27 April Saturday

റീത്തു റിയലായി: വീഡിയോ വൈറലും

വി എസ്‌ സൗമ്യUpdated: Tuesday Oct 6, 2020

കോട്ടയം> റിയൽ ആയി പറഞ്ഞാൽ സ്‌ക്രിപ്‌റ്റില്ല, കാമറ ഓൺ ചെയ്താൽ അപ്പോൾ കിട്ടുന്ന ഡയലോഗ്‌. എഡിറ്റിങ് ഒറ്റയ്‌ക്ക്‌ തന്നെ. റീത്തുവിന്റെ  ‘റിയാലിറ്റി റീൽസ്’‌ വീഡിയോ  കാണുന്നവരൊക്കെ ഒരുവട്ടം ചിന്തിക്കും, അയ്യോ ഇത്‌ ഞാനല്ലേ? പൊട്ടിച്ചിരിപ്പിക്കുന്ന ഭാവങ്ങൾക്കും അവതരണത്തിനും ഡയലോഗിനും ഇഷ്ടക്കാർ കൂടിയപ്പോൾ ചാനൽ തുടങ്ങി രണ്ടുമാസം കൊണ്ട്‌ യൂട്യൂബ്‌ സിൽവൽ ബട്ടണ്‍ വീട്ടിലെത്തി.
    
കുഞ്ഞുകാര്യങ്ങളെ നർമത്തിന്റെ മേമ്പൊടി ചേർത്ത്‌ വീഡിയോ ചെയ്‌ത്‌ വൈറലായിരിക്കുകയാണ്‌ മീനു ഫ്രാൻസിസ്‌ എന്ന റീത്തു. റോസ്റ്റിങ്ങോ ട്രോളോ ഒന്നുമല്ല വിഷയം. നിത്യജീവിതത്തിലെ നിമിഷങ്ങള്‍. അതില്‍ സര്‍​ഗാത്മകതകൂടി ചേരുമ്പോള്‍ റിയാലിറ്റി റീല്‍സായി. നാലു മാസത്തിനിടെ ചെയ്‌ത വീഡിയോകൾ 42 എണ്ണം‌. റീത്തു ഹിറ്റാക്കിയ ‌ ‘പിടിഎ മീറ്റിങ് അപാരത’ കണ്ടത്‌ രണ്ടു മില്യൺ ആളുകൾ‌!!. വെറും വീഡിയോകൾ മാത്രമല്ല റീത്തുവിന്റെ  ഉദ്ദേശ്യം. ഇഐഎ അടക്കമുള്ള വിഷയങ്ങളിലുള്ള അഭിപ്രായവും  സമൂഹവുമായി പങ്കുവെക്കുന്നുമുണ്ട്. സാമൂഹ്യ പ്രതിബദ്ധത തെളിയിക്കാനും ആഹ്വാനംചെയ്യുന്നു.‌ വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവർക്കും ഒരിടം തന്‍റെ വീഡിയോകളില്‍ നല്‍കുന്നു, ടാലന്‍റ് ടെറിട്ടറി എന്ന പേരില്‍. ‌

കോട്ടയം കടുത്തുരുത്തി പെരുവയിലെ വീട്ടകമാണ്‌‌ റീത്തുവിന്റെ ലൊക്കേഷൻ. അനുജത്തി മഹിതയാണ്‌ ക്യാമറ​ഗേള്‍. ഡയലോഗ്‌ മൊബൈലിൽ റെക്കൊഡ്‌ ചെയ്‌ത്‌ എഡിറ്റിങ് ആപ്പുപയോഗിച്ചാണ്‌‌ വീഡിയോകൾ തയ്യാറാക്കുന്നത്‌. വിഷയം തെരഞ്ഞെടുക്കാൻ അമ്മയും അനുജത്തിയും സഹായിക്കും‌. ‌
|
ടിക്‌ടോക്കിലും വീഡിയോകൾ ചെയ്‌തിരുന്നു. നിരോധനം വന്നപ്പോഴാണ്‌‌ വീഡിയോകൾ യൂട്യൂബിൽ അപ്‌ലോഡ്‌ ചെയ്‌ത്‌ തുടങ്ങിയത്‌. ഇപ്പോള്‍ 4, 74000 ഫോളോവേഴ്സുണ്ട്.

നേഴ്‌സിങ്‌ കഴിഞ്ഞ്‌ യുകെയിലേക്ക്‌ പോകാൻ തയ്യാറെടുത്തിരിക്കുമ്പോഴാണ്‌ ലോക്‌ഡൗൺ ആയത്‌. മടുപ്പൊഴിവാക്കാന്‍ മൊബൈലിൽ വീഡിയോകൾ ചെയ്‌തു തുടങ്ങി. അതിനിടെ തൊടുപുഴയിൽ‌ ഐഇഎൽടിഎസ്‌ ട്രെയിനറായി ജോലികിട്ടി. അങ്ങനെ ക്യാമറ വാങ്ങി ഷൂട്ട്‌ തുടങ്ങി.
 
‘‘എനിക്ക്‌‌ പണ്ടേ വീഡിയോ ചെയ്യാൻ ഇഷ്ടമാ. നല്ല  പ്രോത്‌സാഹനം ആയപ്പോൾ യൂട്യബിൽ പരീക്ഷിച്ചതാ. ഇത്രേം ഹിറ്റാകുമെന്ന്‌ വിചാരിച്ചില്ല.’’ റീത്തുവിന്റെ കമന്റ്‌. അധ്യാപകരായ പെരുവ മാങ്കുഴിക്കരിയിൽ ഫ്രാൻസിസിന്റെയും സെലിമോളുടെയും മകളാണ്‌.

 റീത്തുവിന്റെ ‘പിടിഎ മീറ്റിങ് അപാരത’ വീഡിയോ താഴെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top