28 March Thursday
ദക്ഷിണാഫ്രിക്കയില്‍ നജ്‌ല പന്തെറിയും

കേരള ക്രിക്കറ്റ് വസന്തം

വികാസ്‌ കാളിയത്ത്‌ vikaskaliyath@gmail.comUpdated: Sunday Dec 18, 2022

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ അണ്ടർ–-19 വനിതാ ടീം ടി–-20 പരമ്പരയിൽ പാഡ്‌ അണിയുമ്പോൾ കേരള ക്രിക്കറ്റിന്റെ അഭിമാനവും ഉയരും. 27ന്‌ ആരംഭിക്കുന്ന പരമ്പരയിൽ വയനാട്‌ കൃഷ്‌ണഗിരി ക്രിക്കറ്റ്‌ അക്കാദമിയിലെ സി എം സി നജ്‌ല പന്തെറിയും.  ആദ്യമായാണ്‌ ഒരു കേരള വനിതാ ക്രിക്കറ്റർ ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്‌. "ഇന്ത്യൻ ടീമിൽ അംഗമായത്‌ വലിയ അംഗീകാരമാണ്‌. ലോകകപ്പിലേക്കും ക്ഷണിക്കപ്പെട്ടു. ഇന്ത്യൻ സീനിയർ ടീമിൽ ഇടംകണ്ടെത്തുകയാണ്‌ അടുത്ത ലക്ഷ്യം'–-നജ്‌ല പറഞ്ഞു.

മിതാലി രാജും ജുലൻ ഗോസ്വാമിയും സ്‌മൃതി മന്ദാനയുമെല്ലാം അരങ്ങുവാണ ഇന്ത്യൻ വനിതാ ക്രിക്കറ്റിലാണ്‌ നജ്‌ലയിലൂടെ  കേരളത്തിന്റെ അടയാളപ്പെടുത്തൽ. അണ്ടർ–-19 ഇന്ത്യൻ ടീമിൽ അംഗമായതിനൊപ്പം അണ്ടർ–-19  ലോകകപ്പ്‌  ടീമിലെ റിസർവ്‌ അംഗവുമായാണ്‌ ഈ താരം പുതുചരിത്രം എഴുതുന്നത്‌‌. 27 മുതൽ ജനുവരി അഞ്ചുവരെയാണ്‌ ദക്ഷിണാഫ്രിക്കൻ പര്യടനം. ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽത്തന്നെയാണ്‌ ലോകകപ്പും.  

തായ്‌ക്വാണ്ട പരിശീലനവുമായി കായികരംഗത്തെത്തിയ നജ്‌ല ആറാം ക്ലാസിൽ പഠിക്കുമ്പോൾ മലപ്പുറം ജില്ലാ ടീമിലേക്കുള്ള അണ്ടർ 16 സെലക്‌ഷൻ ക്യാമ്പിൽ ഇടംനേടിയാണ്‌ ക്രിക്കറ്റാണ്‌ തന്റെ വഴിയെന്ന്‌ തിരിച്ചറിഞ്ഞത്‌. മലപ്പുറം തിരൂർ മുറിവഴിക്കൽ സി എം സി നൗഷാദിന്റെയും കെ വി മുംതാസിന്റെയും മകളും ബത്തേരി സെന്റ്‌ മേരീസ്‌ കോളേജിലെ ബിരുദ വിദ്യാർഥിയുമാണ്‌.

കുടുംബത്തിന്റെയും അസോസിയേഷനുകളുടെയും പിന്തുണയാണ്‌ നജ്‌ലയെ ക്രിക്കറ്റിന്റെ ഉയരങ്ങളിലേക്ക്‌ എത്തിച്ചത്‌. അണ്ടർ–-16 ജില്ലാ ടീമിൽനിന്നും സംസ്ഥാന ടീമിലേക്കും കേരള ക്യാപ്‌റ്റനിലേക്കും വളർന്നു. ചലഞ്ചർ ട്രോഫിയിൽ ഇന്ത്യൻ ഡി ടീമിന്റെ ക്യാപ്‌റ്റനായി. സംസ്ഥാനത്തുനിന്ന്‌ ആദ്യമായാണ്‌ ഒരുതരം ഈ പദവിയിൽ എത്തിയത്‌. ഓഫ്‌സ്‌പിന്നറാണെങ്കിലും ഓൾറൗണ്ട്‌ മികവിലൂടെയാണ്‌ ഇന്ത്യൻ നിരയിലെത്തുന്നത്‌.  അഞ്ചു വർഷമായി കേരള ക്രിക്കറ്റ്‌ അക്കാദമിക്കു കീഴിലുള്ള വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top