29 March Friday

'ജോലിയൊന്നും ആയില്ലേ...?' ഈ ചോദ്യമിനി വേണ്ട

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

കൊച്ചി> പഠിച്ചിറങ്ങിയാൽ പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും വക ഒരു ചോദ്യമാണ് ‘ജോലിയൊന്നും ആയില്ലേ...?'. ജോലി കിട്ടുംവരെ യുവാക്കളുടെ ബിപി ഉയർത്തുന്ന മറ്റൊരു ചോദ്യം വേറെയില്ല. ഈ ചോദ്യം അഭിമുഖീകരിക്കാത്ത യുവാക്കളും കുറവാണ്. യോഗ്യതയുണ്ടെങ്കിലും ‘തൊഴിൽരഹിതർ' എന്ന പട്ടികയിലേക്ക് കുറച്ചുനാളത്തേക്കെങ്കിലും തള്ളപ്പെടുന്നവരാണ് ഭൂരിഭാഗവും. ഈ സ്ഥിതി ആലുവ യുസി കോളേജിൽനിന്ന് പഠിച്ചിറങ്ങുന്ന ഒരു വിദ്യാർഥിക്കും ഉണ്ടാകരുതെന്നാണ് ഇവിടത്തെ പിള്ളേരുടെ ആഗ്രഹം. അതിനായി യുസി കോളേജ് യൂണിയൻ ‘ദിശ' എന്ന പേരിൽ ഒരു പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. അതിന്റെ പ്രവർത്തനവും ആരംഭിച്ചു.

എന്തൊക്കെ തൊഴിലവസരങ്ങളുണ്ടെന്നും അതിനുവേണ്ട യോഗ്യതകളെന്തെന്നും എങ്ങനെ തയ്യാറെടുക്കണമെന്നും ദിശയിലൂടെ യൂസിയൻ വിദ്യാർഥികൾക്ക് അറിയാനാകും. ആകർഷകമായ ബയോഡാറ്റ എങ്ങനെ തയ്യാറാക്കണം, അഭിമുഖത്തിൽ എങ്ങനെ പെരുമാറണം എന്നിങ്ങനെ തൊഴിൽ സംബന്ധിയായ നിരവധികാര്യങ്ങളാണ് വിദ്യാർഥികൾക്ക് ‘ദിശ' പകർന്നുനൽകുന്നത്. വിദ്യാർഥികളുടെ തൊഴിൽ സ്വപ്‌നങ്ങൾക്ക് നിറം പകരുന്ന ദിശ വിദ്യാർഥികളിലേക്കെത്തുന്നത് വിദ്യാർഥികളിലൂടെ തന്നെയാണ്. അതുകൊണ്ടുതന്നെ മികച്ച പ്രതികരണമാണ് ദിശയ്ക്ക് കലാലയത്തിൽ ലഭിക്കുന്നത്.

വിദ്യാർഥികളുടെ  തൊഴിൽ  സ്വപ്‌നങ്ങൾക്ക് നിറം പകരുന്ന ദിശ വിദ്യാർഥികളിലേക്കെത്തുന്നത് വിദ്യാർഥികളിലൂടെതന്നെയാണ്. അതുകൊണ്ടുതന്നെ  മികച്ച  പ്രതികരണമാണ്  ദിശയ്ക്ക്  കലാലയത്തിൽ  ലഭിക്കുന്നത്.
 

പിഎസ‌്സി, യുപിഎസ‌്സി പരീക്ഷകളെക്കുറിച്ച് കേട്ടറിവുണ്ടെങ്കിലും കോളേജ് പഠനത്തിനുശേഷമാണ് ഭൂരിഭാഗം വിദ്യാർഥികളും ഇതിനായി രജിസ്റ്റർ ചെയ്യുന്നതും തയ്യാറെടുക്കുന്നതും. അപ്പോഴെല്ലാം കുറച്ചുമുമ്പെയിത് ചെയ്യാമായിരുന്നുവെന്ന തോന്നലും ഇവരിലുണ്ടാകുക പതിവാണ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നാണ് യുസി കോളേജിലെ യൂണിയൻ ആഗ്രഹിക്കുന്നത്. പഠനത്തോടൊപ്പം ജോലിയെക്കുറിച്ചും ചിന്തിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നുമാണ് ഇവരുടെ മുദ്രാവാക്യം.

ഇനിയും പിഎസ‌്സി , യുപിഎസ‌്സി പരീക്ഷകൾക്ക്  രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് നൽകുകയായിരുന്നു ദിശയുടെ ആദ്യഘട്ടം. യുസിയുടെ സ്വന്തം കച്ചേരിമാളികയുടെ മുന്നിലായിരുന്നു രജിസ്‌ട്രേഷൻ. വിദ്യാർഥികളായി സുധീഷ് ശിവന്റെയും നീരജ് ദയാലിന്റെയും സുമിൽ കൂറ്റപ്പാലയുടെയും നേതൃത്വത്തിലായിരുന്നു രജിസ്‌ട്രേഷൻ. പ്രധാനമായും മൂന്നാംവർഷ ബിരുദ വിദ്യാർഥികളെ ലക്ഷ്യമിട്ടായിരുന്നു രജിസ്‌ട്രേഷൻ. രജിസ്‌ട്രേഷനൊപ്പം തൊഴിൽ വിജ്ഞാപനങ്ങളുടെ അറിയിപ്പുകൾ യഥാസമയം വിദ്യാർഥികളിലേക്കെത്തിക്കാനും ദിശയുടെ പ്രവർത്തകർ മുൻകൈയെടുക്കുന്നുണ്ട്. ആകർഷകമായി ബയോഡാറ്റ എങ്ങനെ നിർമിക്കണമെന്ന് വിദ്യാർഥികളെ പഠിപ്പിക്കാനും പിഎസ‌്സി പരീക്ഷയ്ക്കായി ക്ലാസുകൾ നൽകാനും ദിശ ലക്ഷ്യമിടുന്നുണ്ട്. വരും ദിവസങ്ങളിൽ ഇവയെല്ലാം നടപ്പാക്കാനാണ് യൂണിയൻ ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top