മരിച്ചവരുടെ കൊമാല
മെക്‌സിക്കൻ നോവലിസ്‌റ്റ് ‘ഹുവാൻ റൂൾഫോ’ യുടെ ‘പെദ്രോപരാമോ’ എന്ന നോവലിലൂടെ പ്രസിദ്ധമായ ‘കൊമാല’ മരിച്ചവരുടെ ദേശമാണ്. മരിച്ചവരുള്ള ജനതയുടെ താഴ്വരയായി ഇന്ത്യ മാറുമോ എന്ന ചിന്തയാണ് ‘മനുഷ്യനും ഹുസൈനും’ എന്ന നാടകം ഉണർത്തുന്നത്. ഏകാധിപതികൾ പല വേഷത്തിൽ പല പേരുകളിൽ എല്ലാകാലങ്ങളിലും ആവർത്തിക്കുന്നു. ‘‘സത്യത്തിൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നത് കേൾക്കുമ്പോൾ എന്തോ എനിക്ക് ചെറിയൊരു ധൈര്യം തോന്നുന്നുണ്ട്. ഇങ്ങനെയൊരാൾ സംസാരിക്കാനുണ്ടായിരുന്നെങ്കിൽ പേടിച്ച് പേടിച്ച് ഞാൻ മരിക്കില്ലായിരുന്നു’’...... മരിച്ചവരുടെ കൊമാലയായി ഇന്ത്യ മാറുന്നതിനെക്കുറിച്ചുള്ള സൂചനകളാണ് ഹുസൈന്റെ വാക്കുകളിൽ. സംഘപരിവാര ഭരണത്തിൽ നാടിനെ ഭയംഭരിക്കുമ്പോൾ പ്രതികരിക്കാതെ പേടിച്ച് പേടിച്ച് അടിമയായി നാം ജീവിക്കണോ? ‘മരിച്ച ജനത’ ജീവിക്കുന്ന നാടായി ഇന്ത്യമാറുമ്പോൾ പ്രതിരോധിക്കാതെ എന്ത് ജീവിതമാണ് എന്ന മനസ്സിനെ ചിന്തിപ്പിച്ച് ഉലയ്‌ക്കുന്ന ചോദ്യം അരങ്ങിൽ നിന്നുണരുകയാണ്. കോഴിക്കോട് പെരുമണ്ണ ചെങ്കതിർ കലാവേദിയുടെ ‘മനുഷ്യനും ഹുസൈനും’ എന്ന നാടകം പേര് നഷ്‌ടമാകുന്ന ഇന്ത്യയുടെകൂടി കഥയാണ്. പേര് മനുഷ്യന് മാത്രമല്ല രാജ്യത്തിനും പൊല്ലാപ്പായി ഇന്ത്യക്ക് ആ പേര്‌തന്നെ നഷ്‌ടമാകുന്ന വർത്തമാനത്തിലാണ് ഈ നാടകം അരങ്ങിലെത്തുന്നത്. നാടകം നാടിന്റെ നോവും നിനവുമേറ്റുന്ന കലാവിഷ്‌കാരമായി മാറുന്നതിന്റെ പ്രസക്തിയാണ് മനുഷ്യനും ഹുസൈനും പകർന്നുതരുന്നത്. മരിച്ചവരുടെ ദേശത്ത്, കൊമാലയിലാണ് കഥ നടക്കുന്നത്. ഹുസൈനാണ് ഒരു കഥാപാത്രം. മറ്റേയാളുടെ പേര് മനുഷ്യൻ. മരിച്ച രണ്ടുപേരുടെ സംസാരത്തിൽ പഴയതും പുതിയതുമായ ജീവിതവും ലോകവും ആവിഷ്‌കൃതമാവുകയാണ്. ഗുജറാത്തിന്റെ പൊള്ളൽ മുതൽ എം എഫ് ഹുസൈൻ എന്ന ചിത്രകാരനും മണിപ്പുരുംവരെയുള്ള സമീപകാല ഭീതിദവാർത്തകളെല്ലാം ഇതിൽകടന്നുവരുന്നു. ‘‘അവിടെ കണ്ട കുപ്പായംധരിച്ച് അഭിനയിച്ചതല്ലേ. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു ഹിറ്റ്‌ലർ ഉറങ്ങുന്നുണ്ട്. ഉണർത്താതെ നോക്കണം.’’ സൈനികന്റെ വേഷം ധരിച്ച മനുഷ്യൻ ഹിറ്റ്‌ലറായി പരകായം ചെയ്യുന്ന രംഗമാണിതിൽ. കൊമാലയിലെത്തിയ ഹുസൈൻ പേര് പറയാൻ മടിക്കുന്നു. ഒരു പേരിലെന്തുള്ളത് എന്നത് കാവ്യാത്മകമായ ചോദ്യമല്ല ഹുസൈന്. പേര് നോക്കി തീവ്രവാദിവരെയാക്കുന്ന കാലമാണിത്. ഭയമാണിന്ന് നാട് ഭരിക്കുന്നത്. എന്നാൽ നാടകപാത്രത്തിന് ഹുസൈൻ എന്നാണ് പേരെങ്കിലും അയാൾ മുസ്ലിമല്ല. വിഖ്യാത ചിത്രകാരൻ എംഎഫ് ഹുസൈനോടുള്ള ആരാധനയിൽ അച്ഛനിട്ട പേരാണ്. ആ പേരിന്റെ പേരിൽ അയാൾ വേട്ടയാടപ്പെടുന്നു. എവിടെ കലാപം നടന്നാലും ആൾക്കൂട്ട വിചാരണ നടന്നാലും പേടി. അങ്ങനെ പേടിച്ച്, അങ്ങനെ മരിച്ചയാൾ. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ പ്രസംഗമുണ്ടിതിൽ. ‘‘അധികാരത്തിലേക്കുള്ള എല്ലാ വഴികളും ജനങ്ങളിൽനിന്നാണ്. ഞാൻ ജനങ്ങളെ ആരാധിക്കുന്നു. അവരുടെ ഭൃത്യനാണ്,അവരുടെ കാൽവണങ്ങി അവരെ സേവിക്കാൻ ഇഷ്‌ടപ്പെടുന്നു. പക്ഷേ ഒന്നാലോചിച്ച് നോക്കൂ, സമൂഹത്തിന് ആവശ്യമില്ലാത്തവരില്ലേ. പ്രായമായവർ, സമൂഹത്തിന് ഭാരമായവർ, ഇവരെന്തിനാ. ഇവരെ കൊല്ലുന്നത് ദയാവധമല്ലേ. അത് ചെയ്യേണ്ടതല്ലേ. അങ്ങനെ ചെയ്യുമ്പോൾ എനിക്കെതിരായി സംസാരിക്കുന്നവരുണ്ടെങ്കിൽ അവർ രാഷ്‌ട്രത്തിന് എതിരല്ലേ. അപ്പോൾ ഞാനല്ലേ രാഷ്‌ട്രം. എനിക്കെതിരെ സംസാരിക്കുന്നവർ രാഷ്‌ട്രത്തിനെതിരെ സംസാരിക്കുന്നവരാണ്. ജൂതന്മാർ, ജിപ്‌സികൾ, കമ്യൂണിസ്‌റ്റുകാർ, യഹോവയുടെ സാക്ഷികൾ, പിന്നെ സ്വവർഗാനുരാഗികൾ, പിന്നെ... പിന്നെ...’’ നാടകമെന്ന മാധ്യമത്തോട് നീതി പുലർത്തിയാണ് അവതരണമെന്നതാണ് മനുഷ്യനും ഹുസൈനെയും പ്രിയതരമാക്കുന്നത്. സംവിധായകനായ എം എം രാഗേഷാണ് നാടകരചന. മാധ്യമപ്രവർത്തകൻ കൂടിയായ രാഗേഷ് പരേതാത്മാക്കളുടെ ദേശത്തിന് അനുസൃതമായ രംഗാവിഷ്‌കാരം ചമയ്‌ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. പ്രതീഷ്‌പെരുമണ്ണയും കെ സജിതും മനുഷ്യനും ഹുസൈനുമായി ഗംഭീരാഭിനയമാണ് കാഴ്‌ചവച്ചിട്ടുള്ളത്. മനേഷമണി (സഹസംവിധാനം)ശിവൻ പന്നിയൂർക്കുളം (കലാസംവിധാനം), എൻ ടി അരുൺ ( ദീപസന്നിവേശം), ഡി രമേഷ്(ഗാനം) അബ്ദുള്ള പെരുമണ്ണ, സുധാകരൻ പെരുമണ്ണ, കെ അനൈന, രമ്യാരാഗേഷ്, റഹീം ഇച്ചൂസ്‌എന്നിവരാണ് പിന്നണിയിൽ. Read on deshabhimani.com