26 April Friday

സമരത്തീയിൽ പിറന്ന സ്നേഹത്തണൽ

വി എസ് വിഷ്ണു പ്രസാദ് vishnuvsprasad@gmail.comUpdated: Sunday Mar 5, 2023


സർക്കാർ ഓഫീസുകളിൽ ഉൾപ്പെടെ ജോലിനേടി തലസ്ഥാനത്തെത്തുന്ന വനിതകൾക്ക്‌ തണലേകുന്ന ഒരു സ്ഥാപനമുണ്ട്‌. പിഎംജിയിലെ  ‘വർക്കിങ്‌ വിമൻസ്‌ ഹോസ്റ്റൽ’. ഒരു വാടക വീട്ടിൽനിന്ന്‌ ആരംഭിച്ച്‌ സ്വന്തംനിലയിൽ വളർന്ന സ്ഥാപനത്തിന്റെ പിന്നിൽ ചരിത്രമുണ്ട്‌. വെറും ചരിത്രമല്ല, കേരളത്തിലെ സർക്കാർ സർവീസ് രംഗത്ത്‌ ആചരിച്ചുപോന്നിരുന്ന  ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കിയ തീപാറുന്ന പോരാട്ടത്തിന്റെ ചരിത്രം.
1973ലെ സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽനിന്നാണ് ‘വർക്കിങ്‌ വിമൻസ്‌ ഹോസ്റ്റൽ’ എന്ന ആശയം ഉയർന്നുവന്നത്‌. ഇന്ന്‌ ഇതൊരു സ്ഥാപനമാണെങ്കിൽ അന്ന്‌ പണിമുടക്കിയ സ്‌ത്രീകൾക്ക്‌ ആവശ്യവും ആശ്രയവുമായിരുന്നു.

1973ലെ പണിമുടക്കിനെക്കുറിച്ചും വർക്കിങ്‌ വിമൻസ്‌ ഹോസ്റ്റൽ രൂപീകരിക്കാനുണ്ടായ കാരണങ്ങളെക്കുറിച്ചും ഓർമയുള്ളവരിൽ ചുരുക്കം ചിലരേ ഇന്നുള്ളൂ. അവരിൽ പ്രധാനിയാണ്‌ അന്നത്തെ സമരപോരാളിയായ കെ ആർ ഭാനുമതി. വർക്കിങ്‌ വിമൻസ്‌ ഹോസ്റ്റൽ രൂപീകരിച്ചതുമുതലുള്ള ഭരണസമിതിഅംഗമായ ഭാനുമതി ഓർമകൾക്കൊപ്പം സഞ്ചരിക്കുകയാണ്‌. 

1973ലെ പണിമുടക്ക്‌ കാലം. താമസിക്കാൻ ഒരിടമില്ലാതെ അലഞ്ഞ ഞങ്ങൾ  അഞ്ചുസ്‌ത്രീകൾ വഴുതക്കാട്ടെ ഒരു പഴയകെട്ടിടത്തിന്റെ തറയിൽ പായവിരിച്ച്‌ ഉറങ്ങിയതുമുതലാണ്‌  ‘വർക്കിങ്‌ വിമൻസ്‌ ഹോസ്റ്റൽ’ എന്ന ആശയം ഉണ്ടാകുന്നത്‌. 1990ൽ ഹോസ്റ്റലിന്‌ ഇന്നുകാണുന്ന സ്വന്തം കെട്ടിടം ഉണ്ടായി. എല്ലാത്തിനും കരുത്തേകിയത്‌ ആ പണിമുടക്കും തുടർന്നുള്ള പിരിച്ചുവിടലുമായിരുന്നു. 

‘‘നാവടക്കൂ..പണിയെടുക്കൂ’’ എന്ന തിട്ടൂരമായിരുന്നു അക്കാലത്ത്‌ സർക്കാർ ഓഫീസുകളിൽ. ജീവനക്കാർ മേലുദ്യോഗസ്ഥർക്കുമുന്നിൽ ഓച്ഛാനിച്ചുനിൽക്കണം. എതിർവാ മിണ്ടിയാൽ സസ്‌പെൻഷൻ അല്ലെങ്കിൽ അച്ചടക്കനടപടി. അതിൽനിന്ന്‌ മോചനം നേടിയേ പറ്റൂ എന്ന്‌ എൻജിഒ യൂണിയൻ ഉൾപ്പെടെയുള്ള ഇടതുസംഘടനകൾ തീരുമാനമെടുത്തു. എങ്ങും സമരത്തിന്റെ അലയൊലി. 

ഇ പത്മനാഭൻ എന്ന ധീരനേതാവിന്റെ കീഴിൽ എൻജിഒ യൂണിയൻ സജീവമായി. പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തു. ജനുവരി 10ന്‌ സമരം തുടങ്ങി. 54 ദിവസം നീണ്ടു. പണിമുടക്കിയവരെ ഒരു ചർച്ചയുംകൂടാതെ പിരിച്ചുവിട്ടു. സജീവമായിനിന്ന സമരനേതാക്കളെയെല്ലാം ജയിലിലടച്ചു. അല്ലാത്തവർക്ക്‌ ജീവിക്കാനും സുരക്ഷയ്‌ക്കും ഒരു മാർഗവുമില്ലാതിരുന്ന കാലം. വനിതകളാണ്‌ അക്കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടിയത്‌. താമസിക്കാൻപോലും സ്ഥലമില്ലാതെ അലഞ്ഞു. ഞാൻ സർവീസിൽ കയറിയിട്ട്‌ ആറുമാസം ആകുമ്പോഴാണ്‌ പണിമുടക്ക്‌.  പിരിച്ചുവിട്ടതോടെ നിലനിൽപ്പുതന്നെ ഭീഷണിയിലായി. ഭക്ഷണംപോലും കിട്ടാനില്ലാത്ത അവസ്ഥ. പക്ഷേ, പൊതുജനം  സമരത്തിനൊപ്പംനിന്നു. അവർ മ്യൂസിയംവളപ്പിൽ കഞ്ഞിവച്ചു. നെടുമങ്ങാട്‌ ഉൾപ്പെടെയുള്ള മലയോരങ്ങളിൽനിന്ന്‌ കർഷകർ സൈക്കിളിൽ കപ്പ കൊണ്ടുവന്ന്‌ പുഴുങ്ങിത്തന്ന്‌ സമരക്കാരെ ഊട്ടി. ഒടുവിൽ മ്യൂസിയംവളപ്പിലെ കഞ്ഞിവയ്‌പ്‌ അധികൃതർ നിർത്തലാക്കി.

ദേവകി വാര്യരുടെ നേതൃത്വത്തിൽ വനിതാ ജീവനക്കാരുടെ ഒരു കൂട്ടായ്‌മയുണ്ടായിരുന്നു. സമരക്കാരായ ഓമന, ശശികുമാരി എന്നിവർ ആ കൂട്ടായ്‌മയിൽ സജീവമായിരുന്നു. വഴുതക്കാട്‌ ആകാശവാണിയുടെ സമീപം ഒരു പഴയകെട്ടിടം കണ്ടെത്തി. ഞങ്ങളിൽ അഞ്ചുപേർ അവിടെ താമസമാക്കി. ഞങ്ങൾ സമരക്കാരായതിനാൽ സർക്കാർ അനുകൂലികൾ ഇടപെട്ട്‌ ആ കെട്ടിടത്തിന്റെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. അത്‌ പുനഃസ്ഥാപിക്കാൻ അക്കാലത്തെ 500 രൂപ കണ്ടെത്തേണ്ടിയിരുന്നു. ഡോ. ജേക്കബ്‌ ഈപ്പൻ സാറാണ്‌ പണം നൽകി സഹായിച്ചത്‌.

കെ ആർ ഭാനുമതി  നിലവിലെ ഭാരവാഹികളായ ഗിരിജാമണിക്കും ഗീതാഗോപാലിനുമൊപ്പം  ഹോസ്‌റ്റലിനുമുന്നിൽ

കെ ആർ ഭാനുമതി നിലവിലെ ഭാരവാഹികളായ ഗിരിജാമണിക്കും ഗീതാഗോപാലിനുമൊപ്പം ഹോസ്‌റ്റലിനുമുന്നിൽ


 

ആദ്യം ഞങ്ങൾ അഞ്ചുപേർ നിലത്ത്‌ പായവിരിച്ചാണ്‌ കിടന്നുറങ്ങിയത്‌. ഒരുമാസത്തിനുള്ളിൽ ഇടപ്പഴിഞ്ഞിയിൽ മറ്റൊരു കെട്ടിടം  കണ്ടെത്തി. അപ്പോഴേക്കും ഹോസ്റ്റലിൽ 30 വനിതകൾ ആയി. ഗൗരിയമ്മ മന്ത്രിയായിരുന്ന കാലത്താണ്‌ ഇന്ന് ഹോസ്റ്റൽ നിൽക്കുന്ന സ്ഥലം അനുവദിച്ചത്‌. അവിടെ സർക്കാർ ജോലിയുള്ള വനിതകൾക്ക്‌ ഒരു ഹോസ്റ്റൽ നിർമിക്കാൻ തീരുമാനിച്ചു. ദേവകി വാര്യരുടെ നേതൃത്വത്തിൽ നല്ല സഹായം ലഭിച്ചു.
സാമ്പത്തികം കണ്ടെത്താനുള്ള പിരിവിനുപോയപ്പോൾ ഞങ്ങളെ  പുച്ഛിച്ചവരുണ്ട്‌.  കുറവൻകോണത്ത്‌ താമസിച്ചിരുന്ന അന്നത്തെ ഒരു പൊലീസ്‌ ഐജിയുടെ വീട്ടിലെത്തിയപ്പോൾ ഞങ്ങളെ ആട്ടിയോടിച്ചത്‌ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു. ഞങ്ങൾക്ക്‌ സംഭാവന നൽകാൻ രണ്ടുരൂപയുമായി വന്ന ഐജി ഭാര്യയുടെ ദേഷ്യത്തിനുമുന്നിൽ പകച്ചുനിൽക്കുന്നത്‌ ഇന്നും ഓർക്കുന്നു.

വായ്‌പ ലഭ്യമാക്കുന്നതിനുവേണ്ടി ഗൗരിയമ്മയും സുശീല ഗോപാലനും ദേവകിവാര്യരും രുക്‌മിണി കൃഷ്‌ണനുമെല്ലാം പരിശ്രമിച്ചു. അതിന്റെയെല്ലാം ഫലമായാണ്‌ ഇന്നുകാണുന്ന മൂന്നുനിലയുള്ള ഹോസ്റ്റൽ യാഥാർഥ്യമായത്‌. 1990 ൽ പിഎംജിയിലെ പുതിയ കെട്ടിടത്തിലേക്ക്‌ മാറിയപ്പോൾ ടി രാധാമണി സെക്രട്ടറിയും പത്മിനിവർക്കി പ്രസിഡന്റുമായിരുന്നു. 20 വർഷക്കാലം അവർ നയിച്ചു.  ഗിരിജാമണിയും ( സെക്രട്ടറി) ഗീതാഗോപാലുമാണ്‌ (പ്രസിഡന്റ്‌) നിലവിലെ ഭാരവാഹികൾ.

നിലവിലെ ഹോസ്‌റ്റലിൽനിന്നുള്ള  ലാഭത്തിൽനിന്നാണ്‌ ആർസിസിയിൽ ചികിത്സയ്‌ക്കെത്തുന്ന സ്‌ത്രീകൾക്ക്‌ സൗകര്യമൊരുക്കുന്നതിന്‌ മെഡിക്കൽ കോളേജ്‌ പരിസരത്ത്‌ സ്ഥാപിച്ച ദേവകിവാര്യർ ട്രസ്റ്റ്‌. അതുപോലെയാണ്‌ വട്ടിയൂർക്കാവ്‌ നെട്ടയത്ത്‌ പത്മിനി വർക്കി സ്‌മാരകവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top