27 April Saturday

'മരണമെത്തുന്ന നേരത്ത്'

എസ് ശാരദക്കുട്ടിUpdated: Wednesday Apr 20, 2016

പ്രിയപ്പെട്ടവരുടെ മരണം കഴിഞ്ഞാല്‍ ഭൂമിയുടെ കറക്കം നിന്നുപോകുമെന്നതുപോലെയാണ് ജനക്കൂട്ടത്തിന്റെ അതിവൈകാരികമായ സമീപനങ്ങള്‍. അത് മരണത്തിന്റെയും മരിച്ചുപോയ വ്യക്തിയുടെയും നേര്‍ക്കുകാട്ടുന്ന അവഹേളനമായി മാറുകയാണ് പലപ്പോഴും. ഇനി നാട്ടില്‍ മഴ പെയ്യുകയില്ല,  സൂര്യനുദിക്കുകയില്ല, പുല്ല് മുളക്കുകയില്ല എന്ന മട്ടിലാണ് പ്രതികരണങ്ങള്‍.

'ശവങ്ങള്‍ക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്ന രാഷ്ട്രം ഭംഗിയുള്ള കാഴ്ചയല്ല.' (തോബാ തേക്സിങ് 2016 –സച്ചിദാനന്ദന്‍)

വറുതിയുടെയും വരള്‍ച്ചയുടെയും മാസമായിരുന്ന ഫെബ്രുവരി കേരളത്തില്‍ ഇത്തവണ മരണപ്പെരുമഴയുടെ കാലം കൂടിയായിരുന്നു.   അതും കലാസാംസ്കാരികരംഗത്തെ നിറസാന്നിധ്യമായിരുന്ന കുറെയേറെ പ്രഗത്ഭരുടെ മരണങ്ങള്‍. പക്ഷേ, തങ്ങള്‍ക്കു പ്രിയപ്പെട്ടവരുടെ മരണം കഴിഞ്ഞാല്‍ ഭൂമിയുടെ കറക്കം നിന്നുപോകുമെന്നതുപോലെയാണ് ജനക്കൂട്ടത്തിന്റെ അതിവൈകാരികമായ സമീപനങ്ങള്‍. അത് മരണത്തിന്റെയും മരിച്ചുപോയ വ്യക്തിയുടെയും നേര്‍ക്കുകാട്ടുന്ന അവഹേളനമായി മാറുകയാണ് പലപ്പോഴും. ഇനി നാട്ടില്‍ മഴ പെയ്യുകയില്ല, സൂര്യനുദിക്കുകയില്ല, പുല്ല് മുളക്കുകയില്ല എന്ന മട്ടിലാണ് പ്രതികരണങ്ങള്‍. ജീവിതത്തില്‍ നല്ലതു ചെയ്യുന്നവരുടെ ശരീരത്തിന്

ലോര്‍ക്ക

ലോര്‍ക്ക

ഈവിധമൊരു ഗതികേട് വരുന്നതിലെ കര്‍മവൈപരീത്യത്തെക്കുറിച്ച് ചിന്തിച്ചുപോയി. മൃതശരീരങ്ങളോട് കുറച്ചു കൂടി അന്തസ്സും മാന്യതയും പ്രകടിപ്പിക്കാന്‍ ഒരു പരിഷ്കൃതസമൂഹത്തിനു കഴിയേണ്ടതാണ്. അസുഖകരവും വേദനാജനകവും ഒക്കെയാണ് പ്രിയപ്പെട്ടവരുടെ വേര്‍പാട്. ഒരളവുവരെ അത് വൈകാരികവുമാണ്. അതിനെ പരിഹാസ്യവും വികൃതവുമാക്കുന്നത് ജനക്കൂട്ടത്തിന്റെ പെരുമാറ്റമാണ്. മരണപ്പെട്ട വ്യക്തിയോടുള്ള ആദരവിനെയാണ് ഇത് അടയാളപ്പെടുത്തുന്നത് എന്നു പറയാനാവുകയില്ല. എല്ലാവരും ഒരു കെട്ടുകാഴ്ചയുടെ ഭാഗമാവുകയാണ്. ഈ പരാക്രമങ്ങള്‍ക്കിടയില്‍ നിന്ന് 'ജീവനും കൊണ്ടോടാന്‍' ആ ശരീരത്തിന് ഇനിമേല്‍ കഴിയില്ല.    രക്ഷാമാര്‍ഗമില്ലാത്ത ഒരു കിടപ്പാണത്. സത്തുപോയ– ചത്തുപോയ– മനുഷ്യന്റെ നിസ്സഹായതയാണത്... സഹജമായി കാര്യങ്ങളെ കാണാന്‍ പൊതുസമൂഹം മറന്നു പോയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ ചെറുതല്ല.

മരണം ഒരു വാതില്‍ വലിച്ചടക്കലല്ല, മറ്റൊരു പുതിയ തുറക്കലാണ്. അതുകൊണ്ടാണ് ലോര്‍ക്കയെപ്പോലൊരു മഹാകവി,
'ഞാന്‍ മരിക്കുമ്പോള്‍ തുറന്നിടൂ ജാലകം
നാരങ്ങ തിന്നുന്ന കുട്ടിയെക്കാണട്ടെ' *
എന്നെഴുതിയത്. ദൂരെദൂരെയുള്ള കാഴ്ചകളിലേക്കുള്ള വളരെ പ്രസാദാത്മകവും പ്രശാന്തവുമായ യാത്രയാണത്. ജീവിതം ഏല്‍പ്പിച്ച മുറിവുകളെല്ലാം ഭൂമിയില്‍ ഉപേക്ഷിച്ചുപോകുന്നതിനാലാകും മരണപ്പെട്ട വ്യക്തിയുടെ മുഖം ഇത്രമേല്‍ പ്രസാദഭരിതമാകുന്നത്. വേദനകള്‍ അനുഭവിച്ചതിന്റെ  യാതൊരടയാളങ്ങളും ആ മുഖത്തുണ്ടാവില്ല. നിര്‍വാണമെന്ന പദമാണ് മരണമെന്നതിനെക്കാള്‍ യോജിക്കുക. ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും അറിയാത്ത മട്ടിലാണ് ആ കിടപ്പ്.

"ഒരുവന്‍ മരിക്കെത്തന്‍ ഛായയേ മാറുന്നൂ, മ–
റ്റൊരുമട്ടവന്നപ്പോള്‍ കണ്ണുകളുടെ നോട്ടം!
മറ്റൊരു ചിരിയാണാച്ചുണ്ടുകളുടെ ചിരി' **
 എന്ന അന്ന അഖ്മത്തോവയുടെ വരികള്‍ ഓരോ മൃതശരീരവും കാണുമ്പോള്‍ ഞാനൊത്തുനോക്കാറുണ്ട്. അതെ, ആ കണ്ടെത്തല്‍ എത്ര ശരിയാണ്! വിശപ്പോ ദാഹമോ വാശിയോ പകയോ ഇനിയില്ല. അവരുടെ മുഖത്തെ കണ്ണുനീരാകെ ആരോ തുടച്ചെടുത്തു കളഞ്ഞിരിക്കുന്നു. അതാണ് മരണത്തിന്റെ മഹത്വം, അതാണ് മരണത്തിലെ മാജിക്.

നമുക്കു വായിച്ചെടുക്കാനായി ചിലതൊക്കെ അവശേഷിപ്പിച്ചിട്ടാണ് ഏതു ചെറിയ വ്യക്തിയും ഈ ഭൂമിയില്‍ നിന്നു മറയുന്നത്. ആ പെട്ടിയില്‍ അനക്കമില്ലാതെ കിടക്കുന്നത്, ഇനിയും മുഴുവന്‍ പകര്‍ന്നു നല്‍കിയിട്ടില്ലാത്ത ഒരുപാട് ജ്ഞാനങ്ങളുടെ സഞ്ചയമാണ്. മരിച്ചുപോയവര്‍ മറ്റെവിടെയോ  മറ്റൊരു ജീവിതം പരിശീലിക്കുന്നുണ്ടാകുമോ?

'ഇക്കുറി കളി കാണാനൊറ്റക്കു പോയല്ലോ നീ
എത്തിയോ അണിയറക്കുള്ളില്‍ നീ പതിവു പോല്‍' (പി പി രാമചന്ദ്രന്‍).

പ്രശാന്തമായി മാറിനിന്നുകൊണ്ട് ഒരു കവി മരണത്തിന്റെ സ്വാഭാവികതയെ വായിച്ചതിങ്ങനെയാണ്. ഇവിടെത്തേതുപോലെ തന്നെയോ അവിടത്തെ പുറപ്പാടും എണ്ണങ്ങളും കാലവും? കുറച്ചുകൂടി മികച്ച ഭാഷയിലേക്കുള്ള ഒരു ഗഹനമായ പരിഭാഷ മാത്രമാണ് മരണം. ആ വേളയില്‍ ആ ദേഹത്തില്‍ നിന്ന് പ്രവഹിക്കുന്ന ഊര്‍ജപ്രവാഹത്തെ സ്വീകരിക്കാനായി നാം സജ്ജരാകേണ്ട അന്ത്യമുഹൂര്‍ത്തമാണത്. അറിഞ്ഞതില്‍ നിന്ന് അറിഞ്ഞുകൂടാത്തതിലേക്കു യാത്ര പോകാനുള്ള നിമിഷങ്ങളാണവ. നമ്മോട് അവസാനമായി സംസാരിക്കുന്ന ആ ശരീരങ്ങളെ കേള്‍ക്കുക എന്നതാണ് പ്രധാനം. ഒരു പ്രാര്‍ഥന കൊണ്ടുപോലും ആ നിശ്ശബ്ദത ഭഞ്ജിക്കപ്പെടാന്‍ പാടില്ല.

പ്രകടനപരത ഏറുന്തോറും  മാനുഷികത കുറഞ്ഞുവരുന്നു. വ്യക്തി എന്ന നിലയിലും സമൂഹം എന്ന നിലയിലും ഇത് ഒരധഃപതനമാണ്. സമൂഹത്തില്‍ ബലപ്പെട്ടു വരുന്ന തിന്മ. എതിര്‍ക്കപ്പെടേണ്ട ഒരു ദുരാചാരം. തടയപ്പെട്ടില്ലെങ്കില്‍ കൂടുതല്‍ കൂടുതല്‍ വഷളാകാനിടയുള്ള അവസ്ഥ. നുണകള്‍കൊണ്ട് നിറക്കപ്പെട്ട കുറെ ശരീരങ്ങളുടെ കൂട്ടം മാത്രമായി സമൂഹം മാറുന്നു. ആത്മീയത ഉള്ള ഒരു സമൂഹത്തില്‍ മാത്രമേ ആദരവ് എന്ന ഒരു പ്രതിഭാസം നിലനില്‍ക്കുകയുള്ളൂ. ആത്മീയത നഷ്ടപ്പെട്ട ഒരു സമൂഹമായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ അപകടകരമായ ലക്ഷണങ്ങളാണ് ഇതെല്ലാം. സാധാരണഗതിയില്‍ ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്നവരുടെ പ്രതികരണം
അന്ന അഖ്മത്തോവ

അന്ന അഖ്മത്തോവ

എന്തായിരിക്കും?  യഥാര്‍ഥത്തില്‍ മനുഷ്യന്‍ മരണത്തെ ഭയപ്പെടുന്നുണ്ടോ? മറ്റുള്ളവരുടെ മരണത്തെ സംബന്ധിച്ചാണെങ്കില്‍ ഇല്ല എന്നു വേണം കരുതാന്‍. ആദ്യത്തെ ഒരു ഞെട്ടല്‍ കഴിഞ്ഞാല്‍ പിന്നെ എല്ലാം പെട്ടെന്നുതീര്‍ന്നു കിട്ടാനുള്ള തിടുക്കമാണ്. ഒരാളെയും കൊന്നിട്ടില്ലെങ്കിലെന്താ, എത്ര ആഹ്ളാദത്തോടെ എത്ര പേര്‍ക്ക് മരണക്കുറിപ്പുകള്‍ തയ്യാറാക്കുകയും അവ ചെറുതല്ലാത്ത സന്തോഷത്തോടെ വായിക്കുകയും ചെയ്തിട്ടുണ്ട്! എത്ര ആഘോഷത്തോടെ അനുശോചനസമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്! എന്റെ പ്രകടനമെങ്ങനെ എന്ന് ചുറ്റും നോക്കിയിട്ടുണ്ട്! ആളുകള്‍ ഏറ്റവും കൂടുതല്‍ വാചാലരാകുന്നത്, തമാശകള്‍ പറയുന്നതുപോലും മരണത്തിനു മുന്നിലാണ്. ചാവിനു ബന്ധുത്വമേറുമെന്നും നാലാളു കൂടുന്നിടത്ത് ചത്തുപോയവനെക്കുറിച്ച് നമ്മളും മോശമല്ലാത്ത നാലു വാക്കു പറഞ്ഞേക്കാമെന്നും നാണക്കേടു വരുത്തരുതെന്നുമൊക്കെ പരിഹസിച്ചത് കടമ്മനിട്ടയാണ്. മരണത്തിനു മുന്നില്‍ സത്യം പറഞ്ഞുകൂടെന്നാണല്ലോ നാട്ടുനടപ്പ്..

'കോടിയിടേണം പുകല വേണം
കാണിക്കാന്‍ കണ്ണുനീരിറ്റു വേണം'.
മരണത്തെ സംബന്ധിച്ചുള്ള സ്വന്തം കണ്ടെത്തലുകള്‍, മരിച്ചു പോയ വ്യക്തിയുമായി തനിക്കുള്ള ആത്മബന്ധം, അയാള്‍ തന്നോടു മാത്രം പങ്കുവച്ചിട്ടുള്ള രഹസ്യങ്ങള്‍... പറഞ്ഞാല്‍ തീരില്ല. കടമ്മനിട്ട ചാക്കാല പാടിയത് നമ്മുടെ കള്ളത്തരങ്ങളെയും കണ്‍കെട്ടു വിദ്യകളെയും കുറിച്ചാണ്. മരിച്ചവനെ ഓര്‍ക്കുന്നു എന്ന ഭാവത്തില്‍ സ്വന്തം യോഗ്യതകളെയും പ്രാമാണ്യത്തെയും കുറിച്ച് ഉച്ചത്തിലോര്‍ക്കാന്‍ കിട്ടുന്ന അവസരമാണല്ലോ അത്. മരിച്ചവര്‍ കേള്‍ക്കാനല്ല, ജീവിച്ചിരിക്കുന്നവര്‍
കടമ്മനിട്ട

കടമ്മനിട്ട

കേള്‍ക്കാനാണ് ഈ കരച്ചിലുകള്‍. ശബ്ദമില്ലാത്ത എതിര്‍വാദവുമായി പരേതാത്മാവ് പിടയുന്നത് ആരറിയാന്‍. മരിക്കാന്‍ സാധ്യതയുളള്ളവരുടെ വിവരങ്ങള്‍ മരണത്തിനു മുമ്പുതന്നെ ശേഖരിച്ച് കുറിപ്പുകള്‍ തയ്യാറാക്കി വയ്ക്കുക എന്നത് ഒരു പത്രധര്‍മം പോലെ ആയിട്ടുണ്ട്. ഒരാള്‍ മരിച്ചാല്‍ പത്രക്കാരന് അതൊരു ശവത്തൂക്കം വാര്‍ത്തയാണ് എന്ന് 1954 ലാണ് സി ജെ തോമസ് എഴുതിയത്. മരണത്തെ കാല്‍പനികവും നാടകീയവുമായല്ല സമീപിക്കേണ്ടത്. കാരണം അത് ജീവിതംഉള്ളതുകൊ  കൊണ്ടുമാത്രം സംഭവിക്കുന്ന  ഒന്നാണ്. ജീവിതത്തിന്റെ ഏറ്റവും സ്വാഭാവികമായ വിരാമമോ അഭാവമോ മാത്രമാണ്.

മരണം എവിടെയാണ് പതിയിരിക്കുന്നത്? എവിടെയും അതിനെ കാത്തിരിക്കാം. അതു മാത്രമാണ് സാധ്യമായ ഒരേയൊരു പോംവഴി. 'മരണം വരുമിനിയെന്നു നിനച്ചിഹ കരുതുക സതതം' എന്ന് ഭാഗവതവും പറയുന്നു. മരണത്തെ പരിശീലിക്കുക എന്നാല്‍ വിമോചനത്തെ ശീലിക്കുക എന്നു തന്നെ. ഒരാളുടെയും ജീവിതവിയോഗത്തെ ദൌര്‍ഭാഗ്യമായി കരുതാത്ത ഒരാളിന് ജീവിതകാലത്ത് ഒരിക്കലും ഒരു ദൌര്‍ഭാഗ്യവുമുണ്ടാവുകയില്ല എന്ന മൈക്കേല്‍ ഡി മൊണ്‍ടേന്റെ ആശയമാണ് മരണത്തെക്കുറിച്ചു ഞാന്‍ വായിച്ചതില്‍ ഏറ്റവും ആരോഗ്യകരമായത്. ഏറ്റവും തത്വചിന്താപരമായത്. രോഗം ബാധിച്ച് അവശതയനുഭവിച്ച് ജീവിതത്തോട് അവജ്ഞയും വെറുപ്പുമുണ്ടായി മരിക്കുന്നതിനെക്കാള്‍, ഹ്രസ്വവും തീക്ഷ്ണവുമായ ഒരു മരണത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. അപ്പോള്‍ അപ്രതീക്ഷിത മരണങ്ങളെ കുറച്ചുകൂടി സമചിത്തതയോടെ സമീപിക്കാന്‍ വേണ്ടിയുള്ള ഒരു ആത്മീയശിക്ഷണത്തിന് നാം സ്വയം തയ്യാറാകേണ്ടതല്ലേ? മരണം ഒരു കളിയോ കലയോ ആണ്. മറ്റേതൊരു ഗെയിമിലും എന്നതുപോലെ ആകസ്മികതയാണ് മരണത്തിന്റെയും മുഖ്യഘടകം.

ഇത്രയും വര്‍ഷം ജീവിച്ചിട്ടു തിരിഞ്ഞുനോക്കിയാല്‍ ഓരോരുത്തര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിയുന്ന ഒന്നുണ്ട്. കൂടെ പഠിച്ചവരും ജോലി ചെയ്തിരുന്നവരും നമ്മുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ടിരുന്നവരുമായി എത്രയോ പേര്‍ ചെറുപ്രായത്തില്‍ തന്നെ ഈ ഭൂമിയിലെ ജീവിതം ഇടയ്ക്കുവച്ച് അവസാനിപ്പിച്ച് കടന്നുപോയിരിക്കുന്നു. കാലത്തിന് അതു വല്ലതും അറിഞ്ഞ മട്ടുണ്ടോ? ഞാനാദ്യം ഓര്‍ക്കുന്നത് എന്റെ കൂടെ നാലാം ക്ളാസ്സില്‍ തൊട്ടടുത്തിരുന്നു പഠിച്ചിരുന്ന സീനയുടെ മരണമാണ്. ഒരു വയറുവേദന വന്നതും അവള്‍ ഛര്‍ദിച്ചതും ഒക്കെ അധ്യാപകര്‍ പറഞ്ഞാണറിഞ്ഞത്. പിറ്റേന്ന് ഞങ്ങള്‍ മൌനജാഥയായി സ്കൂളില്‍ നിന്നു സീനയെ കാണാന്‍ പോയി. ഒരു കുടിലിന്റെ മുറ്റത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞ അവളുടെ ശരീരം കണ്ടു. അവളുടെ അമ്മയുടെ നിലവിളിയല്ലാതെ മറ്റൊരു ശബ്ദവും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. 

'ഇല്ല പെരുമ്പറ വിശ്വസ്തയാം നിജ
വല്ലഭ തന്നുടെ നെഞ്ചിടിപ്പെന്നിയേ...
ഇല്ല പൂവര്‍ഷം വിഷാദം കിടന്നല
തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ'

ഈ കവിത പഠിപ്പിച്ച അധ്യാപിക ഹൃദയസ്പര്‍ശിയായി ആ ശവഘോഷയാത്ര വിവരിക്കുമ്പോള്‍ സീനയുടെ ദരിദ്രമരണമായിരുന്നു എന്റെ കണ്‍മുന്നില്‍. പിന്നീടൊരിക്കല്‍ തെരുവില്‍ പ്രസവത്തോടെ മരിച്ചുകിടന്ന യാചകസ്ത്രീയുടെ പാതി നഗ്നമായ ജഡം അതിരാവിലെ അമ്പലമൈതാനത്ത് കണ്ടു. ആ സമയത്ത് തിരുനക്കര ക്ഷേത്രത്തില്‍ സന്താനഗോപാലം കഥകളി നടക്കുകയായിരുന്നു. ശവം മറവു ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍, തള്ള പോയതറിയാതെ വെറും തറയില്‍ കിടന്നു കൈകാലിട്ടടിച്ചിരുന്ന 'നരവര്‍ഗനവാതിഥി'യെ കണ്ട് ആളു കൂടി. പെട്ടെന്നാണ് അവിടം മൂകമായത്. ഈയിടെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭര്‍തൃസഹോദരന്റെ ഭാര്യയുടെ പെട്ടെന്നുണ്ടായ മരണത്തില്‍ ഞെട്ടിത്തരിച്ചുനിന്നത്. തണുപ്പു കയറിക്കൊണ്ടിരിക്കുന്ന ആ ദേഹവും ചേര്‍ത്തുപിടിച്ച്  രണ്ടു മണിക്കൂറോളം കാഷ്വാലിറ്റിയിലെ മറ്റനേകം മൃതദേഹങ്ങള്‍ക്കു നടുവില്‍ തനിയെ ഇരുന്നത്. പല തരക്കാര്‍, പല പ്രായക്കാര്‍, ബോധപൂര്‍വം മറ്റൊരാള്‍ ഇല്ലാതെയാക്കുന്നതൊഴികെയുള്ള എല്ലാ മരണങ്ങളും സ്വാഭാവികവും കാലം ചെന്നതുമാണ് എന്ന് അനേകം മൃതദേഹങ്ങള്‍ക്കുനടുവിലിരുന്ന ഞാന്‍ പഠിച്ചു; ഒരു സമാധിയിലും ഏര്‍പ്പെടാതെ തന്നെ. മരണമുണ്ടാക്കുന്ന നിശ്ശബ്ദതയാണ് ഏറ്റവും അര്‍ഥവത്തായ നിശ്ശബ്ദതയെന്ന് അങ്ങനെ പലപ്പോഴായി അറിഞ്ഞിട്ടുണ്ട്.  'മരണവീടു പോലെ മൂക'മെന്നും 'ശ്മശാനമൂക'മെന്നും ഏറ്റവും കട്ടികൂടിയ നിശ്ശബ്ദതയെ എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുണ്ട്.

മരണമെന്ന വാക്കിനെ ദുസ്സൂചകമായാണ് റോമാക്കാര്‍ കാണുന്നത്. ആ വാക്ക് കഴിയുന്നതും അവര്‍ ഉപയോഗിക്കാറില്ല. 'അയാള്‍ മരിച്ചു' എന്നതിനു പകരം 'അയാളുടെ ജീവിതം അവസാനിച്ചു' എന്നോ 'അയാള്‍ ജീവിച്ചിരുന്നു' എന്നോ ആലങ്കാരികമായി നേര്‍പ്പിച്ചാണ് അവര്‍ പറയുക. ഭൂതകാലത്തിലാണെങ്കിലും 'ജീവിച്ചു' എന്നു പറയുന്നതായിരുന്നു അവര്‍ക്ക് 'മരിച്ചു' എന്ന വാക്കിനെക്കാള്‍ ആശ്വാസമേകിയിരുന്നത്. മരിച്ചവരെ സൂചിപ്പിക്കാന്‍ 'ലേറ്റ്' എന്നാണല്ലോ ഇംഗ്ളീഷുകാര്‍ ഉപയോഗിക്കുക. യഥാര്‍ഥത്തില്‍ അക്ഷോഭ്യമായി മരണത്തെ നേരിടാന്‍ ഈ കാലമത്രയും കഴിഞ്ഞിട്ടം മനഷ്യന് കഴിയാത്തതെന്തുകൊണ്ടാകാം. എന്താകാം മരണത്തെ ചൊല്ലി മനുഷ്യന്‍ ഇത്രക്ക് ആകുലനാകാന്‍ കാരണം?

നമ്മുടേതാകട്ടെ മറ്റുള്ളവരുടേതാകട്ടെ, ഒരോ നിര്‍ഗമനവും പ്രസാദപൂര്‍ണമായിരിക്കട്ടെ. ജീവിതത്തിന്റെ തുടക്കത്തില്‍ കാണിച്ച അതേ പ്രസാദാത്മകത ഒടുക്കത്തിലും ഉണ്ടായിരിക്കട്ടെ. മരണത്തെ മറന്നുകൊണ്ട് വാര്‍ധക്യത്തെ എന്തിനാഗ്രഹിക്കണം?  "സത്യസന്ധതയില്ലാത്ത ഒരു നീതിപതിയാലോ, ക്രൂരനായ ഒരു സ്വേച്ഛാധിപതിയാലോ അല്ലല്ലോ നിങ്ങള്‍ ഇവിടെ നിന്ന് തിരിച്ചയക്കപ്പെടുന്നത്? നിന്നെ അതിലേക്കു കൊണ്ടുവന്ന പ്രകൃതിയാല്‍ തന്നെയല്ലേ നീ ഇവിടെ നിന്നു തിരിച്ചയക്കപ്പെടുന്നത്? അതിലിത്രമാത്രം വേദനിക്കുന്നതെന്തിന്?'റോമന്‍ ചക്രവര്‍ത്തിയും ചിന്തകനുമായ മാര്‍കസ് ഒറേലിയസ് ചോദിച്ച ഈ ചോദ്യം മരണമെന്നത് നമ്മുടെ ഉത്തരവാദിത്തത്തില്‍പ്പെട്ട കാര്യമല്ലെന്ന് വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട്. ഓരോ നാളും അവസാനത്തെ നാളായി കാണാന്‍ ശീലിക്കുമ്പോള്‍, ഓരോ അപ്രതീക്ഷിതമായ മണിക്കൂറും നമുക്കനുവദിച്ചു കിട്ടിയ ആനുകൂല്യമായി അനുഭവപ്പെടും. മരണം വിനാശമല്ല, വിനാശങ്ങളില്‍ നിന്നുള്ള മോചനമാണ്. അതുകൊണ്ട് മരിച്ച ദേഹത്തെ, പ്രദര്‍ശനത്തിനുവയ്ക്കാതെ, അതിനുമേല്‍ അലങ്കാരങ്ങള്‍വച്ചുകെട്ടാതെ, എത്രയും പെട്ടെന്ന് അടക്കുക. അതു മാത്രമാണ് നമുക്കു മരിച്ചവരോടുള്ള ബാധ്യത.
..................
 *ലോര്‍ക്ക പരിഭാഷ–ബാലചന്ദ്രന്‍ ചുള്ളിക്കാട്.
 **അന്ന അഖ്മത്തോവ പരിഭാഷ– പുതുശ്ശേരി രാമചന്ദ്രന്‍
 ***ലേഖനത്തിന്റെ ശീര്‍ഷകം റഫീക് അഹമ്മദിന്റെ പ്രസിദ്ധമായ കവിത

(എസ് ശാരാദക്കുട്ടി ദേശാഭിമാനി വാരികയില്‍ എഴുതുന്ന പംക്തി ജ്ഞാനപ്പല്ല്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top