20 April Saturday

പെൺപോരാട്ടങ്ങളിലേക്ക്‌ ഒരു ചരിത്രസഞ്ചാരം

അഞ്‌ജലി ഗംഗUpdated: Sunday Feb 23, 2020


സ്‌ത്രീകൾ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‌ വർഷങ്ങൾ നീണ്ടുനിന്ന ത്യാഗോജ്വല സമരത്തിന്റെ ചരിത്രവും പിൻബലവുമുണ്ടെന്ന്‌ ഓർമിപ്പിക്കുകയാണ്‌ വിധു വിൻസെന്റ്‌ സംവിധാനംചെയ്‌ത വിമോചനത്തിന്റെ പാട്ടുകാർ എന്ന ഡോക്യുമെന്ററി. വനിത–- ശിശു വികസനവകുപ്പും കേരള വനിതാ വികസനവകുപ്പും പിആർഡിയും ചേർന്നാണ്‌ ഡോക്യുമെന്ററി പുറത്തിറക്കിയത്‌.

ജാനകി വിജയൻ എന്ന എഴുത്തുകാരിയിലൂടെയാണ്‌ ഡോക്യുമെന്ററി ആരംഭിക്കുന്നത്‌. സ്‌ത്രീകൾ നേടിയ അവകാശങ്ങളെപ്പറ്റി ബോധവതിയല്ലാതിരുന്ന ജാനകി, കയർത്തൊഴിലാളിയായിരുന്ന അമ്മൂമ്മയെ കാണാൻ ചെല്ലുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ശബരിമലയിൽ സ്‌ത്രീ പ്രവേശിച്ചത്‌ ആചാരലംഘനമാണെന്ന്‌ ജാനകി പറയുമ്പോൾ, ഇത്തരം പഴകിയ ആചാരങ്ങൾ ലംഘിച്ചില്ലായിരുന്നെങ്കിൽ കൊച്ചുമകൾക്ക്‌ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്താൻ കഴിയില്ലായിരുന്നു എന്ന്‌ ബോധ്യപ്പെടുത്തുന്ന സഖാവ്‌ കുട്ടിയമ്മയാണ്‌ ഡോക്യുമെന്ററിയുടെ നെടുംതൂൺ.

കേരളത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളായ മുക്കൂത്തി സമരവും സ്‌ത്രീകൾക്ക്‌ മേൽവസ്‌ത്രം ധരിക്കാൻ കഴിയാതിരുന്ന കാലഘട്ടവും താഴ്‌ന്നജാതിയിലുള്ള സ്‌ത്രീകൾക്ക്‌ ഇഷ്‌ടമുള്ള പേര്‌ വയ്‌ക്കാനോ, ഇഷ്‌ടമുള്ളിടത്തേക്ക്‌ യാത്ര ചെയ്യാനോ, ആരാധനാലയങ്ങളിൽ പോകാനോ കഴിയാതിരുന്ന സാഹചര്യവുമെല്ലാം ഡോക്യുമെന്ററിക്ക്‌ ആധാരമാകുന്നുണ്ട്‌. അന്ന്‌ അതിനെതിരായി സ്‌ത്രീകൾ സമരംചെയ്‌ത്‌, ആചാരം ലംഘിച്ചില്ലായിരുന്നെങ്കിൽ ഇന്ന്‌ അനുഭവിക്കുന്ന സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നില്ല എന്നാണ്‌ കുട്ടിയമ്മ സ്‌ത്രീകളെ ഓർമപ്പെടുത്തുന്നത്‌.

ഇതൂകൂടാതെ താഴ്‌ന്ന ജാതിയിലുള്ള കുട്ടികൾക്ക്‌ സ്‌കൂളിൽ പഠിക്കാൻ അനുവദിക്കാത്തതിനെ ചോദ്യംചെയ്‌ത അയ്യൻകാളിയും കയർത്തൊഴിലാളികളായ സ്‌ത്രീകൾ നടത്തിയ തുല്യവേതന –- അവകാശസമരവുമെല്ലാം ദൃശ്യചാരുതയോടെ പ്രേക്ഷകർക്കു മുന്നിലെത്തിക്കാൻ വിധു വിൻസെന്റിനായിട്ടുണ്ട്‌. ഇന്ന്‌ സ്‌ത്രീകളനുഭവിക്കുന്ന സ്വാതന്ത്ര്യവും അംഗീകാരങ്ങളും വർഗസമരത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും  കഷ്‌ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും ഉപോൽപ്പന്നമാണെന്ന്‌ ഓരോ പ്രേക്ഷകനെയും ബോധ്യപ്പെടുത്തുന്നു.

അന്ന ചാണ്ടി, ആനി മസ്‌ക്രീൻ, ദാക്ഷായണി വേലായുധൻ, അമ്മു സ്വാമിനാഥൻ, ലക്ഷ്‌മി മേനോൻ, സുശീല ഗോപാലൻ, ഗൗരിയമ്മ, ദേവകി അന്തർജനം, കുട്ടിമാളുഅമ്മ തുടങ്ങി അനേകം സ്‌ത്രീകൾ കല്ലും മുള്ളും താണ്ടിയ പാതയിലൂടെയാണ്‌ ഇന്നത്തെ സ്‌ത്രീകളുടെ വളർച്ചയും വികസനവുമുണ്ടായതെന്ന്‌ ഡോക്യുമെന്ററി ഓർമപ്പെടുത്തുന്നു.

നമ്മളെങ്ങനെ നമ്മളായി എന്നതിന്റെ ഓർമപ്പെടുത്തലാണ്‌, ഒരു ചരിത്രസഞ്ചാരമാണ്‌ വിമോചനത്തിന്റെ പാട്ടുകാർ. സ്‌ത്രീകളുടെ പോരാട്ടങ്ങൾ അവസാനിക്കുന്നില്ലെന്നും ഇനിയും ഒരുപാട്‌ മുന്നേറാനുണ്ടെന്നും ഓർമിപ്പിച്ചാണ്‌ ഡോക്യുമെന്ററി അവസാനിക്കുന്നത്‌. രാഖി സാവിത്രി, മഹേഷ്‌, വിധു വിൻസെന്റ്‌ എന്നിവർ ചേർന്നാണ്‌ തിരക്കഥ ഒരുക്കിയത്‌. സരുൺ സണ്ണിയാണ്‌ ഛായാഗ്രഹണം. സംഗീതം–- വർക്കി. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top