29 March Friday

വായിച്ചിട്ട്‌ റീട്വീറ്റ് അടി, ബ്രോ !

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020


വാട്സാപ്പിലും ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ വരുന്ന വിവരങ്ങളും ലിങ്കുകളും ശരിയാണോ എന്നുപോലും നോക്കാതെ ഷെയർ ചെയ്യുന്നതിന്റെ ഭവിഷ്യത്ത്  നാം ദൈനംദിനം അനുഭവിക്കുന്നുണ്ട്‌. എന്തും വിശ്വസിക്കുന്നതിനു മുന്നേ ആരോടെങ്കിലും ചോദിക്കുകയോ ഗൂഗിളിൽ തിരയുകയോ ഒക്കെ വേണ്ട അവസ്ഥ!
വായിക്കാതെയും പാതി വായിച്ചും ശരിയാണോ എന്ന് നോക്കാതെയുമുള്ള നമ്മുടെ ഷെയറിങ് സ്വഭാവം വ്യജ വാർത്തകളുടെ പ്രചാരണത്തിന് നന്നായി വളംവച്ചുകൊടുക്കുന്നു. ശരിയാണോ എന്ന് തെരഞ്ഞുപിടിച്ച് നോക്കുന്നത് ഷെയർ ചെയ്യുന്ന വ്യക്തിയുടെ ബാധ്യതയല്ല എന്ന മട്ടിലാണ് പലരും. "ഫോർവേർഡഡ്" എന്നും ""ഫോർവേർഡഡ് ആസ് ഈസ്' എന്നും എഴുതിയാൽ "ഇത് കള്ളമോ മണ്ടത്തരമോ ആയിരുന്നാലും എന്നെ പഴിക്കേണ്ട' എന്നാണ്‌ ഇത്തരക്കാർ സാമൂഹ്യമാധ്യമങ്ങളിൽ ഉദ്ദേശിക്കുന്നത് ...!



കള്ള വാർത്തകളെപ്പോലെതന്നെ പ്രശ്നക്കാരാണ് ലിങ്കും സന്ദേശവും ബന്ധമില്ലാതിരിക്കുന്ന അവസ്ഥ. ഉദാഹരണത്തിന് ബിബിസിയിൽ വന്ന ഒരു വാർത്തയിൽ ഇന്ത്യക്ക്‌ ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മാനം കിട്ടി എന്നായിരിക്കും ട്വീറ്റ്. കൂടെ ഒരു ബിബിസി ലിങ്ക്. പക്ഷേ, ലിങ്കിൽ ഇങ്ങനെ ഒരു പരാമർശംപോലും കാണില്ല...! പലരും ലിങ്ക് ക്ലിക്ക് ചെയ്യില്ല എന്നത് തീർച്ചയായതുകൊണ്ട് ഈ നുണവാർത്തയ്ക്ക് നല്ല പ്രചാരണവും കിട്ടും. ട്വിറ്ററിൽ ഇത്തരക്കാർ നിരവധിയാണ്. റീട്വീറ്റ് എന്നത് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു പ്രവൃത്തിയാണ്. സ്വയം വായിച്ചിട്ടാണോ അല്ലാതെയോ ആണ്‌  റീട്വീറ്റ് ചെയ്യുന്നതെന്ന് അത് കാണുന്നവർക്ക് മനസ്സിലാകില്ല. കൂടാതെ, ഇതൊക്കെ വായിക്കുന്ന ഒരു വ്യക്തിയാണ്‌ താനെന്ന  ധാരണ മറ്റുള്ളവരിൽ ജനിപ്പിക്കാനും കഴിയും. ഈ വായിക്കാതെയുള്ള റീട്വീറ്റ് പരിപാടികൊണ്ട് ട്വിറ്റർ ബുദ്ധിമുട്ടുന്നുണ്ട്. നുണപ്രചാരണം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്. വായിക്കാതെയുള്ള വിവരം-പങ്കുവയ്ക്കൽ സ്പർദ്ധവരെയുണ്ടാക്കുന്നു.

അപ്പോൾ എന്തുചെയ്യാൻ കഴിയും? വരുംദിവസങ്ങളിൽ ഇതിനൊരു പരിഹാരവുമായി ട്വിറ്റർ വരുന്നു. ട്വീറ്റിലുള്ള ലിങ്ക് വായിക്കാതെയാണ് റീട്വീറ്റ് അടിക്കുന്നത് എങ്കിൽ “Want to read this before retweeting?”എന്നൊരു ചോദ്യം സ്‌ക്രീനിൽ ചോദിക്കാനാണ് അവരുടെ പദ്ധതി. സ്വന്തം ഇമേജ് കെട്ടിപ്പടുക്കാനോ ‘കുത്തിത്തിരിപ്പ്’ ഉണ്ടാക്കാനോ ഒക്കെയുള്ള റീട്വീറ്റടി ഇനി അധികകാലം നടക്കില്ലെന്നർഥം. ഇങ്ങനെയുള്ള സംവിധാനം കൊണ്ടുവന്നാൽ ലിങ്കുകളുള്ള ഓരോ ട്വീറ്റും റീട്വീറ്റ് അടിച്ചാലും അതിലെ ഉള്ളടക്കം സത്യമാണോ, പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരമാണോ എന്നൊക്കെയുള്ളതിന്റെ പൂർണ ഉത്തരവാദിത്തം റീട്വീറ്റ് അടിക്കുന്നയാൾക്കുകൂടി ആകും. "അയ്യോ ഞാൻ വെറുതെ RT അടിച്ചതാണ്. സംഭവം എന്താണെന്ന് നോക്കിയില്ല' എന്ന രക്ഷപ്പെടൽ തന്ത്രം ഇനി തൽക്കാലം നടക്കില്ലെന്നർഥം !
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top