28 March Thursday

കവിസ്വപ്‌നങ്ങൾക്ക് കാവലാളായി വള്ളത്തോളിന്റെ പ്രിയപുത്രി

കൃഷ്ണകുമാർ പൊതുവാൾUpdated: Tuesday Feb 12, 2019

മഹാകവി വള്ളത്തോൾ നാരായണമേനോനെ മലയാളിക്കും ഭാരതത്തിനും  ലോകത്തിനാകമാനവും മറക്കാനാവില്ല. സ്വാതന്ത്ര്യസമരകാലത്ത് സമരത്തിന് ഊർജം പകരുന്ന കവിതകളിലൂടെ മാത്രമല്ല, നാശോന്മുഖമായിരുന്ന ശാസ്‌ത്രീയ കലകളെ പരിപോഷിക്കാൻ കലാമണ്ഡലം സ്ഥാപിക്കുക കൂടി ചെയ്ത ആ മഹാത്മ നമുക്കെന്നും അഭിമാനമാണ്.

അദ്ദേഹത്തിന്റെ മകൾ വാസന്തിമേനോൻ ഇന്നും അച്ഛന്റെ ദീപ്തസ്മരണയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ തുടരുകയാണ്‌. ചെറുതുരുത്തിയിൽ നിളാതീരത്തിനടുത്തുതന്നെ കവിയുടെ സമാധിക്കടുത്ത് വാസന്തിമേനോനും താമസിക്കുന്നു.
നവതിയിലേക്കു പ്രവേശിക്കുന്ന കലാമണ്ഡലം ഇന്നു കാണുന്ന തരത്തിൽ വിശ്വപ്രസിദ്ധി നേടാൻ കവി ചെയ്ത ത്യാഗങ്ങൾ ഓർക്കുമ്പോൾ കലാകാരന്മാരുടെയും നാട്ടുകാരുടെയുമെല്ലാം  പ്രിയങ്കരിയായ വാസന്തി ഓപ്പോൾ നെടുവീർപ്പിടും. ‘അച്ഛൻ എത്ര കഷ്ടപ്പെട്ടു. ഇന്ന് ഈ സ്ഥാപനം (കലാമണ്ഡലം) വിശ്വപ്രസിദ്ധമായതു കാണുമ്പോൾ സന്തോഷം തോന്നുന്നു’ -ഓപ്പോൾ പറഞ്ഞു.

എല്ലാവരേയും സ്‌നേഹിക്കാൻ മാത്രമറിയുന്ന ഓപ്പോൾ അമ്മയെപ്പോലെ വർഷങ്ങളായി കലാമണ്ഡലത്തെയും കലകളെയും കലാസ്വാദകരെയും ഹൃദയത്തോട്‌ ചേർക്കുന്നു. കലാമണ്ഡലത്തിന്റെ പിറവി മുതൽ ഇന്നു വരെ ഗൃഹനാഥയുടെ സ്വാതന്ത്ര്യത്തോടെ അവർൾ നോക്കിക്കാണുന്നു, വളർച്ചയുടെ ഓരോ ഘട്ടത്തിലും ആനന്ദാശ്രു പൊഴിക്കുന്നു.

വള്ളത്തോൾ നാരായണമേനോന്റെയും മലപ്പുറം വന്നേരി ചിറ്റഴി മാധവി അമ്മയുടെയും ഇളയമകളായാണ് വാസന്തി  ജനിച്ചത്. കവിയുടെ മക്കളിൽ ജീവിച്ചിരിക്കുന്നതും ഇവർ മാത്രമാണ്. വള്ളത്തോളിന്റെ എട്ടുമക്കളിൽ ബാലകൃഷ്ണക്കുറുപ്പും അച്യുതക്കുറുപ്പും കലാമണ്ഡലം ഭരണസമിതിയിൽ അംഗമായിരുന്നു. അച്യുതക്കുറുപ്പിന്റെ നിര്യാണത്തെ തുടർന്നാണ് വാസന്തിമേനോൻ കലാമണ്ഡലത്തിൽ സജീവമായത്. കാൽനൂറ്റാണ്ടിലേറെയായി കവിയുടെ സ്വപ്‌നങ്ങൾക്ക് നിറച്ചാർത്തേകാൻ ഈ അമ്മയുണ്ട്. കലാമണ്ഡലത്തിന് സർവകലാശാലാപദവി ലഭിക്കുന്നതിനുമുമ്പ് ഭരണസമിതി അംഗമായിരുന്ന ഇവർ ഇപ്പോൾ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലുമുണ്ട്.

ലാളിത്യവും വിനയവും നിറഞ്ഞ ഈ അമ്മ കലാമണ്ഡലത്തിന്റെ ഭാഗം തന്നെയാണ്. എന്തിനും ഏതിനും ഓടിയെത്തും. ഗുരുകുല സമ്പ്രദായം നിലവിലുള്ള കലാമണ്ഡലത്തിലെ വിദ്യാർഥികൾ മാത്രമല്ല അധ്യാപകരും അന്തേവാസികളുമെല്ലാം ഓപ്പോളെ കാണാൻ ഒഴിവുള്ളപ്പോൾ വീട്ടിലെത്തും. പുലർകാലേയുള്ള സാധകവും ഉഴിച്ചിലും മെയ്‌സാധകവും കണ്ണ് സാധകവുമെല്ലാം കുട്ടികളെ ഇടക്കെങ്കിലും വിഷമത്തിലാക്കുമ്പോൾ അമ്മ മനസ്സുമായി സാന്ത്വനസ്പർശമായി ഓപ്പോൾ എത്തും.

സദാ പുഞ്ചിരിയുമായി പ്രസന്നവദനയായി വള്ളത്തോൾ മ്യൂസിയത്തിനടുത്തുള്ളള വീട്ടിൽ സന്ദർശകരെ കാത്ത്‌ ഈ അമ്മയുണ്ട്‌. പ്രായാധിക്യം മൂലമുള്ള അസുഖങ്ങൾ ശല്യം ചെയ്യുന്നുണ്ടെങ്കിലും കലാമണ്ഡലത്തിന്റെ കാര്യം വരുമ്പോൾ അസുഖമെല്ലാം പമ്പ കടക്കുമെന്ന് അവർ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top