്കെടുക്കുന്ന പൊതുയോഗങ്ങളും പൂർത്തിയാകും. ദൃശ്യമാധ്യമങ്ങൾക്കൂടി പുതുപ്പള്ളിയിലെ അവികസിത ഗ്രാമങ്ങളെ ദൃശ്യവൽക്കരിക്കാൻ തുടങ്ങിയ ആഴ്‌ചയാണ് ഇത്. സ്ഥാനാർഥി ജെയ്‌ക് സി തോമസ് തുടക്കഘട്ടത്തിലേ വികസന ചർച്ച ആവശ്യപ്പെട്ടു. വികസന വിഷയങ്ങളിൽ ചർച്ചയ്‌ക്ക് തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ഉപാധിയും മുന്നോട്ടുവച്ചു; നാലാംനിരക്കാർ പോരാ എന്നായിരുന്നു മുനവച്ച് ജെയ്‌ക്കിനുള്ള മറുപടി. പ്രതിപക്ഷ ഇടപെടലിൽ തെരഞ്ഞെടുപ്പുകമീഷൻ ഓണക്കിറ്റ് വിതരണം തടഞ്ഞപ്പോൾ; ‘ഇത് സർക്കാരിനെതിരെയുള്ള പ്രചാരണത്തിനുള്ള സുവർണാവസരമായി കാണണ’മെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ആഹ്വാനം. 1991ലെ പഴയ കോ –- ലീ –- ബി സഖ്യം രൂപപ്പെടുത്താനും കോൺഗ്രസ് മടിച്ചില്ല. കിടങ്ങൂർ പഞ്ചായത്തിലാണ് യുഡിഎഫ് –- ബിജെപി കൂട്ടുകെട്ട് രൂപപ്പെടുത്തിയത്. കേരള കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ അഡ്വ. മോൻസ് ജോസഫിന്റെ കാർമികത്വത്തിലായിരുന്നു ഈ സഖ്യം ജനിച്ചതെന്ന് എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സഖ്യത്തിലൂടെ യുഡിഎഫ് അഗം പ്രസിഡന്റും ബിജെപി അംഗം വൈസ് പ്രസിഡന്റുമായി. കിടങ്ങൂരിനോട് ചേർന്നുള്ള മണ്ഡലമാണ് പുതുപ്പള്ളി. ഇവിടേക്കുകൂടി ഈ സഖ്യം എത്തിക്കാൻ കാർമികനായത് വി ഡി സതീശനാണ്. ബിജെപിയെയും കേന്ദ്ര സർക്കാരിനെയും വിമർശിക്കാതെയാണ് യുഡിഎഫ് ക്യാമ്പയിൻ. തെരഞ്ഞെടുപ്പുപ്രഖ്യാപന ഘട്ടംമുതൽ ഈ സഖ്യത്തെക്കുറിച്ചുള്ള സംശയം ജനസംസാരത്തിൽ വന്നിരുന്നു. തെരഞ്ഞെടുപ്പുതീയതി രണ്ടാഴ്‌ചത്തേക്ക് നീട്ടണമെന്ന എൽഡിഎഫിന്റെ നിവേദനം തെരഞ്ഞെടുപ്പുകമീഷൻ തള്ളുകയും ചെയ്‌തു. ഓണാഘോഷം, മണർകാട് എട്ടുനോമ്പാചരണം, ശ്രീനാരായണഗുരു ജയന്തി, അയ്യൻകാളി ജയന്തി, വിനായക ചതുർഥി എന്നീ ആഘോഷങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് വന്നതെന്ന നൊമ്പരം ഈ നാടിനുണ്ട്. പതിവുപോലെ വലതുപക്ഷ മാധ്യമങ്ങളുടെ മൂശയിൽ യുഡിഎഫിന് പ്രചാരണായുധം നൽകാനുള്ള ആശയവും രൂപപ്പെടുന്നത് പുതുപ്പള്ളി കണ്ടു. മൃഗസംരക്ഷണ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയെ കേന്ദ്രീകരിച്ചായിരുന്നു ഇത്. ലാസ്റ്റ് ഗ്രേഡിലെ താൽക്കാലിക നിയമനങ്ങൾക്ക് വ്യക്തമായ ചട്ടങ്ങൾ രൂപപ്പെടുത്തിയ സർക്കാരാണ് ഇത്. കുടുംബശ്രീ നിർദേശിക്കുന്നവരെ 179 ദിവസം നിയമിക്കാമെന്നാണ് ചട്ടം. ഇതെല്ലാം കാറ്റിൽപ്പറത്തി ആൾമാറാട്ടത്തിലൂടെ വ്യാജരേഖയുടെ ബലത്തിൽ സതിയമ്മ ജോലി തരപ്പെടുത്തി. പ്രതിഫലവും കൈപ്പറ്റി. വകുപ്പുതല പരിശോധനയിൽ വസ്‌തുത പുറത്തുവന്നു. താൽക്കാലിക ജോലിയിൽനിന്ന് മാറ്റി. ഇതാണ് വാർത്തയ്‌ക്ക് ആധാരമായ കഥ. ഇതിലെ മർമമായ ആൾമാറാട്ടവും ഐശ്വര്യ കുടുംബശ്രീ സതിയമ്മയെ നിർദേശിച്ചിരുന്നില്ലെന്നതും വാർത്തകളിൽ മറച്ചുവച്ചു. ഇക്കാര്യങ്ങളിലെ വസ്‌തുതകൾ അറിയാവുന്ന പ്രതിപക്ഷ നേതാവും സത്യമെല്ലാം മറച്ചുവച്ച് വിഷയം സമരായുധമാക്കി. സതിയമ്മയുടെ സംരക്ഷകനായി അവതരിച്ച് സമരവും പ്രഖ്യാപിച്ചു. കുടുംബശ്രീ ജോലിക്ക് നിർദേശിച്ചിരുന്ന ലിജിമോൾ വാർത്തകളിലൂടെ കാര്യമറിഞ്ഞു. ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. കോട്ടയം ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണവും പുരോഗമിക്കുന്നു. തികച്ചും സാധാരണക്കാരിയായ സതിയമ്മയെ ആൾമാറാട്ടത്തിന് പ്രേരിപ്പിക്കുകയും ക്രിമിനൽ കുറ്റകൃത്യത്തിലേക്ക് നയിക്കുകയും പിന്നീട് സംരക്ഷണ കവചമൊരുക്കുകയും ചെയ്‌തവർക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിസ്സാര വോട്ടുകൾക്കായി എന്തു പൊളിവചനവും പറയുമെന്ന കുടിലതന്ത്രം തന്നെയാണ് പുതുപ്പള്ളിയിലും യുഡിഎഫ് പയറ്റുന്നത്. Read on deshabhimani.com