20 April Saturday

ആമി നട്ടു കാരുണ്യത്തിന്റെ നീർമാതളം

ബി ആർ ശ്രീകുമാർUpdated: Tuesday Feb 6, 2018

 

സാഹിത്യത്തറവാടിന്റെ തിരുമുറ്റത്ത് മലയാളത്തിന്റെ ആമി നട്ടൊരു പൂമരമുണ്ട്. ശാന്ത സുഗന്ധിയായൊരു നീർമാതളം..! ഇവിടെ മറ്റൊരു ആമി കാരുണ്യത്തിന്റെ ചന്ദനഗന്ധം പൂശി മനസ്സലിവിന്റെ പൂങ്കാവനം നട്ട് നനച്ച് വളർത്തുകയാണ്. നാലപ്പാട്ട് തറവാടിന്റെ നാലകത്ത് നിന്നും വിശ്വസാഹിത്യത്തിന്റെ നെറുകയിലേക്ക് നടന്നുപോയ മാധവിക്കുട്ടിയാണ് ആദ്യത്തെ ആമി.

ആതുര ഹൃദയങ്ങളിൽ നന്മയുടെ നറുനിലാവായി പരന്നൊഴുകുന്ന കൊല്ലം വിളക്കുടി നെല്ലിവിള ഹൗസിലെ 29 കാരിയാണ് രണ്ടാമത്തെ ആമി. രണ്ടര വയസ്സിൽ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെടുമ്പോൾ അത് തിരിച്ചറിയാനുള്ള പ്രായമുണ്ടായിരുന്നില്ല ആമിന ഇബ്രാഹിം എന്ന ആമിക്ക്.

പക്ഷേ, ശരീരം വളർന്നപ്പോൾ ഒപ്പം വളരാത്ത കാലുകളോട് അവൾക്ക് മാനസികമായ അകൽച്ച തോന്നിത്തുടങ്ങി. കാലുകളുടെ ചലനശേഷി ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോഴേക്കും അവൾ വൈകല്യം ബാധിച്ച കാലുകളെ സ്‌നേഹിക്കാൻ തുടങ്ങി. പത്താംതരം പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
തളർന്ന കാലുകളല്ല, തളരാത്ത മനസ്സാണ് ജീവിതത്തിൽ മുന്നേറാനുള്ള ഊർജ്ജമെന്ന തിരിച്ചറിവിലായിരുന്നു ആമിയുടെ തിരിച്ചുവരവ്.

ഇപ്പോൾ ആരാണ് ആമി എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ജീവിത നൊമ്പരങ്ങളുടെ തുരുത്തിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് തണലാവുന്ന നന്മയുടെ പൂമരം. കേരളത്തിലങ്ങോളമിങ്ങോളം വികലാംഗരായ 60 പേർക്ക് ആമി വീൽ ചെയർ നൽകി. ഫേസ്ബുക്കിലൂടെയും വാട്ട്‌സ് ആപ്പിലൂടെയും സൗഹൃദങ്ങളിലേക്ക് കൈനീട്ടിയപ്പോൾ സഹായം ഒഴുകിയെത്തി. അവയെല്ലാം അർഹതയുള്ളവരിലേക്ക് എത്തിക്കുകയെന്ന വലിയ ദൗത്യം ഏറ്റെടുത്തു.

കിടപ്പായവർക്കും രോഗത്താൽ വീർപ്പ് മുട്ടുന്നവർക്കുമിടയിലേക്ക് ആമിയുടെ മുച്ചക്ര വാഹനം ഓടിയെത്തും. വീൽച്ചെയറുകളായോ വസ്ത്രങ്ങളായോ പണമായോ അന്നമായോ സഹായം ഏതുതരത്തിലും.
ലോട്ടറി വിറ്റും തുന്നൽ ജോലിചെയ്തും കിട്ടുന്ന ചെറിയ വരുമാനവും പാവങ്ങൾക്കായി അവൾ മാറ്റിവക്കുന്നു. രക്തദാന സേനയ്ക്കും രൂപംനൽകി. റീജണൽ കാൻസർ സെന്ററിലടക്കം ആതുരാലങ്ങളിൽ അന്നദാനം നടത്താറുണ്ട്. മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.

സാക്ഷരതാ മിഷന്റെ പ്‌ളസ് ടു പഠനത്തിലാണ് ആമിയിപ്പോൾ. ഇബ്രാഹിം കുട്ടി അസുമാ ബീവി ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവളായ ആമിക്ക് വെളിച്ചമാകുന്നത് ജീവിതപാഠങ്ങളും സുമനസുകളുടെ ഉറവവറ്റാത്ത സ്‌നേഹ സ്പർശവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top