04 October Tuesday

നമ്മുടെ ഗ്രഹത്തിന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Jul 25, 2021

‘പ്രമുഖ ഫോറൻസിക്‌ സർജനായ ചൊവ്വ വ്യാഴത്തോട്‌ പറയുകയാണ്‌. ഹോ, ബോഡി മൊത്തം മുറിവുകളാണ്‌. മൃതദേഹത്തിൽ ചോര വടുകെട്ടിയ പാടുകളുണ്ടായിരുന്നു. കനത്ത പ്രഹരങ്ങളും ആഴത്തിലുള്ള മുറിവുകളുമേറ്റു. മരിച്ചുപോയ ഭൂമിക്കുചുറ്റും  കാറ്റും മഴയും സൂര്യനും ചന്ദ്രനും മറ്റു ഗ്രഹങ്ങളും ആർത്തലച്ച്‌ വിറങ്ങലിച്ച്‌ നിൽക്കുന്നുണ്ടായിരുന്നു’’ കോഴിക്കോട്‌ ജില്ലയിലെ ഫറോക്ക്‌ ഗവ. ഗണപത്‌ ഹയർസെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ്‌ വിദ്യാർഥിനി ടി വി പ്രാർഥനാഘോഷ്‌ എഴുതിയ കഥയിലെ വരികളാണിത്‌.

കഥയുടെ പേര്‌: ‘ഇത്‌ തികച്ചും അസ്വാഭാവികമായൊരു  മരണമാണ്‌. ആർത്തലച്ചൊന്ന്‌ കരയാനാകാതെ മഴ. കർമസാക്ഷിയായ  സൂര്യൻ വിറങ്ങലിച്ചുനിൽക്കുന്നു. ബുധനും ശുക്രനും ഒന്നും മിണ്ടുന്നില്ല.  ചേതനയറ്റ്‌ കിടക്കുന്ന ഭൂമിയുടെ ശവമടക്കത്തിന്റെ സങ്കട–-സംഘർഷങ്ങൾ തീവ്രമായി ആവിഷ്‌കരിച്ച കഥ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്‌. എട്ടാം ക്ലാസുകാരിയുടെ ആദ്യകഥ   മരണത്തെക്കുറിച്ചാകുക. അതും ഭൂമിയുടെ മരണത്തെപ്പറ്റി.

ആ കഥ ആസ്വാദകരുടെ ഉള്ളുലയ്‌ക്കുകയാണീ കോവിഡ്‌ കാലത്ത്‌. മഹാമാരിയുടെ കാലത്ത്‌ വീട്ടകങ്ങളിൽ ഒതുങ്ങിയപ്പോഴാണ്‌   ഒരുവർഷം മുമ്പ്‌  പ്രാർഥന കഥയെഴുതുന്നത്‌. യുഎസ്‌എസ്‌  സ്‌കോളർഷിപ് കിട്ടിയ കുട്ടികളുടെ വാട്‌സാപ്‌ ഗ്രൂപ്പിൽ പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി  കുറിപ്പെഴുതാൻ ആവശ്യപ്പെട്ടിരുന്നു പ്രതികരണമായാണ്‌  ‘ഇത്‌ തികച്ചും അസ്വാഭാവികമായൊരു മരണമാണ്‌’ എഴുതിയത്‌. ഫെയ്‌സ്‌ബുക്കും വാട്‌സാപ്പുമടക്കം സാമൂഹ്യമാധ്യമങ്ങളിൽ  പ്രാർഥനാഗീതം പോലെ ആ കഥ വായിക്കപ്പെട്ടു.

നവമാധ്യമങ്ങളിലൂടെ കഥാപാരായണം നടത്തുന്ന സാംസ്‌കാരിക പ്രവർത്തകനും അധ്യാപകനുമായ ബന്ന ചേന്ദമംഗലൂർ പ്രാർഥനയുടെ കഥ വായിച്ചതോടെ വീണ്ടും അത്‌ ഹിറ്റായി. പ്രമേയത്തിലെ നവീനതയും വൈകാരികാവിഷ്‌കാരവും പരിസ്ഥിതിപ്രണയവും ആസ്വാദകരിൽ ചർച്ചയായി. കഥാകൃത്ത്‌ അംബികാസുതൻ മാങ്ങാട്‌  കഥ കേട്ട്‌ കൊച്ചുകഥാകാരിയെ അഭിനന്ദിച്ചു. നടന്മാരായ മധുപാലും വിനോദ്‌കോവൂരും വൈൽഡ്‌ ലൈഫ്‌ ഫോട്ടോഗ്രാഫർ എൻ എം നസീറുമടക്കം നിരവധിപേർ.

കഥ മലയാളികൾ ഉള്ളിടത്തെല്ലാം പരക്കുമ്പോൾ പ്രാർഥനാഘോഷ്‌ ഒരു കവിത എഴുതി. ‘പെൺവേരുകൾ’–- ഒരുമണ്ണിലും വേരുറയ്‌ക്കാതെ ഒരു മുഴംകയറിൽ തൂങ്ങിയാടുന്ന മലയാളി പെൺകൊടിമാരുടെ വർത്തമാനകാലാനുഭവം.  ഫറോക്ക്‌ നല്ലൂരിലെ വീട്ടിൽ ഇനി എന്തെഴുതും എന്നുള്ള ആധിയൊന്നുമില്ലാതെ പുസ്‌തകവും വായനയുമായി അവളുണ്ട്‌. മഞ്ചേരിക്കടുത്ത്‌ പുല്ലാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മലയാളം അധ്യാപകൻ ടി വി ഭാനുപ്രകാശിന്റെയും അരിയല്ലൂർ ജിയുപി സ്‌കൂൾ അധ്യാപിക ഷിനിയുടെയും മകളാണ്‌. അനുജത്തി പാർവണഘോഷ്‌ അഞ്ചാംക്ലാസ്‌ വിദ്യാർഥിനിയാണ്‌.

വായിച്ചിട്ടും പിന്തുടരുന്നു: അംബികാസുതൻ മാങ്ങാട്

അംബികാസുതൻ

അംബികാസുതൻ

ഈ കഥയെഴുതിയ കുട്ടിയുടെ പേര്‌ ഞാൻ ജീവിതകാലം  മുഴുവൻ  ഓർമിക്കും. അങ്ങനെയാണ്‌ ചില കഥകൾ. നമ്മളെ മറക്കാൻ വിടില്ല. വായിച്ചു കഴിഞ്ഞാലും തീരില്ല. നമ്മുടെ പിന്നാലെ വന്നുകൊണ്ടേയിരിക്കും.

എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്‌ ഇത്‌ എഴുതിയതെന്നത്‌ എന്നെ ഇപ്പോഴൂം അത്ഭുതപ്പെടുത്തുന്നു.  ‘ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി..’ എന്ന്‌ ഒ എൻ വി പാടി. ഇവിടെ അതിനുമപ്പുറത്ത്‌ ഗ്രഹങ്ങളെല്ലാം ഒത്തുചേർന്ന്‌ മരണപ്പെട്ട ഭുമിയുടെ ചുറ്റുംകൂടിനിന്ന്‌ കണ്ണീരാഴുക്കുന്നു.

ഈ ചിത്രം കുടുംബത്തിൽ നമുക്കേറ്റവും വേണ്ടപ്പെട്ടയാൾ മരിച്ചതുപോലുള്ള അനുഭവമായി തോന്നുകയാണ്‌. ജൈവകുലത്തിന്റെ, മനുഷ്യരാശിയുടെ ചരിത്രം കൂടി ഇതിൽ എത്ര ഭംഗിയായിട്ടാണ്‌ ഇഴചേർത്തിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top