01 October Sunday

ടിപ്‌സ്‌ ടിപ്‌സ്‌ മാത്‌സ്‌ ടിപ്‌സ്‌

കെ കെ ശിവദാസൻUpdated: Sunday Oct 10, 2021


പ്രായം 72. യുവത്വം തുളുമ്പുന്ന മുഖം. മായാത്ത ചിരി. ഗണിതവും ശാസ്‌ത്രവും  കുഞ്ഞുങ്ങൾക്ക് എളുപ്പം വഴങ്ങാൻ ഒരുകൂട്ടം ടിപ്‌സ്‌ തന്നെ ഒളിഞ്ഞിരിപ്പുണ്ട് ചിരിയിലും പ്രസരിപ്പിലും. രാജ്യം മുഴുവൻ പറന്നുനടക്കുന്നതിനിടയിലാണ് മഹാമാരിയിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ കോഴിക്കോട്ട്‌ താമസമാക്കിയത്. പക്ഷേ, നടക്കാവിലിരുന്ന് രാജ്യത്തിന്റെ വിവിധ അക്കാദമിക് പദ്ധതിക്ക് ഉറച്ച നിർദേശം നൽകാൻ പ്രായം തടസ്സമല്ല.

മേഘാലയിലെ അധ്യാപകർക്കുള്ള  ഓൺലൈൻ പരിശീലനമാണ് ഒന്ന്. വിവിധ ഭാഷയിൽ മാറിമാറിയുള്ള അവതരണം. അതിനിടയിൽ ഡൽഹി എസ്‌സിഇആർടിയിൽ  കരിക്കുലം പരിഷ്‌കരണവുമായി ബന്ധപ്പെട്ട ചർച്ച. ഡൽഹി പ്രൈമറി പാഠപുസ്‌തകസമിതിയുടെ പ്രധാന ചുമതലക്കാരികൂടിയാണ്.
വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചൂടുംപുകയും ആവോളം ആസ്വദിച്ചാണ് ഉഷ മേനോൻ കളത്തിലിറങ്ങുന്നത്. പ്രകാശ് കാരാട്ടിനും സീതാറാം യെച്ചൂരിക്കും ഒപ്പമായിരുന്നു തുടക്കം. മദ്രാസ് ഐഐടിയിൽനിന്ന്‌ രസതന്ത്രത്തിലായിരുന്നു ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് ജെഎൻയുവിൽ ഗവേഷണം.  ഇതിനിടെ, ഡൽഹി സയൻസ് ഫോറം സെക്രട്ടറി പദവിയിലെത്തി. അവിടെ ഷക്കൂർപുർ ചേരിയിലെ സാക്ഷരതാ ക്ലാസിനിടയിൽ ഒരു മുതിർന്ന പഠിതാവ്, അവരുടെ മക്കളുടെ പഠന നിലവാരത്തെക്കുറിച്ച് ഉഷയുമായി ഉൽക്കണ്ഠ പങ്കുവച്ചു. പിന്നീടങ്ങോട്ടുള്ള ശ്രദ്ധ മുഴുവൻ കുട്ടികളിലേക്ക് തിരിഞ്ഞു. ഗണിതവും ശാസ്ത്രവുമെല്ലാം എങ്ങനെ കുഞ്ഞുങ്ങൾക്ക് ആകർഷകമാക്കാമെന്ന അന്വേഷണം ജോഡോഗ്യാൻ എന്ന ഗവേഷണ സ്ഥാപനത്തിൽ എത്തിച്ചു. സിദ്ധാന്തങ്ങൾക്കപ്പുറം പ്രയോഗത്തിലാണ് ഉഷയ്‌ക്ക്‌ താൽപ്പര്യം. കുട്ടികൾ എങ്ങനെ പഠിക്കുന്നുവെന്ന തിരിച്ചറിവ്‌ നേടുകയാണ് ആദ്യം ചെയ്‌തത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പല സംസ്ഥാനത്തിലും നടത്തിയ അക്കാദമിക്‌ ഇടപെടലുകൾ.

ഹോളണ്ടിലുണ്ടായിരുന്ന 10 വർഷം മികച്ചൊരു രാഷ്ട്രീയാനുഭവംകൂടിയായെന്ന് ഉഷ മേനോൻ ഓർക്കുന്നു. മൾട്ടി നാഷണലുകൾക്കെതിരായ രാഷ്ട്രീയ ഇടപെടലുകളുടെ ഗവേഷണ പ്രയോഗശാലകൂടിയായി ഹോളണ്ട് അനുഭവം മാറ്റിയെടുത്തു. അവിടെ നിജ്മേഗൺ സർവകലാശാലയിലെ ഗവേഷണം ഈ ദിശയിലുള്ള അന്വേഷണംകൂടിയായിരുന്നു. 1991 മുതൽ -18 വർഷം ഡൽഹി ദേശീയ ശാസ്‌ത്ര സാങ്കേതിക ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്‌ത്രജ്ഞയായി  പ്രവർത്തിച്ച കാലമത്രയും ചെലവഴിച്ചത് സാമ്പത്തിക വികസനത്തിന് സാങ്കേതിക വിദ്യകളുടെ ശാക്തീകരണത്തിലായിരുന്നു.

കുട്ടികളുടെ പഠന പ്രക്രിയയെക്കുറിച്ചുള്ള അന്വേഷണപ്രിയം ഇനിയും ബാക്കിനിൽക്കുകയാണ് ഈ കൊടുങ്ങല്ലൂരുകാരിക്ക്‌. കേരളത്തിലെ ആദിവാസി തീരദേശമേഖലകളിലാകും ഇനിയുള്ള ഊന്നൽ. അവിടങ്ങളിലെ കുട്ടികളുടെ ഗണിതശേഷി വികസനത്തിനുള്ള പരീക്ഷണപരിപാടിയുടെ പണിപ്പുരയിലാണ് ഉഷ മേനോൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top