27 April Saturday

സങ്കരസംസ്കാരങ്ങളുടെ കഥാകാരി

ഡോ.ശരത് മണ്ണൂർUpdated: Tuesday Feb 26, 2019


അന്തർദേശീയ പ്രശസ്തി നേടിയ ബ്രിട്ടീഷ് എഴുത്തുകാരിയാണ് സാഡി സ്മിത്ത്  (Zadie Smith).  കന്നിനോവലിലൂടെത്തന്നെ  എഴുത്തിന്റെ  ലോകത്ത് തരംഗമായിമാറിയ എഴുത്തുകാരിയാണിവർ.  ബ്രിട്ടനിലെ പുതുതലമുറയിൽപ്പെട്ട  എഴുത്തുകാരുടെ പ്രതിനിധിയായ  സ്മിത്ത് നോവലിനു പുറമെ  ചെറുകഥ, ലേഖനം, സാഹിത്യനിരൂപണം എന്നീ മേഖലകളിലും ശ്രദ്ധേയസാന്നിധ്യമാണ്.  ന്യൂയോർക്ക് സർവകലാശാലയിലെ  ക്രിയേറ്റീവ് റൈറ്റിംഗ് വിഭാഗത്തിൽ ഇപ്പോൾ പ്രൊഫസറായി സേവനമനുഷ്ഠിക്കുകയാണ്  അവർ.

1975 ൽ വടക്കുപടിഞ്ഞാറൻ ലണ്ടനിലെ  ബ്രെന്റ് പ്രവിശ്യയിലാണ്  സാഡി സ്മിത്ത്  ജനിച്ചത്.  അവരുടെ അച്ഛൻ ബ്രിട്ടീഷ് പൗരനും  അമ്മ  ജമൈക്കൻ വംശജയുമായിരുന്നു. കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും  ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ സ്മിത്ത്  വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ എഴുതിത്തുടങ്ങി. കഥകളായിരുന്നു  ഏറെയും. സർവകലാശാലയുടെ പ്രശസ്തമായ ജേണലുകളിലൂടെ  അവ വെളിച്ചം കണ്ടു.

ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് സാഡി സ്മിത്ത്  തന്റെ  ആദ്യ നോവൽ  ‘വൈറ്റ് ടീത്ത് '  എഴുതാനാരംഭിക്കുന്നത്.  ഒരു കഥയായിട്ടാണ്  എഴുതി തുടങ്ങിയതെന്ന് ഒരഭിമുഖത്തിൽ സ്മിത്ത്  വെളിപ്പെടുത്തുന്നുണ്ട്. പക്ഷെ എഴുതിവന്നപ്പോൾ എൺപതു പേജായി.  അത്രയും ഭാഗം വായിച്ച സർവകലാശാലയിലെ സുഹൃത്തുക്കളുടെ   പ്രോത്സാഹനം കൂടിയായപ്പോൾ  പിന്നെ എഴുത്ത് നിർത്തിയില്ല. അങ്ങനെയാണ് അതൊരു നോവലായി പരിണമിക്കുന്നത്.  2000 ൽ  പ്രസിദ്ധീകരിച്ച ഈ നോവൽ സ്മിത്തിനെ  ദേശീയ പ്രശസ്തിയിലേക്കുയർത്തി. കോമൺവെൽത്ത് റൈറ്റേഴ്‌സ് പ്രൈസ് , വൈറ്റ് ബേർഡ് ഫസ്റ്റ് നോവൽ അവാർഡ്, ഗാർഡിയൻ ഫസ്റ്റ് ബുക്ക് അവാർഡ്  തുടങ്ങി   നിരവധി  പ്രശസ്തമായ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ  'വൈറ്റ് ടീത്ത് ' ഇരുപതോളം  ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2002 ൽ സ്മിത്തിന്റെ രണ്ടാമത്തെ നോവൽ 'ദി ഓട്ടോഗ്രാഫ് മാൻ’   വെളിച്ചം കണ്ടു.  ഓട്ടോഗ്രാഫ്  വിറ്റ്  ഉപജീവനമാർഗം കണ്ടെത്തുന്ന അലക്സി ലീ  എന്ന  ജൂത - ചൈനീസ്  സങ്കരസന്തതിയാണ്  ഇതിലെ  നായകൻ.  ക്വാർട്ടർലി ലിറ്റററി പ്രൈസ് നേടിയ ഈ നോവലിലും  സങ്കര സംസ്കാരത്തിന്റെ വിവിധങ്ങളായ പ്രശ്നങ്ങൾ തന്നെയാണ്   പരിശോധിക്കപ്പെടുന്നത്. 

സ്മിത്തിന്റെ   മറ്റൊരു ശ്രദ്ധേയ നോവൽ  2005 ൽ പുറത്തുവന്ന 'ഓൺ ബ്യൂട്ടി'യാണ് .  എഴുത്തുകാരിയെ   വളരെയേറെ  സ്വാധീനിച്ച  ഇ എം ഫോസ്‌റ്ററുടെ ‘ഹൊവാർഡ് എൻഡ് 'എന്ന കൃതിയെ അടിസ്ഥാനമാക്കി രചിച്ച ഈ നോവലിന്  ആ വർഷത്തെ പ്രശസ്തമായ ഓറഞ്ച് പുരസ്കാരം ലഭിച്ചു.  വടക്കു പടിഞ്ഞാറൻ  ലണ്ടന്റെ പശ്ചാത്തലത്തിൽ രചിച്ച ‘എൻ ഡബ്ലിയൂ' , ലണ്ടനും ന്യൂയോർക്കും പടിഞ്ഞാറൻ ആഫ്രിക്കയും പശ്ചാത്തലമായി വരുന്ന ‘സ്വിങ് ടൈം' എന്നിവയാണ് സ്മിത്തിന്റെ  പ്രശസ്തമായ മറ്റു നോവലുകൾ. ഇവയ്ക്കു പുറമെ കഥാ സമാഹാരമായ ‘പീസ് ഓഫ് ഫ്‌ലഷ് ', ലേഖന സമാഹാരങ്ങളായ , ‘ചെയ്ഞ്ചിങ്ങ്  മൈ മൈൻഡ് - ഓക്കേഷണൽ  എസ്സേയ്‌സ് ',  ‘ഫീൽ  ഫ്രീ'  എന്നിവയും സ്മിത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട പുസ്തകങ്ങളാണ്.

നോവലെഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം   മനസ്സുഖം നൽകുന്ന, ആയാസരഹിതമായ  ഒരു പ്രക്രിയയല്ലെന്ന്   കഥാകാരി വെളിപ്പെടുത്തിയിട്ടുണ്ട്.  ഒരു നീണ്ട  മത്സരഓട്ടം പോലെ  മനസ്സിനേയും  ശരീരത്തേയും   തളർത്തുന്ന  ഒരു പ്രവൃത്തിയാണത് . അതവരുടെ ചിന്തകളെ   സങ്കീർണവും  സംഘർഷാത്മകവുമാക്കുന്നു.  അത്തരമൊരവസ്ഥയിൽനിന്നും മനസ്സ് സ്വസ്ഥമാകുന്നത് ലേഖനങ്ങൾ എഴുതുമ്പോഴാണെന്നാണ്  അവർ പറയുന്നത്. വിരസവും ക്ഷീണിപ്പിക്കുന്നതുമായ ദീർഘയാത്രക്കിടയിൽ  ഒരു കഫേ കാണുമ്പോഴുള്ള  സുഖവും സന്തോഷവുമാണ്   ലേഖനമെഴുത്ത് നൽകുന്നത്. അതുകൊണ്ടുതന്നെ നോവലെഴുത്തിനിടയിലെ ചെറിയ ഇടവേളകളിലാണ്  അവർ ലേഖനരചനക്കുള്ള   സമയം കണ്ടെത്തുന്നത്.   പൊതുവെ സ്മിത്തിന്റെ നോവലുകൾ ദൈർഘ്യമേറിയവയാണ്. മിക്കതും നാനൂറിലധികം പേജുകളുണ്ട് . അവരുടെ കഥകൾ മിക്കതും നോവലെറ്റുപോലെ ദൈർഘ്യമുള്ളവയാണ്.   എങ്കിലും ഓരോ രചനയും വായനക്കാരെ  തൃപ്തിപ്പെടുത്തുന്നതാണെന്ന്  അവയ്ക്ക് ലഭിക്കുന്ന ജനപ്രീതി സാക്ഷ്യപ്പെടുത്തുന്നു.

ചടുലമായ സംഭാഷണങ്ങൾ, മടുപ്പുളവാകാത്ത ആഖ്യാനരീതി, ഫലിതത്തിന്റേയും സാമൂഹ്യ വിമർശത്തിന്റേയും നൈസർഗികമായ സന്നിവേശം, കഥാപാത്ര സൃഷ്ടിയിലെ സൂക്ഷ്മത എന്നിവ സ്മിത്തിന്റെ രചനകളെ വായനക്കാരോടടുപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ്. 

ബ്രിട്ടീഷ് നോവലിന്റെ ഏറ്റവും പുതിയ കാലത്തെയാണ്   സാഡി  സ്മിത്ത് പ്രതിനിധീകരിക്കുന്നത്. എങ്കിലും ഈ കാലഘട്ടത്തിന്റെ അനിവാര്യതയെന്നു  പറയാവുന്ന  സാമൂഹ്യ മാധ്യമങ്ങളെ ഇവർ   ഏറെയൊന്നും  ഇഷ്ടപ്പെടുന്നില്ലെന്നതാണ്  സത്യം. "സോഷ്യൽ മീഡിയയിൽ  എനിക്ക് താത്പര്യമൊന്നുമില്ല.  ഫോണുകൾ എനിക്ക്  അത്യാവശ്യമാണെന്നു  തോന്നിയിട്ടില്ല. അതേസമയം അതുപയോഗിക്കുന്നവരെയും അതിൽ ആനന്ദം കണ്ടെത്തുന്നവരെയും ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. വ്യക്തികൾ പല തരക്കാരാണല്ലോ. അതുകൊണ്ടുതന്നെ  ഇതുപോലെയുള്ള വൈജാത്യങ്ങളും  വൈചിത്ര്യങ്ങളും സ്വാഭാവികം.’  നിലപാടുകളിലെ ഈ കണിശത സ്മിത്തിന്റെ  എഴുത്തിലും പ്രതിഫലിക്കുന്നുണ്ട്. അതുകൊണ്ടുകൂടിയായിരിക്കാം   മറ്റ്  സമകാലിക ബ്രിട്ടീഷ് രചനകളിൽ നിന്നും അവ വ്യതിരിക്തമാകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top