ആഴങ്ങളിൽ നീന്തിത്തുടിക്കാൻ തുടങ്ങിയ നാൾമുതൽ പതഞ്ഞുപൊങ്ങിയത് സിനിയുടെ ജീവിതംകൂടിയാണ്. പ്രതിസന്ധികളെ തുഴഞ്ഞകറ്റി ജീവിതനിറം മാറ്റിയ ആഹ്ലാദത്തിലാണ് ഇന്നവൾ. ഉയരങ്ങൾ ഇനിയും താണ്ടുമെന്ന ആത്മവിശ്വാസത്തിന്റെ പേരാണ് കോട്ടപ്പുറത്ത് സിനി കെ സെബാസ്റ്റ്യൻ. ജർമനിയിലെ കൊളോണിൽ നടന്ന ഭിന്നശേഷിക്കാരുടെ ലോക ഡ്വാർഫ് ഗെയിംസിൽ രാജ്യത്തിന്റെ മെഡൽ വേട്ടക്കാരിൽ പ്രധാനി. നാല് സ്വർണവും ഒരു വെള്ളിയുമാണ് ഇടുക്കിയുടെ മിടുക്കിയായ മുപ്പത്തൊമ്പതുകാരി വാരിക്കൂട്ടിയത്.
ജീവിതം തിരുത്തിയ സന്ദേശം
ലോകവേദി കീഴടക്കിയതിന് പിന്നിൽ രണ്ട് വർഷത്തെ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. വണ്ണപ്പുറം ഒടിയപാറ കൊട്ടപ്പുറത്ത് കെ എസ് ദേവസ്യയുടെയും മേരിയുടെയും മകൾക്ക് നീന്തൽ ജന്മനാ കിട്ടിയ കഴിവല്ല. അവസരം വന്നപ്പോൾ ആഗ്രഹത്തിന്റെ ആലയിൽനിന്ന് മൂർച്ചകൂട്ടിയെടുത്തതാണ്. 2021 ഡിസംബറിൽ സിനി അംഗമായിട്ടുള്ള ഭിന്നശേഷിക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ വന്ന ഒരു മെസേജാണ് നാല് ചുവരുകൾക്കിടയിൽ ഒതുങ്ങിപ്പോയേക്കുമായിരുന്ന സിനിയുടെ ജീവിതം തിരുത്തിയെഴുതിയത്. നീന്തൽ പഠിക്കാൻ ഇഷ്ടമുള്ളവരുണ്ടോ? തൃശൂർ ദർശന ക്ലബ്ബിന്റെ നേതൃത്വമായ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ ഔദ്യോഗിക ഗ്രൂപ്പിലിട്ട ഈ മെസേജിന് സിനിക്ക് ഒരു മറുപടിയേ ഉണ്ടായിരുന്നുള്ളു. "ഞാനുണ്ട്". പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്ന്. ആറ് പെൺകുട്ടികളാണ് നീന്തൽ പഠിക്കാനിറങ്ങിയത്. ആദ്യ ശ്രമങ്ങളിൽ അഞ്ച് മിനിറ്റ് പോലും നീന്താനായില്ല. അവിടെ 15 ദിവസത്തെ പരിശീലനം ലഭിച്ചു.
ആഗ്രഹം ബാക്കിയാക്കി അച്ഛൻ
അച്ഛന് എന്നും വലിയ ആഗ്രഹമായിരുന്നു ഞാൻ എന്തെങ്കിലും ആയിത്തീരണമെന്ന്. പക്ഷേ അത് സാധിച്ചത് കാണാൻ അച്ഛനിന്നില്ല. ചെറുപ്പം മുതൽ അച്ഛന്റെ തോളിലേറിയായിരുന്നു സ്‍കൂളിൽ പോകുന്നതും മറ്റ് യാത്രകളും. സിനി പറയുന്നു. ആദ്യ പരിശീലനത്തിനിടയ്‍ക്കാണ്, മോളെ ഒന്ന് കാണണമെന്ന് പറഞ്ഞ് അച്ഛൻ വിളിപ്പിക്കുന്നത്. അധികം വൈകാതെ അച്ഛന്റെ മരണം. നീന്തൽ മെച്ചപ്പെടുത്തണമെന്ന വാശിയായിരുന്നു പിന്നീട് മനസ്സിൽ. വീടിനടുത്തെങ്ങും പരിശീലിക്കാൻ സ്ഥലമില്ല. വണ്ടമറ്റത്തെ അക്വാട്ടിക് സെന്ററിൽ ബേബി വർഗീസ് സൗജന്യമായി പരിശീലിക്കാൻ അവസരമൊരുക്കി. രണ്ട് മാസത്തോളം അടിസ്ഥാന കാര്യങ്ങൾ പഠിപ്പിച്ചു. അതിലൂടെ 2022തുടക്കത്തിൽ ഇരിങ്ങാലക്കുടയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നാല് സ്വർണമെഡൽ നേടി.
രാജ്യശ്രദ്ധയിലേക്ക്
അതേവർഷം തന്നെ മാർച്ച് 24മുതൽ 27വരെ രാജസ്ഥാനിലെ ഉദയ്‍പുരിൽ നടന്ന നാഷ്‍ണൽ പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ ബ്രെസ്റ്റ് സ്ട്രോക്കിലും ഫ്രീ സ്‌റ്റൈലിലും മത്സരിച്ചു. മൂന്നാം സ്ഥാനമായിരുന്നു ഫലം. സാങ്കേതിക തികവില്ലായ്‍മയാണ് മെഡൽ നഷ്‍ടപ്പെടുത്തിയത്. ശേഷം തൃശൂർ പുറനാട്ടുകര ജാസ്‌നോ എഡ്യൂസെന്ററും ദർശന ക്ലബും സൗജന്യ പരിശീലനം നൽകി. എന്നാൽ താമസത്തിനും ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സ്‌പോൺസർമാരെ കണ്ടെത്തണമായിരുന്നു. ഞാറക്കാട് സെന്റ് ജോസഫ് പള്ളി വികാരി ഫാ. ആന്റണി ഓവേലിലാണ് സിനിയെ ലയൺസ് ക്ലബ്ബിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. വണ്ണപ്പുറം ടൗൺ ലയൺസ് ക്ലബ്ബും പിന്നീട് മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പുമാണ് രാജസ്ഥാനിലേക്കും അസമിലേക്കും സിനിക്കൊപ്പമുണ്ടായിരുന്നത്. ജർമനിയിലെ ലോകവേദിയിലേക്ക് കൈപിടിച്ചത് കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിൽക്കണ്ടത്തിലും. നവംബർ 11ന് അസമിൽ നടന്ന ദേശീയ മത്സരത്തിൽ 50 മീറ്റർ ബ്രെസ്റ്റ് സ്‌ട്രോക്കിൽ രണ്ടാമതെത്തി.
ലോകവെളിച്ചം വീഴുന്നു
അസമിലെ വെള്ളിനേട്ടമാണ് സിനിയെ ജർമനി കൊളോണിൽ നടന്ന എട്ടാമത് ലോക ഡ്വാർഫ് ഗെയിംസ് വേദിയിലെത്തിച്ചത്. ദേശീയപതാക മാറോട് ചേർത്തത് പറഞ്ഞറിയിക്കാനാകാത്ത അനുഭവമായിരുന്നു. സിനി പറഞ്ഞു. 26ലേറെ രാജ്യങ്ങളിൽനിന്ന് 500ലേറെ താരങ്ങൾ മാറ്റുരച്ച മത്സരത്തിലാണ് രാജ്യത്തിന്റെ പേരെഴുതി സിനി മടങ്ങിയത്. ഫ്രീ സ്റ്റൈൽ 25, 50 മീറ്ററിലും ജാവലിൻ, ഡിസ്‍കസ് ത്രോകൾക്കാണ് സ്വർണം. ഷോട്ട്‍പുട്ട് എറിഞ്ഞ് വെള്ളിയും നേടി. നീന്തലിന് പുറമേ ജാവലിനും ഡിസ്‍കസും ഷോട്ട്പുട്ടും പഠിച്ചതും ദർശന ക്ലബ്ബിൽനിന്ന് തന്നെയാണ്. ബിനു മുരുകനും അജിലും ചേർന്നാണ് പരിശീലനം.
സാമ്പത്തികം വില്ലൻ
സൗജന്യ പരിശീലനം നൽകാൻ ആളുകളുണ്ടെങ്കിലും മറ്റ് ചെലവുകൾക്ക് പണം കണ്ടെത്തുക വലിയ വെല്ലുവിളിയായിരുന്നു. പി ടി ഉഷയെപ്പോലെ ലോകമറിയുന്ന താരമാകണം. ഇതെല്ലാം ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും കാര്യമുണ്ടോ എന്ന് പലരും ചോദിച്ചു. അവരുടെ മുന്നിൽ തെളിയിച്ച് കാണിക്കണം. നീന്തലിലേക്ക് ഇറങ്ങിയതുമുതൽ ജീവിതം മുഴുവൻ മാറി. സ്വന്തമായി എല്ലാം ചെയ്യാനാകുമെന്ന ആത്മവിശ്വാസമായി. സിനി പറയുന്നു. എന്നെപ്പോലെയുള്ള കുട്ടികൾക്ക് ഒരു പ്രചോദനമാകാൻ സാധിച്ചാൽ അതിയായ സന്തോഷമാകും. അമ്മ മേരിയും സഹോദരങ്ങളായ രാജു, ഷിജു, സോനു എന്നിവരും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്. സോനുവും ഫാ. സോളമൻ കടമ്പാട്ടുപറമ്പിലുമാണ് കൊളോണിലെ മത്സരങ്ങൾക്ക് കൂടെ ഉണ്ടായിരുന്നത്. സോനു ചേച്ചിയുടെ മത്സരവേദികളിലെ സന്തതസഹചാരിയാണ്. നേട്ടത്തിന് ശേഷം നാട്ടിലെ താരമാണ് സിനി. ലോക മത്സരത്തിനുശേഷം നാടൊന്നാകെ വലിയ സ്വീകരണം നൽകിയിരുന്നു.
കാടുകേറണം വീട്ടിലേക്ക്
ഒടിയപാറ ജങ്ഷനിലെത്തിയാൽ കൂപ്പ് റോഡിലൂടെ രണ്ട് കിലോമീറ്ററോളം നടക്കണം. ഇരുവശങ്ങളിലും വനമാണ്. അൽപ്പം ചെന്നാൽ കുറുകേ തോട്. മഴക്കാലത്ത് നിറഞ്ഞ് വെള്ളമൊഴുകും. ഇതും കടന്നെത്തുന്നത് സഞ്ചാരയോഗ്യമല്ലാത്ത റോഡിലേക്കാണ്. ചെറുകയറ്റങ്ങളും കയറിയെത്തിയാൽ സിനിയുടെ വീടായി. ഇത് സ്വന്തം വീടാണ്. മുമ്പ് കിലോമീറ്ററുകൾ അപ്പുറം കാളിയാറിൽ വാടകയ്‍ക്കായിരുന്നു താമസം. ഇപ്പോൾ വീട് മുത്തൂറ്റ് ഗ്രൂപ്പ് സ്‍പോൺസർ ചെയ്യാമെന്ന വാക്കുകളിലെ ആഹ്ലാദത്തിലാണ് സിനിയും കുടുംബവും. സർക്കാർ ജോലിയെന്ന സ്വപ്‍നവും ഈ പത്താംക്ലാസുകാരിക്കുണ്ട്. അടുത്തവർഷം പാരാലിംപിക്‍സിനുള്ള തയ്യാറെടുപ്പിലാണ് സിനി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..