05 October Thursday

കുട നിവര്‍ത്തുന്ന ആറളം

മനോഹരന്‍ കൈതപ്രം manoharankaithapram@gmail.comUpdated: Sunday May 14, 2023

കളമശേരിയിലെ സംസ്ഥാന മൈക്രോ എന്റർപ്രൈസസ്‌ കോൺക്ലേവാണ്‌ വേദി. ഏപ്രിൽ 22. സംസാരിക്കുന്നത്‌ കണ്ണൂർ ജില്ലയിലെ ചെറുകിട കുടുംബശ്രീ സംരംഭകരെ പ്രതിനിധാനംചെയ്‌ത്‌ ആറളം ഫാം ആദിവാസി മേഖലയിലെ ‘ലോട്ടസ്‌’ ടീം ലീഡർ വി ആർ സുനിത.|

‘ഇത്തരമൊരു വേദിയിലെത്തി വിജയത്തിന്റെ ജീവിതകഥ പറയാൻ അവസരം കിട്ടുമെന്ന്‌ ഒരിക്കലും കരുതിയതല്ല. ആറളം ഫാമിൽ ജില്ലാ കുടുംബശ്രീ മിഷൻ പ്രത്യേക പട്ടികവർഗ പദ്ധതിയിൽ മൂന്നുവർഷംമുമ്പാണ്‌ ഞങ്ങൾക്കൊരു സംരംഭം തുടങ്ങാൻ അവസരമൊരുക്കിയത്‌. ഞങ്ങൾ ആ നിർദേശം ഏറെ ആശങ്കകളോടെ ഏറ്റെടുത്തു. മൂന്നാംവർഷം സംസ്ഥാനത്തെ മികച്ച വനിതാ സംരംഭകരായ ഈ 10 പേർക്കൊപ്പം കേരളത്തോളം ഉയരെ എത്താൻ ഞങ്ങൾക്കും സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്‌. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷനോട്‌ ഞങ്ങളുടെ സംരംഭം ഏറെ കടപ്പെട്ടിരിക്കുന്നു. അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നാണ്‌ ഞങ്ങളുടെ അനുഭവപാഠം’.

ബ്ലോക്ക്‌–-7ലെ ഒരു വീട്‌


മഴയെത്തുംമുമ്പേ തങ്ങൾക്ക്‌ നിശ്ചയിച്ച എണ്ണത്തിലുള്ള കുടകൾ തുന്നിയെടുക്കാനുള്ള ഒരുക്കങ്ങളിലാണ്‌ ഈ പെണ്ണുങ്ങൾ. നല്ല ജോലിത്തിരക്കിലാണ്‌ ഇവർ. കണ്ണൂർ ജില്ലയിലെ ആറളം ഫാം ആദിവാസി പുനരധിവാസകേന്ദ്രം ഇല്ലായ്മകളുടെയും ജീവിത ദുരിതങ്ങളുടെയും  വാർത്തകളാൽ നിറയുന്ന മാധ്യമശ്രദ്ധ നേടിയ ഇടമാണെങ്കിൽ ജില്ലാ കുടുംബശ്രീ മിഷനു മുന്നിൽ ആറളം ഫാമിലെ വനിതകൾ സംരംഭത്തിന്റെ ഊർജസ്രോതസ്സാണ്‌. മൂന്നുവർഷംമുമ്പാണ്‌ കുടുംബശ്രീ ജില്ലാ മിഷൻ ആറളം ഫാം ആദിവാസി മേഖലയിൽ തൊഴിൽ സംരംഭം എന്നനിലയിൽ ആദി കുട നിർമാണ യൂണിറ്റ്‌ ആരംഭിച്ചത്‌. തുടക്കത്തിൽ 10 വനിതകളാണ്‌ കുട നിർമാണത്തിൽ പരിശീലനം നേടിയത്‌.

ജില്ലാ മിഷൻ നേതൃത്വത്തിൽ മികച്ച പരിശീലകരെ ഫാമിൽ എത്തിച്ചാണ്‌ കുട നിർമിക്കാൻ ആദിവാസി വനിതകളെ പ്രാപ്തരാക്കിയത്‌. ജില്ലാ മിഷൻ നൽകിയ അഞ്ചുലക്ഷം രൂപയായിരുന്നു മൂലധനം. പിന്നിട്‌ ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപകൂടി റിവോൾവിങ് ഫണ്ട്‌ അടിസ്ഥാനത്തിൽ പലിശരഹിത വായ്പയായി  നൽകിയതോടെ മൂലധന അടിത്തറ വികസിച്ചു. കുട നിർമാണത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഈ പണം ഉപയോഗിക്കുകയും റിവോൾവിങ് ഫണ്ട്‌ അതേ മട്ടിൽ ബാങ്കിൽ നിക്ഷേപിക്കുകയും ചെയ്യുന്ന വിജയകഥകൂടിയുണ്ട്‌ ഇവർക്ക്‌.

രണ്ടാംവർഷവും പരിശീലനം തുടർന്നു. മൂന്നാംവർഷം എത്തിയതോടെ കുട നിർമിതിയിൽ ആദി കുട നിർമാതാക്കൾക്ക്‌ മികച്ച കരവിരുത്‌ നേടാനായി. ആദ്യവർഷം മൂവായിരവും കഴിഞ്ഞകൊല്ലം ആറായിരത്തഞ്ഞൂറും കുട നിർമിച്ച്‌ വിറ്റഴിച്ച്‌ സ്വന്തം ബ്രാൻഡും വിലാസവും വിപണിയിൽ ഉറപ്പിച്ചു. ഇക്കൊല്ലം 10,000 കുട മൺസൂൺകാല വിൽപ്പന ലക്ഷ്യമാക്കി ആറളത്തുനിന്ന്‌ ഏഴഴകോടെ വിപണിയിൽ എത്തും. ജില്ലയിലെ 81 സിഡിഎസ്‌ മുഖേനയാണ്‌ ആദി കുടകളുടെ വിൽപ്പന.

നിർമാതാക്കളിൽനിന്ന്‌ മാസ്റ്റർ ട്രെയിനർമാരിലേക്ക്‌


കുട നിർമാണം പദ്ധതിയായി ഏറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കും സംരംഭകർക്കും പരിശീലനം നൽകുന്ന മാസ്റ്റർ ട്രെയിനർമാർ കൂടിയാണ്‌ ആദി കുട നിർമാണ യൂണിറ്റ്‌ സംരംഭകർ. ഇരിട്ടി നഗരസഭയുടെ ‘വർണം’ കുടുംബശ്രീ കുട നിർമാതാക്കളായ വനിതകളെ കുട നിർമിക്കാൻ പരിശീലിപ്പിച്ചതും മഹാരാഷ്‌ട്രയിൽനിന്ന്‌ ആറളം ഫാമിൽ എത്തിയ കന്യാസ്‌ത്രീ സംരംഭകരെ കുട നിർമിക്കാൻ പ്രാപ്തരാക്കിയതും കുടുംബശ്രീ ജില്ലാ മിഷൻ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയിലെ  ഈ വനിതാസംഘം.

ഒരുങ്ങുന്നത്‌ മുമ്മടക്ക്‌ കുടകൾ


ത്രീ ഫോൾഡ്‌(മുമ്മടക്ക്‌) കുടകളാണ്‌ ഇത്തവണ തയ്യാറാകുന്നത്‌. ബ്ലോക്ക്‌ ഏഴ്‌, ഒമ്പത്‌, 11 എന്നീ കേന്ദ്രങ്ങളിലായി 60 വനിതകളാണ്‌  കുട നിർമാണത്തിൽ വിവിധ വീടുകൾ കേന്ദ്രീകരിച്ച്‌ പണിപ്പുരയിലുള്ളത്‌. നിർമാണം  ദിവസങ്ങൾക്കകം പൂർത്തിയാകും. രണ്ട്‌, അഞ്ച്‌ മടക്കുകളുള്ള കുടകൾ, കാലൻകുട എന്നീ ഇനങ്ങൾ ഇത്തവണ നിർമിക്കുന്നില്ല. ആവശ്യത്തിന്‌ മേന്മയേറിയ സാമഗ്രികൾ വിപണിയിൽ കിട്ടാത്തതാണ്‌ തടസ്സമെന്ന്‌ ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോ–- ഓർഡിനേറ്റർ പി സനൂപ്‌ പറഞ്ഞു. പഞ്ഞമാസത്തിലെ വറുതിയിൽ ആറളത്തെ  കുറച്ചെങ്കിലും  ആദിവാസി കുടുംബങ്ങളെ പിടിച്ചുനിൽക്കാൻ  പ്രാപ്തമാക്കുകയായിരുന്നു  ആദി എന്ന ഈ വേറിട്ട സംരംഭംവഴി ലക്ഷ്യമിട്ടതെന്ന്‌ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോ–- ഓർഡിനേറ്റർ ഡോ. എം സൂർജിത് പറഞ്ഞു. മാർക്കറ്റിലെ മറ്റ്  കുത്തക ബ്രാൻഡുകളോട്‌ മത്സരിച്ച് പൊരുതി മുന്നേറാൻ പ്രാപ്തമാക്കുകയാണ്‌  അടുത്ത പ്രധാനം  ലക്ഷ്യം.
നിളയും ലോട്ടസും

ആദി യൂണിറ്റിന്‌ രണ്ട്‌ ഘടകമുണ്ട്‌. നിള, ലോട്ടസ്‌ എന്നിവ. സി കെ സിനിയാണ്‌ ലോട്ടസിന്റെ ടീം ലീഡർ. വി ആർ സുനിത നിളയെ നയിക്കുന്നു. 200 പേർക്ക്‌ ഇരുന്ന്‌ കുട നിർമിക്കാനും സൂക്ഷിക്കാനും സൗകര്യങ്ങളുള്ള അപ്പാരൽ പാർക്ക്‌ കേന്ദ്രം പണിത്‌ കിട്ടണമെന്നാണ്‌ സംരംഭകരുടെ ആഗ്രഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top