കോളിഫ്ളവർ, കാബേജ് കൃഷി തുടങ്ങാം



കോളിഫ്ലവറും കാബേജും നമ്മുടെ കാലാവസ്ഥയിൽ നന്നായി വിളയിച്ചെടുക്കാവുന്ന പച്ചക്കറി ഇനങ്ങളാണ്‌. കൃഷി രീതികൾ പൊതുവെ ഒരു പോലെയും. ഒക്ടോബർ മുതൽ ജനുവരി–--ഫെബ്രുവരി വരെയാണ് സാധാരണ അനുയോജ്യമായ കൃഷിക്കാലം. വെള്ളം കെട്ടിനിൽക്കാത്തതും ഇളക്കമുള്ളതുമായ മണ്ണാണ് അനുയോജ്യം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഏറ്റവും അനുയോജ്യമായി കണ്ടെത്തിയ മിക്കയിനങ്ങളും സങ്കര ഇനങ്ങളാണ്. അതിനാൽ ഇവയുടെ വിത്തിനായി നാം കൃഷിവകുപ്പിനെയോ, കേരള കാർഷിക സർവ്വകലാശാലയെയോ, സ്വകാര്യ കമ്പനികളെയോ ആശ്രയിക്കേണ്ടി വരും. വിശ്വാസയോഗ്യമായ സ്ഥലങ്ങളിൽനിന്നും വിത്ത് വാങ്ങണം. ഏക്കറിന് 200 ഗ്രാം അതായത് ഒരു സെന്റിന് 2 ഗ്രാം എന്ന കണക്കിന് വിത്ത് ആവശ്യമായി വരും. ഇനങ്ങൾ പലത്‌ ബസന്ത്, എൻഎസ്‌60, പൂസമേഘ്ന, പഞ്ചാബ് ജയന്റ്‌, ഫൂലെ സിന്തറ്റിക് എന്നിവ കോളിഫ്ലവറിലെയും എൻഎസ്‌183, എൻഎസ്‌43, എൻഎസ്‌160, ഹരിറാണി, ശ്രീഗണേഷ് എന്നിവ കാബേജിലെയും മികച്ച ഇനങ്ങളാണ്. നഴ്സറി തയ്യാറാക്കിയോ പ്രോട്രേകളിൽ മുളപ്പിച്ചോ തൈകൾ ഉൽപ്പാദിപ്പിക്കാം. ഒക്ടോബറിൽ വിത്തുകൾ പാകുകയും നവംബറിൽ പറിച്ചുനടുകയും വേണം. സ്ഥലം നന്നായി കിളച്ച് ആവശ്യത്തിന് നീളത്തിലും വീതിയിലും ഉയരത്തിലും തടം തയ്യാറാക്കണം. കുമിൾനാശിനി പ്രയോഗം കഴിഞ്ഞ് 3-4 ദിവസത്തിനുള്ളിൽ വിത്ത് പാകാം. പാകി 4-5 ദിവസത്തിനുള്ളിൽ വിത്ത്‌ മുളക്കും. 10 ഗ്രാം വിത്തിൽനിന്നും 2000 മുതൽ 3000 വരെ തൈകൾ പ്രതീക്ഷിക്കാം.ചെടികൾക്ക് നാലഞ്ചില പ്രായമായാൽ പറിച്ചുനടാം. വളപ്രയോഗം ഉണക്കിപ്പൊടിച്ച ചാണകം/കമ്പാേസ്റ്റ്, മേൽമണ്ണ്, മണൽ എന്നിവ തുല്യ അളവിൽ ചേർത്തിളക്കി തടം തയ്യാറാക്കണം. പ്രോ ട്രേകളിൽ ചകിരിച്ചോറ് കമ്പോസ്റ്റ്, വെർമിക്കലേറ്റ്, പെർലൈറ്റ് എന്നിവ 3: 1: 1 എന്ന അനുപാതത്തിൽ തയ്യാറാക്കിയ മിശ്രിതം കൊണ്ട് നിറയ്ക്കാം. ചകിരിച്ചോറ് മാത്രമായും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല. ഇതിനോടൊപ്പം അൽപ്പം മണ്ണിര കമ്പോസ്റ്റ് കൂടി ചേർക്കാം. തയ്യാറാക്കിയ മിശ്രിതം പ്രോ ട്രേകളിൽ നിറച്ച് അതിൽ ഒരു കുഴിയിൽ ഒരു വിത്ത് എന്ന രീതിയിൽ പാകി അൽപ്പം മിശ്രിതം മുകളിൽ തൂവി ട്രേകൾ പത്തെണ്ണം വീതമുള്ള അടുക്കുകളായി വയ്ക്കാം. തൈകൾ തയ്യാറാക്കുന്ന ഷെഡിൽ തണൽ കൂടുതലാകരുത്. വിത്ത് മുളച്ച് അഞ്ചാം നാൾമുതൽ നനയ്ക്കുന്ന വെള്ളത്തിലൂടെ വളക്കൂട്ടുകൾ നൽകാം. വെള്ളത്തിൽ പൂർണമായും അലിയുന്ന തരത്തിലുള്ള വളങ്ങളാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ധാരാളം സൂര്യപ്രകാശവും വെള്ളം കെട്ടി നിൽക്കാത്തതുമായ സ്ഥലങ്ങളാണ് കൃഷിക്ക് പറ്റിയത്. തൈകൾ ഒന്നരയടി അകലത്തിൽ നടണം. നട്ട് മൂന്നോ -നാലോ ദിവസത്തേക്ക് തണൽ നൽകണം. ജൈവവളമാണ്‌ നല്ലത്‌. മഴയില്ലെങ്കിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ജലസേചനം നടത്തണം. വേപ്പധിഷ്ഠിത കീടനാശിനികൾ 10 ദിവസത്തിലൊരിക്കൽ തളിച്ച്‌  കീടങ്ങളെ നിയന്ത്രിക്കാം. വിളവെടുക്കാം കോളിഫ്ളവർ പൂവ് വിരിഞ്ഞു പകുതി മൂപ്പെത്തുമ്പോൾ ചെടിയിലെ താഴത്തെ ഇലകളിൽ കൂട്ടിച്ചേർത്ത് പൊതിഞ്ഞു കെട്ടണം. കോളിഫ്ളവർ തൈകൾ നട്ട് രണ്ടുമാസത്തിനുള്ളിൽ  കർഡ് ഉണ്ടാകും. കാബേജിൽ 10 ദിവസം കൂടി കഴിയും.10–--12 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കാം. കോളിഫ്‌ളവർ കർഡ്  പൂർണ വളർച്ചയെത്തി ഒതുങ്ങിയിരിക്കുമ്പോൾ തന്നെ വിളവെടുക്കണം. Read on deshabhimani.com

Related News