26 April Friday

മനികേ മാഗെ ഹിതേ...

ഹേമലതUpdated: Sunday Nov 27, 2022

 hemalathajeevan@gmail.com

ദേശ, ഭാഷകളുടെ അതിർ വരമ്പുകൾ ഭേദിച്ച്‌ ഹൃദയത്തിലേക്ക്‌ പടർന്നു കയറിയ സംഗീതം,  മനികേ മാഗെ ഹിതേ...
"മനികേ മാഗെ ഹിതേ...’ (എന്റെ ഹൃദയത്തിലെ കുഞ്ഞേ, എല്ലാ വികാരഭരിതമായ ചിന്തകളും നിന്നെക്കുറിച്ചാണ്...’)  തനിക്ക്‌ ഏറ്റവും പ്രീയപ്പെട്ടവരെക്കുറിച്ചുള്ള ഈ സിംഹള ഗാനം, ഭാഷയുടെ അപരിചിതത്വം അവഗണിച്ച് ലോകം എമ്പാടുമുള്ള സംഗീത പ്രേമികൾ ഏറ്റുപാടി. വ്യത്യസ്ത ആലാപവും ഇമ്പമുള്ള ശബ്‌ദവും വാത്സല്യം തോന്നുന്ന മുഖവുമായി യൊഹാനി ഡിസിൽവ എന്ന ശ്രീലങ്കൻ ഗായിക  ദശലക്ഷങ്ങളുടെ ഹൃദയത്തിലേക്ക്‌ ഒരിളംതെന്നലായ് വന്ന് കൊടുങ്കാറ്റായ് വീശിയടിക്കുകയായിരുന്നു. യുട്യൂബിൽ മാത്രം മൂന്നു കോടിയിലധികം ജനങ്ങളാണ്‌ യൊഹാനിയെ പിന്തുടരുന്നത്‌. ഇൻസ്‌റ്റഗ്രാം റീൽസിൽ ലക്ഷങ്ങളാണ്‌ യൊഹാനിയുടെ പാട്ടിന്‌ ചുവടുവച്ച് സ്വയം മറക്കുന്നത്. 

1993 ജൂലൈ 30ന്‌ കൊളംബോയിലാണ്‌ ജനനം. മാതാപിതാക്കളായ ഡിനിത്തി ഡിസിൽവയും പ്രസന്ന ഡിസിൽവയും സംഗീതവുമായി ബന്ധമില്ലാത്തവരാണ്‌. പിതാവ്‌ പ്രസന്ന ഡിസിൽവ ശ്രീലങ്കൻ സൈന്യത്തിൽ മേജർ ജനറലും അമ്മ ഡിനിത്തി ശ്രീലങ്കൻ എയർലൈൻസിലെ എയർ ഹോസ്‌റ്റസുമായിരുന്നു. സഹോദരി ഷവിന്ദ്രി ഡിസിൽവ മെഡിക്കൽ വിദ്യാർഥിയാണ്‌. സംഗീതവുമായി ബന്ധമില്ലെങ്കിലും പാട്ട്‌ കേൾക്കാൻ ഒരുപാട്‌ ഇഷ്‌ടമുള്ള കുടുംബമാണ്‌. ചെറുപ്പത്തിൽ അമ്മയാണ്‌ പിയാനോ പഠിക്കാൻ പ്രേരിപ്പിച്ചത്‌. പിന്നീട്‌ യുട്യൂബിൽനിന്ന്‌ ഗിത്താർ പഠിച്ചു. പക്ഷെ എല്ലാം പാഠ്യേതര പ്രവർത്തനങ്ങളായി ഒരു ഭാഗത്ത്‌ മാറ്റിവച്ചിരുന്നു. 

2019 വരെ അക്കൗണ്ടിങ്ങും ലോജിസ്‌റ്റിക്കും തലയിലേറ്റിയ ഒരു സാധാരണ പെൺകുട്ടിയായിരുന്നു യൊഹാനിയും. യുട്യൂബർ എന്ന നിലയിലാണ് സംഗീത ജീവിതം ആരംഭിച്ചത്. ആദ്യമായി അവതരിപ്പിച്ച ‘ദേവിയാങ്കേ ബാരെ' എന്ന റാപ്പ് കവറിന് വളരെ വേഗം അംഗീകാരം നേടിയെടുക്കാൻ കഴിഞ്ഞു. പാട്ടിന്റെ നിരവധി കവറുകൾ പുറത്തിറങ്ങിയതാടെ ശ്രീലങ്കയുടെ "റാപ്പ് രാജകുമാരി’ എന്ന പദവിയിലേക്ക്‌ ഉയർത്തപ്പെട്ടു. ഇതോടെ നിരവധി ഷോകൾ ചെയ്യാനും അവസരം ലഭിച്ചു. പാട്ട്‌ എഴുതി സംഗീതം നൽകി അവതരിപ്പിക്കുന്നതോടൊപ്പം മോഡലിങ്ങും ചെയ്‌തു. 2020ൽ പഠനത്തിനായി ലണ്ടനിൽ പോയതോടെ സംഗീതവുമായി കൂടുതൽ അടുത്തു. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ തന്റെ ആരാധകരെ പിടിച്ചുനിർത്താനായി ഓൺലൈനിൽ സജീവമായി. 2020 ജൂലൈയിൽ ശ്രീലങ്കയിലെ ലോക്‌ഡൗൺ  സമയത്ത് ചമത് സംഗീത് നിർമിച്ചതാണ് മണികെ മാഗെ ഹിതേ എന്ന  ഗാനം. ഹസിത് ആര്യൻ (ഹസിത വിതനഗെ) സംവിധാനം ചെയ്ത ഈ ഗാനം ആലപിച്ചത് സതീശൻ രത്‌നായകയും ദുലനും ചേർന്നാണ്. ഇത്‌ റീമേക്ക്‌ ചെയ്‌തതാണ്‌ യൊഹാനി പാടി ഹിറ്റാക്കിയത്‌. "മണികെ മാഗെ ഹിതേ’ എന്ന കവറിന് ആഗോള അംഗീകാരം ലഭിച്ചതോടെ ഗ്രാഫ്‌ വല്ലാതെ ഉയർന്നു.

3.44 ദശലക്ഷം വരിക്കാരെ മറികടക്കുന്ന ആദ്യത്തെ ശ്രീലങ്കൻ വനിതാ ഗായികയായി അവർ മാറി. പാട്ട്‌ ബോളിവുഡ്‌ ഏറ്റെടുത്തു. അമിതാബ്‌ ബച്ചൻ യൊഹാനിയുടെ പാട്ടിനെ പ്രകീർത്തിച്ച്‌ ട്വീറ്റ്‌ ചെയ്‌തു. സൽമാൻ ഖാൻ, പ്രിയങ്കചോപ്ര തുടങ്ങിയവരും  ആരാധകരായി. പല ഭാഷകളിലേക്ക്‌ മൊഴിമാറ്റം ചെയ്യപ്പെട്ട പാട്ടിലൂടെ പ്രീയപ്പെട്ടവരെക്കുറിച്ച്‌ ലോകമെമ്പാടുമുള്ളവർ പാടി നടന്നു.
ഹിന്ദിയിലേക്ക്‌ മൊഴിമാറ്റം ചെയ്‌ത പാട്ട്‌ പാടാനായി യൊഹാനി ഇന്ത്യയിലേക്ക്‌ ക്ഷണിക്കപ്പെട്ടു. ‘താങ്ക്‌ ഗോഡ്‌’ എന്ന സിനിമയിൽ യൊഹാനിയും ജുബിൻ നോട്ട്‌യാലും ചേർന്ന്‌ ആലപിച്ച ഗാനത്തിന്‌ സിദ്ധാർഥ്‌ മൽഹോത്രയും നോറ ഫത്തേഹിയും ചുവടുവച്ച്‌ വൻ ഹിറ്റാക്കി.

ബോളിവുഡ് ഗാനങ്ങൾ ആലപിക്കാനായി യോഹാനി ഹിന്ദിയും പഠിച്ചു. മുംബൈയിലാണ് ഇപ്പോൾ താമസം. ‘റുവ നാരി മണമാലി സുകുമാലീ നുംബ താമാ...’ നിങ്ങൾ ഒരു ദേവതയെപ്പോലെയാണ്... സംഗീതം ഇഷ്‌ടപ്പെടുന്നവർ യൊഹാനിയെയും അവളുടെ പാട്ടിനെയും ഹൃദയത്തോട് ചേർന്ന് നിർത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top