02 May Thursday

മീഞ്ചന്തയിലെ മൂത്രപ്പുരയല്ല ഇനി പ്രശ്നം, പെണ്ണുങ്ങൾ മീനുമായി ചന്തയ്ക്കു പോകണോ എന്നതാണ്

റൂബിൻ ഡിക്രൂസ്Updated: Thursday Apr 30, 2020
റൂബിൻ ഡിക്രൂസ്

റൂബിൻ ഡിക്രൂസ്

മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അനുരൂപീകരിക്കാത്ത ഏതു ജീവിയും തകർന്നേ പോയിട്ടുള്ളൂ. അത് പ്രകൃതി നിയമമാണ്. ഈ പ്രതിസന്ധി നമ്മുടെ മത്സ്യമേഖലയുടെ ആകെയുള്ള പുനരാലോചനയ്ക്കുള്ള അവസരം ആക്കേണ്ടതാണ്. അത്തരത്തിൽ മാറിയ പരിസ്ഥിതിക്കനുസരിച്ചു രൂപപ്പെട്ടില്ലെങ്കിൽ ഈ തൊഴിൽ വിഭാഗം നേരിടുന്ന നഷ്ടം വലുതായിരിക്കും.

മീൻ വില്പന നടത്തുന്ന സ്ത്രീകളുടെ തൊഴിലില്‍ എന്തൊക്കെ മാറ്റം വേണം ... റൂബിൻ ഡിക്രൂസ് എഴുതുന്നു.
 
കോവിഡ് 19 കാരണം കഴിഞ്ഞ രണ്ടു മാസമായി മത്സ്യമേഖലയിൽ ഒരു പ്രതിസന്ധി നിലനില്ക്കുന്നു. അഞ്ചു പേരിൽ കൂടുതൽ പോകുന്ന വലിയ ബോട്ടുകളും മറ്റും കടലിൽ പോകുന്നില്ല. പിടിച്ചു വരുന്ന മീൻ കരയിൽ ലേലം ചെയ്യാൻ ആൾക്കൂട്ടം അനുവദിക്കുന്നുമില്ല. മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ഇതുകാരണം 1371 കോടി രൂപയുടെ നഷ്ടം മത്സ്യമേലയിൽ ഉണ്ടായി എന്നാണ് സംസ്ഥാന ആസൂത്രണ ബോർഡിൻറെ മതിപ്പ്. ഈ നഷ്ടം മേയ് മാസത്തിലും തുടരും. തുടർന്നു ജൂൺ മാസത്തോടെ വരുന്ന ട്രോളിങ് നിരോധനം കൂടെയാകുമ്പോൾ കേരളത്തിലെ മത്സ്യമേഖല വലിയൊരു പ്രതിസന്ധിയിലേക്കാണ് പോകുന്നത്. വറുതിയും തൊഴിലില്ലായ്മയുമാണ് കടപ്പുറത്തെ കാത്തിരിക്കുന്നത്. 2017ൽ ഓഖി ഉണ്ടായതു മുതൽ കഴിഞ്ഞ മൂനനു വർഷമായി കാറ്റും കോളും കാരണം ഉണ്ടായ തൊഴിൽ നഷ്ടം താങ്ങാനാവാത്ത സാഹചര്യത്തിലാണ് കൂനിന്മേൽ കുരുവെന്ന വണ്ണം കോവിഡ് വരുന്നത്. ഇനി വരുന്ന മഴക്കാലം എന്തൊക്കെ ദുരന്തങ്ങളാണാവോ കൊണ്ടു വരാൻ പോകുന്നത്?
 
കേരളത്തിലെ ഒരു ലക്ഷത്തി പതിനയ്യായിരത്തി അറുനൂറ്റി അറുപത്തെട്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കോവിഡ് കൊണ്ടുള്ള ഈ പൂട്ടിയിടൽ കാരണം ദുരിതത്തിലാണെന്നാണ് ആസൂത്രണ ബോർഡിൻറെ കണക്ക്.  മീൻപിടുത്ത കുടുംബങ്ങൾ കൂടാതെ അനുബന്ധ മേഖകലകളായ മീൻ വില്പന, തോലുമാറ്റൽ തുടങ്ങിയ മേഖലകളിൽ തൊഴിലെടുക്കുന്ന 23881 കുടുംബങ്ങളും തൊഴിലില്ലായ്മയിലാണ്. 
 
കഴിഞ്ഞ ആഴ്ചകളിൽ ആളുകൂടിയുള്ള ലേലം ഇല്ലാത്ത സാഹചര്യത്തിൽ മത്സ്യഫെഡ് കമ്പോളത്തിൽ ഇടപെടുകയും തുറമുഖ നടത്തിപ്പ് സംഘം നിശ്ചയിക്കുന്ന വിലയ്ക്ക് മീൻ വില്ക്കുകയും ചെയ്തു. വളരെക്കുറച്ചു യാനങ്ങൾ മാത്രം കടലിൽ പോയിരുന്ന ഈ സമയത്ത് സ്വാഭാവികമായും മീനിന് വലിയ വില ആയിരുന്നു. അതു കാരണമാക്കി മീൻ വില്പനയിലെ ഇടനിലക്കാരായ ലേലക്കാർ രംഗത്തു വന്നു.  “മീൻ വില്ക്കുന്നവരായ നമ്മുടെ അമ്മമാർക്ക് ഈ വിലയ്ക്ക് എങ്ങനെ മീൻ വാങ്ങി വില്ക്കാനാവും” എന്ന ആകർഷകമായ വാദമുയർത്തിയാണ് അവർ ഈ സർക്കാർ ഇടപെടലിന് തടസ്സം നിന്നത്.
 
ഈ രംഗം നിരീക്ഷിക്കുന്ന ഒരാളെന്ന നിലയിൽ എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അനുരൂപീകരിക്കാത്ത ഏതു ജീവിയും തകർന്നേ പോയിട്ടുള്ളൂ. അത് പ്രകൃതി നിയമമാണ്. ഈ പ്രതിസന്ധി നമ്മുടെ മത്സ്യമേഖലയുടെ ആകെയുള്ള പുനരാലോചനയ്ക്കുള്ള അവസരം ആക്കേണ്ടതാണ്. അത്തരത്തിൽ മാറിയ പരിസ്ഥിതിക്കനുസരിച്ചു രൂപപ്പെട്ടില്ലെങ്കിൽ ഈ തൊഴിൽ വിഭാഗം നേരിടുന്ന നഷ്ടം വലുതായിരിക്കും.
 
മീൻ വില്പന നടത്തുന്ന സ്ത്രീകളുടെ തൊഴിലിൻറെ കാര്യം മാത്രമാണ് ഞാൻ ഈ കുറിപ്പിൽ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്.
 
പ്രാകൃതമായ തൊഴിൽ,  സ്ത്രീ തൊഴിലിൻറെ മാറ്റമില്ലായ്മ 

സ്ത്രീകൾ തലച്ചുമടായി മീൻ കൊണ്ടുപോയി ചന്തകളിലും വീടുകളിലും വില്ക്കുന്ന രീതി ആയിരം കൊല്ലമെങ്കിലുമായി നിലവിലുണ്ട്. പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ. സന്ധ്യക്ക് പുരുഷന്മാർ മീൻ പിടിക്കാൻ പോകുന്നു, വെളുപ്പിനു മീനുമായി ക്ഷീണിച്ചു വരുന്ന അവരിൽ നിന്ന് മീൻ ഏറ്റെടുത്തു പെണ്ണുങ്ങൾ വില്ക്കാൻ പോകുന്നു എന്ന തൊഴിൽ വിഭജനമായിരിക്കണം ഉണ്ടായി വന്നത്. മീൻ പിടുത്തത്തിൽ പല മാറ്റവും ഉണ്ടായി. വള്ളം പോയി യന്ത്രബോട്ടുകളിൽ പോയി മീൻപിടിക്കൽ ആയി. ആയിരം കൊല്ലം കൊണ്ടു കേരളത്തിലും ലോകത്തിലും എന്തെല്ലാം മാറ്റങ്ങൾ വന്നിരിക്കുന്നു! പക്ഷേ, പെണ്ണുങ്ങളുടെ തലച്ചുമട് മാത്രം മാറിയില്ല. കടപ്പുറത്തു നിന്നു മീനുമായി ചന്തയ്ക്കു പോകുന്ന രീതിക്കു പകരം ഹാർബറിൽ നിന്നു പോകുന്ന രീതി വന്നു എന്നു മാത്രം. 

മീൻ പിടുത്തക്കാരിൽ കൂടുതലും മുസ്ലിങ്ങളായ മലബാറിൽ ഈ രീതി ഇല്ല. വില്പനയും ആണുങ്ങൾ തന്നെ. അതുകൊണ്ടു തന്നെ തലച്ചുമട് പണ്ടേ സൈക്കിളിലേക്കും പിന്നീട് എം 80 യിലേക്കും മാറി. ഇപ്പോൾ പുതിയ വാഹനങ്ങളിലേക്കും വാട്സ്ആപ്പിൽ വില പറഞ്ഞ് ഗൂഗിൾ പേയിൽ പണം നല്കി മീൻ വാങ്ങുന്നതിലും വില്കക്കുന്നതിലും പുരുഷന്മാർ എത്തി. പുരുഷന്മാരായ ഈ കച്ചവടക്കാർക്ക് ബിസിനസിൽ കൂടുതൽ ശബ്ദമുണ്ട്. 

മിക്കവർക്കും ഉപജീവനത്തിനുള്ള വരുമാനം പോലും ഈ തൊഴിൽ കൊടുക്കുന്നില്ല. പിന്നെ എന്തിനിത് ചെയ്യുന്നു?  വേറെ ഒരു വഴിയും മുന്നിലില്ലാഞ്ഞിട്ട് എന്നാണ് ഉത്തരം. ഇന്ന് ഈ തൊഴിൽ ചെയ്യുന്നവരിൽ വലിയൊരു പങ്കും സാങ്കേതികമായല്ലെങ്കിലും ഫലത്തിൽ അഗതികളാണ്. വിധവകൾ, കുടിയനോ രോഗിയോ ആയ ഭർത്താവിനെ അടക്കം നോക്കേണ്ടി വരുന്ന ഒറ്റ സ്ത്രീ വരുമാന കുടുംബങ്ങളുടെ നാഥമാർ ആണ് ഇവരിൽ വലിയൊരു പങ്ക്. അല്ലെങ്കിൽ മക്കളുടെ കല്യാണത്തിനോ വീടു വയ്ക്കാനോ വലിയ കടമെടുത്തു കടക്കെണിയിലായിപ്പോയവർ. കച്ചവട മൂലധനത്തിനായി കൊള്ളപ്പലിശക്കാരുടെ ചൂഷണത്തിനും ഈ ദരിദ്ര സ്ത്രീകൾ ഇരയാണ്.  രാവിലെ മുതൽ രാത്രി വരെ വൃത്തിഹീനമായ, അനാരോഗ്യകരമായ ചുറ്റുപാടിൽ പുരുഷന്മാരാൽ അവഹേളിക്കപ്പെട്ടു മീൻ വില്ക്കുന്ന ഈ സമ്പ്രദായം തുടരുന്നതിനു മാറ്റത്തോടുള്ള വിമുഖത അല്ലാതെ മറ്റൊരു കാരണവും ഇല്ല.
പുതുതലമുറയിലെ പെൺകുട്ടികൾ ഈ തൊഴിലിലേക്കു പോകുന്നില്ല. അതിനാൽ തന്നെ ഭാവിയുള്ള ഒരു തൊഴിലല്ല ഇത്. ഇന്ന് ഈ തൊഴിൽ ചെയ്യുന്ന ഏതാനും ആയിരം പേരുടെ പുനരധിവാസം മാത്രമാണ് പ്രശ്നം.
 
മീൻകാരികളോടുള്ള സാമൂഹ്യ അവജ്ഞ

മീൻ വില്ക്കുന്ന സ്ത്രീകളോടുള്ള സാമൂഹ്യ അവജ്ഞ (Social Stigma) യും ഈ ആയിരം കൊല്ലവും തുടർന്നു. ഏതാണ്ട് എഴുനൂറു വർഷം മുമ്പുള്ള തിരുവനന്തപുരത്തെ വർണിക്കുന്ന അനന്തപുരവർണനം എന്ന കൃതിയിൽ പഴവങ്ങാടിയിൽ (ചാലക്കമ്പോളം ഉണ്ടാകും മുമ്പു ഉണ്ടായിരുന്ന അങ്ങാടിയാണ്, പഴയങ്ങാടി അഥവാ പഴവങ്ങാടി.) മീൻ വില്ക്കുന്ന സ്ത്രീകളെ വിവരിക്കുന്നത് ഇങ്ങനെയാണ്, 
“തലയും മുലയുന്തുള്ള
ത്തമ്മെത്താമു മറന്നുടൻ
മിമ്പും പിമ്പും തഥാ കൈയും
മെയ്യും കാട്ടിപ്പകർന്നുടൻ
കലർന്നു പേശി മീൻ വില്ക്കും 
ചെറുമിക്കൂട്ടമും കൊചിത് 
ഏവമാദിഭിരാകീർണം
ആവൃതം പരദേശികൾ.” 
( തലയും മുലയും തുള്ളത്തക്കവണ്ണം, തന്നെത്തന്നെ മറന്നു മുൻഭാഗവും അതുപോലെ കയ്യും മെയ്യും കാണിച്ച്, ഭാവം പകർന്ന്, മേൽപ്പറഞ്ഞ വാക്കുകൾ ഇടകലർത്തി സംസാരിച്ച് മീൻ വില്ക്കുന്ന ചെറുമിക്കൂട്ടം ഒരു ഭാഗത്ത്.) 
 
അന്നു തന്നെ മീൻ വില്ക്കുന്ന പെണ്ണുങ്ങളെക്കുറിച്ചു പറയുമ്പോൾ ശരീരം ആണ് ശ്രദ്ധാകേന്ദ്രം. അങ്ങാടിയിലെ മറ്റു കച്ചവടങ്ങളെല്ലാം വർണിക്കുന്നുണ്ട് ഈ കൃതിയിൽ. അതിലും സ്ത്രീകളുണ്ട്. പക്ഷേ, അവരുടെ ആരുടെയും ശരീരം വിഷയമാകുന്നില്ല. മീൻകാരികളോടുള്ള അവജ്ഞ അന്നേ തുടങ്ങിയതാണെന്ന് നാം ഓർക്കണം. തികഞ്ഞ വെജിറ്റേറിയനായ എന്നോട് മീഞ്ചന്തയിലെ പെണ്ണുങ്ങൾ വരെ സ്വാഗതത്തോടെ പെരുമാറി എന്ന് ശശി തരൂർ പറയുന്നിടത്തും ഇതേ സാമൂഹ്യ അവജ്ഞയാണ് വെളിപ്പെടുന്നത്.
 
മീൻകാരികളോടു ചന്തകളിൽ മോശമായി പെരുമാറുന്നതിനെതിരെ നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. തിരുവനന്തപുരം പ്രശാന്ത് നഗറിൽ മീൻ വിറ്റിരുന്ന പെണ്ണുങ്ങളെ അവിടത്തെ പുരുഷന്മാർ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം ഏതാണ്ട് പത്തുകൊല്ലം മുമ്പാണ് ഉണ്ടായത്. പാളയം ചന്തയിൽ പോലും ഇവർ  ചുമട്ടു  തൊഴിലാളികളാൽ അവഹേളിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. ബസുകളിലും ഓട്ടോയിലും ഒന്നും മീൻ കുട്ടയുമായി വരുന്ന തൊഴിലാളി സ്ത്രീകളെ കയറ്റാത്ത പ്രശ്നം ഉണ്ട്. എം സജിത എഴുതി അവതരിപ്പിച്ച മത്സ്യഗന്ധി എന്ന നാടകം മീൻകാരികൾ നേരിടുന്ന സാമൂഹ്യ അവജ്ഞയെക്കുറിച്ചാണ്.
  
ഇന്ന് എന്തു ചെയ്യണം?

പ്രാകൃതവും സ്ത്രീകളുടെ ആത്മാഭിമാനത്തിന് എതിരു നില്ക്കുന്നതുമായ ഈ തൊഴിൽ തുടരുന്നതു നേരത്തെ പറഞ്ഞപോലെ മാറ്റത്തിനോടുളള ശേഷിയില്ലായ്മയും പിന്തുണയില്ലായ്മയും കാരണമാണ്. കേരളത്തിലെ ഏറ്റവും നിസ്വരായ ഈ വിഭാഗത്തിനായി ഈ പിന്തുണ ഒരുക്കാനുള്ള ബാധ്യത നമ്മുടെ സമൂഹത്തിനുണ്ട്. 

കേരളത്തിലിന്ന് മത്സ്യഫെഡിനു കീഴിൽ 649 പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങളുണ്ട്. ഈ പ്രാഥമിക സഹകരണസംഘങ്ങളുടെ അപ്പക്സ് ബോഡിയാണ് മത്സ്യഫെഡ്. ഈ സംഘങ്ങളുടെ കീഴിൽ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ അയ്യായിരം പ്രവർത്തന ഗ്രൂപ്പുകളുമുണ്ട്. ഈ സംവിധാനം വേണം കേരളത്തിലെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഈ പ്രശ്നം പരിഹരിക്കാൻ.

മത്സ്യഫെഡ് ഇന്ന് ചില നഗര കേന്ദ്രങ്ങളിൽ മാത്രമാണ് മീൻ വിപണനം നടത്തുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. ഈ വിപണനം വലിയ തോതിൽ വിപുലപ്പെടുത്തണം. ഇതിൽ ഏറ്റവും പ്രധാനം വിതരണ ശൃംഖലയുടെ ആധുനികവല്ക്കരണവും സ്ഥാപനവല്ക്കരണവുമാണ്. സ്ത്രീകളുടെ പങ്കാളിത്തത്തോടെ ഈ മീൻ വില്പന സ്ഥാപനവല്ക്കരിക്കുകയും ആധുനീകകരിക്കുകയും ചെയ്യുന്നതാണ് മുകളിൽ പറഞ്ഞ പ്രശ്നത്തിനു പരിഹാരം. 

കേരള സർക്കാരിൻറെ മത്സ്യബന്ധന വകുപ്പിനായി നമ്മുടെ മീൻപിടുത്ത തുറമുഖങ്ങളിലെ മീൻ വില്പനയെ സഹായിക്കാൻ യുഎൽടിഎസ് രണ്ട് ആൻഡ്രോയിഡ് ആപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് മത്സ്യഫെഡിന് ഡിജിറ്റൽ ലേലം നടത്താം. അടുത്ത ഭാവിയിലെല്ലാം വേണ്ടി വരുന്ന ശാരീരിക അകലം പാലിക്കാനും ഈ ആപ്പ് ഉപയോഗപ്പെടും. ഹാർബർ മാനേജ്മെൻറ് സംഘത്തിന് KL-Fish_Harbour എന്ന ആപ്പാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതുപയോഗിച്ച് പിടിക്കുന്ന മീനിൻറെ ഡിജിറ്റൽ ഇൻവെൻററി തയ്യാറാക്കാനും വില, അളവ്, ഇനം എന്നിവയും ഒക്കെ ലഭ്യമാക്കാനും കഴിയും. മീൻ വാങ്ങേണ്ടവർക്കുള്ളതാണ് KL-Fish_Buyer എന്ന രണ്ടാമത്തെ ആപ്പ്. ഇതിൽ ലഭ്യമായ മീനും വിലയും ഒക്കെ നോക്കി ആളുകൾക്കു മീൻ വാങ്ങാം. മൊബൈലിൽ കിട്ടുന്ന ഒരു ടോക്കണുമായി ഹാർബറിൽ വന്നു വേണം മീൻ വാങ്ങാൻ. ഈ ആപ്പിൻറെ ആദ്യ രൂപം പരീക്ഷണം കഴിഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുന്നതിനായി സമർപ്പിച്ചിരിക്കുകയാണ്. ഈ മൊബൈൽ ആപ്പ് അടിയന്തിരമായി പരീക്ഷിക്കുകയും പിഴവുകൾ തിരുത്തി ഉപയോഗിക്കുകയും ചെയ്യണം.

എന്നാൽ ഈ ആപ്പ് കൊണ്ട് എല്ലാം ആയി എന്ന് എനിക്ക് അഭിപ്രായമില്ല. മീൻ വീടുകളിൽ എത്തിച്ചില്ലെങ്കിൽ ഇത് വിജയിക്കാൻ സാധ്യത കുറവാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ ഇരുചക്രവാഹനം ഓടിക്കാൻ അറിയുന്ന ആൺകുട്ടികളും പെൺകുട്ടികളും ദിവസം ഏതാനും മണിക്കൂർ ചെയ്യുന്ന ജോലിയായി ഈ മീൻ വിതരണം ഏറ്റെടുക്കണം. വിദ്യാർത്ഥികൾ പാർട് ടൈം ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടല്ലോ. അതിനുള്ള ഒരു സാധ്യത ഈ മീൻ വിതരണത്തിലുണ്ട്. ഇന്നു തലയിൽ ചുമന്നു മീൻ വില്ക്കുന്ന സ്ത്രീകൾ ഹാർബറുകളിൽ ഇരുന്ന് ഈ മീൻ വെട്ടി പാക്ക് ചെയ്യുന്നവരായി മാറണം. മത്സ്യഫെഡിൻറെ കീഴിലുള്ള സ്ത്രീകളുടെ പ്രവർത്തന ഗ്രൂപ്പുകൾ വഴി ഇതു ചെയ്യാനാവും.
 
ഇരുപത്തിനാലു മണിക്കൂറും മീൻ വരുന്ന തുറമുഖങ്ങളിൽ സംഘങ്ങളുടെ ചുമതലയിൽ മീൻ ശേഖഖരിച്ചു സൂക്ഷിക്കാനുള്ള സംവിധാനം വേണം. ഇതു പ്രവർത്തിപ്പിക്കേണ്ട സ്ത്രീകൾക്കും മറ്റും ഗുണനിലവാരം ഉറപ്പാക്കുന്നതിനും മറ്റും പരിശീലനം വേണം. പക്ഷേ, ഇതൊന്നും അസാധ്യമായ കാര്യങ്ങളല്ല. 
 
ഇതിനോടൊപ്പം ആലോചിക്കേണ്ട ഒരു കാര്യമാണ് ഡിജിറ്റൽ സങ്കേതങ്ങളിൽ ശേഷിയില്ലാത്തവർ എങ്ങനെ മീൻ വാങ്ങും എന്നതും. കേരളത്തിലെ മത്സ്യ ഉപഭോഗത്തിൻറെ ഒരു പങ്ക് മാത്രമാണ് കേരളത്തിൽ പിടിക്കപ്പെടുന്നത്. ബാക്കി മീൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്നു. ആ മീൻ ഇന്നത്തെപ്പോലെ കമ്പോളത്തിലേക്കു തന്നെ പോകും. അങ്ങനെ കമ്പോളത്തിലേക്കു പോകുന്ന മീൻ ആർക്കും വാങ്ങാമല്ലോ. തുറമുഖങ്ങളിലല്ലാതെ പിടിക്കുന്ന മീനും ഈ കമ്പോളത്തിലെത്താം.  പക്ഷേ, ഇനി മീൻ മൊത്തവാണിജ്യ കേന്ദ്രത്തിൽ നിന്നു വാങ്ങി കൊണ്ടു നടന്നു വില്ക്കുന്നതു മത്സ്യത്തൊഴിലാളി സ്ത്രീകൾ ആവരുത്. ആണുങ്ങളായിക്കോട്ടെ. 

നമ്മുടെ കടപ്പുറത്തു പിടിച്ച ഫ്രെഷ് ആയ മീനിന് വിപണി മൂല്യം കൂടുതലുണ്ട്. അതിനാൽ മത്സ്യഫെഡ് മത്സ്യം എന്ന പേരിൽ കമ്പോളത്തിലിറക്കിയാൽ നമ്മുടെ മീൻ കൂടുതൽ വിലയ്ക്ക് വില്ക്കാനാവും. കൂടുതൽ വില ഇവിടെത്തന്നെ കിട്ടിയാൽ വലിയൊരു പങ്ക് മീൻ കയറ്റുമതി ചെയ്യപ്പെടുന്നതിനു പകരം നാട്ടിൽ തന്നെ ഉപഭോഗിക്കപ്പെടാം. അങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മീൻ വരുന്നത് കുറയ്ക്കാം. വില കൂടുതൽ കിട്ടുന്നതോടെ മീൻ പിടിത്തം കൂടുതൽ ആദായകരമായ തൊഴിൽ ആവുകയും കേരളത്തിൽ പിടിക്കപ്പെടുന്ന മീനിൻറെ അളവ് കൂടുകയും ചെയ്യും.
 
കോവിഡ് ലോകത്തിനു മുന്നിൽ ഉണ്ടാക്കിയിരിക്കുന്നത് അസാധാരണ സാഹചര്യമാണ്. സാധാരണയായ ഇൻക്രിമെൻറൽ വ്യത്യാസങ്ങൾ കൊണ്ട്  ഈ അസാധാരണ സാഹചര്യത്തെ നേരിടാനാവില്ല. മീഞ്ചന്തയിലെ മൂത്രപ്പുരയ്ക്കായല്ല, മത്സ്യഫെഡ് ബസുകൾ വീണ്ടും തുടങ്ങുന്നതിനായല്ല, ചുമട്ടുതൊഴിലാളികളുടെ മോശം പെരുമാറ്റത്തിനെതിരായല്ല നാം ഇനി സമരം ചെയ്യേണ്ടത്. പ്രാകൃതമല്ലാത്ത, സാമൂഹ്യ അവജ്ഞ നേരിടാത്ത ആധുനികവും സംഘടിതവുമായ ഒരു വ്യവസായത്തിലെ ആത്മാഭിമാനമുള്ള തൊഴിലാളികളായാണ് നാം മാറേണ്ടത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top