26 April Friday

പയ്യന്നൂരിന്റെ ‘വേൾഡ്‌ ചാമ്പ്യൻ’

സതീഷ്‌ ഗോപിUpdated: Sunday Nov 17, 2019


പയ്യന്നൂർ ടൗണിലും മാടായിക്കാവിന്റെ പരിസരത്തും കണ്ടിരുന്ന ആ ഭാഗ്യക്കുറി വിൽപ്പനക്കാരി ഇന്ത്യയുടെ അഭിമാനതാരങ്ങളിലൊരാളാണെന്ന്‌ അധികമാർക്കും അറിയില്ലായിരുന്നു.  മൂരിക്കൊവ്വലിലെ തോലാട്ട്‌ സരോജിനിയെന്ന കായികതാരം വായ്‌പയെടുത്തും മറ്റും പണം സ്വരുക്കൂട്ടിയാണ്‌ കായികമേഖലയിൽ നേട്ടം കൊയ്‌തത്‌. ലോക മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റിക്‌ മീറ്റിലാണ്‌ സ്വർണക്കൊയ്‌ത്ത്‌. പ്രാരബ്ധങ്ങൾക്ക്‌ മുമ്പിൽ കിതച്ചപ്പോൾ ഒരു സർക്കാർ ജോലിയായിരുന്നു സ്വപ്‌നം. എന്തെങ്കിലും ഒരു തൊഴിൽ എന്ന അപേക്ഷ വ്യവസായമന്ത്രി ഇ പി ജയരാജന്‌ അയക്കുമ്പോഴും അമിത പ്രതീക്ഷയില്ലായിരുന്നു. എന്നാൽ, കായികവകുപ്പിന്റെ ഇടപെടലിൽ എൽഡിഎഫ്‌ സർക്കാർ കൈപിടിച്ചപ്പോൾ വിറ്റുനടന്ന ഭാഗ്യക്കുറി കടാക്ഷിച്ച സന്തോഷമാണ്‌ സരോജിനിക്ക്‌.

ജീവിത പ്രാരബ്ധങ്ങളോട് പടവെട്ടി കായികരംഗത്ത് നേട്ടങ്ങൾ കൊയ്യുകയാണ് പയ്യന്നൂർ സ്വദേശിനി തോലാട്ട് സരോജിനി. ലോട്ടറി വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്ന സരോജിനി ബ്രൂണൈയിൽ നടന്ന ലോക മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം ഉൾപ്പെടെ രാജ്യത്തിനുവേണ്ടി രണ്ട് മെഡലുകൾ നേടി അഭിമാനമായി. നിരവധി ദേശീയ, അന്തർദേശീയ മാസ്റ്റേഴ്സ് മീറ്റുകളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് അമ്പതു  പിന്നിട്ട സരോജിനി. പ്രായം തളർത്താത്ത കായികവീര്യത്തിനാണ്‌ സർക്കാർ തുണയും തണലുമേകിയത്‌. കണ്ണൂർ സ്‌പോർട്‌സ്‌  ഡിവിഷനിൽ വാർഡൻ കം ഇൻസ്ട്രക്ടർ തസ്തികയിൽ  താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്‌.

പരിശീലകനില്ല; പണവും
പയ്യന്നൂരിൽനിന്ന്‌ മധ്യപ്രായത്തിലാണ്‌ സരോജിനിയുടെ പടയോട്ടം തുടങ്ങിയത്‌. കേട്ടറിവ്‌ പോലുമുണ്ടായിരുന്നില്ല ലോക മാസ്‌റ്റേഴ്‌സ്‌ അത്‌ലറ്റ്‌ മീറ്റ്‌ എന്ന്‌.  ബ്രൂണൈയിൽ നടന്ന ലോക ഓപ്പൺ മാസ്റ്റേഴ്സ് മീറ്റിൽ മൂന്നു കിലോമീറ്റർ നടത്തത്തിൽ സ്വർണ്ണവും 800 മീറ്റർ ഓട്ടത്തിൽ വെങ്കലവും നേടി. മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന് സർക്കാർ സഹായമില്ലാത്തതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ സ്വന്തമായി പണം കണ്ടെത്തണം. സ്വന്തം അധ്വാനത്തിന്‌ പുറമെ പണം നൽകിയും പലരും സഹായിച്ചു. 

2010 ൽ തുടങ്ങിയതാണ് ലോക മാസ്റ്റേഴ്സ് മീറ്റുകളിൽ സരോജിനിയുടെ മെഡൽ വാരൽ. ഫ്രാൻസ്, സ്പെയിൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ചൈന, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന മീറ്റുകളിൽ പങ്കെടുത്ത്‌ മെഡലുകൾ നേടി. മുപ്പത്തിയഞ്ച് വയസുകഴിഞ്ഞവർക്കായി നടത്തുന്ന മാസ്റ്റേഴ്‌സ് അത്‌ലറ്റിക്‌ മീറ്റിൽ നാൽപ്പതാമത്തെ വയസിലാണ്‌ സരോജിനി ഒരു കൈ നോക്കാനിറങ്ങിയത്‌. പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂൾ മൈതാനിയിൽ നടന്ന ജില്ലാതല നടത്ത മത്സരത്തിൽ കൗതുകത്തിന്‌ പങ്കെടുത്തതാണ്‌ നിമിത്തമായത്‌. അന്ന് 5000 മീറ്റർ നടത്തത്തിൽ ഒന്നാമതെത്തി. ഓട്ടത്തിലും നടത്തത്തിലും രാജ്യത്തെ പ്രമുഖ മത്സരക്കളങ്ങളിലേക്കും ലോകരാജ്യങ്ങളിലേക്കുമുള്ള കുതിപ്പിന്‌ അവിടുന്നാണ്‌ തുടക്കം.


 

 

വിജയക്കുതിപ്പിന്‌ പ്രോത്സാഹനം
പ്രായത്തെ പിന്നിലാക്കുന്ന നേട്ടങ്ങളാണ്‌ സരോജിനിയുടെ പട്ടികയിൽ.  10,000, 5000, 3000 മീറ്റർ നടത്തം, 800, 1500 മീറ്റർ ഓട്ടം, 4-100, 4-400 റിലേ, 200 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ്, ലോങ്ജമ്പ്‌ തുടങ്ങിയവയാണ് പങ്കെടുക്കുന്ന ഇനങ്ങൾ. കാണികൾക്കും സംഘാടകർക്കും അത്ഭുതമാണ്‌ വിവിധയിനങ്ങളിലെ ഇവരുടെ പ്രകടനം. മൂന്നു തവണ ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിട്ടുണ്ട്‌. നഷ്ടങ്ങളും  നൊമ്പരങ്ങളും മുള്ളുവിരിച്ച പാതയിൽനിന്നാണ്‌ ഈ കായികതാരം ചിറകുവിരിച്ചത്‌. മാതാപിതാക്കളെയും സഹോദരനെയും രോഗത്തിൽനിന്ന്‌ രക്ഷിക്കാൻ വീട്‌ വിൽക്കേണ്ടി വന്നു. മത്സരത്തിൽ പങ്കെടുക്കാനെടുത്ത ബാങ്ക്‌ വായ്‌പയിൽ കുടിശ്ശികയേറി. ന്യൂനപക്ഷ ക്ഷേമവകുപ്പിൽ സ്വീപ്പറായി താൽക്കാലിക ജോലി ഇടയ്‌ക്ക്‌ ലഭിച്ചതും ആശ്വാസമായി.

കലയുമുണ്ട്‌ കൈമുതലായി
രാജ്യത്തിന്റെ താരം എന്ന പ്രശസ്‌തിയുടെ വെള്ളിവെളിച്ചത്തിനുമപ്പുറം ദാരിദ്ര്യത്തിന്റെ ഇരുട്ട്‌ ബാധിച്ച കാലം കൂടിയുണ്ട്‌ ഇവർക്ക്‌. അന്ന്‌ പക്ഷെ, കലാപ്രകടനങ്ങളായിരുന്നു വരുമാനവും ആശ്വാസവും. എട്ടു മക്കളിൽ ആറാമത്തവളായിരുന്നു. സ്‌കൂളിലെ സാഹിത്യസമാജങ്ങളിലെ പാട്ടുകാരിയായിരുന്നു.

മാപ്പിളപ്പാട്ടിലേക്ക്‌ ചുവടുമാറിയതോടെ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ സമ്പന്നരുടെ വീടുകളിലെ ഗാനമേളകളിൽ സ്ഥിരം സാന്നിധ്യമായി. കല്യാണം, കാതുകുത്ത്‌ തുടങ്ങിയ ചടങ്ങുകളിലാണ്‌ പാടാനെത്തിയത്‌. അത്‌ വിട്ടാണ്‌ ലോട്ടറി വിൽപ്പനക്കെത്തിയത്‌. തുടർപഠനം, വിവാഹം എന്നിവയ്‌ക്ക്‌ ജീവിതത്തിൽ അവസരമുണ്ടായില്ലെങ്കിലും എത്തിപ്പിടിച്ച നേട്ടങ്ങളിൽ ഈ ഗ്രാമീണവനിതയ്‌ക്ക്‌ അഭിമാനം മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top