28 September Thursday

വീര മാതാക്കൾ; "നമ്മുടെ കുട്ടികളുടെ ചോര തിളച്ചുപൊങ്ങുന്നത്‌ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്‌'

എ ശ്യാംUpdated: Sunday Jan 19, 2020


 

‘കർത്താവിനെ ഓർത്ത്‌, ഞാൻ പറയുന്നതൊന്ന്‌ കേൾക്കിൻ! അല്ലയോ സജ്ജനങ്ങളേ, പ്രിയപ്പെട്ടവരേ,നിങ്ങളെല്ലാവരും ഭയപ്പെടാതെ കണ്ണ്‌ തുറന്നൊന്ന്‌ നോക്കൂ: എന്താണിന്ന്‌ നടന്നത്‌? നമ്മുടെ സ്വന്തം മക്കൾ, നമ്മുടെ രക്തവും മാംസവുമായിട്ടുള്ളവർ, ലോകത്തിലേക്ക്‌ ഇറങ്ങിത്തിരിച്ചിരിക്കുന്നു–-എല്ലാവർക്കും നീതി ലഭിക്കാൻ വേണ്ടി! നിങ്ങൾക്കെല്ലാവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും ഭാസുരമായ ഒരു നാളെയ്‌ക്കുവേണ്ടിയാണ്‌ അവർ കുരിശ്‌ ചുമക്കുന്നത്‌. അവർ ആഗ്രഹിക്കുന്നത്‌ മറ്റൊരു ജീവിതമാണ്‌–-സത്യവും നീതിയും വാഴുന്ന ഒരു ജീവിതം. അവർ ആഗ്രഹിക്കുന്നത്‌ എല്ലാവരുടെയും നന്മയാണ്‌’.

വിശ്വ പ്രസിദ്ധമായ ‘അമ്മ’ എന്ന നോവലിൽ പിലഗേയ നിലോവ്നയുടെ  ഈ വാക്കുകൾ വീണ്ടും ഓർമ വരികയാണ്. വിപ്ലവകാരിയായ മകൻ പാവേൽ വ്ലാസോവിനെയും സഖാക്കളെയും സാറിസ്‌റ്റ്‌ പട്ടാളം പിടിച്ചുകൊണ്ടുപോയപ്പോൾ മകന്റെ കയ്യിൽ നിന്ന്‌ വീണ കൊടിയുടെ ശിഷ്ടഭാഗവുമേന്തി ഇങ്ങനെ വിളിച്ചു പറഞ്ഞു,  പാവേലിന്റെ അമ്മ.  മാക്‌സിം ഗോർക്കി അനശ്വരയാക്കിയ ആ വീരമാതാവിന്റെ വാക്കുകൾ ലോകത്ത്‌ പലയിടത്തുംഅലയടിക്കുകയാണ്‌... ഇന്ത്യയിലും. ഇവിടെ ഹിന്ദുത്വവാദി സർക്കാർ തകർക്കാൻ ലക്ഷ്യമിടുന്ന, മതേതര ഇന്ത്യയുടെ അഭിമാനമായ, ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്നും ഉയരുന്നു പാവേലിനെ പോലുള്ളവരുടെ പോരാട്ടങ്ങൾ. ഡൽഹിയിൽ നിന്നകലെ വിദൂരദേശങ്ങളിൽ ഈ പോരാളികളുടെ അമ്മമാരും പിലഗേയയേ പോലെ നമ്മളോട്‌ പറയുന്നു: ‘നമ്മുടെ കുട്ടികളുടെ ചോര തിളച്ചുപൊങ്ങുന്നത്‌  മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്‌. മുഴുവൻ ലോകത്തിനും വേണ്ടിയാണ്‌...അവരെ കൈവെടിയരുത്‌’.

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ അടക്കം വിദ്യാർത്ഥികളയും അധ്യപാകരെയും സംഘപരിവാർ ഗുണ്ടകൾ ഇരുമ്പുവടികൾ കൊണ്ട്‌ ആക്രമിച്ച്‌ തല പൊളിച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധമുയർന്നു. പശ്ചിമ ബംഗാളിൽ ഐഷിയുടെ നാടായ ദുർഗാപുരിൽ പ്രതിഷേധം നയിച്ചത്‌ ഐഷിയുടെ അമ്മ ശർമിഷ്ഠയാണ്‌. ‘ജെഎൻയുവിലെ എല്ലാ വിദ്യാർത്ഥികളും വിസിയുടെ കുട്ടികളല്ലേ? അവരെ സംരക്ഷിക്കേണ്ട വിസി എന്തിനാണ്‌ കുട്ടികളെ  ആക്രമിക്കാൻ പുറത്തുനിന്ന്‌ ആളുകളെ കൊണ്ടുവന്നത്‌’ എന്നാണ്‌ ശർമിഷ്ഠയുടെ ചോദ്യം.ചരിത്രത്തിലെമ്പാടുമുണ്ട്‌ ഇത്തരം അമ്മമാർ. മക്കളെ അനീതിക്കെതിരായ പോരാട്ടങ്ങളിലേക്ക്‌ ഉണർത്തിയവർ. മക്കൾ വീണാൽ അവരുടെ പോരാട്ടം ഏറ്റെടുത്തവർ.

എന്നും അനീതിയൊട്‌ പ്രതികരിച്ച, മകന്റെ സഹപാഠികളെയും സ്വന്തം കുഞ്ഞുങ്ങളായി കണ്ട സീലിയ ഡി ലാ സെർനയിൽനിന്ന്‌ പ്രചോദനമില്ലായിരുന്നെങ്കിൽ ചെ ഗുവേര ലോകമറിയുന്ന രക്തതാരകമായി ഉദിക്കുമായിരുന്നില്ല. ആസ്തമ മൂലം പലപ്പോഴും സ്‌കൂളിൽ പോവാൻ കഴിയാതിരുന്ന മകനെ വീട്ടിലിരുത്തി പഠിപ്പിക്കുമ്പോൾ സീലിയ നീതിയുടെ രാഷ്‌ട്രീയപാഠങ്ങൾ കൂടിയാണ്‌ മകന്‌ പകർന്നുകൊടുത്തത്‌.

നാല്‌ വർഷം മുമ്പ്‌ ഹൈദരാബാദ്‌ സർവകലാശാലയിൽ ജീവനൊടുക്കേണ്ടിവന്ന ദളിത്‌ ഗവേഷണ വിദ്യാർത്ഥി രോഹിത്‌ വെമുലയുടെ പോരാട്ടം അമ്മ രാധികയും സഹോദരങ്ങളും ഏറ്റെടുക്കുന്നത്‌ നമ്മൾ കണ്ടു. ശാസ്‌ത്രത്തെ പ്രണയിച്ച, കാൾ സാഗനെ പോലെ ശാസ്‌ത്രകാരനാവാൻ മോഹിച്ച രോഹിത്‌ എബിവിപിക്കാരുടെ പീഡനങ്ങൾക്കൊടുവിൽ, കേന്ദ്രമന്ത്രിമാരുടെ സമ്മർദത്തിന്‌ വഴങ്ങി അധികൃതർ പുറത്താക്കിയതിനെ തുടർന്നാണ്‌ ജീവിതം അവസാനിപ്പിച്ചത്‌. തുടർന്ന്‌ രാജ്യത്തെങ്ങും സംഘപരിവാർ ഫാസിസത്തിനെതിരെ ദളിത്‌, ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക്‌ ആവേശം പകർന്ന്‌ രാധികയുണ്ട്‌.

ജെഎൻയുവിൽ ബയോടെക്‌നോളജിയിൽ ഒന്നാം വർഷ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരുന്ന നജീബ്‌ അഹ്‌മദിന്റെ ഉമ്മ ഫാത്തിമ നഫേസും കുടുംബാംഗങ്ങളും പോരാട്ടമാരംഭിച്ചിട്ട്‌ മൂന്നരവർഷമായി. 2016 ഒക്‌ടോബർ 15ന്‌ ഹോസ്‌റ്റലിൽ എബിവിപിക്കാരുടെ മർദനമേറ്റ്‌ രക്തം വാർന്ന്‌ അവശനായ നജീബിനെ പിറ്റേന്ന്‌ സഫ്‌ദർജങ്‌ ആശുപത്രിയിൽ നിന്നാണ്‌ കാണാതായത്‌.  നജീബിനെ സംഘപരിവാറുകാർ അപായപ്പെടുത്തിയതാവാമെന്ന സംശയങ്ങൾക്കിടെ നജീബിനെ ‘തീവ്രവാദി’യാക്കി അവഹേളിക്കാനാണ്‌ കാവിപ്പട ശ്രമിച്ചത്‌. ദരിദ്ര കുടുംബാംഗമായ നജീബിന്റെ ഉമ്മയും സഹോദരങ്ങളും നടത്തുന്ന പോരാട്ടത്തിന്‌ പിന്തുണയുമായി രാജ്യമെങ്ങമുള്ള വിദ്യാർത്ഥികളും പൊതുസമൂഹവുമുണ്ട്‌. നാടിന്റെ വിവിധങ്ങളായ പോരാട്ടങ്ങളിൽ ആ ഉമ്മയുമുണ്ട്‌.

ഡൽഹിയിൽ 1989 ൽ വധിക്കപ്പെട്ട  നാടകപ്രവർത്തകൻ സഫ്ദർ ഹാഷ്മിയുടെ അമ്മ ഖമർ ആസാദ് ഹാഷ്മിയുടെ ജീവിതം 2013ൽ മരിക്കുന്നതു വരെ പോരാട്ടമായിരുന്നു.    വർഗീയവാദികളുടെ കൊലക്കത്തിക്കിരയായ ധീര അഭിമന്യുവിന്റെ അമ്മ ഭൂപതിയും മകന്റെ സ്വപ്നങ്ങളുമായി സമരമുഖങ്ങളിലെത്തുന്നു. പോരാട്ടങ്ങളുടെ ചൂട്‌ മക്കളിലേക്ക്‌ പകർന്നും മക്കളുടെ സ്വപ്നങ്ങൾ ഏറ്റെടുത്തും മുമ്പേ നടന്ന അമ്മമാർ പിന്നെയുമുണ്ട്‌ അനവധി.

സൈബീരിയയിലേക്ക്‌ നാടുകടത്തുംമുമ്പ്‌ മകൻ പാവേൽ കോടതിയിൽ നടത്തിയ ഉജ്വലമായ പ്രസംഗം അച്ചടിപ്പിക്കാൻ എത്തിയ പിലഗേയയോട്‌ ല്യൂദ്‌മിള ചോദിക്കുന്നുണ്ട്‌: ‘ഇത്തരമൊരു മകനുള്ളത്‌ നിങ്ങൾക്ക്‌ സന്തോഷമാണോ?’. ‘അതേ, വളരെ’ എന്നായിരുന്നു മറുപടി. പേടിയില്ലേ എന്ന്‌ ല്യൂദ്‌മിള ചോദിക്കുമ്പോൾ ആ അമ്മ പറയുന്നു: ‘പേടി മാറി’.

സമാനമാണ്‌ മാധ്യമങ്ങളോട്‌ ശർമിഷ്ഠയുടെ പ്രതികരണം. ‘എന്റെ മകളെയൊർത്ത്‌ ഞാൻ അഭിമാനിക്കുന്നു. അവൾ പോരാളിയാണ്‌. അവൾ പോരാട്ടം തുടരും’ ഐഷിയുടെ മുത്തശ്ശി ശാന്തി ദേവിയും അച്ഛൻ ദേബാശിഷ്‌ ഘോഷും ഇതുതന്നെ പറയുന്നു. അവൾ പോരാട്ടം തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top