‘റിപ്പബ്ലിക്’ എന്നാൽ അർണബോ - ഡോ. ജോൺ ബ്രിട്ടാസ് എംപി എഴുതുന്നു



ഭരണഘടനയുടെ ആമുഖത്തിലൂടെ രാഷ്ട്രശിൽപ്പികൾ നെയ്ത സ്വപ്നം രാജ്യം എത്രകണ്ടു സാക്ഷാൽക്കരിച്ചു എന്ന വസ്തുതാപരമായ വിലയിരുത്തലിലൂടെ മാത്രമേ അമൃതകാലചർച്ചകൾ സാർഥകമാകൂ. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ത്യയുടെ 75 വർഷത്തെ വ‍ഴിത്താരയെക്കുറിച്ച്‌ ചർച്ച ചെയ്തപ്പോൾ അത് എങ്ങുമെത്താതെ പോയതിന്റെ കാരണം ഭരണകക്ഷിയുടെ കൺകെട്ടുവിദ്യയാണ്. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മൈതാനപ്രസംഗത്തിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് തുടക്കം കുറിച്ചത്. പുതിയ പാർലമെന്റ് എന്നത് പുതിയ ഇന്ത്യയുടെ തുടക്കമാണെന്നുപോലും പറഞ്ഞുവയ്ക്കുന്നതിൽ അദ്ദേഹത്തിന് വിമ്മിട്ടം ഉണ്ടായില്ല. ഇന്ത്യ എന്ന ആധുനികരാഷ്ട്രത്തിന്റെ ശിൽപ്പികളുടെയും ഭരണഘടനാ നിർമാതാക്കളുടെയും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമായിരുന്നു പ്രത്യേക പാർലമെന്റ് സമ്മേളനം ചർച്ച ചെയ്യേണ്ടിയിരുന്നത്. ഇതു വ്യക്തമാകാൻ, ഭരണഘടനയുടെ ആമുഖം മാത്രമെടുക്കാം. ഒരു മഹാപ്രയാണത്തിന്റെ സമാരംഭമായിരുന്നു ആ ആമുഖം. പക്ഷേ, എവിടെയാണ് നമ്മൾ എത്തിച്ചേർന്നിരിക്കുന്നത്? ആ ചോദ്യത്തെ ആത്മാർഥമായി സർക്കാർ സമീപിച്ചിരുന്നെങ്കിൽ പ്രത്യേക സമ്മേളനത്തിന് അർഥമുണ്ടായേനെ. ജനങ്ങൾക്ക് നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമാണ് നമ്മൾ വാഗ്ദാനംചെയ്തത്. നീതിയുടെ കാര്യമെടുത്താൽ ബുൾഡോസർ കാലത്തെത്തി എന്നു കാണാം. നീതി എന്നത് സാമ്പത്തികനീതിയാണെങ്കിൽ, കടുത്ത ദാരിദ്ര്യത്തിലേക്കു നോക്കൂ, കൂടിവരുന്ന അസമത്വങ്ങളിലേക്കു കണ്ണയക്കൂ. ഇന്ത്യയിൽ ഉരുണ്ടുകൂടുന്ന അസമത്വത്തെക്കുറിച്ചുള്ള ഓക്സ്ഫാം റിപ്പോർട്ടിലേക്ക് കണ്ണുപായിച്ചാൽ ഭരണഘടനയ്ക്ക് വിരുദ്ധമായ രാജ്യത്തിന്റെ പ്രയാണത്തെക്കുറിച്ച് വ്യക്തമായ രൂപം ലഭിക്കും. നീതിയാണ് നമ്മളെ നയിക്കേണ്ടത്. പക്ഷേ, ഭരണഘടന വിഭാവനംചെയ്ത നീതിയെവിടെ? ഇപ്പോൾ നീതിനിർവഹണം എന്നു പറഞ്ഞാൽ  രാജ്യദ്രോഹക്കുറ്റം ചുമത്തലും യുഎപിഎയുമാണ്. മറ്റൊരു മഹാതത്വം തുല്യപരിഗണനയും തുല്യാവസരവുമാണ്. അതിൽ വിശ്വസിക്കുന്നില്ലെന്ന് തുറന്നുപറയാനുള്ള സത്യസന്ധതയെങ്കിലും കേന്ദ്രം കാണിക്കുന്നുണ്ട് ഇപ്പോൾ!  കേന്ദ്രസർക്കാർ തങ്ങളുടെ ആശയഗതിയോടൊപ്പം ചേർത്തുനിർത്താൻ ശ്രമിക്കുന്ന അംബേദ്കറിന് ഇക്കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നു. ജനാധിപത്യം ഭൂരിപക്ഷത്തിന്റെ ഭരണമല്ല, ന്യൂനപക്ഷത്തിനുള്ള പരിരക്ഷയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഭരണത്തിലും നിയമനിർമാണവേദികളിലും ജുഡീഷ്യറിയിലും സർക്കാർ ജോലിയിലും സാമൂഹ്യ സാമ്പത്തിക ജീവിതത്തിന്റെ മറ്റു തലങ്ങളിലും 20 കോടി മുസ്ലിങ്ങൾക്ക് എന്തു പ്രാതിനിധ്യമാണുള്ളത്? ഇക്കാലത്ത് ചിലരുടെ വാചകമടികളിൽ ഇന്ത്യക്കാരേക്കാൾ കൂടുതൽ പറയുന്നത് മുഗളരെപ്പറ്റിയാണ്. ക‍ഴിഞ്ഞ ദിവസമാണ് ഔറംഗാബാദിന്റെ പേരു മാറ്റിയത്. ഇവർക്ക് ‘ഹിസ്റ്റോറിയ’ന്മാർ എ‍ഴുതിയ ചരിത്രം വേണ്ട. പകരം, ‘ഡിസ്റ്റോറിയ’ന്മാരെ ആശ്രയിക്കുന്നു. കേട്ടുകേൾവികളും നാടൻകഥകളുമാണ് പുതിയ ചരിത്രം. സ്വേച്ഛാധിപതികളായിരുന്നിട്ടുപോലും അക്ബറിന്റെയും ഔറംഗസീബിന്റെയും പ്രധാനമന്ത്രിമാർ എല്ലാം ഹിന്ദു വിശ്വാസികളായിരുന്നു. മതഭ്രാന്തും വെറുപ്പും കാരണം. മൗലാനാ ആസാദിനെപ്പോലും ഭരണക്കാർ ഓർക്കുന്നില്ല. ഇന്ന് അദ്ദേഹത്തിന്റെ ഓർമകളെപ്പോലും ഇല്ലാതാക്കാൻ അദ്ദേഹത്തിന്റെ പേരിലുള്ള സ്കോളർഷിപ്പുവരെ നിർത്തലാക്കി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിൽ എല്ലാ സമുദായങ്ങൾക്കും പ്രാതിനിധ്യമുണ്ടായിരുന്നു. അംബേദ്കറെയും മൗലാനാ ആസാദിനെയും റാഫി അഹമ്മദ് കിദ്വായിയെയും ജോൺ മത്തായിയെയും ജഗജീവൻ റാമിനെയും രാജകുമാരി അമൃത് കൗറിനെയുമൊക്കെ നമുക്ക് ഓർക്കാം. പ്രാതിനിധ്യത്തിന്റെ ഈ മൂലക്കല്ലുകൾ പി‍ഴുതെറിയപ്പെട്ടിരിക്കുന്നു, മതഭ്രാന്തും വെറുപ്പും കാരണം. മൗലാനാ ആസാദിനെപ്പോലും ഭരണക്കാർ ഓർക്കുന്നില്ല. ഇന്ന് അദ്ദേഹത്തിന്റെ ഓർമകളെപ്പോലും ഇല്ലാതാക്കാൻ അദ്ദേഹത്തിന്റെ പേരിലുള്ള സ്കോളർഷിപ്പുവരെ നിർത്തലാക്കി. ഭരണഘടനയിലെ ‘സാഹോദര്യ’ത്തിലേക്കു വരാം. അതിന്റെ പുതിയ പ്രയോഗങ്ങളെന്തൊക്കെയാണ്? പാകിസ്ഥാനിലേക്ക്‌ പോ! അബ്ബാ ജാൻ! പഞ്ചർ വാലാ! ഇന്ത്യക്ക്‌ പശ്ചിമേഷ്യയിലൂടെ യൂറോപ്പിലേക്ക്‌ ഒരു ഇടനാ‍ഴി വേണമെന്ന് ഭരണക്കാർ ആഗ്രഹിക്കുന്നു. മണിപ്പുരിലേക്ക്‌, നൂഹിലേക്ക്‌, മുസഫർനഗറിലേക്ക്‌ നമുക്കൊരു ഇടനാ‍ഴി വേണ്ടേ? ജി20യിൽ ഇന്ത്യൻ ഭരണാധികാരികൾ പറഞ്ഞത് വസുധൈവ കുടുംബകത്തെപ്പറ്റിയാണ്. അത് രാജ്യത്ത് നടപ്പാക്കാൻ തയ്യാറാണോ?  മുഖ്യമായ എല്ലാ സാമൂഹ്യ സൂചികകളിലും– അത് ആളോഹരി വരുമാന സൂചികയാകട്ടെ, മനുഷ്യശേഷി വികസന സൂചികയാകട്ടെ, ആഗോള പട്ടിണിസൂചികയാകട്ടെ - ഇന്ത്യ താ‍ഴെയാണ്. ആഗോള തെക്കിനെക്കുറിച്ച് പ്രധാനമന്ത്രി വാചാലമാകുന്നു. പക്ഷേ, തെക്കേ ഇന്ത്യക്കെതിരെയുള്ള രാഷ്ട്രീയ- സാമ്പത്തിക- ഭരണവിവേചനത്തെ അദ്ദേഹം സൗകര്യപൂർവം മറക്കുന്നു. സംസ്ഥാനങ്ങൾക്ക്‌ വിഭജിച്ചു കൊടുക്കാതിരിക്കാൻ ഡ്യൂട്ടിയും സർചാർജുമായി ഒരു വർഷം കേന്ദ്രം പിരിച്ചെടുക്കുന്നത് എട്ടു ലക്ഷം കോടിയോളം രൂപയാണ്. ആസൂത്രണ കമീഷൻ നിർത്തലാക്കി നിതി ആയോഗിന്‌ രൂപംകൊടുത്തപ്പോൾ സംസ്ഥാനങ്ങൾക്ക് വിഭവങ്ങൾ അനുവദിക്കാനുള്ള എല്ലാ അധികാരവും ധനമന്ത്രാലയത്തിന്റെ കൈയിലായി. അതോടെ, വിഭവങ്ങൾ നൽകുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും മരവിച്ചു. താൽക്കാലിക മാനദണ്ഡങ്ങൾ പകരം വന്നു. സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകാൻ ആസൂത്രണ കമീഷന്റെ കാലത്ത് ഗാഡ്ഗിൽ ഫോർമുല നിലവിലുണ്ടായിരുന്നു. എന്നാൽ, 2015-നു ശേഷം ഇക്കാര്യത്തിന് ഒരു ഫോർമുലയും ഇല്ല. പകരം അവ രാഷ്ട്രീയ തീരുമാനങ്ങൾ മാത്രമായി. ഇന്ത്യൻ രാഷ്ട്രീയസംവിധാനത്തിന്റെ ഫെഡറൽ ഘടന വല്ലാതെ ദുർബലമാക്കുന്ന നടപടികൾ വരുന്നു. പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിമാരെ കാണാൻ അവസരമൊരുക്കുന്ന ദേശീയ വികസന സമിതി (എൻഡിസി) ഇല്ലാതായിട്ട് ഏറെയായി. പകരം, നിതി ആയോഗിന്റെ ഗവേണിങ്‌ സമിതിയിൽ മുഖ്യമന്ത്രിമാരെ അംഗങ്ങളാക്കി. സംസ്ഥാനങ്ങളിലെ ആസൂത്രണ സമിതികളിലെ ചർച്ചകൾക്കും അവയും ആസൂത്രണ കമീഷനും തമ്മിലുള്ള ആശയവിനിമയങ്ങൾക്കും എൻഡിസിയിലെ ചർച്ചകൾക്കും പകരമാകാൻ ഈ സംവിധാനത്തിനു ക‍ഴിയില്ല. ഇതിന്റെയെല്ലാം ഫലമായി കേന്ദ്ര സർക്കാരിൽ അധികാരം കേന്ദ്രീകരിക്കുന്ന പ്രവണതയാണ് ഉണ്ടായിരിക്കുന്നത്. ബിജെപിയുടെ കേന്ദ്ര ഓഫീസിലെ മെനുവിൽനിന്ന് നോൺ വെജിറ്റേറിയൻ ഭക്ഷണം അപ്രത്യക്ഷമായതുപോലെ, ബിജെപിയുടെ നിഘണ്ടുവിൽനിന്ന് മതനിരപേക്ഷത എന്ന വാക്ക് കാണാതായിരിക്കുന്നു ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് ഭരണഘടനയുടെ ആമുഖം ഉദ്ഘോഷിക്കുന്നു. ഭരണക്കാർക്ക് നെഹ്റുവിനോട് ഇഷ്ടമില്ലാത്തതിനാൽ ചേരിചേരാപ്രസ്ഥാനം അവർ ഇല്ലാതാക്കി. അവർക്ക് പരമാധികാരമെന്നാൽ പാശ്ചാത്യ നേതാക്കളെ ആലിംഗനം ചെയ്യലാണ്. സോഷ്യലിസമെന്നാൽ അദാനിസമാണ്.  ബിജെപിയുടെ കേന്ദ്ര ഓഫീസിലെ മെനുവിൽനിന്ന് നോൺ വെജിറ്റേറിയൻ ഭക്ഷണം അപ്രത്യക്ഷമായതുപോലെ, ബിജെപിയുടെ നിഘണ്ടുവിൽനിന്ന് മതനിരപേക്ഷത എന്ന വാക്ക് കാണാതായിരിക്കുന്നു. ഭരണക്കാർക്ക് ഡെമോക്രസി വളരെ ചെലവേറിയതാണ്. ‘നമോക്രസി’യിലേക്കും ‘മോദിക്രസി’യിലേക്കും അവർ ചുവടുമാറ്റിക്ക‍ഴിഞ്ഞു. ഡെമോക്രസിക്കു പിന്നാലെ റിപ്പബ്ലിക് എന്ന വാക്കും ഭരണഘടനയുടെ ആമുഖത്തിൽ വരുന്നുണ്ട്. കേന്ദ്ര സർക്കാരിന് റിപ്പബ്ലിക് എന്നാൽ അർണബ് ഗോസ്വാമിയാണ് (റിപ്പബ്ലിക് എന്ന ചാനലിന്റെ ഉടമ). പാർലമെന്റിനോട് വിധേയപ്പെട്ട് എക്സിക്യൂട്ടീവ് പ്രവർത്തിക്കുമ്പോഴാണ് പാർലമെന്ററി ജനാധിപത്യം പ്രയോഗത്തിൽ വരുന്നത്. പുതിയ പാർലമെന്റിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇക്കുറി കുറെ സമയം പ്രസംഗങ്ങളുമായി നരേന്ദ്ര മോദി പാർലമെന്റിൽ ചെലവിട്ടു. എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കുറവ് സമയം പാർലമെന്റിൽ ഇരുന്ന പ്രധാനമന്ത്രിയാണ് മോദി. പാർലമെന്റ് കെട്ടിട നിർമാണമാണ് പാർലമെന്റ് ജനാധിപത്യം എന്ന ധാരണയാണ് മോദിക്കുള്ളത്. കേന്ദ്ര സർക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം ശാന്തസമുദ്രത്തേക്കാൾ വിസ്തൃതമാണ്. കേട്ടുകേൾവികളെ ചരിത്രമാക്കുന്ന, ഐതിഹ്യങ്ങളെ സത്യമാക്കുന്ന ഫാക്ടറി നടത്തുകയാണ് കേന്ദ്രം. ഇവരുടെ മുഖ്യ പരിപാടി പുരാവൃത്തങ്ങളെ തട്ടിയെടുക്കലാണ്. മഹാത്മാഗാന്ധിയെ കൈയടക്കാനുള്ള ധാർഷ്ട്യംവരെ ഇവർ കാണിച്ചു. അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി സവർക്കറെ പ്രതിഷ്ഠിക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് പ്രധാനമന്ത്രി സവർക്കറുടെ ജന്മദിനത്തിനുതന്നെ പാർലമെന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇതേ ആർഎസ്എസും ഹിന്ദു മഹാസഭയും തന്നെയാണ് ഭരണഘടനയെയും ദേശീയപതാകയെയും എതിർത്തത്. ഹിന്ദുസ്ഥാന്റെ ആധികാരികമായ പതാക ഭഗവദ് ധ്വജമല്ലാതെ (കാവി നിറം) മറ്റൊന്നുമല്ലെന്നും അതിനോടല്ലാതെ മറ്റൊന്നിനോടും കൂറുപുലർത്താനും സല്യൂട്ട് ചെയ്യാനുമാകില്ലെന്നും ദേശീയപതാകയെ എതിർത്തുകൊണ്ട് വി ഡി സവർക്കർ പ്രഖ്യാപിച്ചിരുന്നു. പുതിയ പാർലമെന്റ് കെട്ടിടത്തിൽ ത്രിവർണപതാകയെ സല്യൂട്ട് ചെയ്യുമ്പോൾ പ്രധാനമന്ത്രിയും കൂട്ടരും അവരുടെ ആചാര്യനുമായി എങ്ങനെയാണ് വ‍ഴിപിരിയുന്നത്? ‘എന്തുകൊണ്ട് ഹിന്ദുത്വ’ എന്ന രചനയിൽ എം എസ് ഗോൾവാൾക്കർ നമ്മുടെ ഭരണഘടനയെ തള്ളിപ്പറയുന്നുണ്ട്. പാർലമെന്റ് മുതൽ തെരഞ്ഞെടുപ്പു കമീഷൻവരെയുള്ള ഈ രാജ്യത്തെ സ്ഥാപനങ്ങൾ മു‍ഴുവൻ തകർക്കപ്പെട്ടു. ഇപ്പോൾ ഭരണഘടനയാണ് ഇവർക്കുള്ള തടസ്സം. അതുകൊണ്ടാണ് ഓരോ ദിവസവും ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ പരിശുദ്ധിയെ വിമർശിച്ച് പ്രധാനമന്ത്രി ജൽപ്പിക്കുന്നത്.  നമുക്കറിയാം ഇവർ സ്വയം മാറില്ലെന്ന്. അതിൽ ഒരു വിഷമവും വേണ്ട. നമ്മൾ, ഇന്ത്യ എന്ന ഭാരതത്തിലെ ജനങ്ങൾ, ഇവരെ 2024-ൽ മാറ്റുകതന്നെ ചെയ്യും. ഭരണഘടനയുടെ ആമുഖം വിഭാവനംചെയ്ത വഴിത്താരയിൽനിന്ന് എത്രയോ മാറിയാണ് ഇന്ത്യ സഞ്ചരിക്കുന്നത് എന്ന യാഥാർഥ്യം വിസ്മരിക്കുന്ന അമൃത്കാൽ ചർച്ചകൾ വ്യർഥമാകുന്നത് ഈ കാരണങ്ങൾകൊണ്ടാണ്. Read on deshabhimani.com

Related News