20 April Saturday

ജെഎന്‍യുവിന്റെ തിളക്കം തിരിച്ചുപിടിക്കും : യൂണിയന്‍ ജനറല്‍ സെക്രട്ടറി ശതരൂപയുമായി അഭിമുഖം

അശ്വതി അശോക്‌Updated: Monday Sep 26, 2016

രാജ്യദ്രോഹികളെന്ന് മുദ്രകുത്തി ഇടതുപക്ഷ വിദ്യാര്‍ത്ഥി നേതാക്കളെ തുറങ്കലിലടച്ച കേന്ദ്ര സര്‍ക്കാരിന് കനത്ത താക്കീതായിരുന്നു ജെഎന്‍യു തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ എഐഎസ്എ സഖ്യം നേടിയ ഉജ്ജ്വല വിജയം. ആ വിജയക്കുതിപ്പിന്റെ തുഞ്ചത്ത് ശതരൂപ ചക്രവര്‍ത്തിയും ഉണ്ടായിരുന്നു. 1094 വോട്ടുകള്‍ക്കാണ് എബിവിപിയുടെ വിജയ്‌ കുമാറിനെ തോല്‍പ്പിച്ചത്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി വിജയിച്ച ശതരൂപ ആസാമിലെ കരിംഗഞ്ചില്‍ നിന്നാണ് കാംപസിലെത്തിയത്. അച്ഛന്‍ കരിംഗഞ്ചില്‍ എല്‍ഐസി ജീവനക്കാരനായിരുന്നു.അമ്മ ത്രിപുര സ്വദേശിയും.പോരാളികളുടെ നാടാണ് കരിംഗഞ്ച്. മാതൃഭാഷ ബംഗാളിയായവര്‍ക്കുമേല്‍ ആസാമി ഭാഷ അടിച്ചേല്‍പ്പിച്ചതിനെതിരെ 1961 ല്‍ നടന്ന പ്രക്ഷോഭത്തില്‍ 11 പേര്‍ രക്തസാക്ഷികളായ നാട്. ഒരിക്കലും യുദ്ധഭൂമി വിടാത്ത ഒരു യഥാര്‍ഥ പോരാളി . എതിര്‍പ്പുകളെ ധൈര്യം കൊണ്ടും ആത്മവിശ്വാസം കൊണ്ടും നേരിട്ട് എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയത്തിലേക്ക് നടന്നു കയറിയ പെണ്‍കുട്ടി.

ശതരൂപയുമായി ഈസ്റ്റേണ്‍ മിറര്‍ നടത്തിയ അഭിമുഖത്തില്‍ നിന്ന്:
വിവര്‍ത്തനം:
അശ്വതി അശോക്‌


ചോ. കരിംഗഞ്ചില്‍ നിന്ന് ഹൈദരബാദ് വഴി ഡെല്‍ഹിയിലേക്കുള്ള യാത്ര ഒന്നു വിശദീകരിക്കാമോ?

ഉ. അങ്ങനെ അധികമൊന്നും വിശദീകരിക്കാനില്ല. ഡിഗ്രി കഴിഞ്ഞപ്പോള്‍ എനിക്കു തുടര്‍ന്നു പഠിക്കണമെന്നാഗ്രഹമുണ്ടായി. കടുംബാംഗങ്ങളാരും തന്നെ എതിരു നിന്നുമില്ല. ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ എം എ ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചു.അതിനു ശേഷം ജെ.എന്‍.യു.വില്‍ എംഫില്ലിനു പ്രവേശനം ലഭിച്ചു. ഇപ്പോള്‍ ഫിലോസഫിയില്‍ ഗവേഷണം നടത്തുന്നു.

ചോ. കരിംഗഞ്ചില്‍ നിന്നു ഹൈദരാബാദിലേക്കുള്ള യാത്ര ദുര്‍ഘടമായിരുന്നോ?

ഉ. (ചിരിക്കുന്നു). തീര്‍ച്ചയായും വളരെ പ്രയാസമായിരുന്നു. ദൂരം കൂടുതല്‍ കാരണം വര്‍ഷത്തില്‍ ഒരു തവണ മാത്രമേ ഞാന്‍ വീട്ടില്‍ പോകാറുണ്ടായിരുന്നുള്ളൂ. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള കൂട്ടുകാര്‍ക്കൊക്കെ എല്ലാ സെമസ്റ്റര്‍ അവധിക്കും വീട്ടില്‍ പോകാന്‍ സാധിക്കുമായിരുന്നു.

ചോ. കരിംഗഞ്ചില്‍ നിന്ന് ഹൈദരബാദില്‍ എത്താന്‍ എത്ര സമയം എടുക്കും?

ഉ. ഞാന്‍ ഹൈദരാബാദില്‍ നിന്നു അഗര്‍ത്തലയ്ക്കുള്ള ഫ്ലൈറ്റാണ് എടുത്തു കൊണ്ടിരുന്നത്. താരതമ്യേന ചെലവു കുറഞ്ഞതാണ് ഈ ഫ്ലൈറ്റ്. 4 മണിക്കൂര്‍ നീണ്ട യാത്രയാണത്. അഗര്‍ത്തലയില്‍ നിന്നു കരിംഗഞ്ചിലേക്ക് ട്രെയിനിലുമായിരുന്നു യാത്ര.

ചോ. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ദൂരവും കാരണം വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ള പല വിദ്യാര്‍ഥികള്‍ക്കും പഠനത്തിനായി മറ്റു പ്രദേശങ്ങളിലേക്ക് പോകാന്‍ സാധിക്കാറില്ല എന്നതിനെക്കുറിച്ചറിയാമോ?

ഉ. തീര്‍ച്ചയായും. കഴിവുള്ള ഒരുപാട് വിദ്യാര്‍ഥികള്‍ വടക്കുകിഴക്കന്‍ മേഖലയിലുണ്ടെന്ന് എനിക്കറിയാം. എന്നാല്‍ അവരുടേതല്ലാത്ത കാരണങ്ങളാല്‍ പലര്‍ക്കും ജെഎന്‍യുവോ എച്ച്സിയുവോ പോലുള്ള സ്ഥാപനങ്ങളില്‍ പഠിക്കാന്‍ സാധിക്കാറില്ല. വടക്കുകിഴക്കന്‍ മേഖലയും മെയിന്‍ ലാന്‍ഡുമായുള്ള ബന്ധം വര്‍ധിപ്പിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ പല കഴിവുകളും പാഴായി പോകുന്നത് തടയാന്‍ ഇത് അത്യന്താപേക്ഷിതമാണ്.

ചോ. രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ പ്രേരിപ്പിച്ച ഘടകം എന്താണ്?

ഉ. ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിനു മുമ്പ് വളരെ പ്രധാനമെന്നു ഞാന്‍ കരുതുന്ന ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. മാതാപിതാക്കള്‍ എപ്പോഴും കുട്ടികളുടെ അടുത്ത് രാഷ്ട്രീയത്തില്‍ ചേരരുത് എന്ന് പറയാറുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിക്കഴിഞ്ഞാല്‍ തങ്ങളുടെ കുട്ടികള്‍ പഠനം ഗൗരവമായി എടുക്കില്ലെന്ന് അവര്‍ ഭയപ്പെടുന്നു. പക്ഷേ ഇതല്ല യാഥാര്‍ഥ്യം. വിദ്യാര്‍ഥി ജീവിതത്തിനിടയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പ്രത്യേകതകളുള്ളവയാണ്. വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും സാധിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍ തങ്ങളുടെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ ഈ വിഷയങ്ങള്‍ ഒരിക്കലും പരിഹരിക്കപ്പെടാനും പോകുന്നില്ല. അവരുടെ തന്നെ ഗുണത്തിനു വേണ്ടി വിദ്യാര്‍ഥികള്‍ രാഷ്ട്രീയത്തിലിറങ്ങേണ്ടതുണ്ട്. അതുകൊണ്ട് വിദ്യാര്‍ഥി പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിന്ന് തങ്ങളുടെ കുട്ടികളെ തടയരുതെന്ന് എല്ലാ മാതാപിതാക്കളോടും ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഭാഗ്യത്തിന് എന്നെ ഹൈദരാബാദിലേക്ക് വിടുന്നതിനു മുമ്പായി എന്റെ മാതാപിതാക്കള്‍ ഇത്തരത്തിലുള്ള നിബന്ധനകള്‍ വെച്ചിരുന്നില്ല. ജെഎന്‍യുവിലും
എച്ച്സിയുവിലും വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഞാന്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഒരിക്കലും പഠനത്തെയോ വിദ്യാര്‍ഥി പ്രശ്നങ്ങളെയോ അവഗണിച്ചിരുന്നില്ല എന്ന് എനിക്ക് പറയാന്‍ സാധിക്കും.

ശതരൂപ ജെഎന്‍യു പ്രക്ഷോഭത്തില്‍ സംസാരിക്കുന്നു

ശതരൂപ ജെഎന്‍യു പ്രക്ഷോഭത്തില്‍ സംസാരിക്കുന്നു

ചോ. ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞപ്പോള്‍ എന്തു തോന്നുന്നുവെന്ന് ഞങ്ങളോട് പങ്കു വെക്കാമോ?

ഉ. അങ്ങനെ പങ്കു വെക്കാനും മാത്രം പ്രത്യേകിച്ചെന്തെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. ഞാനൊരു വിദ്യാര്‍ഥി സംഘടനയുടെ ഭാഗമാണ്. സംഘടന എന്നെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. ഞങ്ങളുടെ സഖാക്കളെല്ലാവരും കഠിനാധ്വാനം ചെയ്തു. ജെഎന്‍യു. വിദ്യാര്‍ഥികളും ഞങ്ങളുടെ ഒപ്പം ഉറച്ചു നിന്നു. അങ്ങനെയാണ് ഞങ്ങള്‍ വിജയിക്കുന്നത്. ഈ വിജയത്തിനു പിന്നില്‍ മായാജാലമോ തന്ത്രങ്ങളോ ഒന്നുമില്ല. പ്രത്യയശാസ്ത്രത്തിലുള്ള ഉറച്ച വിശ്വാസവും കഠിനാധ്വാനവും കൊണ്ടു മാത്രമാണ് ഇതെല്ലാം സാധ്യമായത്. വിജയത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനെക്കുറിച്ചാണ് ഞാന്‍ ആശങ്കപ്പെടുന്നത്. അതത്ര എളുപ്പമുള്ള പണിയല്ല. വളരെ അസാധാരണമായ പ്രശ്നങ്ങളാണ് ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു നേരിടേണ്ടി വരുന്നത്. പുറമെ നിന്നുള്ള ഒരാള്‍ക്ക് ഈ പ്രശ്നങ്ങള്‍ മനസിലായെന്നിരിക്കില്ല.

ചോ. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നോ?

ഉ. അതെ. മാസങ്ങളായി പല ക്ലേശങ്ങളും ഞങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഫെബ്രുവരി 9നുണ്ടായ സംഭവത്തിനു ശേഷം ജെഎന്‍യു വളഞ്ഞിട്ടാക്രമിക്കപ്പെടുകയാണ്. ഭയത്തിന്റെയും, സംശയത്തിന്റെയും അന്തരീക്ഷത്തിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. സേര്‍ച്ച് വാറന്റു പോലും ഇല്ലാതെയാണ് ഞങ്ങളുടെ ഹോസ്റ്റലുകള്‍ റെയ്ഡു ചെയ്യപ്പെട്ടത്. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കു മേല്‍ രാജ്യ വിരുദ്ധ ടാഗുകള്‍ പതിച്ചു നല്‍കപ്പെട്ടു കൊണ്ടിരിക്കുകയാണ്. വിശാലതയ്ക്ക് പേരുകേട്ട ഇടമാണ് ജെഎന്‍യു. ആര്‍ക്കു വേണമെങ്കിലും ഇവിടെ വന്ന് തന്റെ ചിന്തകള്‍ പങ്കുവെക്കാം. ആ പാരമ്പര്യമാണ് നശിപ്പിക്കപ്പെട്ടത്. ജെഎന്‍യു.വിന്റെ നഷ്ടപ്പെട്ട തിളക്കം തിരിച്ചുപിടിക്കാനുള്ള സമയമാണിത്. വിദ്യാര്‍ഥികള്‍ അതാഗ്രഹിക്കുന്നു. അതിനു വേണ്ടിയാണ് അവര്‍ ഞങ്ങളെ വിജയിപ്പിച്ചത്. ഇതൊരു ചരിത്രപരമായ വിജയമാണെന്നതില്‍ യാതൊരു സംശയവുമില്ല.

ചോ. അവസാനമായി ഒരു ചോദ്യം കൂടി. നിങ്ങളുടെ സംഘടനയ്ക്കു പുറമെയുള്ളവര്‍ പോലും ശതരൂപ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കണമെന്നാഗ്രഹിച്ചിരുന്നു. ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്

ഉ. ഞാനും കേട്ടിരുന്നു. നിങ്ങള്‍ക്കറിയാമല്ലോ, ഞങ്ങള്‍ AISA (All India Students' Association) യുമായി സഖ്യമുണ്ടാക്കിയാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇടതുപക്ഷ ഐക്യം സംരക്ഷിക്കാനായി ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘടന SFI (Students' Federation of India) പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയും മത്സരിപ്പിക്കുന്നില്ലെന്ന് സമ്മതിക്കുകയായിരുന്നു.
 
ചോ. ഇതില്‍ നിരാശയുണ്ടോ?
 
ഉ. ഒട്ടുമേയില്ല. എല്ലാത്തിലും വലുത് സംഘടനയാണ്. സംഘടനാ തീരുമാനങ്ങള്‍ അനസരിക്കുക എന്നതാണ് ഞങ്ങളുടെ കടമ.
 
ചോ. വടക്കുകിഴക്കന്‍ മേഖലയെക്കുറിച്ച് എന്തെങ്കിലും പദ്ധതി മനസിലുണ്ടോ?
 
ചോ. എന്റെ സംഘടനയുടെ പ്രാദേശിക ഘടകത്തിന് എന്റെ സേവനം ആവശ്യമാണെന്നു തോന്നുകയാണെങ്കില്‍ അവരുടെ ഒപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ എപ്പോഴും സന്നദ്ധയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top