27 April Saturday

സൂക്ഷിക്കുക.. ബിഎംസിക്ക് ചുറ്റും ട്രോളന്മാരുണ്ട്‌

എ എസ് ജിബിനUpdated: Friday Mar 8, 2019

എറണാകുളം തൃക്കാക്കര ഭാരതമാതാ കോളേജിന്റെ മുക്കിലും മൂലയിലുംവരെ ‘ട്രോള്‍ ബിഎംസി'യുടെ കണ്ണെത്തും. ആ കാഴ്‌ചകളെല്ലാം രസകരമായ ട്രോളുകളായും വീഡിയോ പ്രൊമോകളായും ട്രോള്‍ ബിഎംസിയുടെ ഫേസ്‌‌ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സമൂഹമാധ്യമങ്ങളില്‍ ട്രോള്‍ ബിഎംസിയെ ഫോളോ ചെയ്‌താണ് കോളേജിലെ സംഭവപരമ്പരകളെല്ലാം ഒന്നുപോലും വിടാതെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും അറിയുന്നത്. അത്രയേറെ സ്വീകാര്യത മൂന്നുവര്‍ഷംകൊണ്ട് ട്രോള്‍ ബിഎംസി നേടികഴിഞ്ഞു.

വല്ലപ്പോഴും മാത്രം ട്രോളുകള്‍ പ്രത്യക്ഷപ്പെടുന്ന കോളേജ് ട്രോള്‍ പേജല്ല ബിഎംസി ട്രോള്‍. പരീക്ഷദിവസമോ അവധിദിവസമോ എന്തുമാകട്ടെ കോളേജുമായി ബന്ധപ്പെട്ട ഒരു ട്രോളോ വീഡിയോ പ്രൊമോയോ അറിയിപ്പോ അവധിയില്ലാതെ ട്രോള്‍ ബിഎംസിയിലുണ്ടാകും. 2016ലാണ് ബിഎംസി ട്രോള്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ പേജും ഗ്രൂപ്പും ആരംഭിക്കുന്നത്. കോളേജിലെ വിദ്യാര്‍ഥി അനന്തകൃഷ്‌ണനായിരുന്നു ഇതിനുപിന്നില്‍. പിന്നീട് കോളേജിലെ സംഭവപരമ്പരകളെല്ലാം ട്രോളുകളായി.

 

നല്ലതു ചെയ്‌താല്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും മാനേജ്‌മെന്റിനെയും അഭിനന്ദിക്കാനും അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ വിമര്‍ശിക്കാനും കഴിവുള്ള വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാനും ബിഎംസി ട്രോള്‍ ട്രോൾതന്നെ ആയുധമാക്കി. ഇതെല്ലാം വിദ്യാര്‍ഥികള്‍ക്കിടയിലും അധ്യാപകര്‍ക്കിടയിലും മാനേജ്‌മെന്റിനിടയിലും ട്രോള്‍ ബിഎംസിയെ പ്രിയപ്പെട്ടതാക്കി. പിന്നീട് ട്രോളുകള്‍ക്കൊപ്പം വീഡിയോ പ്രൊമോകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതും കൈയടി നേടി.

ഫേസ്ബുക്കിലുള്ള ട്രോള്‍ ബിഎംസി സ്വകാര്യ ഗ്രൂപ്പിലൂടെ വിദ്യാര്‍ഥികള്‍ക്കും ട്രോള്‍ സംഭാവന ചെയ്യാം. ഇവിടേക്കെത്തുന്ന ട്രോളുകള്‍ അഡ്മിന്‍ പരിശോധിച്ചതിനുശേഷം പേജില്‍ പോസ്റ്റുകയും ചെയ്യും. വിദ്യാര്‍ഥികളുടെ പങ്കാളിത്തമുണ്ടെങ്കിലും ബിഎംസി ട്രോളിലെ പ്രധാന ട്രോളന്മാര്‍ അഡ്മിൻമാരായ  ജാബിര്‍ ഹുസൈനും അലിന്‍ സതീശനുമാണ്. ഈവര്‍ഷം ഇവരുടെ കോഴ്‌സ് തീരും. അതിനുമുമ്പേ ട്രോള്‍ മത്സരം നടത്തി പുതിയ അഡ്മിൻമാരെ തെരഞ്ഞെടുക്കാനാണ് ഇവരുടെ ശ്രമം.

ട്രോള്‍ ബിഎംസി അറിയാതെ കോളേജില്‍ ഒരു ഇലപോലും അനങ്ങില്ലെന്നായപ്പോള്‍ ആരാധകരുടെ എണ്ണവും കൂടി. പൂര്‍വവിദ്യാര്‍ഥികളടക്കം പേജ് ഫോളോ ചെയ്യാന്‍ തുടങ്ങി. 2018 ആയതോടെ യൂത്തന്മാര്‍ക്കൊക്കെ ഇന്‍സ്റ്റഗ്രാമിനോടായി പ്രിയം. അതോടെ ട്രോള്‍ ബിഎംസിയും ഇന്‍സ്റ്റയിലെത്തി. ബികോം ടാക്‌സേഷന്‍ വിദ്യാര്‍ഥിയായ ജാബിറാണ് ട്രോള്‍ ബിഎംസിയെ ഇന്‍സ്റ്റയിലേക്കെത്തിച്ചത്. ഇപ്പോള്‍ ഫേസ്ബുക്കിനേക്കാള്‍ ഇന്‍സ്റ്റയിലാണ് ട്രോള്‍ ബിഎംസിക്ക് ആരാധകരുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top