24 April Wednesday

പെണ്ണിന്റെ പുതുവർഷം: ഇനിയുമുണ്ട് ഒരുപാട് നടക്കാൻ

ഡോ. കീർത്തി പ്രഭUpdated: Tuesday Jan 24, 2023

ഡോ. കീർത്തി പ്രഭ

ഡോ. കീർത്തി പ്രഭ

നാളെ രാവിലെ എന്തുണ്ടാക്കും എന്ന് മാത്രമല്ല ഈ നാടിനു വേണ്ടി എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന് ഓരോ സ്ത്രീയും ചിന്തിക്കുന്നിടത്തെത്തണം. രാഷ്ട്രീയവും പൊതു കാര്യങ്ങളും ആണിന് മാത്രമല്ലെന്ന് കാണിക്കുന്ന കരുത്തുണ്ടാവണം, അവൾക്ക്. എല്ലാ പുറകോട്ട് വലികൾക്കിടയിലും ചില പ്രതീക്ഷകൾ തെളിഞ്ഞു കിടക്കുന്നുണ്ട്. യാഥാസ്ഥിതിക മൂല്യങ്ങളെ വീണ്ടും ഇവിടെ മുളച്ചു പൊങ്ങാൻ അനുവദിക്കാതിരിക്കൂ. . . ഡോ. കീർത്തി പ്രഭ എഴുതുന്നു.

പുതിയ വർഷമാണ്. ചിന്തകളിലും പ്രവൃത്തികളിലുമെല്ലാം മനുഷ്യൻ ഒരു ഉണർവ് ആഗ്രഹിക്കുന്ന സമയം. വർഷങ്ങളിങ്ങനെ കടന്നു പോകുമ്പോൾ  മേൽക്കോയ്മകളും അടിച്ചമർത്തലുകളുമില്ലാതെ സ്വതന്ത്രവും സ്വച്ഛന്ദവുമായ ചിന്തകളോടെ ഓരോ ദിവസവും ഉണർന്നെണീക്കാൻ സ്ത്രീയും ആഗ്രഹിക്കുന്നുണ്ട്. ലിംഗനീതിക്കുവേണ്ടിയുള്ള സാമൂഹിക പ്രവർത്തകരുടെയും സ്ത്രീപക്ഷ വാദികളുടെയും നിരന്തരമായ ഇടപെടലുകളും വാദങ്ങളും വർഷങ്ങൾതോറും ശക്തമായിക്കൊണ്ടിരിക്കുന്നുവെങ്കിലും അത്തരം പ്രസ്ഥാനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്ര വേഗത്തിൽ അതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ നടപ്പിലാകുന്നില്ല എന്നതാണ് സത്യം. മനുഷ്യാവകാശ ലംഘനങ്ങളുടെ ഏറ്റവും ക്രൂരവും വ്യാപകവുമായ പതിപ്പായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇന്നും തുടരുന്നു. പുരുഷൻ സ്ത്രീയുടെ അധികാരിയാണ് എന്ന പൊതുബോധമാണ് ഈ അതിക്രമങ്ങളുടെയൊക്കെ കാതൽ. ആ ബോധത്തെ അടർത്തിമാറ്റുകയാണ് സ്ത്രീപക്ഷവാദങ്ങളുടെ ലക്ഷ്യം.

ലിംഗസമത്വത്തിൽ ലോകത്തെ 190 രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് 124-ാം സ്ഥാനമാണ്. ജൂലൈ 22 ൽ പ്രസിദ്ധീകരിച്ച ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ 145 രാജ്യങ്ങളിൽ  135-ാം സ്ഥാനവുമായി ഏറ്റവും മോശം പ്രകടനങ്ങൾ കാണിക്കുന്ന പത്തു രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ.

ഒരു സമൂഹത്തെയും രാജ്യത്തെയും എല്ലാ രീതിയിലും വികസിതമാക്കുന്നതിൽ ലിംഗനീതിക്കും വ്യക്തിസ്വാതന്ത്ര്യങ്ങൾക്കുമൊക്കെ വലിയ സ്ഥാനമാണെന്ന് ചുറ്റുമുള്ള വലിയ ലോകം ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ കാണാം. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയിൽ പങ്കാളികളാകുന്ന ജനങ്ങളുടെ എണ്ണം കൂടുംതോറും രാജ്യം വികസിതമാകും. കുട്ടികളും പ്രായമായവരും ഒഴിച്ച് ഏതാണ്ട് 20 മുതൽ 60 വരെ പ്രായമുള്ളവർ നമ്മുടെ നാടിന്റെ സാമ്പത്തിക വികസനത്തിൽ നേരിട്ടുള്ള പങ്കുവഹിക്കുന്നവരാണ്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തും മറ്റു പല അവികസിത  രാജ്യങ്ങളിലും ജനസംഖ്യയുടെ പാതിയായ സ്ത്രീകളിൽ ഭൂരിഭാഗം പേരും രാജ്യപുരോഗതിയിൽ പങ്കാളികളാകുന്നില്ല. നാട് അവികസിതമായി നിലനിൽക്കുന്നതിന് ലിംഗ അസമത്വം ഒരു പ്രധാന കാരണമാണ്. തുല്യ ജോലിക്ക് തുല്യ വേതനം പോലും നടപ്പിലാകാത്ത സാഹചര്യമുണ്ടിവിടെ.

സ്ത്രീകളെ ജോലി ചെയ്ത് സമ്പാദിക്കാൻ പോലും സമ്മതിക്കാത്തവർ ഉണ്ടാവുന്നത് അവളോടുള്ള സ്നേഹത്തിൽ നിന്നോ അവളെ സംരക്ഷിക്കണം എന്ന ബോധ്യത്തിൽ നിന്നൊന്നുമല്ല. അതിനൊക്കെ വഴി തെളിക്കുന്നത് ആണധികാരബോധം തന്നെയാണ്. ജോലിചെയ്യാൻ താല്പര്യം ഇല്ലാതെ വീട്ടിനുള്ളിൽ ഇരിക്കുന്ന സ്ത്രീകൾ ഉണ്ടാകുന്നതും കാലങ്ങളായുള്ള ഈ ശീലത്തിന്റെ ഭാഗമാണ്.

കേരളത്തിലേക്ക് നോക്കിയാൽ പുതിയ പ്രതീക്ഷകളോടൊപ്പം തന്നെ പല രീതിയിലുള്ള വെല്ലുവിളികളും ശക്തമാകുന്നുണ്ട് . സ്ത്രീധനപീഡനങ്ങൾക്കെതിരെ അതിവേഗകോടതികൾ നടപ്പിലാക്കുമെന്ന കേരള സർക്കാരിന്റെ പ്രഖ്യാപനം, പീഡന പരാതികൾ നൽകാൻ അപരാജിത എന്ന ഓൺലൈൻ സംവിധാനമുണ്ടാക്കിയത്, സ്ത്രീകളുടെ രാത്രി നടത്തം പരിപാടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റൊരുപാടു തൊഴിലിടങ്ങളിലും സ്ത്രീ മുന്നേറ്റം ഇങ്ങനെയൊരുപാട് നേട്ടങ്ങൾ കേരളത്തിൽ കണ്ടു കഴിഞ്ഞു. പക്ഷെ ഇതൊക്കെ വാക്കുകളിലും പ്രഖ്യാപനങ്ങളിലും ഒതുക്കാതെ പ്രവാർത്തികമാക്കാൻ സമൂഹത്തിൽ ശക്തമായ രീതിയിൽ ബോധവൽക്കരണം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കിൽ പദ്ധതികളെല്ലാം നടപ്പാക്കുന്നതിനേക്കാൾ വേഗത്തിൽ പരാജയപ്പെടാൻ കാരണമാകും. അതുകൊണ്ട് തന്നെയാണ് ഗാർഹിക പീഡനങ്ങളും ആത്മഹത്യയും വിവാഹമോചനത്തേക്കാൾ കൂടുതൽ നടക്കുന്നത്.


ഗാർഹിക പീഡനമെന്നാൽ ശാരീരിക അക്രമങ്ങൾ മാത്രമല്ല, അതിന്റെ ഏറ്റവും ക്രൂരവും വ്യാപകവുമായ രൂപം കൂടെ ജീവിക്കുന്നവരുടെ കൺട്രോളിങ്  ബിഹേവിയർ ആണ്. ഗാർഹിക പീഡനങ്ങൾ മാനസികമായാലും ശാരീരികമായാലും  ഉള്ളിലൊതുക്കി നടക്കുന്ന മലയാളിപ്പെണ്ണുങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. . ശാരീരികമായി നേരിടുന്ന മർദ്ദനങ്ങൾ മറ്റൊരാളെ ബോധ്യപ്പെടുത്താൻ താരതമ്യേന എളുപ്പമാവും. പക്ഷേ ഒരു വ്യക്തിയുടെ അവകാശങ്ങളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ മറ്റൊരാളെ പറഞ്ഞു ബോധ്യപ്പെടുത്തുമെന്ന് പോലും അതനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക് അറിയണമെന്നില്ല. പറഞ്ഞാലും അത് മനസ്സിലാക്കാൻ സാധിക്കുന്നവർ ആ വ്യക്തിയുടെ കയ്യും കാതുമെത്തുന്ന ദൂരത്ത് ഉണ്ടാവണമെന്നുമില്ല. പീഡനങ്ങൾക്കെതിരെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നാൽ പോലും സമ്മർദ്ദങ്ങളും അവഹേളനങ്ങളും കൂടുതൽ അനുഭവിക്കേണ്ടി വരുന്നതും പെണ്ണിന് തന്നെയാണ്. അത് വിളിച്ചറിയിക്കുന്ന ഒരുപാടൊരുപാട് ഉദാഹരണങ്ങൾ 2022 ലും ഉണ്ടായിട്ടുണ്ട്.

ഒരു സ്ത്രീ ഒറ്റയ്ക്ക് സഞ്ചരിക്കുമ്പോഴോ സ്ത്രീയും പുരുഷനും ഒരുമിച്ചു സഞ്ചരിക്കുമ്പോഴോ  ലൈംഗിക അതിക്രമങ്ങളോ സദാചാര ആക്രമണങ്ങളോ ഉണ്ടായാൽ സ്വാഭാവികമായും നമ്മുടെ സംശയങ്ങളും ചോദ്യങ്ങളും ഒക്കെ ആദ്യം നീളുക സ്ത്രീയുടെ നേർക്കാണ്. ആര് അതിക്രമം ചെയ്തു എന്നതിനേക്കാൾ അവൾ എന്തിനു പോയി എന്നതറിയാൻ വേണ്ടി കാതു കൂർപ്പിക്കുന്നൊരു നാട് . "നമ്മൾ അടച്ച മുറി നമ്മൾ തന്നെ തുറക്കാതെ ആരും അകത്തേക്ക് വരില്ല" എന്ന ഒരു മലയാള നടിയുടെ പരാമർശത്തിന്റെ കുടപിടിക്കുന്നവർ തന്നെയാണ് അധികവും. ആക്രമിക്കപ്പെട്ടവൾ പരാതി നൽകുമ്പോൾ പോലും മുറി തുറന്നു കൊടുത്തിട്ടല്ലേ, വസ്ത്രധാരണം ശരിയല്ലാഞ്ഞിട്ടല്ലേ, തോന്നിയതുപോലെ ഇറങ്ങി നടന്നിട്ടല്ലേ തുടങ്ങി വിവേചനത്തിന്റെയും ആണധികാര ധാർഷ്ട്യത്തിന്റെയും ശർദിലുകൾ ഇനിയെങ്കിലും പുറത്ത് വിടാതെ സ്വയം വിഴുങ്ങുക.

രാത്രി യാത്രയും ആൺ പെൺ സൗഹൃദങ്ങളും സ്ത്രീ പുരുഷ ബന്ധങ്ങളും കേരള സമൂഹത്തിന്റെ സദാചാരങ്ങൾക്ക് ഇത്ര തീവ്രമായി വിരുദ്ധമാവുന്നത് എന്തുകൊണ്ടാണ് എന്ന് പരിശോധിക്കാതെയും പരിഹരിക്കാതെയുമിരുന്നാൽ മറ്റെല്ലാ പുരോഗതികളും ഓട്ട പാത്രത്തിൽ നിറയ്ക്കുന്ന വെള്ളം പോലെയാവും. നമ്മുടെ യുവത ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും ജീവിതം സ്വച്ഛന്ദമായി ആസ്വദിക്കാനും അന്യ നാടുകളിലേക്ക് ഒഴുകുന്നത് ജീവിത സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയും മാത്രം മോഹിച്ചല്ലെന്ന് ഇനിയും വിശദീകരിക്കേണ്ടതുണ്ടോ. അന്നന്ന് ഇടുങ്ങിക്കൊണ്ടിരിക്കുന്ന നമ്മുടെ സാമൂഹിക അവസ്ഥയിലുള്ള വിശ്വാസമില്ലായ്മ കൊണ്ടും കൂടിയാണ് യുവാക്കളുടെ പുറത്തേക്കുള്ള ഈ ഒഴുക്ക്.

സദാചാരം എന്ന പേരിൽ കൊണ്ടാടുന്ന നാടകങ്ങളൊക്കെ സ്വാതന്ത്ര്യം കവർന്നെടുക്കലുകളുടെ ഭീകരമായ പതിപ്പാണ്. എത്രയെത്ര സദാചാര ആക്രമണങ്ങളാണ്, എത്രയെത്ര  സ്ത്രീധന പീഡനങ്ങൾ ആണ്, എത്രയെത്ര ബലാത്സംഗങ്ങളാണ്  സമത്വത്തിനുവേണ്ടിയുള്ള പൊരുതലുകൾ അങ്ങേയറ്റം ഊർജ്ജിതമായ കഴിഞ്ഞ നാളുകളിലും നടന്നത്. കൊറോണ കാലഘട്ടത്തിൽ ഗാർഹിക പീഡനങ്ങൾ വർധിച്ചു എന്ന റിപ്പോർട്ടുകളുണ്ട്. വീടിനുള്ളിലും നിയമം അനുവദിച്ചിട്ട് പോലും ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യ പരിഗണന ലഭിക്കുന്നില്ല. തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമങ്ങൾ നിരോധിച്ച നിയമമുണ്ടായിട്ട് 9 വർഷത്തോളമായിട്ടും ആ അതിക്രമങ്ങൾക്കെതിരെ കൊടുത്ത പരാതികൾ പരിഹരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

സംസ്കാരിക സദാചാര സംരക്ഷണങ്ങൾ പലപ്പോഴും സ്ത്രീകളുടെ വസ്ത്രധാരണത്തിലും അവരുടെ യാത്രകളിലും തൊഴിലിലും പ്രവൃത്തികളിലും ഒക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം എന്ന രീതിയിലാണ് പ്രാബല്യത്തിൽ വരാറ്. വസ്ത്രത്തിന് വെളിയിലൂടെ ഒരു മുടി നാരിഴ പുറത്ത് കണ്ടു പോയതിന് സ്ത്രീയെ കൊന്നു കളയണം എന്ന് വിധിക്കാനലറുന്ന അഫ്ഗാനിലെയോ ഇറാനിലെയോ പോലുള്ള 'മഹത്തായ' സംസ്കാരമാണോ കേരളീയ സംസ്കാരം നിലനിർത്തണമെന്ന് വിലപിച്ചു നടക്കുന്നവരുടെ ലക്ഷ്യം. പെണ്ണിന്റെ സ്വാതന്ത്ര്യങ്ങളെ ഇത്രമേൽ ഇവരൊക്കെ ഭയപ്പെടുന്നതെന്തിനാണ് എന്ന് മനസ്സിലാകുന്നില്ല.

ഇതിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങളും നമ്മൾ കേട്ടിരിക്കും. പക്ഷേ പൊതുവായ കാര്യങ്ങൾ ചിത്രീകരിക്കുന്നതാണ് ഉദാഹരണങ്ങൾ എന്നും പൊതു സാമൂഹിക നിയമങ്ങളിൽ നിന്നും വ്യത്യസ്തമായി നടക്കുന്ന സംഭവങ്ങളാണ് എക്സെപ്‌ഷൻസ് എന്നുമുള്ള അടിസ്ഥാന വ്യത്യാസം മനസിലാക്കിയാൽ പീഡനങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർ ഇല്ലേ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സ്ത്രീകൾ ഇല്ലേ തുടങ്ങിയ ചോദ്യങ്ങളിലെയെല്ലാം അപാകത മനസ്സിലാകും. ഭാര്യയെ മർദ്ദിക്കാനും നിയന്ത്രിക്കാനും ഭർത്താവിന് അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം ഇന്നിങ്ങോളമെത്തിയിട്ടും  മലയാളികളിൽ വർദ്ധിക്കുന്നതായിട്ടുള്ള കണക്കുകളുണ്ട്. ജാതിബോധവും വർണ്ണവെറിയും പോലെ തന്നെ നീതികെട്ടതാണ് ആണധികാരബോധവും. ലിംഗനീതി ഒരു മൗലികാവകാശമാണെന്നതുപോലും ആ അധികാരബോധത്താൽ മറയ്ക്കപ്പെടുന്നു.

ആൺകുട്ടികൾക്ക് ഇല്ലാത്ത നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് എന്തിന് എന്നുള്ള കോടതിയുടെ ചോദ്യവും വലിയ നിയമ പോരാട്ടങ്ങൾക്കൊടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥിനികൾക്ക് ഏർപ്പെടുത്തിയ രാത്രി  കർഫ്യു ഒഴിവാക്കിയതും പ്രതീക്ഷകളായെങ്കിലും അതിനോടൊപ്പം തന്നെ നിരാശയാണ് ആരോഗ്യസർവകലാശാല പതിനെട്ട് വയസ്സിലെ പക്വത സംബന്ധിച്ച് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം. 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികളെ രാത്രി 9. 30 ക്ക് മുമ്പ് ഹോസ്റ്റലിൽ കയറ്റാനുള്ള അവസാനത്തെ അടവ്. 25 വയസ്സാവുമ്പോൾ മാത്രമേ ഒരു വ്യക്തിക്ക് പക്വത ഉണ്ടാവുകയുള്ളൂ എന്നാണ് വാദം. സാങ്കേതികമായി അതിൽ ശരിയുണ്ടെങ്കിലും  ഇവിടെ ഇതൊക്കെ പെൺകുട്ടികൾക്ക് മാത്രം ബാധകമാവുന്ന ചില പ്രത്യേകതരം തിയറികളാണ് . പെൺകുട്ടികളുടെ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും സമൂഹം ഇത്രമേൽ ഭയക്കുന്നത് സാമൂഹിക സുരക്ഷ നടപ്പാക്കുന്നതിനുള്ള വീഴ്ചയാണ് യഥാർത്ഥ കാരണമെന്നത് മറച്ചു പിടിക്കാനാണോ. അതൊരു പാടുപെട്ട പണിയാണ് എന്ന് അറിയാവുന്ന ആളുകൾ എളുപ്പവഴി തേടുമ്പോൾ സംഭവിക്കുന്നതാണ് ഈ മസ്തിഷ്ക വാദങ്ങൾ ഒക്കെ. കുട്ടികൾ ഒമ്പതരയ്ക്ക് ശേഷം പുറത്തിറങ്ങിയാൽ സംഭവിക്കുന്ന അപകടങ്ങൾ നേരിടാനോ പരിഹരിക്കാനോ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഹോസ്റ്റൽ വാർഡനോ ഭരണകർത്താക്കൾക്കോ വയ്യ. സാമൂഹിക സുരക്ഷ നടപ്പിലാക്കണമെങ്കിൽ ആരാണോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവരെ ശിക്ഷിക്കാനും മാറ്റിയെടുക്കാനും ഉള്ള കഴിവ് നിയമവ്യവസ്ഥയ്ക്ക് ഉണ്ടാകണം. അതില്ലാതെ വരുമ്പോൾ ആർക്കാണോ അപകടങ്ങൾ നേരിടേണ്ടി വരുന്നത് അവരെ പൂട്ടിയിടുക എന്ന സിമ്പിൾ വഴി സ്വീകരിച്ചാൽ എല്ലാം ശുഭം. നൈറ്റ് ലൈഫ് എന്നാൽ ലൈംഗികതയ്ക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന് ചിന്തിച്ചു വച്ചിരിക്കുന്ന തലച്ചോറുകൾ 25 വയസ്സ് കഴിഞ്ഞിട്ടും പക്വത കൈവരിച്ചിട്ടില്ലേ?25 വയസ്സ് ആവുമ്പോളേക്കും മസ്തിഷ്ക വളർച്ച പൂർണമാവുന്നത് സാമൂഹികമായ പലവിധ ഇടപെടലുകളിലൂടെയും പ്രവർത്തികളിലൂടെയും അറിവുകളിലൂടെയും ഒക്കെ സ്വായത്തമാക്കുന്ന അനുഭവങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ്. അല്ലാതെ 25 വയസ്സ് വരെ വെറുതെ വീട്ടിലിരുന്ന് 25 വയസ്സ് ആവുമ്പോൾ പക്വതയുമായി പുറത്തേക്ക് പോകാൻ പറ്റില്ല.

രാജ്യത്തെ എല്ലാ പൗരൻമാർക്കും തുല്യസ്വാതന്ത്ര്യവും തുല്യനീതിയും ഉറപ്പ് നൽകുന്ന ഒരു ഭരണഘടന ഉണ്ടായിട്ടും "നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി'' എന്ന മനു വചനമാണ് അതിനേക്കാൾ ആഴത്തിൽ സമൂഹത്തിന്റെ മനസിൽ വേര് പിടിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യം കിട്ടി 75 വർഷം കഴിഞ്ഞിട്ടും ലിംഗനീതി പ്രവർത്തികമാകാതെ കടലാസുകളിൽ മാത്രം ഒതുങ്ങുന്നു. എല്ലാത്തരം ചെറുത്തുനിൽപ്പുകൾക്കിടയിലും എപ്പോഴുമെന്ന പോലെ ഒരുപാട് സ്ത്രീകളുടെ കണ്ണീരിൽ നനഞ്ഞാണ് 2022 ഉം കടന്നു പോയത്. അടിസ്ഥാന കാര്യങ്ങളിൽ പോലും തുല്യത ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഏറെക്കുറെ തുല്യത അനുഭവിക്കുന്നുണ്ടെങ്കിലും ഉപരിപഠനത്തിലും ജോലിയിലും അത് സാധ്യമാകാത്തത് എന്തു കൊണ്ടാണ്. പഠനസമയത്ത് മുൻപന്തിയിൽ നിൽക്കുന്ന പെൺകുട്ടികൾ തൊഴിൽ മേഖലകളിൽ പുറകോട്ട് പോകുന്നത് എന്തു കൊണ്ടാണ്. അസമത്വം എന്നൊരു ഉത്തരം മാത്രമാണ് ഈ ചോദ്യങ്ങൾക്കു മുന്നിൽ തെളിഞ്ഞു വരിക.


പഠന സമയങ്ങളിലെല്ലാം ആൺകുട്ടികളോടൊപ്പം തന്നെ മുന്നോട്ടു നടക്കുന്ന പെൺകുട്ടികൾ വിവാഹം കഴിഞ്ഞ് പ്രഗ്നൻസി എന്ന ഘട്ടമെത്തുമ്പോഴാണ് ശാരീരികമായും മാനസികമായും ഒന്ന് പുറകോട്ട് പോകുന്നത്. ഗർഭധാരണവും പ്രസവവും പ്രസവാനന്തരമുള്ള കുറച്ചു വർഷങ്ങളും അതുവരെ പുരുഷന്മാരോട് ഒപ്പം തന്നെ നടന്നിരുന്ന സ്ത്രീ സമൂഹത്തിന് ഒരു കരിയർ ബ്രേക്ക് അല്ലെങ്കിൽ അതുവരെ ഉണ്ടായിരുന്ന ഓട്ടത്തിന്റെ വേഗത കുറയ്ക്കുന്ന അതുമല്ലെങ്കിൽ വീണ്ടും പഠനം പൂർത്തിയാക്കാനോ ജോലിയിൽ കയറാനോ ഒരു അധിക പരിശ്രമം സ്ത്രീക്ക്  ആവശ്യമാകുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നു. പുരുഷനെ സംബന്ധിച്ച്  പഠനവും കരിയറും ബ്രേക്ക് ചെയ്യാതെ കൊണ്ടുപോകാൻ പറ്റുന്ന ഒരു സാഹചര്യമുള്ളപ്പോൾ സ്ത്രീക്ക് എത്ര കുട്ടികളുണ്ടോ അത്രത്തോളം തന്നെ കരിയർ ബ്രേക്കുകൾ ഉണ്ടാകുന്നു. ഇതിനെ മറികടക്കുന്ന സാങ്കേതിക സംവിധാനങ്ങൾ ശാസ്ത്രം ആലോചിച്ചു കൊണ്ടിരിക്കുന്നുണ്ട്. കൃത്രിമ ഗർഭപാത്രങ്ങൾ പോലുള്ള സാങ്കേതിക അദ്‌ഭുതങ്ങൾ ഇരുപതോ ഇരുപത്തഞ്ചോ വർഷങ്ങൾ കഴിയുമ്പോൾ നാട്ടിലൊക്കെ സാധാരണ സംഭവമാവാം. സാങ്കേതികമായി അത് സാധ്യമാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

2022 ലെ വനിതാ ദിനത്തിൽ ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ച സന്ദേശം "സുസ്ഥിരമായ നാളേക്ക് വേണ്ടി ലിംഗസമത്വത്തിൽ ഊന്നിയ ഇന്ന്" എന്നായിരുന്നു. ആ ഒരു ആപ്തവാക്യം ഉണ്ടാകാൻ എത്ര വർഷങ്ങളുടെ ചെറുത്തു നിൽപ്പുകളും സമരങ്ങളുമാണ് സ്ത്രീകൾ നടത്തേണ്ടി വന്നത്. ഈ കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ചരിത്രം സൃഷ്ടിച്ച് റഫറിമാരായി വനിതകൾ വന്നപ്പോൾ നമ്മൾ കൈയ്യടിച്ചു. ഗാലറിയിലിരുന്ന് കളി കാണാനും കളികഴിഞ്ഞ് തളർന്നുവരുന്ന ആണുങ്ങൾക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും പെണ്ണൊതുക്കപ്പെട്ട കാലത്തു നിന്നും അവൾക്കാ കളിക്കളത്തിലേക്കിറങ്ങാൻ മറികടക്കേണ്ടിവന്ന   ലക്ഷ്മണരേഖകളുടെ എണ്ണം ഒരാണിനെക്കാൾ എത്രയോ മടങ്ങാണ് എന്ന ബോധ്യമാണ് ആ കയ്യടിയൊച്ചകൾ. കുടുംബത്തെയും കുഞ്ഞിനെയും നോക്കാതെ അങ്ങനെ ഇറങ്ങി നടന്നോളും എന്ന പുലമ്പലുണ്ടാകും നമ്മുടെ നാട്ടിലാണെങ്കിൽ.

സ്ത്രീ സംരക്ഷണം എന്ന പേരിൽ സ്ത്രീകളുടെ സകല ചലനങ്ങളെയും നിയന്ത്രിക്കുക എന്ന കലാപരിപാടി മാത്രമാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. യഥാർത്ഥ പ്രശ്നം എന്തെന്നുള്ളത് അവിടെ അറിഞ്ഞോ അറിയാതെയോ മറച്ചു വെക്കപ്പെടുന്നു. "രാത്രി പുറത്തിറങ്ങരുത് നീ സുരക്ഷിതയല്ല, ഒറ്റയ്ക്ക് യാത്ര ചെയ്യരുത് നീ സുരക്ഷിതയല്ല" ഈ വാക്കുകൾ കൊണ്ട് അവളെ അടക്കിയിരുത്താൻ തുടങ്ങിയിട്ട് നാളുകളെത്രയായി. എത്രയെത്ര പെൺസ്വപ്നങ്ങളാണ് അരക്ഷിതാവസ്ഥകളിലും നിയന്ത്രണങ്ങളിലും പെട്ട് ഇല്ലാതെയായത്. ഇനിയും അവൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ അവളെ പൂട്ടിയിടുന്നതല്ല അവൾ സുരക്ഷിതയാവാനുള്ള മാർഗം എന്ന് മനസിലാക്കുക. പുറത്ത് നിന്നും അനുഭവിക്കുന്നതിനേക്കാൾ അരക്ഷിതാവസ്ഥകളും പീഡനങ്ങളും ഒരു സ്ത്രീ വീടിനുള്ളിൽ നിന്നും അനുഭവിക്കുന്നുണ്ട്. ആരാണോ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവരെ നിയന്ത്രിക്കാനും ശിക്ഷിക്കാനുമുള്ള നിയമങ്ങൾ കർശനമായേ തീരൂ. പെണ്ണിന് നേരെയുള്ള അശ്ലീലമായ നോട്ടങ്ങളും  പെണ്ണ് തന്നെ അനുസരിക്കേണ്ടവളാണ് എന്ന ബോധത്തിൽ നിന്നുമുള്ള ശബ്ദമുയർത്തലുകളും ഒരു തെറ്റല്ല എന്ന് എത്ര തന്നെ നിയമങ്ങളുണ്ടായാലും ആൺ മനസുകളിൽ അടിയുറച്ചു പോയിട്ടുണ്ട്. അവനിൽ തെറ്റായ ബോധ്യങ്ങൾ ഉണ്ടാക്കിയെടുക്കുന്നവർക്കും ചികിത്സ വേണ്ടി വരും. ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്ന സ്ത്രീകൾക്ക് പോലും സ്വൈര്യ സഞ്ചാരം കേരളത്തിൽ അസാധ്യമാകുന്നു. സ്ത്രീകൾക്ക് യാത്രകൾ ചെയ്യാനും രാത്രി പുറത്തിറങ്ങാനും ഇഷ്ടമല്ലാഞ്ഞിട്ടല്ല. അവനെപ്പോലെ പറന്നു നടക്കാൻ അവൾക്കും ഉണ്ട് ആഗ്രഹം. അത് അസാധ്യമാകുന്നത് നാടിനെ നാണം കെടുത്തട്ടെ.

നാളെ രാവിലെ എന്തുണ്ടാക്കും എന്ന് മാത്രമല്ല ഈ നാടിനു വേണ്ടി എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന് ഓരോ സ്ത്രീയും ചിന്തിക്കുന്നിടത്തെത്തണം. രാഷ്ട്രീയവും പൊതു കാര്യങ്ങളും ആണിന് മാത്രമല്ലെന്ന് കാണിക്കുന്ന കരുത്തുണ്ടാവണം അവൾക്ക്. എല്ലാ പുറകോട്ട് വലികൾക്കിടയിലും ചില പ്രതീക്ഷകൾ തെളിഞ്ഞു കിടക്കുന്നുണ്ട്. യാഥാസ്ഥിതിക മൂല്യങ്ങളെ വീണ്ടും ഇവിടെ മുളച്ചു പൊങ്ങാൻ അനുവദിക്കാതിരിക്കൂ.

സ്ത്രീക്ക് തുല്യമായ പരിഗണന തന്നെയാണ് വേണ്ടത്,പ്രത്യേക പരിഗണനയോ സംരക്ഷണം എന്ന പേരിൽ നടക്കപ്പെടുന്ന നാടകങ്ങലെ നായികാ പരിവേഷമോ അല്ല. വർഷങ്ങൾ കടന്നു പോവുന്തോറും സാമൂഹിക അവസ്ഥകൾ മാറുന്നുണ്ട്. മുൻപുള്ള തലമുറയുടെ തെറ്റുകൾ തിരുത്തിക്കൊണ്ട് പുതിയ തലമുറയ്ക്ക് മുന്നോട്ട് പോകാൻ കഴിയണം. പൊതു ഇടങ്ങൾ നിന്റേതല്ലെന്ന് അവൾക്കിന്നും കേൾക്കേണ്ടി വരുന്നത് ആ പഴയ തെറ്റുകളുടെ ബാക്കി ഇപ്പോഴും പലരുടെയും ഉള്ളിലിങ്ങനെ ക്ലാവ് പിടിച്ചു കിടക്കുന്നത് കൊണ്ടാണ്. വിവേചനങ്ങളിൽ നിന്നും ഒരുപാട് മുന്നോട്ട് നടന്നിട്ടുണ്ടെങ്കിലും പകുതി വഴി പോലുമെത്തിയിട്ടില്ല നീതിയിലേക്ക്. ഇനിയുമുണ്ട് ഒരുപാട് നടക്കാൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top