29 January Sunday

മെയ്‌ക്ക്‌ ഓവർ ഇനി ഒരു ‘സെലിബ്രിറ്റി’ക്കാര്യമല്ല... സാധാരണക്കാരുടെ മെയ്ക്ക്ഓവറുമായി മെയ്‌ക്ക്‌ അപ്പ്‌ ആർട്ടിസ്റ്റ്‌ ജസീന കടവിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 9, 2018

കൊച്ചി > സൗന്ദര്യ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ്‌ മെയ്‌ക്ക്‌ അപ്പ്‌ ആർട്ടിസ്റ്റ്‌ ജസീന കടവിൽ തന്റെ പുതിയ മെയ്‌ക്ക്‌ ഓവർ ഷൂട്ടിലൂടെ. മോഡലിങ്ങിലോ ക്യാമറയെ അഭിമുഖീകരിച്ചോ മുൻപരിചയമില്ലാത്ത സാധാരണക്കാരെ ഉപയോഗിച്ചാണ്‌ ‘ലെറ്റ്സ് ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി' (Let's break the rule of beauty) എന്ന മെയ്‌ക്ക്‌ ഓവർ ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്‌.

രശ്മി സതീഷ്‌, രേവതി ജയകൃഷ്ണന്‍

രശ്മി സതീഷ്‌, രേവതി ജയകൃഷ്ണന്‍എന്തുകൊണ്ട് സാധാരണക്കാര്‍ക്കും മെയ്ക്ക്ഓവര്‍ ആയിക്കൂടായെന്ന ചിന്തയിൽ നിന്നാണ്‌ ‘ലെറ്റ്ഡ് ഡു മെയ്ക്ക്ഓവര്‍ ആന്‍ഡ് ലവ് യുവര്‍സെല്‍ഫ്' (Let's do makeover and love yourself) എന്ന ആശയത്തിന്റെ ജനനമെന്ന്‌ ജസീന കടവിൽ പറയുന്നു. തനിക്കുചുറ്റും ദിവസേന കാണുന്ന ചില മുഖങ്ങളാണ്‌ മെയ്‌ക്ക്‌ ഓവർ ക്യാമ്പയിനായി ജസീന തെരഞ്ഞെടുത്തത്‌.

അതില്‍ പ്രശസ്തരും സാധാരണക്കാരും കൗമാരക്കാരും മധ്യവയസ്‌കരും പല മേഖലയില്‍ നിന്നുള്ളവരുമെല്ലാം പുത്തൻ ഗെറ്റ്‌ അപ്പ്‌ സ്വീകരിച്ച്‌ ക്യാമറക്കുമുന്നിലെത്തി.  ആദ്യഘട്ടത്തില്‍ അഞ്ചുപേരാണ്‌ ഷൂട്ടിൽ പങ്കെടുത്തത്‌.ജസീനയുടെ പരിചയക്കാരും സുഹൃത്തുക്കളുമായ ഇലക്ട്രീഷ്യൻ സുദര്‍ശന്‍, വീട്ടമ്മയായ സുഫൈറ, വിദ്യാര്‍ഥിയായ വിഷ്ണുരാജ്, ഹോട്ടലില്‍ ഹൗസ് കീപ്പറായ സൂര്യ, ഗായികയും നടിയുമായ രശ്മി സതീഷ്‌ എന്നിവരാണ് മെയ്ക്ക് ഓവറിന് എത്തിയത്. ഇതൊക്കെ സെലിബ്രിറ്റികൾക്കുള്ളതാണെന്ന ചിന്തയിൽ ചിലരൊക്കെ ആദ്യമൊന്ന്‌ മടിച്ചവരും ജസീനയുടെ നിർബന്ധത്താൽ സമ്മതം മൂളി.


 
ആദ്യഘട്ടം കഴിഞ്ഞപ്പോൾ വലിയ പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. ഇതാണ് രണ്ടാംഘട്ട മെയ്ക്ക് ഓവര്‍ ഷൂട്ടിന്‌ ഊർജമായത്‌. ‘ലെറ്റ്സ് ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി' (Let's break the rule of beauty) എന്നതാണ് രണ്ടാം ഷൂട്ടിന്റെ തീമായി സ്വീകരിച്ചത്‌. സൗന്ദര്യ സങ്കൽപ്പത്തിലെ മുൻവിധികൾ പൊളിച്ചടുക്കുന്നു ജസീന ഈ മെയ്‌ക്ക്‌ ഓവർ ഷൂട്ടിലൂടെ.

നാലു പേരാണ് ‘ലെറ്റ്സ് ബ്രേക്ക് ദ റൂള്‍ ഓഫ് ബ്യൂട്ടി' മെയ്ക്ക്ഓവറിനായി അണിഞ്ഞൊരുങ്ങിയത്‌. രശ്മി സതീഷിന്‌ പുറമേ പാചകത്തൊഴിലാളിയായ ലത രാജീവ്, നര്‍ത്തകിയായ രേവതി ജയകൃഷ്ണന്‍, പുരാരേഖ വകുപ്പില്‍ ഉദ്യോഗസ്ഥയായ അഞ്ജു രാജശേഖരന്‍ എന്നിവര്‍ ആദ്യമായി രൂപംമാറി ക്യാമറയ്ക്ക് മുന്നിലെത്തി.  

അഞ്ജു രാജശേഖരന്‍, ലതാ രാജീവ്‌

അഞ്ജു രാജശേഖരന്‍, ലതാ രാജീവ്‌നിരവധി സിനിമകളിൽ പിന്നണിയിൽ പ്രവർത്തിച്ച പരിചയമുണ്ട്‌ ജസീന കടവിലിന്‌. വര്‍ഷം, ദൃശ്യം, ലൈഫ് ഓഫ് ജോസൂട്ടി, ഇടുക്കി ഗോള്‍ഡ്, 1983, പുണ്യാളന്‍ അഗര്‍ബത്തീസ്, മെമ്മറീസ് തുടങ്ങിയ ചിത്രങ്ങളില്‍ ഹെയര്‍ സ്റ്റയിലിസ്റ്റായി പ്രവര്‍ത്തിച്ചു. മെയ്ക്ക് അപ്പ് മേഖലയിലും കഴിവുതെളിയിച്ചു. ഇപ്പോള്‍ മാഗസിനുകള്‍ക്കും മറ്റും വേണ്ടിയുള്ള ഫോട്ടോഷൂട്ടുകള്‍ക്ക് ഫ്രീലാന്‍സായി മെയ്ക്ക് അപ്പ് ഒരുക്കുന്നു. പ്രയാഗ മാര്‍ട്ടിന്റെ പഴയകാല നായികാ കഥാപാത്രങ്ങളായുള്ള മെയ്ക്ക്ഓവറും അരിസ്റ്റോ സുരേഷിന്റെ മെയ്ക്ക്ഓവറും ജസീനയ്‌ക്ക്‌ ഏറെ പ്രശംസ നേടിക്കൊടുത്തു.

മെയ്‌ക്ക്‌ ഓവർ ഷൂട്ടിൽ പങ്കെടുത്തവരുടെ മെയ്‌ക്ക്‌ അപ്പ്‌ ഇല്ലാതെയുള്ള ചിത്രങ്ങൾ:

 
ചിത്രങ്ങള്‍: മുഹമ്മദ് അബ്ദുള്ള
കോസ്റ്റ്യൂം: സുഹാസ്, ദിവ്യ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top