ജൈവവള ഉല്‍പ്പാദനത്തിന് നൂതനമാര്‍ഗങ്ങള്‍



ഹരിതകേരള മിഷന്‍ ഊന്നല്‍നല്‍കുന്ന വിഷയം നമ്മുടെ ഗൃഹാന്തരീക്ഷത്തിലുള്‍പ്പെടെയുള്ള ജൈവഅജൈവ മാലിന്യങ്ങളെ ഇല്ലാതാക്കി ശുചിത്വകേരളം ഉണ്ടാക്കുക എന്നതും ഇതിലെ ജൈവ 'മാലിന്യ'ങ്ങളെ ജൈവകൃഷിക്കുള്‍പ്പെടെ ഉപയുക്തമാക്കിയെടുത്ത് ജൈവവള ലഭ്യത ഉറപ്പുവരുത്താനാകണമെന്നുമാണ്, കേരളം ജൈവവളക്ഷാമം ഏറെ അനുഭവിക്കുന്ന ഇക്കാലത്ത്, പ്രത്യേകിച്ചും ജൈവ 'മാലിന്യ' സംസ്കരണം അനിവാര്യമായ ഈ ഘട്ടത്തിലും ഇവയെ എങ്ങനെ സംസ്കരിച്ചെടുക്കാമെന്നത് മനസ്സിലാക്കേണ്ടതുമുണ്ട്. ഏതാനും ചില ഉറവിടമാലിന്യസംസ്കരണ മുറകള്‍ പരിചയപ്പെടാം. മോസ്പിറ്റ് കമ്പോസ്റ്റിങ് മണ്ണില്‍ ഒരു ചെറിയ കുഴിയെടുത്ത് നിര്‍മിക്കാവുന്നതാണിത്. ഒരു മീറ്റര്‍ ആഴവും 60 സെ. മീറ്റര്‍ വ്യാസവുമുള്ള ഒരു കുഴിയെടുക്കുക. ഈ കുഴി ചെറിയ കോണ്‍ക്രീറ്റ് സ്ളാബ്കൊണ്ട് അടയ്ക്കണം. സ്ളാബിന് 75 സെ.മീ. വ്യാസവും അഞ്ചു സെന്റിമീറ്റര്‍ കനവും വേണം. സ്ളാബ് തയ്യാറാക്കുമ്പോള്‍ ഇതിന്റെ മധ്യഭാഗത്ത് 10 സെന്റീമീറ്റര്‍ വ്യാസവും 40 സെ. മീ. നീളവുമുള്ള ഒരു പിവിസി പൈപ്പ് സ്ഥാപിച്ച് ഉറപ്പിക്കണം. ഇത്തരം സ്ളാബ്കൊണ്ടണ് കുഴി മൂടേണ്ടത്. പൈപ്പിന് അടപ്പും ഉണ്ടാവണം. സ്ളാബ് മണ്ണിട്ടുമൂടാന്‍ ശ്രദ്ധിക്കുക. അടപ്പു തുറന്ന് പൈപ്പിലൂടെ കുഴിയില്‍ ഗാര്‍ഹിക ജൈവവസ്തുക്കള്‍ ഇടാം. മാലിന്യം നിക്ഷേപിക്കുംമുമ്പേ അല്‍പ്പം പച്ചച്ചാണകവും ഈര്‍പ്പമുള്ള മേല്‍മണ്ണും ഇട്ട് ബാക്ടീരിയാസാന്നിധ്യം ഉണ്ടാക്കണം. പിന്നീട് അല്‍പ്പാല്‍പ്പമായി ജൈവവസ്തുക്കള്‍ ഇടുക. മാസത്തിലൊരിക്കല്‍ അല്‍പ്പം ചാണകക്കുഴമ്പ് ഒഴിക്കുന്നത് ബാക്ടീരിയാ പ്രവര്‍ത്തനം ത്വരിതമാക്കും. മൂന്നുമാസംകൊണ്ട് നിറയുന്നു. തുടര്‍ന്ന് മൂന്നുമാസം കമ്പോസ്റ്റ് രൂപപ്പെടാന്‍ അടച്ചുവയ്ക്കുന്നു. ഈ സമയം മറ്റൊരു കുഴികൂടി ഉണ്ടാക്കിയാല്‍ രണ്ടു കുഴിവഴി ഒരുവര്‍ഷത്തേക്ക് നിക്ഷേപിച്ച് വളമാക്കാം. മഴ നനയരുത്. വെള്ളം കെട്ടിക്കിടക്കരുത്. സ്ളാബ് മാറ്റി വളം ശേഖരിക്കാം. മണ്‍കല കമ്പോസ്റ്റ് ഏറ്റവും ലളിതമായ അണുകുടുംബത്തിന് സ്വീകരിക്കാവുന്നതാണ് ഈ മാര്‍ഗം. ഏകദേശം 50 സെ.മീ. ഉയരവും ഒരുമീറ്റര്‍ ചുറ്റളവുമുള്ള രണ്ട് മണ്‍കലം വേണം. ഇതിനെ അടയ്ക്കാനുള്ള മണ്ണിന്റെ മൂടിയും വേണം. മണ്‍കലം, ഇരുമ്പുകൊണ്ടോ മറ്റോ ഉണ്ടാക്കിയ ഒരു  മുക്കാലിയിലാണ് സ്ഥാപിക്കേണ്ടത്. 3045 മീ. ഉയരമുണ്ടായാല്‍ മതി. അടുക്കളപരിസരത്ത് മഴ നനയാത്തിടത്തു വയ്ക്കണം. മണ്‍കലത്തിന്റെ അടിഭാഗത്ത് ചെറിയൊരു ദ്വാരം ഇടണം. ഊറിവരുന്ന കമ്പോസ്റ്റിലെ വെള്ളം ദ്വാരംവഴി അടിയില്‍ വയ്ക്കുന്ന ചെറിയ പ്ളാസ്റ്റിക് ബക്കറ്റില്‍ ശേഖരിക്കണം. നാല് സ്പൂണ്‍ ഉപ്പു വിതറിയാല്‍ പ്രാണിസാന്നിധ്യം ഇല്ലാതാക്കാം. എല്ലാ ദിവസവുമുള്ള ജൈവവിത്തുകള്‍ ഇതില്‍ ഇടുക (കൂടുതല്‍ ഒന്നിച്ചിടരുത്. ചകിരിപോലുള്ള പെട്ടെന്ന് അഴുകാത്തതും ഇടരുത്). ഒരുമാസം കഴിയുമ്പോള്‍ കലം നിറയും, അത് ഒരുമാസംകൂടി അടച്ചുവയ്ക്കുക. ഈ സമയം മറ്റൊരു കലം സ്ഥാപിക്കുക. ഇങ്ങനെ രണ്ടുമൂന്ന് മാസത്തോടെ മാറിമാറി ജൈവവളം ഉണ്ടാക്കാം. ഇത് പച്ചക്കറിക്കും ചെടികള്‍ക്കുമെല്ലാം ചേര്‍ക്കാം. ഊറിവരുന്ന വെള്ളം ഉപ്പുസാന്നിധ്യമുള്ളതിനാല്‍ തെങ്ങിന് ഒഴിച്ചുകൊടുക്കാം. ശ്രദ്ധിക്കേണ്ട കാര്യം: മഴ നനയരുത്. കലത്തിനകത്ത് അമിതമായ വെള്ളം ഉണ്ടാവരുത്. അങ്ങനെവരുന്നപക്ഷം അല്‍പ്പം മരപ്പൊടിയോ ചകിരിപ്പൊടിയോ വിതറുക. കലത്തിനുചുറ്റും ഈച്ച പറക്കുന്നുവെങ്കില്‍ രണ്ടു കഷണം കര്‍പ്പൂരം കത്തിച്ച പൊടി 25 മി.ലി. വെളിച്ചെണ്ണയില്‍ ചാലിച്ച് ബ്രഷ്കൊണ്ട് കലത്തില്‍ പുരട്ടുക. ഇടയ്ക്ക് ഒന്നോ രണ്ടോ തവണ അല്‍പ്പമാത്രയില്‍ ചാണകലായനി ചേര്‍ക്കുക. ബാക്ടീരിയസാന്നിധ്യം വര്‍ധിക്കാനാണിത്. പൈപ്പ് കമ്പോസ്റ്റ് ഒരുമീറ്റര്‍ നീളവും 20 സെ.മീ. വ്യാസമുള്ള രണ്ട് പിവിസി പൈപ്പുകള്‍. ഇതിന് ജിഐ ഷീറ്റ്കൊണ്ടുള്ള ഒരടപ്പും വേണം. ഇത് വെള്ളക്കെട്ടില്ലാത്ത മഴ നനയാത്ത ഇടത്ത് മണ്ണില്‍ സ്ഥാപിക്കണം. അതായത്, 30 സെ. മീറ്റര്‍ പൈപ്പ്ഭാഗം മണ്ണില്‍ കുഴിച്ചിട്ട് കുത്തനെ നിര്‍ത്തുക. ഏറ്റവും അടിയില്‍ അല്‍പ്പം പച്ചച്ചാണകം വിതറുക. ഇതിനു മുകളില്‍ പൈപ്പിലൂടെ ഗാര്‍ഹിക ജൈവമാലിന്യം ചെറുതായി അരിഞ്ഞ് എല്ലാ ദിവസവും ഇടാം. ഒരടി ആവുമ്പോള്‍ അല്‍പ്പം പുളിപ്പിച്ച തൈരോ, മോരോ, കഞ്ഞിവെള്ളമോ ഒഴിക്കുക. വീണ്ടും ഒരടിയാവുമ്പോള്‍ ഇത് ആവര്‍ത്തിക്കാം. കൂടുതല്‍ വെള്ളം അകത്താകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചളിപ്പരുവമായാല്‍ പുഴു വരും. ദുര്‍ഗന്ധം വമിക്കും. അടച്ചിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മൂന്നുമാസംകൊണ്ട് പൈപ്പ് നിറയും. തുടര്‍ന്ന് മൂന്നുമാസം അടച്ചുവയ്ക്കുക. ഈ സമയം രണ്ടാമത്തെ പൈപ്പില്‍ നിക്ഷേപിക്കുക. ആറുമാസംകൊണ്ട് ഓരോ പൈപ്പില്‍നിന്നും കമ്പോസ്റ്റ് ശേഖരിക്കാം. Read on deshabhimani.com

Related News