29 March Friday

ആദ്യം മനം നിറയ്‌ക്കാം; പിന്നെ കഴിക്കാം

ഇന്ദു നാരായണൻUpdated: Sunday Jan 16, 2022

രുചിയേറും വിഭവം മുന്നിൽ. അത് മനസ്സറിഞ്ഞു വിളമ്പിയാലോ. വയറു നിറയെ കഴിക്കാം. ഭക്ഷണത്തിന്റെ രുചിപോലെ  തന്നെ പ്രാധാന്യമുണ്ട്  അവയുടെ അലങ്കാരത്തിനും. ലളിതമായി വേണം അലങ്കരിക്കാൻ. പുതിനയില,  മല്ലിയില, പാർസലിയില എന്നിവയൊക്കെ ഇതിനായി ഉപയോഗിക്കാം. ഏറെ മൂർച്ചയുള്ള ഒരു കത്തി വേണം. പച്ചക്കറികളോ പഴവർഗങ്ങളോ ഭക്ഷണം അലങ്കരിക്കുവാൻ തെരഞ്ഞെടുക്കുമ്പോൾ അവയ്‌ക്ക്‌  ഉറപ്പുണ്ടാകണം. നിറം മങ്ങരുത്. പാടുകളോ മുറിവോ ഇല്ലാത്തവ വേണം. പച്ചക്കറികൾ കൊണ്ട്  പൂക്കൾ  തയ്യാറാക്കുമ്പോൾ അവ ഗൃഹാന്തരീക്ഷത്തിൽ സൂക്ഷിച്ചവ ആയിരിക്കണം.

ഇഷ്ടമുള്ള ചുരുളുകൾ  ആയി മുറിച്ച ശേഷം ഐസ് വാട്ടറിൽ മുക്കി വയ്‌ക്കണം. ഇത് അവയുടെ ആകൃതി അതേ പോലെ നിലനിർത്താൻ സഹായിക്കും. അവ നനഞ്ഞ ഒരു തുണിയിൽ പൊതിഞ്ഞു ഫ്രിഡ്‌ജിൽ സൂക്ഷിച്ച ശേഷം അലങ്കരിക്കാൻ ഉപയോഗിക്കാം. അലങ്കരിക്കാൻ ഉപയോഗിക്കുന്നവ ഭക്ഷ്യയോഗ്യമായ ചേരുവകൾ ആയിരിക്കണം. രുചി ഉള്ളതും  ഭംഗിയുള്ളതും ആയിരിക്കണം.   ക്യാരറ്റ്,  സലാഡ് വെള്ളരിക്ക,  ബീറ്റ്റൂട്ട്,  റാഡിഷ്‌,  തക്കാളി  എന്നിവയൊക്കെ ഭക്ഷണം  അലങ്കരിക്കാനായി ഉപയോഗിക്കാം. ഇവകൊണ്ട് പൂക്കൾ തയ്യാറാക്കാം. ക്യാബേജ്, തക്കാളി, ക്യാപ്‌സിക്കം, വെള്ളരിക്ക എന്നിവ കൊണ്ട്  കപ്പുകൾ ഉണ്ടാക്കി വിഭവങ്ങൾക്കു സമീപം വയ്ക്കാം. ഇടത്തരം  വലുപ്പമുള്ള  തക്കാളി തെരഞ്ഞെടുത്ത് അഞ്ചാറ് ദളങ്ങൾ  ആയി മുറിച്ചെടുക്കുക.  അരി നീക്കി, ഉപ്പു വിതറുക.

റാഡിഷ്‌ കൊണ്ട് റോസാപ്പൂവ് ഉണ്ടാക്കുവാൻ ആയി  വൃത്താകൃതിയിലോ  ഓവൽ  ആകൃതിയിലോ  ഉള്ള റാഡിഷ്‌ തെരഞ്ഞെടുക്കുക. ഞെട്ടിൽനിന്നും കാൽ ഇഞ്ചു വിട്ടു വേണം ദളങ്ങൾ മുറിക്കുവാൻ. ഇവ ഐസ് വാട്ടറിൽ ഇട്ട ശേഷം  ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.  ദളങ്ങൾ തുറന്ന് ഇരിക്കാൻ ഇത് സഹായിക്കും. പഴവർഗങ്ങൾകൊണ്ടും ഭക്ഷണം അലങ്കരിക്കാം. അവയും പുതുമ നഷ്‌ടപ്പെടാത്തവ ആയിരിക്കണം. തണ്ണിമത്തൻ സിഗ്സാഗ് ആകൃതിയിൽ മുറിച്ച്  ബാസ്‌കറ്റ്  തയ്യാറാക്കാം. ഇപ്രകാരം വിഭവങ്ങൾ  അലങ്കരിച്ച്, നയനാകർഷകമാക്കി വിളമ്പാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top