29 March Friday

പ്രണയത്തിന്റെ നിറം മഞ്ഞ ; ജീവിതത്തോടും സ്ത്രീയോടും

കാരയ്ക്കാമണ്ഡപം വിജയകുമാർUpdated: Sunday Aug 7, 2022

പ്രകൃതിയെ വർണാനുഭവമാക്കി ഉദാത്ത അനുഭൂതികൾ ആസ്വാദകർക്ക്‌ പകർന്നുനൽകിയ ചിത്രകാരനായിരുന്നു വിൻസന്റ്‌ വാൻഗോഗ്‌. കലാകാരന്റെ വിഭ്രമങ്ങളും ഒറ്റപ്പെടലുകളും പീഡിത ജീവിതസാഹചര്യങ്ങളുമൊക്കെ ചേരുന്ന വർണലോകത്തിലേക്കാണ്‌ മഞ്ഞനിറത്തിന്റെ ധാരാളിത്തമായി വാൻഗോഗ്‌ ചിത്രങ്ങൾ വിസ്‌മയിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

വർണത്തേപ്പുകളുടെ വൈവിധ്യലോകം അനുഭവിച്ചറിഞ്ഞ വാൻഗോഗ്‌ മഞ്ഞനിറത്തിന്റെ സൗന്ദര്യബോധത്തെ മനുഷ്യമനസ്സുമായി, പ്രത്യേകിച്ച്‌ സ്‌ത്രീമനസ്സുമായി ഇഴചേർത്തുകൊണ്ടാണ്‌ തന്റെ ചിത്രതലങ്ങൾ സൃഷ്ടിച്ചത്‌. മഞ്ഞയുടെ തെളിമയിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സ്‌നേഹത്തിന്റെയും പ്രതീകമായി സൂര്യനെയും സൂര്യകാന്തിപ്പൂക്കളെയും വരച്ചുകാട്ടി. ഹൃദയവികാരങ്ങളെ വർണങ്ങളിലാവാഹിച്ച ഈ ഇംപ്രഷണിസ്റ്റ്‌ ചിത്രകാരൻ (നിയോ ഇംപ്രഷണിസമായും പോസ്റ്റ്‌ ഇംപ്രഷണിസമായും വിശേഷിപ്പിക്കാം) ജീവിതത്തെയും കലയെയും വേർതിരിക്കാനാകാത്ത വിധം സർഗാത്മകമാക്കുകയായിരുന്നു.

മഞ്ഞയുടെ പ്രകാശത്തിലേക്ക്‌ പ്രകൃതിയുടെ നിഴൽവീണ ഗോതമ്പുവയലുകളും നിറഭേദങ്ങളുള്ള പലതരം സൂര്യകാന്തിപ്പൂക്കളും നക്ഷത്രരാത്രികളും മഞ്ഞയും നീലയും ചാലിച്ച പ്രകൃതിയുമൊക്കെ നമ്മെ മറ്റൊരു സ്വപ്‌നലോകത്തേക്ക്‌ കൊണ്ടുപോകുന്നു. സൂര്യകാന്തിപ്പാടങ്ങളും തൊഴിലാളികളുടെ ദൈന്യതയാർന്ന പകലുകളും വിവിധ വികാരഭാവങ്ങൾ തെളിയുന്ന സ്വന്തം ഛായാചിത്രങ്ങളുമൊക്കെ യാഥാർഥ്യബോധത്തോടെയാണ്‌ ആസ്വാദകർ വിലയിരുത്തുന്നത്‌. പൂക്കളുടെ തനിമ നഷ്‌ടപ്പെടാതെ വാടുന്നതിനുമുമ്പ്‌ വേഗത്തിൽ വരച്ച്‌ പൂർത്തിയാക്കിയവയാണെന്ന്‌ കലാനിരൂപകർ അടയാളപ്പെടുത്തിയിട്ടുണ്ട്‌.

വാൻഗോഗിന്‌ പ്രണയത്തിന്റെ നിറവും മഞ്ഞയായിരുന്നു. ജീവശാസ്‌ത്രപരവും ചരിത്രപരവുമായ നിറങ്ങളുടെ അർഥതലങ്ങൾക്കപ്പുറം മഞ്ഞനിറത്തോടുള്ള പ്രണയത്തെക്കുറിച്ചും പഠനങ്ങളുണ്ടായിട്ടുണ്ട്‌. വാൻഗോഗ്‌ താമസിച്ച വീടുകൾ, മുറികൾ, കഫേകൾ, അനന്തമായ കാഴ്‌ചകളിലെ രൂപങ്ങൾ, ഏകാന്തതയും ഉന്മാദവും വേട്ടയാടിയ മഞ്ഞവീട്ടിലെ മുറിയിലുള്ള വസ്‌തുക്കൾ എന്നിവയൊക്കെ ചിത്രങ്ങളിൽ വിഷയമായിട്ടുണ്ട്‌. മുറിയിലെ മഞ്ഞത്തലയണ, ചെരുപ്പുകൾ, ഭിത്തിയിലെ ഛായാചിത്രങ്ങൾ അങ്ങനെ പച്ചയും മഞ്ഞയും ചിത്രങ്ങൾ നിരവധി.
ശക്തിയുടെ നിറമായ ചുവപ്പും പരിശുദ്ധിയുടെയും തെളിമയുടെയും പ്രകാശത്തിന്റെയും നിറമായ മഞ്ഞയും സ്‌ത്രീകളുമായി ബന്ധപ്പെട്ട ചില അടയാളപ്പെടുത്തലുകളാക്കി.  മനുഷ്യരെ സ്‌നേഹിക്കുന്നതിനേക്കാൾ മനോഹരമായ കലയില്ലെന്ന്‌ സൂചിപ്പിച്ച്‌ അതനുസരിച്ച്‌ ജീവിച്ച ജീനിയസ്സായിരുന്നു അദ്ദേഹം. ധാരാളം സ്‌ത്രീസൗഹൃദങ്ങൾ തന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിനിടയിൽ ഉണ്ടായിട്ടുണ്ട്‌.

മുറപ്പെണ്ണായിരുന്ന കേലോ, വീട്ടുടമയുടെ മകൾ ഉർസു, ആർസിലയിലെ മഞ്ഞ വീടിനടുത്ത്‌ മദ്യപാനവും ചൂതാട്ടവും നടക്കുന്ന തെരുവിലെ പതിനാറുകാരി റേച്ചൽ (സ്‌നേഹവും വാത്സല്യവും മൂത്ത്‌ സ്വന്തം ചെവി മുറിച്ചുനൽകിയത്‌ ഈ പെൺകുട്ടിക്കായിരുന്നു) ഇങ്ങനെ പലരും. പെൺസൗഹൃദങ്ങൾ പ്രകാശമാനമാകുന്നതിനപ്പുറം അവതരിപ്പിച്ച ചിത്രമാണ്‌ Sorrow (1882). അദ്ദേഹം ശീലിച്ചുവന്ന കലയുടെ അതിരുകൾക്കുള്ളിൽനിന്ന്‌ മാറി സ്വതന്ത്രമായ കലയുടെ രൂപപരിണാമം ഇവിടെ കാണാം. തെരുവിലിരിക്കുന്ന നഗ്നയായ സ്‌ത്രീരൂപത്തിന്റെ ദൈന്യതയും നിസ്സഹായതയും നിരാലംബതയും ആസ്വാദകമനസ്സിനെ നോവിച്ചുകൊണ്ടേയിരിക്കുന്നു.

വെളിച്ചത്തിലുണ്ടാകുന്ന തിളക്കംപോലെ നിഴലിനും പ്രകാശംപരത്തുന്ന രചനാരീതി അദ്ദേഹത്തിന്റെ രചനകളിൽ സജീവമല്ലെങ്കിലും ഖനിത്തൊഴിലാളികളുടെ നിറമില്ലാത്ത ജീവിതാവസ്ഥകളിൽ വീഴുന്ന വെളിച്ചത്തിന്റെ വർണത്തേപ്പുകളെ  വികാരതീവ്രമാക്കി അവതരിപ്പിച്ചു.

ആർലസിലെ മഞ്ഞഗൃഹത്തിൽനിന്നുള്ള ഒഴിവാക്കപ്പെടലും പുലരുവോളം തുടരുന്ന കഫേകളിലെ മദ്യസേവയും അന്തിയുറക്കവുമൊക്കെ ചേർന്ന അരാജകജീവിതം ആഘോഷമാക്കിയ വിൻസന്റ്‌ വാൻഗോഗ്‌ കടുത്ത മാനസിക വിഭ്രാന്തിയിലേക്ക്‌ എടുത്തെറിയപ്പെട്ടു. പീഡിതമനസ്സിലെ ഉന്മാദങ്ങളൊക്കെ ക്യാൻവാസിൽ നൃത്തമാടിക്കൊണ്ടിരിക്കെ തന്റെ 37–-ാം വയസ്സിൽ (1890 ജൂലൈ 27) ഒരു വെടിയൊച്ചയോടെ ജീവിതം അവസാനിപ്പിച്ചു, നെഞ്ചിൻകൂട്ടിൽ ശേഷിച്ചിരുന്ന മഞ്ഞയുടെയും പച്ചയുടെയും നീലയുടെയും കടുംവർണങ്ങൾ പുറത്തേക്ക്‌ പൊട്ടിയൊലിപ്പിച്ചുകൊണ്ട്‌.


prabhavamtvm@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top