20 April Saturday

കടൽ കടന്ന സിനിമ

കെ എ നിധിൻ നാഥ്‌Updated: Sunday Oct 6, 2019


9000 മൈലുകൾക്കപ്പുറമുള്ള രണ്ട് സ്ത്രീകൾ, തികച്ചും രണ്ട് തരം ജീവിതശൈലിയുള്ളവർ, സമാനമായി ആകെയുള്ളത്‌ സിനിമയോടുള്ള ഇഷ്ടം. ഇതിൽ നിന്നൊരു സ്വപ്നം ഉടലെടുക്കുന്നു. സ്വന്തം ഇടത്ത് ഇരുന്നുതന്നെ ഇരുവരും ചേർന്നൊരു സിനിമയൊരുക്കുന്നു. കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നുമെങ്കിൽ ഇച്ഛാശക്തിയും സാങ്കേതിമേഖലയെ ഉപയോഗിച്ച് അവർ അത് സാധ്യമാക്കി.  തൃശൂർ സ്വദേശി ഉമ കുമരപുരവും അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ നിന്നുള്ള നിക്കോള്‍ ഡൊണാഡിയോവും ചേർന്നൊരുക്കിയ ‘എക്രോസ് ദ് ഓഷ്യ’ന്റെ വേൾഡ് പ്രീമിയർ ചിക്കാഗോ സൗത്ത് ഏഷ്യൻ ചലച്ചിത്രമേളയിൽ നടന്നു. സിനിമയുടെ സാധാരണ നടപ്പ് വഴികളിൽ നിന്നുള്ള മാറി നടത്ത ചിന്തയിൽ നിന്നുണ്ടായ ചിത്രത്തെക്കുറിച്ച് അത് സാധ്യമായ വഴികളെക്കുറിച്ച് സംവിധായക ഉമ കുമരപുരം സംസാരിക്കുന്നു.

സുരക്ഷിത ഇടത്തുനിന്ന് പുറത്തു കടക്കണം
10 വർഷത്തോളമായി സിനിമയുടെ ഭാഗമായി ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ നിൽക്കുന്ന സുരക്ഷിത ഇടത്തിൽനിന്ന് പുറത്ത് കടന്ന് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായിരുന്നു. അതിൽ നിന്നാണ് ഈ സിനിമ ഉണ്ടാവുന്നത്. അതെസമയം ഇപ്പോൾ നിൽ‍ക്കുന്ന ഇടത്ത് നിന്നുകൊണ്ട് തന്നെയാണ് സിനിമ ഒരുക്കിയത്. അവിടെ സ്വന്തമായി വേറിട്ടൊരു ഇടം ഉണ്ടാക്കാനുള്ള ശ്രമമാണ്.
 സിനിമ മേഖലയിൽ പ്രവർത്തിച്ച അനുഭവമുണ്ട്. അതിനാൽ കുറെ കാര്യങ്ങൾ അറിയാമായിരുന്നു. അതെല്ലാം സഹായകരമായി. അതെല്ലാം ഉപയോഗിച്ച് പരീക്ഷണം നടത്തിയതാണ്.

ഇതൊരു പാഠശാലയായിരുന്നു
സിനിമയുടെ ബജറ്റ് അടക്കമുള്ളവയെക്കുറിച്ച് അറിയാമായിരുന്നു. എന്നാൽ മാനേജ്മെന്റ് മേഖലയെ കുറിച്ചാണ് അറിയാതെയിരുന്നത്. അതിനെ കുറിച്ച് ഇതിന്റെ ഭാഗമായി പഠിച്ചു. ഇതടക്കം പുതിയ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. പുതിയ കാര്യങ്ങൾ ചെയ്താലെ പഠിക്കാൻ കഴിയു. അതിന് സാധിച്ചു. ഒപ്പം ഒരു ഫൺ എക്സ്പിരിമെന്റായാണ് സിനിമ കണ്ടത്.

എക്രോസ് ദ് ഓഷ്യനിലെ രംഗം

എക്രോസ് ദ് ഓഷ്യനിലെ രംഗം



സ്വപ്‌നങ്ങൾ ഓർത്തെടുപ്പിക്കാനാണ് ശ്രമം
രണ്ട് സ്ഥലത്തെ പ്രേക്ഷകനും കണ്ടാൽ മനസ്സിലാക്കുന്ന രീതിയിൽ സിനിമ ഒരുക്കണമെന്നായിരുന്നു. ഇതിനായി വളരെ ലളിതമായ വിഷയമാണ് തെരഞ്ഞെടുത്തത്. രണ്ട് കഥപാത്രങ്ങളുടെ കുട്ടിക്കാലത്തെ സ്വപ്നങ്ങളുടെ പിന്നാലെ അവർ പോകണമോ എന്നതാണ് സിനിമയുടെ ആശയം. യാത്ര ചെയ്യണമെന്ന ആഗ്രഹം അതെ സമയം ജോലി, ബന്ധങ്ങൾ എന്നിവ അതിന് തടസ്സമാണ്. ഇതിനെ അവർ എങ്ങനെ നേരിടുമെന്നതാണ് സിനിമ. ഇത് കാണുന്നവർ അവരുടെ സ്വപ്നം ഓർത്തെടുക്കാൻ കഴിഞ്ഞാൽ ഞങ്ങൾ സന്തുഷ്ടരാണ്.

സാധ്യമാക്കിയത്‌ സാങ്കേതിക വിദ്യ
എല്ലായിടത്തും സാങ്കേതിക വിദ്യ ഒരുപോലെയാണ്. അത് എവിടെയും ലഭ്യമാണ്. ഗൂഗിൾ ഡ്രൈവ് ഒക്കെ ഉപയോഗിച്ച് ചിത്രീകരിച്ച ഭാഗങ്ങൾ ഷെയർചെയ്യാം. ഇത്തരം സാധ്യതകൾ ഉപയോഗിച്ചാണ് സിനിമ യാഥാർഥ്യമാക്കിയത്. ഇതെല്ലാവർക്കും ചെയ്യാൻ കഴിയുന്നതാണ്. ഇതുവരെ ആരും ഇതൊക്കെ ഉപയോഗിച്ചില്ല എന്നതിനെക്കുറിച്ചാണ് ആലോചിച്ചത്.  ഇങ്ങനെ ചെയ്തതു കൊണ്ട് ഒരു അന്താരാഷ്ട്ര തലമുള്ള സിനിമയായി മാറി. 82 മിനിറ്റുള്ള സിനിമയാണ്. ഇന്റർ കട്ടാണ്. അമേരിക്കയിൽനിന്ന് തുടങ്ങി, കേരളത്തിൽ എത്തി, അമേരിക്കയിൽ അവസാനിക്കുന്ന രീതിയിലാണ്.

നിക്കോള്‍ ഡൊണാഡിയോ

നിക്കോള്‍ ഡൊണാഡിയോ

ക്രൗണ്ട് ഫണ്ട് സിനിമ
സിനിമ മേഖലയിൽ നിന്ന് തന്നെ ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ ശ്രമം. പക്ഷെ സ്ഥിരം രീതിയിൽനിന്ന് മാറിയ രീതിയിലുള്ള സിനിമയായതുകൊണ്ട് അനുകൂല സാഹചര്യമുണ്ടായില്ല. അത് യാഥാർഥ്യമാക്കുമോ എന്നായിരുന്നു പലരുടെയും സംശയം. പണം വെറുതെ പോകുമെന്നാണ് പലരും പറഞ്ഞത്. അത് കൊണ്ട് ക്രൗണ്ട് ഫണ്ടിന്റെ സാധ്യതകൾ ഉപയോഗിക്കാമെന്ന് കരുതി. കിക്ക് സ്റ്റാർട്ടർ വഴിയാണ് ആദ്യം ആലോചിച്ചത്. പക്ഷെ ഇന്ത്യക്കാർക്ക് അത് വഴി പണം അയയ്‌ക്കാൻ ബുദ്ധിമുട്ടാണ്. അത് കൊണ്ട് നിക്കോൾ കിക്ക് സ്റ്റാർട്ടും ഞാൻ വിഷ്ബറി വഴിയുമായി ഫണ്ട് ശേഖരണം. 200ലധികം പേർ സഹായിച്ചു. 100 രൂപ മുതൽ 50,000 വരെ തന്നവരുണ്ട്. രണ്ട് സ്ഥലങ്ങളിൽ നിന്ന് ചിത്രീകരിച്ചുവെങ്കിലും ഇങ്ങനെയായത് കൊണ്ട് ഒരു നീളം കൂടിയ ഷോർട്ട്‌ ഫിലിംചെയ്യുന്ന ചെലവാണുണ്ടായത്.

ഫിസിക്സിലെ കല
കേരള വർമ കോളേജിൽനിന്ന് ഫിസിക്സിൽ‍ ബിരുദം നേടിയതിനുശേഷമാണ് സിനിമ മേഖലയിലേക്ക് എത്തിയത്. ഫിസിക്സിന്റെ സയൻസ് എന്നതിനപ്പുറം അതിന്റെ കലാമൂല്യം എന്ന് കാണാനാണ് ഇഷ്ടം. അത് പിന്തുടർന്നാണ് ഛായാഗ്രഹണത്തിലേക്ക് എത്തിയത്. രാജീവ് മേനോന്റെ വിദ്യാർഥിയാണ്.

വിവിധ സിനിമകളുടെ ഭാഗമായി സഹായിയായി പ്രവർത്തിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയുടെ ഭാഗമായാണ് എത്തിയത്. പിന്നീട് അഴകപ്പനൊപ്പം പ്രവർത്തിച്ചു. അസിസ്റ്റന്റും പിന്നീട് അസോസിയേറ്റുമായി പ്രവർത്തിച്ചു. അരികെ, ഒഴിമുറി, പുതിയ നിയമം, പ്രേമസൂത്രം, ഗ്രേറ്റ് ഫാദർ തുടങ്ങി 13 സിനിമകളുടെ ഭാഗമായി. ഇപ്പോൾ ഹ്രസ്വ ചിത്രം, മ്യൂസിക്ക് വീഡിയോ എന്നിവയൊക്കെ സ്വതന്ത്രമായി ചെയ്യുന്നുണ്ട്. സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ച ചിത്രം രംപുന്തനവരുതി (Rampunthanavaruthi) തിയറ്ററിലെത്താനുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top