കെ സുധാകരന് മറയിട്ട് മാധ്യമങ്ങൾ
പച്ചയായ അധിക്ഷേപങ്ങൾ ‘മാന്യ’മായ പ്രാദേശിക പ്രയോഗങ്ങളാകും, സാമാന്യ പ്രയോഗങ്ങൾ കൊടുംപാതകങ്ങളാകും; കേരളത്തിലെ ഏതാനും മാധ്യമങ്ങൾ അറിഞ്ഞൊന്ന് പെരുമാറിയാൽമാത്രംമതി. എത്രയോ അധിക്ഷേപങ്ങളെ ‘കൊളോക്യൽ ’ എന്ന സുന്ദരനിഘണ്ടുവിലൊളിപ്പിച്ചിരിക്കുന്നു! ഇനി കൊളോക്യലിലും പെടുത്താനാകാത്ത തെറിയാണെങ്കിൽ അവർ സൗകര്യപൂർവം കണ്ണങ്ങ് അടച്ചേക്കും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഏറ്റവും ഒടുവിലത്തെ അധിക്ഷേപവും അങ്ങനെ മാധ്യമങ്ങളുടെ പിന്നാമ്പുറത്തെ മാലിന്യക്കുപ്പയിലൊളിപ്പിച്ചു. കേരളത്തിലെ മുഖ്യമന്ത്രി ‘‘ചങ്ങല പൊട്ടിച്ച് നടക്കുന്ന പട്ടി ’’ ആണെന്ന് ഓൺലൈൻ മാധ്യമ അഭിമുഖത്തിൽ കെ സുധാകരൻ അപഹസിച്ചത് അറിഞ്ഞ ഭാവംപോലും നമ്മുടെ മാധ്യമങ്ങൾ കാണിച്ചില്ല. പൊതുഇടങ്ങളിലെ മാന്യമായ ഭാഷയ്ക്കും സംസ്കാരത്തിനുമായി ‘പൊരുതി’ക്കൊണ്ടിരിക്കുന്ന മാധ്യമങ്ങൾ രംഗത്തുവന്നില്ല. സുധാകരന്റെ ഭാഷയെ ഉപമയെന്നും ഉൽപ്രേക്ഷയെന്നും രൂപകമെന്നുമൊക്കെ വിശേഷിപ്പിച്ച് ന്യായീകരിക്കാൻ കഷ്ടപ്പെടുന്നവരുണ്ട്. അവർ സിപിഐ എം നേതാക്കളെ ഭാഷയും സംസ്കാരവും പഠിപ്പിക്കാൻ 24 മണിക്കൂറും ഫ്ലാഷ് ന്യൂസും മാരത്തൺ ചർച്ചയും നടത്തിയ ചരിത്രമൊന്നും ആരും മറന്നിട്ടില്ല. തൃക്കാക്കരയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെ സ്വഭാവംപോലും ‘അനലൈസ്’ ചെയ്ത് രണ്ടു ദിവസം ‘സഹായി ’ച്ചതും കണ്ടു. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ആക്ഷേപിക്കാനും കൊച്ചാക്കിക്കാണിക്കാനും പറ്റിയ തുരുമ്പ് കിട്ടിയാൽപ്പോലും മഹാ സംഭവമാക്കി അവതരിപ്പിക്കാൻ മിടുക്കുള്ള മാധ്യമങ്ങൾ കെ സുധാകരന്റെ അധിക്ഷേപത്തെ മറയ്ക്കാൻ അതി മിടുക്കുകാട്ടി. കെ സുധാകരൻ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’ എന്ന് വിളിച്ചതും കോൺഗ്രസ് ക്രിമിനലുകളുടെ കുത്തേറ്റ് ധീരജ് കൊല്ലപ്പെട്ടപ്പോൾ ‘ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം’ എന്ന് അപമാനിച്ചതും മുമ്പ് മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടിരുന്നില്ല. നിഷ്‌പക്ഷമെന്നു പറഞ്ഞ് വരിക്കാരെയും സബ്‌സ്‌ക്രൈബർമാരെയും വാരിക്കൂട്ടുകയും അതുവഴി ലാഭം കൊയ്യുകയും ചെയ്യുന്ന ഇതേ മാധ്യമങ്ങൾ ജനങ്ങളുടെ ചെലവിലാണ് പച്ചയായ പക്ഷപാതിത്വം കാണിക്കുന്നത്. കെ സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനെതിരായ പ്രതികരണങ്ങൾ ചൊവ്വാഴ്‌ച ഉച്ചയോടെ സമൂഹമാധ്യമങ്ങളിൽ വന്നു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വാർത്താസമ്മേളനം വിളിച്ച് പ്രതിഷേധം അറിയിച്ചു. അപ്പോഴൊന്നും ചാനലുകൾ സംഗതി അറിഞ്ഞമട്ട് കാണിച്ചില്ല. അന്തിച്ചർച്ചയ്ക്കും വിഷയമാക്കിയില്ല. ബുധനാഴ്‌ച ഇറങ്ങിയ പത്രങ്ങളിലും അതൊരു വാർത്തയായില്ല. ‘ കെ സുധാകരൻ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതായി ഇ പി ജയരാജൻ പറഞ്ഞു’ എന്ന് റിപ്പോർട്ട് ചെയ്യുക മാത്രമാണ് ഒട്ടുമിക്ക പത്രങ്ങളും ചെയ്തത്. ഓൺലൈൻ ചാനലിൽ ആർക്കും കാണാവുന്ന കെ സുധാകരന്റെ അഭിമുഖത്തിലെ അധിക്ഷേപം ഇവർക്ക് വാർത്തയേ ആയില്ല. ഇതിനെ ‘നിക്ഷിപ്ത താൽപ്പര്യം’ എന്നു മാത്രമല്ല, ‘പൊതുഇടങ്ങളെ മലിനമാക്കുന്ന മാധ്യമ പ്രവർത്തനം’ എന്നുതന്നെയാണ് വിശേഷിപ്പിക്കേണ്ടത്. Read on deshabhimani.com