02 October Monday

സിനിമയിലെ പെണ്ണുങ്ങൾ മുന്നോട്ടുതന്നെ

ആർ ഹേമലതUpdated: Tuesday Apr 30, 2019


‘ചെമ്മീൻ ചാടിയാൽ ചട്ടിയോളം...’ സിനിമയിലെ പെണ്ണുങ്ങൾ ഒത്തു ചേർന്നപ്പോൾ ചിലരെങ്കിലും പുറത്തും അതിലധികം പേർ മനസിലും പറഞ്ഞതാണ‌് ഈ വരികൾ... എന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളെയും വകഞ്ഞു മാറ്റി സിനിമയിലെ സ‌്ത്രീ കൂട്ടായ‌്മ മൂന്നാം വർഷത്തിലേക്ക‌് കടന്നു.

ഒരു സഹോദരിക്കെതിരെ അതിക്രൂരമായ ലൈംഗിക അതിക്രമം ഉണ്ടായപ്പോഴാണ‌് അവർ ആദ്യം ഒത്തുചേർന്നത‌്. അന്ന‌് കൂടിയവർ വിളക്ക‌് തെള‌ിച്ചും കണ്ണീർ വാഴ‌്ത്തിയും ധൈര്യം പകരുന്ന വാക്കുകൾ ചേർത്തുവെച്ചും ‘അവൾക്കൊപ്പം’ നിലകൊണ്ടു. വിവരം അറിഞ്ഞ‌് ഓടിക്കൂടിയവർക്കു നേരെ വിരൽ ചൂണ്ടി പുരുഷകേസരികൾ പുച്ഛരസത്തിൽ പുലമ്പിയപ്പോൾ അവർ പരസ‌്പരം വിഷമങ്ങൾ പങ്കുവെച്ചു കരുത്താർജ്ജിച്ചു. തൊഴിലിടങ്ങളിൽ തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങളായിരുന്നു അവയിലേറയും. ഒരുമിച്ചു ചേർത്തുവെച്ച വിഷമങ്ങളിൽ നിന്ന‌് അവർ തുറന്നു പറച്ചിലുകൾ ഉണ്ടാക്കിയെടുത്തു. സിനിമാ ലോകം കീഴ‌്മേൽ മറിയുന്ന വാചകങ്ങൾ പെൺമനസുകളിൽ നിന്ന‌് പുറത്തു വരാൻ തുടങ്ങിയതോടെ ഡബ്ല്യുസിസി എന്ന പെൺ കൂട്ടായ‌്മയെ ആരൊക്കെയോ ഭയക്കാൻ തുടങ്ങി. സ‌്ത്രീവിരുദ്ധ പരാമർശങ്ങൾ എഴുതിചേർത്ത എഴുത്തുകാരും അത‌് സ‌ംവിധാനം ചെയ്യുന്ന സംവിധായകരും ‘ഒരു ശ്രദ്ധ’ചെലുത്താൻ തുടങ്ങിയത‌് മുതൽ കൂട്ടായ‌്മ വിജയമാണെന്ന‌് ഒരു അടക്കം പറച്ചിൽ സിനിമയുടെ അകത്തളങ്ങളിൽ തന്നെ ഉയരാൻ തുടങ്ങി.

ഡബ്ല്യുസിസിയുടെ രണ്ടാം വാർഷികസമ്മേളനത്തിൽ നടി രേവതി മന്ത്രി കെ കെ ശൈലജക്ക്‌ പുതിയ വെബ്‌സൈറ്റ്‌ മൊബൈലിൽ കാണിച്ചുകൊടുക്കുന്നു

ഡബ്ല്യുസിസിയുടെ രണ്ടാം വാർഷികസമ്മേളനത്തിൽ നടി രേവതി മന്ത്രി കെ കെ ശൈലജക്ക്‌ പുതിയ വെബ്‌സൈറ്റ്‌ മൊബൈലിൽ കാണിച്ചുകൊടുക്കുന്നു

ഈ അടക്കം പറച്ചിലുകൾക്കിടയിലൂടെ സിനിമയിലെ പെണ്ണുങ്ങൾ മുന്നോട്ട‌് കുതിക്കുകയാണ‌്‌.  രണ്ടാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അവർ തുറന്നുവെച്ച വെബ‌്സൈറ്റ‌് സിനിമയിലേക്ക‌് കൂടുതൽ സ‌്ത്രീകൾക്ക‌് കടന്നുവരാനുള്ള അവസരം ഒരുക്കുന്നു. പുതുതായി സിനിമാ ലോകത്ത‌് എത്തുന്ന വനിതകളെ ഇന്റേൺഷിപ്പ‌്, ഷാഡോ ട്രെയിനിങ്‌, മെന്റർഷിപ്പ‌് എന്നിങ്ങനെ പലതരത്തിലാണ‌് ഡബ്ല്യുസിസി പിന്തുണയ‌്ക്കുന്നത‌്. മൂന്നു സിനിമകൾ ചെയ‌്ത വനിതകൾക്ക‌് ഡബ്ല്യുസിസിയുടെ അംഗത്വം ലഭിക്കും. രജിസ‌്റ്റർ ചെയ‌്ത 50 അംഗങ്ങളും അത്ര തന്നെ അപേക്ഷ നൽകിയവരും ഇപ്പോൾ ഡബ്ല്യുസിസിയ‌്ക്ക‌് ഒപ്പമുണ്ട‌്.

എല്ലാതരത്തിലും പിന്തുണ നൽകി കൂടുതൽ സ‌്ത്രീകളെ ഈ രംഗത്ത‌് എത്തിക്കുന്നതിനൊപ്പം നാട്ടിലെ നിയമങ്ങൾ സിനിമാ ലോകത്തും ബാധകമാണെന്ന അവബോധം എല്ലാവരിലും ഉണർത്താനും ഡബ്ല്യുസിസി പരിശ്രമിക്കുന്നു. സിനിമാമേഖലയിലെ തൊഴിലും സുരക്ഷയും സംബന്ധിച്ച‌് എഴുതി തയ്യാറാക്കിയ രൂപരേഖ പുറത്തിറക്കാൻ ഡബ്ല്യുസിസി ശ്രമം നടത്തുന്നുണ്ട‌്.  രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളും ചെന്നൈയിൽ അടുത്തമാസം നടക്കുന്ന ചർച്ചകളിൽ മുന്നോട്ട‌ുവയ‌്ക്കുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയാകും ഇത‌് തയ്യാറാക്കുക. അടുത്ത ഡിസംബറിൽ ഇവ ക്രോഡീകരിച്ച‌് മാന്വൽ രൂപത്തിൽ പുറത്തിറക്കും. ഇതിന്റെ പകർപ്പ‌് സർക്കാരിനും സമർപ്പിക്കും. സർക്കാരിന്‌്  താൽപ്പര്യമുണ്ടെങ്കിൽ പെരുമാറ്റച്ചട്ടരൂപത്തിൽ ഇത‌് പ്രയോഗത്തിൽ വരുത്താനാകുമെന്ന‌് ഡബ്ല്യുസിസി അംഗങ്ങൾ പറഞ്ഞു.

സിനിമാമേഖല നാട്ടിലെ നിയമങ്ങൾക്ക‌ുവിധേയമായി പ്രവർത്തിക്കുന്ന ഇടമായി മാറണം. ഇപ്പോൾ അത്തരത്തിലല്ല പ്രവർത്തനം. മറ്റെല്ലാ സംഘടനകൾക്കും ബഹുമാനം നൽകിയാണ‌് ഡബ്ല്യുസിസി പ്രവർത്തിക്കുന്നത‌്. തൊഴിലിടങ്ങ‌ളിൽ തുല്യനീതിക്ക‌ുവേണ്ടിയാണ‌് സംഘടന ശ്രമിക്കുന്നത‌്. അത‌് ഒരു സുപ്രഭാതത്തിൽ ലഭിക്കുമെന്ന ചിന്ത അംഗങ്ങൾക്ക‌ില്ലെന്നും സംഘടനാപ്രവർത്തകരായ അഞ‌്ജലി മേനോൻ, വിധു വിൻസെന്റ‌്, സജിതാ മഠത്തിൽ എന്നിവർ പറഞ്ഞു.

ഡബ്ല്യുസിസി അംഗങ്ങൾ നയിക്കുന്ന സിനിമാസെറ്റുകളിൽ കോൺട്രാക‌്ട‌ും പരാതിപരിഹാര സെല്ലും രൂപീകരിക്കാൻ ശ്രമിച്ചു വരികയാണ‌്. ഇപ്പോൾ മലയാളസിനിമയിൽ കരാറിൽ ഏർപ്പെട്ട‌് ജോലി ചെയ്യുന്നവർ ചുരുക്കമാണ‌്. അതുപോലെതന്നെ പരാതി ഉയർന്നാൽ അത‌് സ്വീകരിക്കാനോ പരിഹരിക്കാനോ ഉള്ള സംവിധാനങ്ങളും ഇല്ല.  കരാർ ഒപ്പിട്ട‌് സിനിമ മുന്നോട്ട‌് കൊണ്ടുപോകുന്നത‌് സംവിധായകർക്കും നിർമാതാക്കൾക്കും ഗുണകരമാകും.

ഇരയാക്കപ്പെട്ട സഹോദരിക്കായി നടത്തുന്ന നിയമപോരാട്ടങ്ങൾ തുടരാനാണ‌് അവരുടെ തീരുമാനം. ജസ‌്റ്റിസ‌് ഹേമ കമീഷൻ റിപ്പോർട്ടും ഹൈക്കോടതിയിൽ നിലനിൽക്കുന്ന പൊതുതാൽപ്പര്യഹർജിയുടെ വിധിയും അനുസരിച്ചാകും മുന്നോട്ടുള്ള നീക്കമെന്നാണ‌് ഇപ്പോഴത്തെ തീരുമാനം.

സിനിമയ്‌ക്കകത്തും പുറത്തും സംഭവിക്കുന്ന സ്ത്രീവിരുദ്ധതയെ രൂക്ഷമായി വിമർശിച്ചും ഇടയ്ക്ക് ഉണ്ടാകുന്ന ഇടപെടലുകളെ സ്വാഗതംചെയ്തുമാണ‌് ഡബ്ല്യുസിസിയുടെ രണ്ടാം വാർഷികാഘോഷം കടന്നുപോയത‌്. എറണാകുളം സെന്റ്തെരേസാസിൽ നടന്ന വാർഷികാഘോഷത്തിൽ മറ്റ‌് സിനിമാ മേഖലകളിൽ നിന്നുളളവരും  പങ്കെടുത്തു.

സ്ത്രീ സിനിമാപ്രവർത്തകർക്കെതിരായ ആണധികാരത്തെ ചോദ്യംചെയ്യാൻ ഡബ്ല്യുസിസിക്ക‌് കഴിഞ്ഞതായി ചടങ്ങിൽ സംസാരിച്ച രേവതി പറഞ്ഞു. ലിംഗ പരമായ വേർതിരിവുകൾക്കെതിരെയാണ‌് ഡബ്ല്യുസിസി ആദ്യമായി ശബ‌്ദം ഉയർത്തിയത‌്. ഒരു സുഹൃത്ത‌് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടപ്പോൾ അവൾക്ക‌് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു കൂട്ടായ‌്മ രൂപപ്പെട്ടത‌്. പിന്നീട‌് ഇരയ‌്ക്കും വേട്ടക്കാരനും രണ്ടു നീതി എന്ന നിലപാടെടുത്ത താരസംഘടനയായ എഎംഎംഎയുടെ ആണധികാരത്തെ ചോദ്യംചെയ്യാൻ സംഘടനയ‌്ക്കായി. ഇപ്പോഴും ആ പോരാട്ടം തുടരുകയാ‌ണെന്നും  രേവതി പറഞ്ഞു. ഫെഫ‌്കയുടെ എക‌്സിക്യൂട്ടീവ‌് അംഗങ്ങളായി സ‌്ത്രീകളെ തീരുമാനിക്കാൻ ഡബ്ല്യുസിസിയുടെ ഇടപെടലിലൂടെ കഴിഞ്ഞതായും രേവതി പറഞ്ഞു.

സിനിമയിലെ പെൺ കൂട്ടായ‌്മയ‌്ക്ക‌് സർക്കാർ നൽകുന്ന പിന്തുണയും ഇവർക്ക‌് കൂടുതൽ കരുത്ത‌് പകരുന്നു. സർക്കാർ വളരെ പ്രതീക്ഷയോടെയാണ‌് ഡബ്ല്യുസിസിയെ കാണുന്നതെന്ന‌് മന്ത്രി കെ കെ ശൈലജ പറഞ്ഞു. മറുഭാഷാ സിനിമാ മേഖലക‌ളിൽ നിന്ന‌് എത്തിയവരും ഈ പെൺകൂട്ടായ‌്മയെ അനുമോദിച്ചു. ഡബ്ല്യുസിസി കേരളത്തിൽ മാത്രമൊതുങ്ങാതെ ഇന്ത്യയിലെ മറ്റു സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കണമെന്ന‌ാണ‌് പ്രശസ‌്ത സിനിമാ സംവിധായകൻ പാ.രഞ്ജിത്ത് പറഞ്ഞത‌്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ മാത്രമല്ല, നിലനിൽക്കുന്ന ജാതി–-മത വിവേചനങ്ങൾക്കെതിരെയും ഡബ്ല്യുസിസിയുടെ ശബ്ദമുയരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഏതായാലും ആശിർവാദങ്ങൾക്കും അധിക്ഷേപങ്ങൾക്കുമിടയിലൂടെ തങ്ങൾ മുന്നോട്ട‌് തന്നെയെന്ന‌് ഉറക്കെ പറയുകയാണ‌് ഈ പെണ്ണുങ്ങൾ......
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top