27 April Saturday

പെൺപിറന്ന പൂരപ്പറമ്പ്; ഇനി സ്‌ത്രീസൗഹൃദ പൂരം

ആർ സ്വാതി swatirathan@gmail.comUpdated: Sunday May 15, 2022

പൂരത്തിന്‌ എത്തിയ പുരുഷാരം എന്നാണല്ലോ പ്രയോഗം. പുരുഷാരമെന്നാൽ ആൾക്കൂട്ടമെന്നാണ്‌ അർഥമെങ്കിലും ആൺകൂട്ടമെന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലായിരുന്നു സമീപകാലംവരെ തേക്കിൻകാട് മൈതാനം. രണ്ടര നൂറ്റാണ്ടിന്റെ ചരിത്രമുള്ള തൃശൂർ പൂരത്തിന് സമീപ വർഷങ്ങളിൽ ഒന്നുമില്ലാത്തത്ര ജനസഞ്ചയമായിരുന്നു ഇത്തവണ. എന്നത്തെയുംപോലെ പൂരം പിറന്നപ്പോൾത്തന്നെ "പെണ്ണുകാണാത്ത പൂരപ്പറമ്പുകളെ'ക്കുറിച്ച് ചർച്ചകൾ തുടങ്ങിയിരുന്നു.

ഭ്രമിപ്പിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ മുഖമില്ലാതെ ഒളിഞ്ഞിരിക്കുന്നവരുടെ  സ്‌പർശനംകൊണ്ടോ അശ്ലീല കമന്റ്‌ കൊണ്ടോ മുറിപ്പെട്ട് ഇതെന്റെ ഇടമല്ലെന്നുറപ്പിച്ച എത്രയെത്ര പെൺപൂരപ്രേമികളുണ്ടാകും. കോവിഡിനുംമുമ്പുള്ള പൂരക്കാലത്ത് കുടമാറ്റത്തിനും വെടിക്കെട്ടിനും സ്‌ത്രീകളുടെ അസാന്നിധ്യത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ നടി റിമ കല്ലിംഗലിനു നേരെയുണ്ടായി "പുരുഷാര'ത്തിന്റെ നീചമായ സൈബർ ആക്രമണം. പൂരം എല്ലാവരുടേതുമാണെന്നും സ്‌ത്രീകളെ ആരും തടഞ്ഞില്ലല്ലോയെന്നുമുള്ള നിഷ്‌കളങ്ക മറുപടികൾക്കിടയിലും ഭയപ്പെടുത്തുന്ന ആൺകൂട്ടമായിരുന്നു പൂരപ്പറമ്പിനെ ഭരിച്ചുകൊണ്ടിരുന്നത്.

കാലം മാറി, കാന്തേ പോര്
"പൂരം എനിക്കൊന്ന് കാണണം കാന്താ
തിമിലയിലെനിക്കൊന്ന് കൊട്ടണം കാന്താ...'

കാന്തന്മാരുടെ സമ്മതത്തിനോ സഹായത്തിനോ ഇന്ന്‌ സ്‌ത്രീകൾ കാത്തുനിൽക്കുമെന്ന് തോന്നുന്നില്ല. പൂരം കാണാനും മേളത്തിൽ മതിമറക്കാനുമുള്ള പ്രിവിലേജ് "ഞങ്ങളിങ്ങെടുക്കുവാ' എന്ന പ്രഖ്യാപനം പെണ്ണുങ്ങൾ നടത്തിയതിന്റെ ഫലമാണ് തേക്കിൻകാട് മൈതാനത്ത് ചെറിയ അളവിലെങ്കിലും കണ്ട സ്‌ത്രീസാന്നിധ്യം.

എന്നാൽ, പകൽപ്പൂരവും മഠത്തിൽവരവും കൺനിറയെ കാണാനും ഇലഞ്ഞിത്തറ മേളത്തിൽ കുട്ടൻ മാരാരുടെ പെരുക്കലിനൊപ്പം ആർത്തുവിളിക്കാനും കുടമാറ്റത്തിൽ പരിസരം മറന്ന് ആവേശംകൊള്ളാനും പതിനായിരക്കണക്കിന് മനുഷ്യർക്കിടയിൽ ലിംഗവ്യത്യാസമില്ലാതെ, ശരീരത്തെക്കുറിച്ചുള്ള ആകുലതകളില്ലാതെ മതിമറക്കാനും എത്രപേർക്കാകും. കുടമാറ്റത്തിൽ പാറമേക്കാവിലെയും തിരുവമ്പാടിയിലെയും ഭഗവതിമാർ നേർക്കുനേർ മത്സരിക്കുന്നിടത്ത് അത് കാണാനും ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിക്കാനും ഭൂരിഭാഗവും പുരുഷന്മാരാണ് എന്നിടത്താണ് അതിന്റെ വൈരുധ്യം.

ഇനി സ്‌ത്രീസൗഹൃദ പൂരം
ആൾക്കൂട്ടങ്ങളിൽ അപ്രത്യക്ഷരാകുന്ന സ്‌ത്രീകളെക്കുറിച്ച് പറയുമ്പോഴും അതിനെ പ്രതിരോധിക്കാനുള്ള ചെറിയ ശ്രമംപോലും അഭിനന്ദിക്കപ്പെടേണ്ടതാണ്. സ്റ്റേജിൽ തുടങ്ങി അമ്പലങ്ങളിൽവരെ വിലക്കിന്റെയും വിവേചനത്തിന്റെയും ഭാഷ കേൾക്കുന്ന കാലത്ത് പ്രത്യേകിച്ചും. ഇത്തവണത്തെ തൃശൂർപൂരം സ്‌ത്രീസൗഹൃദമെന്ന പ്രഖ്യാപനം അങ്ങനെ നോക്കിയാൽ വലിയ പ്രതീക്ഷയാണ്. സ്‌ത്രീസുരക്ഷയ്‌ക്ക്‌ നൂറുകണക്കിന് വനിതാ പൊലീസിനെ വിന്യസിച്ചിരുന്നു. നഗരത്തിലെങ്ങും സിസിടിവി ക്യാമറ, കുട്ടികൾക്കായി റേഡിയോ ഫ്രീക്വൻസി ഐഡന്റിറ്റി ടാഗുകൾ,  കുടമാറ്റം കാണാൻ പ്രത്യേക സജ്ജീകരണം,  സമീപത്തുതന്നെ പൊലീസ് കൺട്രോൾ റൂം, ടോയ്‌ലെറ്റുകൾ... സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക കുറഞ്ഞപ്പോൾത്തന്നെ നിരവധി സ്‌ത്രീകൾ കുട്ടികളോടൊപ്പം പൂരത്തിനെത്തി. സുഹൃത്തിന്റെ തോളിൽ കയറി കണ്ണുനിറഞ്ഞ് പൂരം കാണുന്ന പെൺകുട്ടിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

പുലിയിൽ തുടങ്ങിയത് പൂരത്തിലെത്തണം
രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള പുലികളിയിൽ പെൺപുലികൾ സാന്നിധ്യമറിയിച്ചിട്ട് ആറു വർഷമായതേയുള്ളൂ. കോവിഡ് കാലം ഒഴിച്ചുനിർത്തിയാൽ പുലികളിയിൽ ഓരോ വർഷവും സ്‌ത്രീസാന്നിധ്യവും പിന്തുണയും ഏറിവന്നിട്ടേയുള്ളൂ. വിവിധ പെൺകൂട്ടായ്‌മകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌ത്രീകളുടെ രാത്രിനടത്തംപോലുള്ള പരിപാടികളും ഇതോടൊപ്പം ചേർത്തുവായിക്കണം. പുലികളിയായാലും പൂരമായാലും എല്ലാ ആഘോഷത്തിലും പൊതു ഇടങ്ങളിലും എല്ലാ നേരത്തും പ്രത്യക്ഷമായ സ്‌ത്രീസാന്നിധ്യം ഉറപ്പുവരുത്തേണ്ടതുണ്ട്‌. വർണ–വംശ വെറികളും മത–ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള തൊട്ടുകൂടായ്‌മയും അദൃശ്യമായി ടാറ്റൂ ചെയ്യപ്പെട്ടിരിക്കുന്ന സമൂഹത്തിൽ വിലക്കപ്പെട്ടിടങ്ങളിലേക്കുള്ള ഓരോ കുഞ്ഞുകാൽവയ്‌പും പ്രതീക്ഷിക്കാത്ത ചലനങ്ങളുണ്ടാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top