02 May Thursday

ആക്രമണങ്ങള്‍ കൂടി; ഉത്തര്‍പ്രദേശില്‍ ദളിതരനുഭവിക്കുന്നത് ഭീകരാവസ്ഥ

ആര്യ ജിനദേവന്‍Updated: Friday Sep 30, 2022

ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ഖേരി ജില്ലയില്‍  സെപ്തംബര്‍ 14ന് പതിനേഴും പതിനഞ്ചും വയസ്സുള്ള രണ്ട് ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കി. തമോലി പര്‍വഗ്രാമത്തിലെ സ്വന്തം കുടിലില്‍നിന്ന് പെണ്‍കുട്ടികളെ പ്രതിയും അയല്‍വാസിയുമായ ഛോട്ടു ഗൗതമിന്റെ നേതൃത്വത്തില്‍, അമ്മയെ മര്‍ദ്ദിച്ചവശയാക്കിയശേഷം ബലമായി പിടിച്ചുകൊണ്ടുപോയി ആറംഗസംഘം ബലാത്സംഗം ചെയ്തശേഷം കൊന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു.

സംസ്ഥാനത്തെ പൊലീസ് മൃതദേഹങ്ങള്‍ വീട്ടുകാരെപ്പോലും കാണിക്കാതെ പോസ്റ്റുമോര്‍ട്ടത്തിനയയ്ക്കുകയും പരാതി നല്‍കാനെത്തിയ പെണ്‍കുട്ടികളുടെ അമ്മയെ അവര്‍ മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ ആറുപേരെ അറസ്റ്റുചെയ്ത പൊലീസ് പക്ഷേ, പെണ്‍കുട്ടികള്‍ സ്വയം ഈ സംഘത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു എന്നാണവകാശപ്പെടുന്നത്; തങ്ങളുടെ കണ്‍മുമ്പില്‍വച്ച് പട്ടാപ്പകല്‍ മക്കളെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു എന്ന മാതാപിതാക്കളുടെ വാക്കുകള്‍ സൗകര്യപൂര്‍വം തള്ളിക്കളയുകയാണ് യുപി പൊലീസ്.

സമാനരീതിയില്‍ മറ്റൊരു സംഭവം നടന്നത് ഉത്തര്‍പ്രദേശിലെതന്നെ പിലിബിത്ത് ജില്ലയിലാണ്. സെപ്തം 7ന് പതിനാറുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുകയായിരുന്നു.

ലഖ്നൗവിലെ ആശുപത്രിയില്‍ 12 ദിവസത്തോളം മരണത്തോട് പൊരുതിയ പെണ്‍കുട്ടി ഒടുവില്‍ സെപ്തംബര്‍ 19ന് ലോകത്തോട് വിട പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഇന്ന് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള, പ്രത്യേകിച്ചും മുസ്ലീങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ഒരു നിത്യസംഭവമായി മാറിയിരിക്കുന്നു. എന്നാല്‍ ചാനല്‍ ചര്‍ച്ചകളിലും റിപ്പോര്‍ട്ടിങ്ങുകളിലുമെല്ലാം ഈ സംഭവത്തെ ന്യായീകരിക്കുന്നത് വിചിത്രമാണ്.

സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബിജെപി വാഴ്ചയ്ക്ക് സ്ഥിരതയുണ്ടാകുന്നതിനുവേണ്ടി ബിജെപിയും ആര്‍എസ്എസും ചേര്‍ന്നു കൃത്യമായി ആസൂത്രണം ചെയ്തും അധികാരദുര്‍വിനിയോഗം ചെയ്തും നടത്തുന്ന മതപരമായ ധ്രുവീകരണത്തിന്റെ ഭാഗമാണിത്.

2017നുശേഷം യുപിയില്‍ ദളിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു.

എന്നാല്‍ ഇവയിലധികവും മുഖ്യധാരാ വാര്‍ത്താമാധ്യമങ്ങളില്‍ വരുന്നില്ല; വന്നാല്‍തന്നെ ചെറിയൊരു കോളത്തില്‍ വളരെ നിസാരവത്കരിക്കപ്പെട്ട രീതിയിലാണ്! ബലാത്സംഗകൊലകളാണ് ഏറ്റവുമധികം ഈ രീതിയില്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ വര്‍ധിച്ചിരിക്കുന്നത്.

മിക്കപ്പോഴും ഇരകള്‍ ദളിത് പെണ്‍കുട്ടികളും കുറ്റവാളികള്‍ സവര്‍ണവിഭാഗക്കാരുമാണ്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ കഴിഞ്ഞ ദിവസം (സെപ്തംബര്‍ 19) പുറത്തിറക്കിയ ക്രൈം ഇന്‍ ഇന്ത്യ 2021 റിപ്പോര്‍ട്ട് കാണിക്കുന്നത് ഇന്ത്യയിലാകെ ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നും, അതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് യുപിയിലാണെന്നുമാണ്.

എന്നാല്‍ ഒന്നുകൂടി വിശദമായി പരിശോധിച്ചാല്‍ മധ്യപ്രദേശിലും രാജസ്താനിലും സ്ഥിതി രൂക്ഷമാണ് എന്നും മനസ്സിലാക്കാന്‍ സാധിക്കും.

2021ല്‍ ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ദളിതര്‍ക്കെതിരായ ആറു കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. 2020ല്‍ 50,291 ആയിരുന്ന കേസുകളുടെ എണ്ണം 2021ല്‍ 50,900 ആയിരിക്കുന്നു.

2022 ല്‍ ഇതുവരെയുള്ള സംഭവങ്ങള്‍ കാണിക്കുന്നത് ദളിതര്‍ക്കെതിരെയുള്ള ഈ കടന്നാക്രമണങ്ങള്‍ ഇതിലുമേറെ വേഗത്തിലായിരിക്കുന്നു എന്നാണ്.

രാജ്യത്താകെയുള്ള കണക്ക് ഇതാകുമ്പോള്‍ യുപിയില്‍ 2021ല്‍ ദളിതര്‍ക്കെതിരായി നടന്ന കുറ്റകൃത്യങ്ങളുടെ എണ്ണം മറ്റു സംസ്ഥാനങ്ങളെക്കാളൊക്കെ വലുതാണ്13,146. ഇത് ഇന്ത്യയിലാകെ നടന്നതിന്റെ നാലിലൊന്നാണ്.

മുന്‍നിരയിലുള്ള മറ്റു സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഇങ്ങനെയാണ്: രാജസ്താന്‍  7524, മധ്യപ്രദേശ്7,214, ബിഹാര്‍ 5,842. പോയവര്‍ഷം ദളിതര്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ യുപിയിലെ നിരക്ക് 31.8 ആണ്.

അതായത് ഓരോ ഒരു ലക്ഷം ദളിതര്‍ക്കും നേരെ സംസ്ഥാനത്ത് 31 ജാതിയധിഷ്ഠിത കുറ്റകൃത്യങ്ങള്‍ നടക്കുന്നു. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതും യുപിയിലാണ് 95,751. ഇതെല്ലാംതന്നെ രേഖപ്പെടുത്തപ്പെട്ട കേസുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളാണ്.

രേഖപ്പെടുത്തപ്പെടാതെ പോകുന്ന സംഭവങ്ങളും കൂടി ഇതിനോടുചേര്‍ത്താല്‍ അത് അത്യന്തം ഭയാനകവും രാജ്യത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നത് 2017ലാണ്. അന്നു മുതലിങ്ങോട്ട് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും, പ്രത്യേകിച്ചും ഇരുവിഭാഗങ്ങളിലെയും സ്ത്രീകള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ ഭയാനകമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

രാജ്യത്തിലെ ഹിന്ദി ഹൃദയഭൂമി എന്നറിയപ്പെടുന്ന ഭൂപ്രദേശത്തെ പ്രധാന സംസ്ഥാനമായ യുപി ഇന്ന്, ബിജെപി വാഴ്ചയിന്‍കീഴില്‍ ഏറെ കലുഷിതമായിരിക്കുന്നു.

ന്യൂനപക്ഷ വിരുദ്ധതയും ജാതീയതയും തുടങ്ങിയുള്ള മനുഷ്യത്വഹീനമായ പ്രവണതകള്‍ ആ സംസ്ഥാനത്ത് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുര്‍ബലവിഭാഗങ്ങളും ദളിതര്‍ അടക്കമുള്ള താഴ്ന്ന ജാതിയില്‍പ്പെട്ടവരും നിരന്തരമായി സവര്‍ണമേധാവിത്വത്തിന്റെയും ഭരണകൂട ഭീകരതയുടെയും ഇരകളാക്കപ്പെടുന്നു.

കുറ്റവാളികള്‍ക്കനുകൂലമായി പൊലീസും ആദിത്യനാഥ് സര്‍ക്കാരും സ്വീകരിക്കുന്ന നയം, ബിജെപിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന മാധ്യമങ്ങളുടെ സര്‍ക്കാര്‍ അനുകൂല നിലപാട്,

എഫ്ഐആര്‍ ഇട്ട് കേസെടുക്കാന്‍ പോലും തയ്യാറാകാത്ത തെളിവു നശിപ്പിക്കലടക്കം നടത്തുന്ന പൊലീസിന്റെ നിരുത്തരവാദപരവും പക്ഷപാതപരവുമായ സമീപനം എന്നിവയെല്ലാംതന്നെ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ അതിക്രമങ്ങള്‍ അനുസ്യൂതം വര്‍ധിക്കുന്നതിനു കാരണമാകുന്നു.

ആര്‍എസ്എസ്þബിജെപിയുടെ സവര്‍ണ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ പ്രതിഫലനമാണ് യുപിയില്‍ ഇന്നു നടക്കുന്ന മനുഷ്യവിരുദ്ധമായ വിവേചനങ്ങളുടെയും അതിക്രമങ്ങളുടെയും അടിസ്ഥാനം.

എന്‍സിആര്‍ബി ഡാറ്റപ്രകാരം ദളിത് സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്താണ് യുപി നില്‍ക്കുന്നത്; മധ്യപ്രദേശ്, രാജസ്താന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ ആണ് അടുത്തടുത്ത സ്ഥാനങ്ങളില്‍.

യുപി സര്‍ക്കാരിന്റെ ഒരു എയ്ഡഡ് പദ്ധതിയായ 'മഹിളസമാഖ്യ'ത്തിന്റെ മേധാവിയായ സ്മൃതി സിങ് 2020ല്‍ ഒരു മാധ്യമത്തോട് പറയുന്നതിങ്ങനെ, ''2017നുശേഷം യുപിയിലെ രാഷ്ട്രീയാന്തരീക്ഷം വനിതാവകാശ പ്രസ്ഥാനങ്ങള്‍ക്ക് പാടെ എതിരായി.'

' അവര്‍ ഇങ്ങനെയും കൂടി പറഞ്ഞു, ''ദളിതരായ അതിജീവിതകള്‍ക്കു നല്‍കിവന്നിരുന്ന സ്ഥാപനപരമായ സഹായവും പിന്തുണയും 2017നുശേഷമിങ്ങോട്ട് ക്രമേണ കുറഞ്ഞുവരുകയും കഴിഞ്ഞ രണ്ടുവര്‍ഷമായി അത് പൂര്‍ണമായും ഇല്ലാതാകുകയും ചെയ്തിരിക്കുന്നു.''

മഹിള സമാഖ്യയെന്ന ഈ സ്ഥാപനംതന്നെ ഇപ്പോള്‍ ഗവണ്‍മെന്റ്, ഫണ്ടുകള്‍ അനുവദിക്കാത്തതുമൂലം പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്.

സ്ത്രീകള്‍ക്കെതിരായ, അതിക്രമങ്ങള്‍ വിളിച്ചറിയിക്കുന്നതിനുള്ള ഹെല്‍പ്പ്ലൈന്‍ നമ്പറായ 181 ഇന്നില്ല.

ഇതാണ് യുപിയിലെ ആദിത്യനാഥ് ഗവണ്‍മെന്റിന്റെ സമീപനം; അവര്‍ ഇരകള്‍ക്കൊപ്പമല്ല, കുറ്റവാളികള്‍ക്കും അക്രമങ്ങള്‍ക്കുമൊപ്പമാണ്.

2020 സെപ്തംബര്‍ 14ന് കന്നുകാലികള്‍ക്കു പുല്ലരിയാന്‍ പാടത്തേക്കുപോയ പത്തൊമ്പതുകാരിയായ ദളിത് യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന ഹാഥ്റസ് സംഭവം നടന്ന അതേ ദിവസമാണിപ്പോള്‍ ലഖിംപൂര്‍ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.

ഇതില്‍ അസ്വാഭാവികതയുണ്ട്, ആസൂത്രിതമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന് ഇത് തെളിവാണ്. അതുതന്നെയാണ് യുപിയിലെ പ്രതിപക്ഷവും അവകാശപ്പെടുന്നത്.

കഴുത്തിനു കീഴ്പോട്ടു തളര്‍ന്ന് നാക്കുവരെ അറ്റുപോയി മൃഗീയമായ ആക്രമണങ്ങള്‍ നേരിട്ട ഹാഥ്റസിലെ പെണ്‍കുട്ടി ദിവസങ്ങള്‍ക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഈ സംഭവത്തില്‍ യുപി പൊലീസും സര്‍ക്കാരും അന്നുകൈക്കൊണ്ട നയസമീപനം തന്നെയാണ് അവരിപ്പോഴും തുടരുന്നത്. ''ഞങ്ങള്‍ ഞങ്ങളുടെ പെണ്‍മക്കളെ തനിച്ചു പുറത്തുപോകാന്‍ വിടാറില്ല. സാധാരണയായി താക്കൂറുകള്‍ ഞങ്ങളെ തൊടാറുപോലുമില്ല. എന്നാല്‍ ബലാത്സംഗം ചെയ്യുന്നതിന് അവര്‍ ഞങ്ങളുടെ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടുപോകും''  ഒരു ദളിത് സ്ത്രീയുടെ വാക്കുകളാണിത്.

യുപിയില്‍ ഇന്നും നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയുടെയും സവര്‍ണമേധാവിത്വത്തിന്റെയും ദളിത് സമൂഹത്തിന്റെ പരിതാപകരമായ അവസ്ഥയുടെയും ദൃഷ്ടാന്തം ഈ വാക്കുകളിലുണ്ട്.

ദളിത് സ്ത്രീയെ രാഷ്ട്രപതിയാക്കിയതിലൂടെ തങ്ങള്‍ ദളിത് പക്ഷത്താണെന്ന് മേനിനടിക്കുന്ന  ബിജെപിയുടെ യഥാര്‍ഥ മുഖമാണ് അനുദിനം യുപിയില്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top